മനുഷ്യന്റെ ക്രൂരതകണ്ട് മനസ്സിന്റെ സമനിലതെറ്റുന്നവർ..

depression
പ്രതീകാത്മക ചിത്രം
SHARE

ഭ്രാന്തൻ (കഥ)

അന്നു ഞാൻ ക്ലാസ് കഴിഞ്ഞു വരികയായിരുന്നു. ബസ്സ് ഇറങ്ങിയപ്പോൾ നല്ല മഴ. കുട എടുക്കാൻ എന്നും അമ്മയാണ് ഓർമ്മപ്പെടുത്താറ്. ഇന്നു പക്ഷേ അമ്മയും മറന്നൂന്ന് തോന്നുന്നു. മഴ നനയാൻ മടിയായതുകൊണ്ടാണ് ബസ് സ്റ്റോപ്പിൽ കയറി നിൽക്കാമെന്ന് വെച്ചത്. കയറിയ ഞാൻ അതെപടി ഇറങ്ങി. അയാൾ… ആ ഭ്രാന്തൻ, അവിടെ കിടന്നുറങ്ങുന്നു. മഴ രണ്ടും കൽപിച്ച് ആർത്തു പെയ്യുകയാണ്. പോകാൻ ഒട്ടും വയ്യ. പേടിയെ അല്‍പനേരത്തേയ്ക്കു മറന്നേ പറ്റൂ... ഞാൻ തിരികെ കയറി. എന്നെ കണ്ടു പേടിച്ചാകണം അയാൾ വേഗം എഴുന്നേറ്റ് ഒരു മൂലയിലേക്ക് ഒതുങ്ങി ഇരുന്നു. ഞാൻ അയാളെ തന്നെ നോക്കി നിന്നു. ചളി പുരളാൻ ഒരിടം പോലും ബാക്കി ഇല്ല. ഷർട്ടെല്ലാം കീറി പറിഞ്ഞിരിക്കുന്നു. പാന്റ് ഒരു കയർ കൊണ്ടുകെട്ടി വെച്ചിരിക്കുന്നു. നഖങ്ങൾ സിംഹത്തിന്റേതെന്നപോലെ വലുതായിരിക്കുന്നു. മുടിയും താടിയും തോളോളം വളർന്ന്‌ ജട പിടിച്ചിരിക്കുന്നു. കാണുമ്പോൾ താനേ പേടിയാകുന്ന ഒരു രൂപം. അപ്പോളാണ് ഞാൻ അയാളുടെ മുഖത്തേക്ക് നോക്കിയത്‌. അയാൾ ആ കറപിടിച്ച പല്ലുകൾ കാട്ടി എന്നെ നോക്കി ചിരിക്കുകയാണ്. പിന്നെ ഞാൻ ഒന്നും നോക്കിയില്ല. മഴയത്തിറങ്ങി ഓടി.

ഞാൻ അയാളെ ആദ്യമായി കണ്ടത് എന്നാണെന്നോർമ്മയില്ല. കുഞ്ഞുനാളിൽ എപ്പോഴോ ചോറ് വാരിത്തരുമ്പോൾ അമ്മ പറയാറുണ്ടായിരുന്നു കഴിച്ചില്ലെങ്കിൽ തലയിൽ ഭാണ്ഡം തൂക്കി വരുന്ന ഭ്രാന്തൻ പിടിച്ചോണ്ടു പോകും വേഗം ചോറ് തിന്നോന്ന്. അന്നൊക്കെ അയാളെ പേടിച്ചു വേഗം ഭക്ഷണം കഴിച്ചിരുന്നു. ഇന്നിപ്പോ വളർന്നിട്ടും ആ പേടി അങ്ങനെ എവിടെയോ കിടപ്പുണ്ട്. അയാൾ ഏതു നാട്ടുകാരനാണെന്നോ, പേര് എന്താണെന്നോ, എവിടുന്ന് വരുന്നു, എന്തിനിവിടെ വന്നു, എന്നൊന്നും ആർക്കും അറിയില്ല. ആ വലിയ ഭാണ്ഡവും തലയ്ക്കു വെച്ച് ബസ്റ്റോപ്പിലാണ് കിടന്നുറങ്ങാറ്. അതെവിടെയും വെക്കുന്നത് കണ്ടിട്ടില്ല. എവിടേയ്ക്കെന്നറിയാതെ നടക്കുമ്പോളും അയാളത് തലയിൽ തൂക്കീട്ടുണ്ടാകും. 

ഒരു ദിവസം ക്ലാസ് കഴിഞ്ഞു വരുമ്പോൾ അവിടെ ഒരു വലിയ ആൾക്കൂട്ടം. നോക്കിയപ്പോൾ നാട്ടുകാർ ചേർന്ന് അയാളെ കനാലിൽ ഇറക്കി കുളിപ്പിക്കുകയാണ്. ഞാൻ തിരിഞ്ഞു നടന്നു. പിറ്റേന്നും രാവിലെ അയാളെ കണ്ടു. മുടി ഒക്കെ വെട്ടി സുന്ദരനായിരുന്നു. ഡ്രസ്സ് എല്ലാം മാറ്റി. ആ ജട പിടിച്ച രൂപം പാടെ മാറിയിരുന്നു. പീന്നീട് ഞാൻ ദിവസവും അയാളെ ശ്രദ്ധിക്കാൻ തുടങ്ങി എന്താവും അയാളുടെ ആ ഭാണ്ഡത്തിനുള്ളിൽ. 

ഒരു ദിവസം ഞാൻ ബസ്‌സ്റ്റോപ്പിൽ എത്തിയപ്പോൾ അയാളെ കാണാനില്ല. പെട്ടെന്ന് അയാൾ ബസ്റ്റോപ്പിന് പിറകിൽ നിന്നും പ്രത്യക്ഷനായിരിക്കുന്നു. എന്നെ നോക്കി ചിരിച്ചു. അന്നു പക്ഷേ എനിക്കയാളെ പേടി തോന്നിയില്ല. ഭാണ്ഡം തുറന്ന് എന്തോ തിരയുകയാണ്. ഞാനയാളെ തന്നെ നോക്കി നിന്നു. ഒരു പേപ്പർ കഷ്ണമെടുത്ത് ചിരിച്ചു കൊണ്ട് എനിക്കു നേരെ നീട്ടി. പഴയ ഏതോ ഇംഗ്ലിഷ് പത്രത്തിന്റെ ഒരു തുണ്ട്. ഞാനത് വാങ്ങി.  “A 15 years old girl raped and killed by 3,” അതായിരുന്നു ആ ന്യൂസിന്റെ തലക്കെട്ട്. ഞാൻ ഒരു നിമിഷം ശ്വാസം പോലും എടുക്കാതെ അയാളുടെ മുഖത്തേയ്ക്ക് ഒന്നു നോക്കി. അയാൾ എങ്ങികൊണ്ട് എന്തൊക്കെയോ എന്നോട് പറയാൻ ശ്രമിക്കുന്നുണ്ട്. എനിക്കു പോകാനുള്ള ബസ് വന്ന് ഹോൺ അടിച്ചപ്പോൾ ആ പേപ്പർ കഷ്ണം അയാൾക്കു നേരെ എറിഞ്ഞു കൊടുത്ത് ബസിൽ കയറി. തിരിഞ്ഞു നോക്കിയപ്പോൾ കരഞ്ഞകൊണ്ട് അയാൾ ബസിനു പിറകെ ഓടുകയാണ്. കണ്ടക്റ്റർ അയാളെ ചീത്ത വിളിക്കുന്നുണ്ട്. അയാൾ അതൊന്നും കാര്യമാക്കുന്നില്ല. കണ്ണിൽ നിന്നു മായും വരെ ഞാനയാളെ നോക്കി നിന്നു. 

അന്നെനിക്ക് ക്ലാസ്സിൽ ശ്രദ്ധിക്കാനായില്ല. ആ കുട്ടി അയാളുടെ ആരായിരിക്കും. എന്തിനാണ് അയാൾ അതെന്നെ കാണിച്ചത്. എന്തിനായിരിക്കും അയാളത് സൂക്ഷിച്ചു വെച്ചത്. തീർച്ചയായും ആ കുട്ടി അയാളുടെ മകളോ പെങ്ങളോ ആണ്. തിരിച്ചു ബസ് ഇറങ്ങുമ്പോൾ ഞാനയാളെ അവിടെ ഒക്കെ തിരഞ്ഞു, കണ്ടില്ല.

മൂന്നുനാലു ദിവസം കഴിഞ്ഞു അയാൾക്കെന്തു പറ്റി എന്നറിയാഞ്ഞിട്ട് എനിക്ക് വല്ലത്ത അസ്വസ്ഥത. ബസ്സിനു പിറകെ ഓടിയപ്പോൾ എന്തെങ്കിലും പറ്റീട്ടുണ്ടാകുമോ. അയാളെ കുറിച്ച് ഒർത്തോണ്ടിരുന്നപ്പോളാണ് അച്ഛൻ എവിടുന്നോ വന്ന് എന്റെ മുന്നിൽ നിൽക്കുന്നത് കണ്ടത്. “നിനക്കിതെന്തു പറ്റി?!”

“അച്ഛാ... ആ ബസ്റ്റോപ്പിലിരുന്ന ഭ്രാന്തനെ കാണാനില്ലല്ലോ?!”

“മോളറിഞ്ഞില്ലേ, അയാളെ പൊലീസുപിടിച്ചു. രണ്ടുമൂന്നു ദിവസം മുൻപ് ഒരു ബസിനു പിറകെ ഓടുന്നതിനിടെ റോഡിൽ വീണു. നാട്ടുകാരാരോ എഴുന്നേൽപ്പിച്ചപ്പോ അവരെ ഒക്കെ അടിച്ചെന്നാ കേട്ടത്. അതിൽ പിന്നെ പൊലീസ് വന്നു കൊണ്ടുപോയി.”

“അയാളുടെ ഭാണ്ഡമോ?”

“അത് നാട്ടുകാരെല്ലാവരും കൂടി എടുത്ത് കത്തിച്ചിരുന്നു. അതിൽ കുറെ പേപ്പർ കഷ്ണങ്ങളും, കുപ്പിവള പൊട്ടുകളും, പെൺകുട്ടികൾ ഇടുന്ന ഒരു ഷാളും ഒക്കെ ആയിരുന്നെന്നു കേട്ടു .”

എനിക്കെന്തോ കരയാൻ തോന്നി. അയാൾ അലറികൊണ്ട് ബസിന്‌ പിറകെ ഓടുന്നത് എന്റെ കണ്ണിൽ നിന്നിപ്പോഴും മായുന്നില്ല. അയാൾ എന്തിനായിരിക്കും അങ്ങനെ ചെയ്തത്? ഒരു പക്ഷേ ഞാൻ ആ കുട്ടി ആണെന്ന് കരുതീട്ടാകുമോ? അയാളുടെ കണ്ണിൽ ഞാൻ ഭയം കണ്ടിരുന്നു. ഒരു പക്ഷേ എന്നെ ആരെങ്കിലും പിടിച്ചോണ്ട് പോകാനെന്നു കരുതീട്ടാകുമോ? ഒന്നും അറിയില്ല. പിന്നീടൊരിക്കലും ഞാൻ അയാളെ കണ്ടിട്ടില്ല. പല തവണ കുടയെടുക്കാൻ മറന്നപ്പോളും ഞാൻ ആ ബസ്റ്റോപ്പിൽ കയറി നിന്നിട്ടുണ്ട്. അപ്പോളൊക്കെ അയാളവിടെ ഉണ്ടെന്നെനിക്ക് തോന്നാറുണ്ട്.

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