sections
MORE

ഒരു നേരത്തെ അന്നവും ചിലപ്പോൾ പിറ്റേന്നത്തെ ചായയ്ക്കുള്ള ചില്ലറയും; ഇത് ഒരു കള്ളന്റെ മോഷണകഥ

poverty
പ്രതീകാത്മക ചിത്രം
SHARE

കള്ളന്റെ മരണം (കഥ)

"ഇനിയെങ്കിലും പണിയെടുത്ത് ജീവിക്കാനോ? കട്ട മൊതലുകൾ മാത്രം വിറ്റുതിന്ന് ജീവിക്കുന്ന പാവങ്ങളോട് ഇങ്ങനെയൊന്നും പറയല്ലെന്റെ സാറെ."

മുൻ നിരയിൽ മുകളിലും താഴെയുമായി ദ്രവിച്ചു തീരാറായ ഈരണ്ടുവീതം ബീഡിക്കറ പുരണ്ടവയൊഴിച്ച് ഒട്ടു മിക്ക പല്ലുകളും കൊഴിഞ്ഞ മോണയും ഇളിച്ചു കാട്ടി എന്തോ മഹാപരാധം തന്നോട് പറഞ്ഞുവെന്ന ഭാവത്തിൽ തീക്കനൽ ചുണ്ടോടടുത്തു കൊണ്ടിരുന്ന കുറ്റി ബീഡി ഒന്ന് കൂടി ആഞ്ഞു വലിച്ച് കറുത്ത കട്ടപ്പുക നെഞ്ചിലേക്ക് കയറ്റി ചുണ്ട് പുകയാതിരിക്കുവാനായി വീണ്ടും മുനിരപ്പല്ലുകളിൽ ബീഡിക്കുറ്റിയെ കൂട്ടിപ്പിടിച്ച് ചുണ്ട് മലർക്കെ തുറന്ന് ചൂണ്ടുവിരലും തള്ളവിരലും ചുണ്ടുകൾക്കിടയിലേക്ക് കയറ്റി കത്തിത്തീരാറായ ആ ബീഡിക്കുറ്റി പുറത്തെടുക്കുമ്പോഴേക്കും കൊഴിഞ്ഞു പോയ പല്ലിന്റെ വിടവുകളിൽ കൂടി തിങ്ങി ഞെരുങ്ങി ശ്വാസകോശത്തിനകത്തു കയറിയിരുന്ന കറുത്ത പുകച്ചുരുൾ പുറത്തേക്ക് വരുവാനായി തുടങ്ങിയിരുന്നു.  

ആരോഗ്യം കാര്യമായി ക്ഷയിച്ചതു മൂലം തേമ്പിയ ശരീരത്തിലെ ഒട്ടിയ വയറിനെ കൂടുതൽ ശക്തിയോടെ ഉള്ളിലേക്ക് വലിച്ച് പുകയടക്കം ശ്വാസം വായിൽ കൂടി ആഞ്ഞു പുറത്തേക്കൂതി ചങ്കിൽ കൊള്ളിച്ച് ഒന്നുരണ്ടു തവണ ആഞ്ഞു ചുമയ്ക്കുന്നതിനിടയിലും പറഞ്ഞവസാനിപ്പിച്ചതിന് തുടർച്ചയായി തുടങ്ങി വെച്ച നിസ്സഹായതയ്ക്ക് മേൽ ഗതികേടിന്റെ പരിഹാസം നിറഞ്ഞ പൊട്ടിച്ചിരി അവസാനിച്ചിരുന്നില്ല.

ഒരു കള്ളൻ എന്ന ക്രിമിനലിനെ കാണുന്നതിലുപരി ദയനീയതയുടെ കണ്ണുകൾ ആ ഉദ്യോഗസ്ഥനിൽ നിന്നും അയാളിൽ ഉടക്കിത്തന്നെ നിന്നു. തന്റെ നിസ്സഹായതകളെ സന്തോഷത്തിലൊളിപ്പിച്ച് തങ്ങളുടെ അടുത്ത തീരുമാനം കാത്തു നിൽക്കുന്ന ആ ചെറിയ മനുഷ്യനു നേരെ തൽക്കാലം കണ്ണടയ്ക്കാനുള്ള തീരുമാനം ഒരുപക്ഷേ കടന്നു വന്ന വഴികളിൽ നിരന്തരം സമ്പർക്കം പുലർത്തിയിരുന്ന ചിലരുടെ ജീവിതം ഒരു നിമിഷം ഓർമയിലേക്ക് അനുവാദം ചോദിക്കാതെ കയറി വന്നതിനാലാവണം.

