ADVERTISEMENT

പുഞ്ചിരിക്കുന്ന ഉമ്മ (കഥ)

രാഘവേട്ടാ.. 2 കിലോ പഞ്ചസാര.

ഇന്നെന്താ ലീവാണോ രാഘവേട്ടൻ എന്നോട് ചോദിച്ചു. ചുമ്മാ ലീവാക്കി, ഒരു മടി 

രാഘവേട്ടൻ ചിരിച്ചു. അപ്പോളാണ് ഒരു പ്രായമായ ഉമ്മ കടയിലേക്കു കയറി വന്നത്.

ഞാൻ പറഞ്ഞു, രാഘവേട്ടാ ഉമ്മാക്ക് കൊടുത്തോളു എനിക്ക് തിരക്കില്ല. ഉമ്മ പറഞ്ഞു ഓനിക്ക് കൊടുക്കു എന്ന്... 

ഞാൻ അപ്പോൾ ആ ഉമ്മയെ ഒന്ന് ശ്രദ്ധിച്ചു, ഏകദേശം ഒരു 70 വയസ്സ് പ്രായം. പർദ്ദ ആണ് വേഷം. പല്ലുകളൊക്കെ കൊഴിഞ്ഞു പോയിട്ടുണ്ടെന്ന് തോന്നുന്നു.

കടയിൽ കയറിയതു മുതൽ പലഹാര പൊതികളിലേക്കാണ് ഉമ്മ നോക്കുന്നത്. ഞാൻ സാധനങ്ങളൊക്കെ വാങ്ങിച്ചു കഴിഞ്ഞ് ഫോണിൽ സംസാരിച്ചുകൊണ്ട് അവിടെ തന്നെ നിന്നു.

ഉമ്മ മടക്കിന്റെ ഒരു പാക്കറ്റ് എടുത്തിട്ട് ഇതിനെത്ര രൂപയാ എന്ന് ചോദിച്ചു. 

20 രൂപ രാഘവേട്ടൻ പറഞ്ഞു. 

10 ന്റേത് ഉണ്ടോ. ഇല്ല എന്ന് മറുപടി.

'എന്ന ഇപ്പോൾ വേണ്ട വൈകിട്ട് വരാ' എന്നു പറഞ്ഞ് ഉമ്മ കടയിൽ നിന്നുമിറങ്ങുമ്പോൾ രാഘവേട്ടൻ പറഞ്ഞു- പൈസ പിന്നെ തന്നാ മതി ഉമ്മാ. 

ഉമ്മ ചിരിച്ചോണ്ട് പറഞ്ഞു മോൻ പൈസ അയച്ചിട്ട് തരാട്ടോ എന്ന്. 

ഉമ്മയ്ക്ക് സന്തോഷം ഉണ്ടെങ്കിൽകൂടി ഒരു വിഷമം ആ കണ്ണുകളിൽ കാണാം. കാണുമ്പോൾ വാത്സല്യം തോന്നുന്ന ഒരു ഉമ്മ. 

ഉമ്മ പോയശേഷം ഞാൻ രാഘവേട്ടനോട് ആ ഉമ്മയെ പറ്റി ചോദിച്ചു. പെരുന്നാളിന് ഈ ചുറ്റുവട്ടത്തെ 20 വീടുകളിൽ ബിരിയാണി കൊടുക്കുന്ന കുടുംബം ആയിരുന്നു. അബ്ദുക്കാക്ക മരിച്ചേ പിന്നെ ഉമ്മ ഒറ്റയ്ക്കായി. 2 ആൺകുട്ടികളും കെട്ടൊക്കെ കഴിഞ്ഞ് ദുബായിലാ. ഇങ്ങോട്ടൊന്നും വരാറില്ല.

ഉമ്മയ്ക്ക് പലഹാരങ്ങളോടുള്ള ഇഷ്ടം ആയിരിക്കണം ഞാൻ മനസ്സിൽ ഓർത്തു.

പിന്നീട് പലതവണ ഞാൻ പലയിടത്തും വച്ച് ആ ഉമ്മയെ കണ്ടു. എപ്പോളും പർദ്ദ തന്നെ ആണ് വേഷം. പിന്നീടൊരു ദിവസം ഞാൻ എടിഎമ്മിൽ പണം എടുക്കാൻ പോയപ്പോൾ ഉമ്മ അവിടെ നിൽക്കുന്നു ആരെങ്കിലും വരുന്നതും കാത്ത്.

ഞാൻ വേഗം ഓടി ചെന്ന് ഉമ്മയോട് ചോദിച്ചു പണം എടുത്തു തരണോ എന്ന്... 

ഉമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു ഒരു 500 എടുത്താൽ മതി. ഇന്ന് പെൻഷൻ വരും എന്നാ പഞ്ചായത്ത് മെമ്പർ പറഞ്ഞത്.

ഞാൻ നോക്കിയപ്പോൾ അക്കൗണ്ടിൽ പണം വന്നിട്ടില്ലായിരുന്നു, ഉമ്മ പുറത്തു നിന്നു ഉള്ളിലേയ്ക്ക് നോക്കികൊണ്ടിരിക്കുകയായിരുന്നു. ആ കണ്ണുകളിലുള്ള പ്രതീക്ഷ ഞാൻ കണ്ടു. ഞാൻ എന്റെ കാർഡിൽ നിന്നും 2000  രൂപ പിൻവലിച്ച് ഉമ്മാക്ക് കൊടുത്തു. എന്നിട്ട് പറഞ്ഞു ഇതിൽ 500 രൂപ ഇല്ല 2000  മാത്രമേ ഉള്ളൂ എന്ന്.  

ഉമ്മ പെട്ടന്ന് ഒന്നും മിണ്ടാതെ നിന്നു.

ഞാൻ പറഞ്ഞു ഉമ്മ ഇത്രേം ദൂരം നടന്നു വന്നതല്ലേ, നമുക്കൊരു ചായ കുടിക്കാം എന്ന്. ഉമ്മ ഒന്നും മിണ്ടിയില്ല. തൊട്ടു മുന്നിലുള്ള ചായ കടയിൽന്നു 2 ചായ വാങ്ങി. ഉമ്മാക്ക് എന്താ കഴിക്കാൻ വേണ്ടത് ഞാൻ ചോദിച്ചു. കായപ്പം മതി ഉമ്മ പെട്ടന്ന് പറഞ്ഞു. ഉമ്മ  നല്ല സന്തോഷത്തിലാണെന്ന് എനിക്കു തോന്നി. ഉമ്മ പറഞ്ഞു പെൻഷൻ 1200 രൂപയാ ഉണ്ടാകുക. ഇത് എന്റെ മോൻ ദുബായിന്ന് അയച്ച പൈസയാ എന്ന്. അത് പറയുമ്പോൾ ആ ഉമ്മയുടെ മുഖത്തു വിരിഞ്ഞ ആ ചിരി എന്നും അങ്ങനെ തന്നെ നിലനിൽക്കട്ടെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com