ADVERTISEMENT

ഇരട്ടപ്പഴം (കഥ)

ആ നാട്ടിലെ ചെറുതും വലുതുമായ എല്ലാ പുരുഷന്മാർക്കും ഇരട്ടപ്പഴം വിലക്കപ്പെട്ടു. ഇരട്ടപ്പഴം തിന്നാൽ ഇരട്ട കുട്ടികളുണ്ടാവുമെന്നാണ് പുതിയ കണ്ടെത്തലിന് കാരണം. 

അങ്ങനെയിരിക്കെയാണ് യൂനുസിന്റെ ഇക്ക സൈദാലിയുടെ സുന്നത്ത് കല്യാണം ആർഭാടമായി കഴിഞ്ഞത്. ആറ്റമാരും അമ്മായിമാരും സഞ്ചി നിറയെ പലഹാരങ്ങളുമായി സൈദാലിയെ കാണാൻ തറവാട്ടിലേക്ക് ഓടിയെത്തി. 

ആപ്പിളും നാരങ്ങയും ബത്തക്കയും അടുക്കളയിൽ കുന്നുകൂടി. അടുക്കളയിൽ അടുക്കിവെച്ചിരിക്കുന്ന വിവിധ കനികളുടെ കലവറയിൽ പൂവൻ പഴം യൂനുസിന്റെ കണ്ണിൽ തെളിഞ്ഞു. അതിലതാ രണ്ട് പഴം ഒട്ടി നിൽക്കുന്നു. കൗതുകം..! 

ആദ്യമായാണ് യൂനുസ് ഇരട്ടപ്പഴം കാണുന്നത്. അല്ലാഹന്റെ കുത്റത്ത്. അല്ലാതെന്ത് !?

"ഉമ്മീ ഞാ ഈ പഴെടുക്കട്ടെ "

ഇരട്ടപ്പഴം പിടിച്ചു നിൽക്കുന്ന യൂനുസിനെ കണ്ടപാടെ ഉമ്മയുടെ കയ്യിൽ നിന്ന് പാത്രം നിലത്തേക്ക് വീണു. ക്ലിൻ ചിൻ പിൻ ക്ലിൻ

പാത്രം തവിടുപൊടിയായി.

'ലാ ഹൗലു വലാ... ' 

ഉമ്മ ഓടിചെന്ന് ഇരട്ടപഴം പിടിച്ചുവാങ്ങി. പകരം പൂവൻ പഴത്തിന്റെ കൊലയിൽ നിന്നും വെറൊരു പഴം തിരുകിയെടുത്ത് യൂനുസിന്റെ കയ്യിൽ വെച്ചു.

'ഈയ് ഇത് തിന്നാ മതി'

നിരാശയോടെ യൂനുസ് പഴത്തിന്റെ തൊലി കളഞ്ഞ് മുറ്റത്തേക്ക് നടന്നു. ഇതെന്ത് കഥ! അല്ലാഹന്റെ കുത്റത്ത് തിന്നാൻ നിക്ക് അവകാശമില്ലേ..?

"ഇഞ്ഞിയെന്താ ചെക്കാ ആലോചിച്ച് കൂട്ടുന്നേ. ശാസ്ത്രന്നനായോ? " ഫാത്തിമ അതു വഴി വന്നു. 

" എണേ... നമ്മളെ പെരീല് അല്ലാഹന്റെ കുത്റത്ത് "

'എന്ത് കുത്റത്ത് '

" ദുനിയാവില് ആദ്യായി രണ്ട് പഴം ഒട്ടി നിക്കുന്ന ഞാ കണ്ട് "

'പിർർർ... നമ്മളെ പെരീലും ഇണ്ടായിന് '

"എന്നിട്ട് ഈയ് തുന്നിനാ ? "

'ഇല്ല.. ഉമ്മാമ്മ അമ്മായിക്ക് കൊടുത്ത് '

" അതെന്താ ? "

'ആരോടും പറയരുത് '

" ഇല്ല "

'മൊയ്തീ ഷൈഖ് തങ്ങളാണെ ? '

"സത്യം. "

'ആ പഴം തിന്നാല് കുട്ട്യോളുണ്ടാവത്രേ. '

"പുളു "

'സത്യം.. ബല്യ പെണ്ണുങ്ങക്ക് മാത്രേ തിന്നാൻ പാടുള്ളു.'

"നേര്..? "

'ഉം.. നേര് ' നേരം ഇരുട്ടി തുടങ്ങിയതോടെ ഫാത്തിമ സ്ഥലം കാലിയാക്കി. 

ദിഖ്റ് ചൊല്ലാൻ ഇരുന്ന യൂനുസിന്റെ ദിഖ്റുകളൊക്കെയും തെറ്റി തുടങ്ങി. ഇരട്ടപ്പഴം തിന്നണം...! എങ്ങനെ തിന്നും..? മോഷണമല്ലാതെ വേറെ മാർഗ്ഗമില്ല. എങ്ങനെ മോഷ്ടിക്കും..? ചിന്തകൾ കാടുകയറി. 

രാത്രി ഭക്ഷണം കഴിഞ്ഞ് തറവാട്ടിലെ മുഴുവനായ മുഴുവൻ ആളുകളും ഉറങ്ങാൻ കിടന്നു. ചുറ്റിലും ഇരുട്ട്.. യൂനുസ് കണ്ണുകൾ തുറന്നു കിടന്നു. ഇരുട്ട് പൂർണ്ണ നിശബ്ദയിലേക്ക് നീങ്ങി. ഘടികാരത്തിന്റെ സൂചി അനങ്ങുന്ന ടിക് ടിക് ശബ്ദം മാത്രം കേൾക്കാം. ഇടക്കിടെ കീരാങ്കിരിയുടേയും.

യൂനുസ് പതിയെ പായയിൽ നിന്നെണീറ്റ് അടുക്കള ലക്ഷ്യമാക്കി നീങ്ങി. കുരാകുര ഇരുട്ടിൽ പൂവൻ പഴം തപ്പിയെടുത്തു. 

ചിമ്മിണി വിളക്ക് മെല്ല അടുപ്പിച്ചു. ഇരട്ടപ്പഴം തന്നെ. യൂനുസിന്റെ കണ്ണുകൾ തിളങ്ങി. 

സമയം ഒട്ടും കളഞ്ഞില്ല. ആരെങ്കിലും പിടിക്കപ്പെടുന്നതിന് മുമ്പ് തന്നെ തിന്നണം. യൂനുസ് അതിവേഗത്തിൽ ഇരട്ടപ്പഴം അകത്താക്കി പായയിലേക്ക് ഓടി. നേരം കൂടുതൽ ഇരുട്ടിലേക്ക് നീങ്ങി. തിരിഞ്ഞും മറഞ്ഞും കിടന്നു. ശേഷം ചുരുണ്ട് കിടന്നു. പറ്റുന്നില്ല..! ഉറങ്ങാൻ പറ്റാത്തത്ര അസ്വസ്ഥത. വയറ് വീർത്തു വീർത്തു വരുന്നതു പോലെ യൂനുസിന് തോന്നി. കൂടെ അതിഭീകരമായ വേദനയും.

ഇപ്പൊ പെറും !

യൂനുസിന്റെ തലപെരുകി. നെറ്റിത്തടങ്ങൾ വിയർത്തു. ഒടുവിൽ വേദന സഹിക്കാൻ കയ്യാതെ അവൻ നിലവിളി തുടങ്ങി. കുറച്ചു നേരത്തിനകം തന്നെ കരച്ചില് കേട്ട് ബാപ്പയും ഉമ്മയും ആളുകളും ഓടിയെത്തി. ഉടനെ ആശുപത്രിയിലേക്ക്.

രാത്രിക്ക് രാത്രി തന്നെ ഡോക്ടറും ഓടിയെത്തി. ആശുപത്രി വരാന്തയിൽ കാർണോരും എളാപ്പമാരും റാന്തല് ചുറ്റി. മണിക്കൂറുകൾ കഴിഞ്ഞു. സ്ഥിതിഗതികൾ ശാന്തമാവാൻ തുടങ്ങിയിരിക്കുന്നു. സൂചിവെച്ചപ്പോൾ മയങ്ങിയ യൂനുസിന്റെ ബോധം പതുക്കെ നേരെയായി. കണ്ണുകൾ പതിയെ തുറന്നു. ഉമ്മയും ബാപ്പയും അടുത്ത് തന്നെയുണ്ട്.

ബോധം നേരയായ ഉടനെ മുറിയിലുണ്ടായ നഴ്സ് ഡോക്ടറെ വിളിച്ചു വന്നു. യൂനുസിന്റെ കൺപോളകൾ ഡോക്ടർ ഉയർത്തി നോക്കി. നെഞ്ചിലും നെറ്റിയിലും കൈകൾ വെച്ച് തൊട്ട് നോക്കി. 

ഇരട്ടകുട്ടികളെവിടെ? മനസ്സിൽ ഉരിത്തിരിഞ്ഞ സംശയത്തോടെ യൂനുസ് ചുറ്റിലും തിരഞ്ഞു. എങ്ങുമില്ല!

'നാളെ പോവാം... കുഴപ്പൊന്നുമില്ലാട്ടോ ' ഡോക്ടർ ബാപ്പയോട് പറഞ്ഞു. യൂനുസ് മെല്ലെ ചിരിച്ചു. 

'ഇനി പഴം തിന്നുമ്പൊ തൊലി കളഞ്ഞിട്ട് കഴിക്കണം' ഡോക്ടറുടെ ഉപദേശം കേട്ട് യൂനുസ് ഉമ്മയെ നോക്കി. 

ഇരട്ടപ്പഴം തിന്നത് ഉമ്മ പിടിക്കപ്പെടാതിരിക്കാൻ കൂടെ തിന്ന പഴത്തിന്റെ തൊലിയാണ് അന്നത്തെ രാത്രി അവരുടെ ഉറക്കം കളഞ്ഞത്. പിറ്റേന്ന് രാവിലെ വയറിളക്കത്തിന്റെ ഗുളികയും വാങ്ങി അവർ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com