ADVERTISEMENT

നൊമ്പരങ്ങൾ (കഥ)

അച്ഛന്റെ മരണം കഴിഞ്ഞു മൂന്നു  മാസം ആയിരിക്കുന്നു. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞു പോയ ബന്ധുക്കൾ ആരും തന്നെ പിന്നെ വന്നില്ലല്ലോ എന്നോർത്ത് മീരക്ക് വിഷമം തോന്നി.. അച്ഛനുള്ളപ്പോൾ എല്ലാവരും ഓടിയോടി വരുമായിരുന്ന വീട്ടിലേക്ക് അദ്ദേഹത്തിന്റെ മരണത്തോടെ തന്നെയും അമ്മയെയും എല്ലാവരും ഒറ്റപെടുത്തുന്നപോലെ... ഒരുപക്ഷേ തങ്ങളുടെ കാര്യം കൂടി അവർ നോക്കേണ്ടി വരുമെന്നോർത്തിട്ടാവോ... ബന്ധങ്ങൾ എത്രമേൽ ശിഥിലമാണ്... ഇന്ന് നമ്മുടെ കൂടെ ഉള്ളവർ നാളെ ഉണ്ടാകുമെന്ന് എന്താണ് ഉറപ്പ്... സമയവും സാഹചര്യവും മാറുമ്പോൾ അവരും മാറും... 

മരണവീടുകളിൽ നിന്നും ബന്ധുക്കൾ പോയിക്കഴിയുമ്പോൾ ആണല്ലോ വിയോഗത്തിന്റെ തീവ്രത തളർത്തുക... വീട് മുഴുവനും ഒരു മൂകത തളം കെട്ടി നിൽക്കുന്നു... സങ്കടം കൊണ്ടവളുടെ നെഞ്ചു വിങ്ങി. എത്ര സന്തോഷമായി കഴിഞ്ഞ വീടായിരുന്നു. പ്രതീക്ഷിക്കാത്ത നേരത്ത് വിളിക്കാതെ വന്ന അതിഥിയായി മരണം അച്ഛനെയും കൊണ്ട് യാത്രയായി... ഇപ്പോളും വിശ്വസിക്കാനായിട്ടില്ല... 

ഉറങ്ങാനായി കണ്ണുകളടക്കുമ്പോളേക്കും കണ്മുന്നിൽ അച്ഛന്റെ രൂപമാണ്... പതിയെ പതിയെ ഒറ്റയ്ക്കിരിക്കുന്ന സമയങ്ങളിലും മനസ് വേറേതോ ലോകത്തേക്ക് പോകുന്ന പോലെ... ഈ ലോകത്തിൽ  എവിടെയോ അച്ഛൻ ജീവിച്ചിരിപ്പുണ്ട്. ഈ ചിന്ത അവളെ സദാ പിന്തുടർന്നു കൊണ്ടേയിരിക്കുന്നു... എങ്ങനെ എങ്കിലും അച്ഛനെ കണ്ടെത്തണം... ഈ ഒരു കാര്യമേ ഉള്ളു മനസ്സിൽ...

മനസ്സു മടുപ്പിക്കുന്ന വൈകുന്നേരങ്ങളിൽ കയ്യിൽ പരിപ്പുവട പൊതിയുമായി അച്ഛൻ വരിക പതിവാണ്... ഒരു പലഹാരപ്പൊതി അച്ഛന്റെ കയ്യിലുണ്ടാവും... വാതില്പടിയിലേക്ക് അറിയാതെ എങ്കിലും കണ്ണൊന്നു പാഞ്ഞു... ഇല്ല.... ക്ലാസ്സ് കഴിഞ്ഞു വരുന്ന സമയത്ത് അപ്രതീക്ഷിതമായി പെയ്തമഴയിൽ ആ ഇടവഴിയിലൂടെ കുടയുമായി അച്ഛൻ നടന്നു വരുന്നുണ്ടോ? എല്ലാം വെറും ഓർമകൾ മാത്രമായി മാറിയെന്നു പിന്നെയും പിന്നെയും അവൾ മനസിനോട് പറഞ്ഞു കൊണ്ടേയിരുന്നു... 

നൂലില്ലാത്ത പട്ടം കണക്കെ അവളുടെ മനസ്സും പായുകയാണ്... ഒരുവട്ടം കൂടി അച്ഛനെ ഒന്നു കാണണം... കണ്ടാൽ മാത്രം മതി.. അതിയായ ആഗ്രഹം മനസിനെ തളർത്തിയിരുന്നു.. പെട്ടെന്ന് അവളിറങ്ങി നടക്കാൻ തുടങ്ങി... മനസ്സ് പറഞ്ഞ വഴിയേ അവൾ നടന്നു... എങ്ങോട്ടെന്നറിയാതെ... 

വെയിലോ മഴയോ ഒന്നും തനിക്കു പ്രശ്നമില്ല... എങ്ങനെയും അച്ഛന്റെ അടുത്തെത്തണം. എത്ര ദൂരം അങ്ങനെ നടന്നൂന്നറിയില്ല. ഒടുവിൽ താൻ കണ്ടു.. അച്ഛൻ.. തന്റെ അച്ഛൻ. സന്തോഷവും സങ്കടവും കൊണ്ടവളുടെ കണ്ണുകൾ  നിറഞ്ഞു. കൂടെ ആരാ ഉള്ളത് രണ്ടു പെൺകുട്ടികളും ഒരു സ്ത്രീയും...? അവൾ പതിയെ അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് പോയി വിളിച്ചു.. അച്ഛാ.. അദ്ദേഹം തിരിഞ്ഞു നോക്കി.. മീര ഒരിക്കൽ കൂടി വിളിച്ചു.. അച്ഛാ.. അച്ഛന്റെ കണ്ണുകളിൽ അത്ഭുതമാണോ. നീ ഏതാ കുട്ടി... അച്ഛന്റെ അതെ ശബ്ദം... 

അച്ഛന് എന്നെ അറിയില്ലേ... ഞാൻ അച്ഛന്റെ മീര... പറഞ്ഞു തീരുന്നതിനു മുന്നേ അവൾ കുഴഞ്ഞു വീണു... 

കണ്ണുകളിൽ വെള്ളം വീണപ്പോളാണ് അവൾ ചാടിയെഴുന്നേറ്റത്... എന്താ കുട്ടി സ്വപ്നം കണ്ടുവോ... എന്തിനാ നിലവിളിച്ചത്... അമ്മയാണ്.. എല്ലാം തന്റെ തോന്നലുകൾ ആയിരുന്നോ... അച്ഛനെ തേടിപോയതും കണ്ടതുമൊക്കെ... താനിപ്പോളും ഉറച്ചു വിശ്വസിക്കുന്നു ഈ ലോകത്തിന്റെ ഏതോ ഒരു കോണിൽ അച്ഛൻ ഉണ്ട്. വേറൊരു രൂപത്തിൽ... വേറൊരു ഭാവത്തിൽ... ഒരുപക്ഷേ ഇതൊക്കെ എന്റെ തോന്നലുകളാവാം. ലോകം എന്നെ ഭ്രാന്തിയെന്നു വിളിച്ചേക്കാം. എങ്കിലും അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം... എന്റെ അച്ഛനെ എന്നെങ്കിലുമൊരിക്കൽ ഞാൻ കണ്ടെത്തും. പതിയെ അവൾ ഒരു മയക്കത്തിലേക്ക് വീണു....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com