തന്റെ മനസ്സ് വായിച്ചറിഞ്ഞതു മാതിരി ജീപ്പ് സ്റ്റാർട്ട് ആക്കി അരികിലേക്ക് വന്നു നിർത്തിയ അനുഭവ സമ്പന്നനായ ഡ്രൈവർക്ക് ഉള്ളിൽ നന്ദി പറഞ്ഞു കൊണ്ട് ആരെയും ശ്രദ്ധിക്കാതെ അകത്തേക്ക് കയറുകയും ഒപ്പം ജീപ്പ് മുന്നിലുള്ള അടുത്ത ലക്ഷ്യത്തിലേക്ക് യാത്ര തുടങ്ങിയതും ഏതാണ്ട് ഒരുമിച്ചായിരുന്നു. അതേ ഇരിപ്പിൽ തന്നെ സൈഡ് ഗ്ലാസിൽ കൂടി തങ്ങളെ തന്നെ നോക്കി ഒന്നും മനസിലാകാത്തമാതിരി നിൽക്കുന്ന അയാളുടെ മുഖത്ത് ഇപ്പോൾ ആ ചിരി ഉണ്ടായിരുന്നില്ല.   

ചെറുപ്പക്കാരനായ പൊലീസ് ഉദ്യോഗസ്ഥന് ഇതൊക്കെ പുതിയതാണെങ്കിലും അയാള് കാക്കി യൂണിഫോം കാണാൻ തുടങ്ങിയിട്ട് വർഷം കുറെ ആയിരിക്കുന്നു. അതായത് പൊലീസുകാര് രണ്ടാൾക്കു കയറാവുന്ന നിക്കറും അടപ്പുള്ള പോക്കറ്റുകൾ നിറഞ്ഞ ഉടുപ്പും, തലയിൽ കുഞ്ഞിപ്പിള്ളേരുടെ പ്ലാവിലെ തൊപ്പി പോലത്തെ കൂർത്ത കാക്കി തൊപ്പിയും പോലെയുള്ളവ ഇട്ടു നടന്നിരുന്ന കാലം മുതലേ, അതായത് ഹെഡ് ഏമാൻ പൊലീസ് സ്റ്റേഷൻ ഭരിക്കന്ന കാലം മുതൽക്കേ, സ്റ്റേഷനുകളിലെ ലോക്കപ്പിലെയും, വിവിധ സബ് ജയിലുകളിലെയും സെൻട്രൽ ജയിലുകളിലെയും അഴികളുടെ എണ്ണം ഏത് പാതിരായ്ക്ക് വിളിച്ചുണർത്തി ചോദിച്ചാലും പറയുവാൻ തക്കവണ്ണം കാണാപ്പാഠം ആണ്.

പൊലീസുകാരുടെ മനസിലേക്ക് അസ്വസ്ഥത നിറച്ച് വീണ്ടുമൊരു ബീഡിയ്ക്ക് കൂടി തീ കൊളുത്തി ആഞ്ഞു വലിച്ചുകൊണ്ട് അയാൾ നടന്നു തുടങ്ങി. ലക്ഷ്യത്തിന് ഏതെങ്കിലുമൊരു സ്ഥലം എന്നത് പണ്ടേ ഇല്ല. അത് സൂര്യൻ അസ്‌തമിക്കുന്ന സമയം തന്നെ ആയിരിക്കും.

പതിവു പോലെ നേരം കണ്ണുകൾ ഇറുക്കി അടയ്ക്കുന്നതു കാത്തിരിക്കുവാൻ ഇന്നും ആകുമെന്ന് തോന്നുന്നില്ല. പ്രായാധിക്യം ശരീരത്തിനെയും മനസിനെയും ക്ഷീണിപ്പിച്ച് തുടങ്ങിയിരിക്കുന്നു. ഉറക്കം കണ്ണുകൾക്ക് അപ്രതീക്ഷിത തിരിച്ചടി നൽകുന്നതു കൊണ്ട് കാര്യങ്ങൾ നേരത്തെ കാലത്തേ ചെയ്‌തുകൂട്ടി ഏതെങ്കിലും കടത്തിണ്ണകളിലോ ആൽമരചുവട്ടിലോ ചായുകയാണ് പതിവ്.

തിരക്കില്ലാത്ത റോഡുകൾക്ക് ഇരുവശങ്ങളിലുമായി സാമാന്യ വലിപ്പമുള്ള വീടുകളേ ജീവിതത്തിൽ ഇന്നേവരെ തെരഞ്ഞെടുത്തിട്ടുള്ളു. ഒരു നേരത്തെ അന്നവും ചിലപ്പോൾ പിറ്റേന്നത്തെ ചായയ്ക്ക് വേണ്ടിയുള്ളൊരു ചില്ലറയും. രണ്ടുമില്ലെങ്കിൽ അതിനുള്ളത് വിറ്റാൽ കിട്ടുന്ന കൈപിടിയിലൊതുങ്ങുന്ന എന്തെങ്കിലും. അതിനപ്പുറത്തേക്കുള്ള കാര്യങ്ങൾ ചിന്തയിൽ പോലും ഇന്നേ നാഴിക വരെ ഉണ്ടായിട്ടില്ല. തന്റെ വിശപ്പ് മാറുമ്പോൾ വീട്ടുകാര് പട്ടിണി ആകരുതെന്നുള്ള ചിന്തയാണ് കയറുന്ന വീടുകളുടെ സാമാന്യ വലിപ്പത്തിൽ കൂടി ഉറപ്പ് വരുത്തുന്നത്.

തുറസായ സ്ഥലത്തു നിന്ന് നിലാവെളിച്ചത്തിലെ നിഴലിന്റെ വലിപ്പം നോക്കി കണക്കു കൂട്ടിയെടുക്കുന്ന സമയവും, റോഡിലും സമീപത്തും ആരുമില്ലെന്നുള്ള മങ്ങിയ കണ്ണുകളിലെ കാഴ്ചയുടെ വിശ്വാസ്യതയും, പുറത്തേക്ക് കേൾക്കുവാൻ ഇല്ലാത്ത ടെലിവിഷൻ ശബ്‌ദങ്ങളും, അണഞ്ഞു കിടക്കുന്ന വീടുകളിലെ വെളിച്ചവുമാണ് അകത്തേക്ക് കയറുവാനുള്ള അടയാളങ്ങൾ. ഇന്നത്തേക്കുള്ളത് ഉറപ്പിച്ചു.

"കള്ളൻ... കള്ളൻ..."എന്ന വിളി കേട്ടതോർമയുണ്ട്. 

സർവശക്തിയുമെടുത്ത് തുറന്നിട്ട അടുക്കള വാതിൽ വഴി വെളിയിലേക്കിറങ്ങി പിൻഭാഗത്തേക്കോടുമ്പോഴും അൽപം മുൻപ് മുഴങ്ങിക്കേട്ട ശബ്‌ദങ്ങൾ അൽപ്പം കൂടി ഉച്ചത്തിൽ തന്റെ പിന്നാലെ ഓടിക്കിതച്ചെത്തുന്നുണ്ടെന്ന് തിരിച്ചറിയുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ തളർത്തിയിട്ടില്ലാത്ത കാലുകൾ പ്രായാധിക്യത്തിനെ മറന്ന്, വർഷങ്ങളായി തന്റെ കണ്മുൻപിൽ നീളത്തിലും കുറുകെയും വെട്ടി മുറിക്കപ്പെട്ട് രൂപം മാറി പല ഭാവത്തിൽ വന്ന പലരുടെയും പേരുകളിലാക്കപ്പെട്ട പറമ്പുകളിൽ കൂടി ആഞ്ഞു നീങ്ങിയപ്പോൾ തന്നെ കുടുക്കി കൊണ്ട് നാലു വഴികളിൽ നിന്നും ഉഗ്ര പ്രകാശമുള്ള വിദേശ നിർമിത ഇലക്ടിക് ടോർച്ചുകൾ നാവു നീട്ടി വരുന്നതറിഞ്ഞു തുടങ്ങി. വിവിധ പ്രായക്കാരായ ആണുങ്ങളുടെ അലർച്ചയും കൂക്കി വിളിയും തന്നെയും അൽപം ഭയത്തിലാഴ്ത്തിയെന്ന തോന്നൽ തുടങ്ങിയിരിക്കുന്നു. ശബ്‌ദവും പ്രകാശവും ചിലന്തി വല കെട്ടിയതു മാതിരി നാലുപാടു നിന്നും കുരുക്ക് മുറുകിയപ്പോൾ പിടിക്കപ്പെട്ടുവെന്ന തോന്നൽ ഒരു പരാചിതന്റെ രൂപമാറ്റത്തിലേക്ക് വഴുതി മാറുവാൻ മനസിനെ നിർബന്ധിക്കുന്നുവെങ്കിലും ശരീരം അനുവദിക്കാത്തതിനാൽ തന്നെ രക്ഷപെടാനുള്ള പഴുതിനായി നാലുപാടും പരാതി ഉള്ള ഓട്ടം തുടർന്നു.

ആരോ വിളിച്ചറിയിച്ചതു പ്രകാരം എത്തിച്ചേർന്ന പൊലീസ് ജീപ്പിനു ചുറ്റും വളഞ്ഞു കൂടിയ നാട്ടുകൂട്ടത്തിലാരോ ഉറക്കെ പറയുന്നുണ്ടായിരുന്നു.

"ഇന്നാട്ടിലെ സ്ഥിരം കള്ളനാ. ഞങ്ങള് എല്ലാവരും കൂടി നാലുപാടും വളഞ്ഞു പിടിക്കാറായതായിരുന്നു സാറെ. കുതറി ഓടുന്നതിനിടയിൽ കാല് തെറ്റി പൊട്ടക്കുളത്തിൽ വീണതാ. അല്ലെങ്കിൽ സാറന്മാർക്ക് പണി ആകില്ലായിരുന്നു."

ഒരു നേരത്തെ അന്നത്തിനു വേണ്ടി മാത്രമായി മോഷ്ടിക്കുന്ന കള്ളനെ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾക്കു ശേഷം പുറത്തെടുത്ത് ആംബുലൻസിലേക്ക് കയറ്റുമ്പോൾ ജീവിതത്തിൽ ഒരിക്കൽ പോലും നിറഞ്ഞിട്ടില്ലാത്ത ആ ഒട്ടിയ വയർ വീർത്ത് പൊട്ടാറായ കണക്കെ ഇട്ടിരുന്ന ആ പഴഞ്ചൻ ഉടുപ്പിന്റെ ബട്ടണുകൾ പൊട്ടിച്ചു കൊണ്ട് നിൽക്കുന്നു. അറിയാതെ ആ വയറിലമർന്ന ആരുടെയോ കൈകൾ കൊഴിഞ്ഞു പോയ പല്ലുകളുടെ വിടവുകളിൽ കൂടി കുറച്ച് വെള്ളം ചുണ്ടുകളെ തള്ളി തുറന്ന് പുറത്തേക്കൊഴുകി. അടയാത്ത കണ്ണുകളിൽ കാഴ്ച്ചകാണാനെന്നവണ്ണം അൽപം ഉയർന്ന് മുകളിലേക്ക് തുറന്നിരുന്ന കൃഷ്‌ണമണി ഒറ്റ നോട്ടത്തിൽ തന്നെ മരണം ഉറപ്പിച്ചു.

കേസ് ഫയലിലേക്ക് വിശദംശങ്ങൾ എഴുതി ചേർക്കുമ്പോൾ വിറയാർന്ന കൈകളോടെ ആ കാക്കിധാരിയായ ചെറുപ്പക്കാരൻ എഴുതിച്ചേർത്തു.

"ആൾക്കൂട്ടക്കൊലപാതകം" . 

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA