sections
MORE

മരണത്തിനു മുന്‍പ് പ്രിയനോട് പറയാനുള്ളത്...

after-death
പ്രതീകാത്മക ചിത്രം
SHARE

അവസാന കൽപനകൾ (കവിത)

അന്ത്യം അടുക്കുമ്പോൾ ഞാനീ പറയുന്നതു–

നീ ഒർമിച്ചു വയ്ക്കണം.

പ്രായം അത്രമേൽ ചുരുട്ടിക്കൂട്ടിയ

ഓർമ കൊണ്ടാണെങ്കിൽ പോലും.

          മരണത്തിന്റെ ദൂതൻ കാത്തുനിൽക്കുമ്പോൾ

          ഉടലാകെ തുന്നിച്ചേർത്ത കുഴലുകളുമായി

          ജീവന്റെ നൂൽപ്പാലത്തിൽ തൂങ്ങിയാടാൻ

          എന്നെ നീ വിട്ടുകൊടുക്കരുത്‌.

          അലിവോടെ പോകാൻ അനുവദിക്കണം.

          (മരണത്തിന്റെ ദൂതനെപ്പോഴും പുരുഷനാ-

          യതെന്തുകൊണ്ടാണെന്നു ഞാനോർക്കാറുണ്ട്‌.

          പിടയുന്ന സ്നേഹങ്ങളിൽ നിന്ന് ജീവനെ-

          അടർത്തി മാറ്റാൻ ദൂതികയ്ക്കു കഴിയില്ലെന്നാണോ?)

കട്ടപിടിച്ച ഇരുളിന്റെ വിരിമാറിലൂടെ

പ്രകാശത്തിലേക്കു നോക്കി പതിയെ

നടന്നകലുമ്പോഴും ഞാൻ ഇടയ്ക്കിടെ

നിന്നെ തിരിഞ്ഞു നോക്കുന്നുണ്ടാവും.

ഇളംകാറ്റു പോലൊന്നു നിന്റെ കവിളിൽ തട്ടിയത്‌

എന്റെ അന്ത്യചുംബനം ആയിരുന്നു എന്നറിയുക!

നിന്റെ ഓർമകളിൽ ഉണ്ടായിരിക്കുവോളം

എനിക്കു യഥാർത്ഥത്തിൽ മരണമില്ല.

          അത്രയൊന്നും പൊലിമയോ പകിട്ടോ

          ഇല്ലാത്ത ഒരു സാധാരണ മരണമഞ്ചം

          നീ എനിക്കു വേണ്ടി തിരഞ്ഞെടുക്കുക.

          ഒരു ക്ലോസ്ഡ്‌ കോഫിൻ വിടവാങ്ങൽ മതി.

          ശിലപോലെ തണുത്തുറഞ്ഞ എന്റെ മുഖം

          ഓർമയിൽ പേറി ആരും തിരിച്ചു പോകരുത്‌.

          ദീപ്തമായ ഒരോർമയെങ്കിലും എന്നെക്കുറിച്ചു-

          ണ്ടെങ്കിൽ, അതുമായവർ തിരിച്ചു പോകട്ടെ.

പൂക്കളെ പോറ്റിവളർത്തിയവളാണു ഞാൻ 

കൊന്നൊടുക്കിയ പൂക്കളെ എന്റെമേൽ കുന്നുകൂട്ടരുത്‌.

ഓരോ ഋതുവിലും പൂക്കുവാൻ ഓരോ ചെടി വീതം

നീ എനിക്കു ചുറ്റിലും നട്ടുവയ്ക്കുക.

എന്നിലെ ഓരോ പരമാണുവും അഴുകി

അലിഞ്ഞ്‌ അവയ്ക്കു വളമായിത്തീരണം.

വല്ലപ്പോഴും വന്നു നീ അവയെ പരിപാലിക്കുക. 

മേലെയൊരു മഴവിൽ തുഞ്ചത്തിരുന്ന്

ഞാനതു നോക്കിക്കാണുന്നുണ്ടാവും!

          നീയാണാദ്യം പോകുന്നതെങ്കിലോ

          എന്നു നീ ചോദിക്കരുത്‌.

          അങ്ങനെ ഒരു ചോദ്യമില്ല, അത്രതന്നെ!

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA