ADVERTISEMENT

അടിമയും, ഉടമയും (കഥ)

ഉദയസൂര്യൻ ഇന്ന് പതിവിലേറെ തിളങ്ങുന്നു. ആ വെളിച്ചത്തിൽ പൂക്കൾ അതിമനോഹരവും, ലോകം മുഴുവൻ പരിമളം പരത്താൻ ശേഷിയുള്ളവയും ആയിരുന്നു. കിളികളുടെ ഉണർത്തുപാട്ടിനും മാധുര്യം കൂടുതലാണ്. പച്ചപ്പട്ടുടുത്ത പ്രകൃതിയും സുന്ദരിയായി നിൽക്കുന്നു. ഇന്നു രാവിലെ പത്തിനും, പത്തരയ്ക്കും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ എന്റെ കല്യാണമാണ്.

ഇന്നലെ, രാവിന്റെ ഓരോ അണുവിലും നിദ്രയെ തള്ളി മാറ്റി, നറുമണം തൂകുന്ന സ്വപ്നങ്ങളാൽ കൊരുത്ത മാല ഹൃദയത്തിലണിഞ്ഞു ഞാൻ മണ്ഡപത്തിലേക്ക് കയറി. സന്തോഷാധിക്യത്താൽ തുടുത്ത എന്റെ മുഖം കുനിച്ചു താലിയേറ്റുവാങ്ങി.

ഹൃദയാകൃതിയുള്ള ആ താലി ഹൃദയത്തോടു ചേർത്തു വച്ചു ഞാനെന്റെ ഹൃദയം അദ്ദേഹത്തിനു സമ്മാനിച്ചു.

ജനിച്ചു വളർന്ന ചുറ്റുപാടും, അച്ഛനമ്മമാരെയും, കൂടെപ്പിറപ്പുകളെയും, കൂട്ടുകാരെയും  പിന്നിൽ വിട്ടിട്ട്, എന്നിലെ സുമംഗലിയായ പെണ്ണ് മുന്നിലേക്ക് യാത്രയായത് എന്റെ ഹൃദയത്തിനുടമയോടുള്ള അളവില്ലാത്ത വിശ്വാസത്തോടെയാണ്. അലങ്കരിച്ച കാറിൽ, ഞങ്ങളോടൊപ്പം അദ്ദേഹത്തിന്റെ പെങ്ങളും, അളിയനും ഉണ്ടായിരുന്നു. എനിക്ക് തീരെ പരിചയമില്ലാത്തവരായ, ശശിമാമന്റെ മകൻ മുരളിക്ക് പെണ്ണുകാണാൻ പോയതും, ജയ മാമിയുടെ വണ്ണത്തെക്കുറിച്ചും, ചീനുവിന്റ ജാഡയെക്കുറിച്ചും അവർ മൂന്നു പേരും കൂടി സംസാരിച്ചു.

എന്നോട് സംസാരിക്കാനോ, എന്നെ പരിഗണിക്കാനോ ആരും മിനക്കെട്ടില്ല. ആ യാത്രയിൽ ഞങ്ങൾ രണ്ടു പേരും മാത്രമായിരിക്കണമെന്നായിരുന്നു ഞാൻ ആശിച്ചത്. മൈലാഞ്ചി ചുവപ്പുള്ള എന്റെ വിരലുകൾ അദ്ദേഹത്തിന്റെ നീണ്ട വിരലുകളാൽ കോർത്ത് വയ്ക്കാനും ഞാൻ ആശിച്ചു. വീടെത്തി, വണ്ടി നിർത്തിയപ്പോൾ അവരെല്ലാം ധൃതിയിൽ ഇറങ്ങി. എന്തു ചെയ്യണമെന്നാശങ്കയിൽ ഇരുന്ന എന്നോട് കനത്ത മുഖത്തോടെ എന്റെ ഹൃദയത്തിനുടമ ആജ്ഞാപിച്ചു.

"ഇങ്ങോട്ടിറങ്ങ്....."

അതെന്നെ വേദനിപ്പിച്ചു. സ്നേഹം നിറഞ്ഞ കണ്ണുകളാൽ, എന്നെ അദ്ദേഹത്തിന്റെ ഹൃദയത്തോട് ചേർത്തു വയ്ക്കുന്ന വിളിയായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്. നിറദീപം ഏറ്റുവാങ്ങുമ്പോൾ "ഇനി എന്റെ കടമ തീർന്നല്ലോ" എന്നു പറഞ്ഞദ്ദേഹം എവിടേയ്ക്കോ നടന്നു.

നിരാശയുടെ മണമുള്ള കാറ്റെന്നെ തഴുകി കടന്നു പോയി. ഉരുകി തുടങ്ങുന്ന ഹൃദയവുമായി ഞാനൊറ്റയ്ക്ക് വലതുകാൽ വച്ചകത്തു കയറി. ആ വീടിനകം ഇരുട്ട് കട്ടപിടിച്ചിരുന്നു. കിലോ കണക്കിനു പിന്നും, സ്ലൈഡും ഊരിയെടുത്ത് ഞാൻ സാരിയും, ആഭരണങ്ങളും, മുല്ലപ്പൂവും അഴിച്ചുമാറ്റി.

കല്യാണത്തിൽ പങ്കെടുത്ത ബസുക്കൾ പല ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്നു. എന്നെ പരിചയപ്പെടാനോ, പരിചയപ്പെടുത്താനോ ആരും ശ്രമിച്ചില്ല.

കല്യാണത്തിനു പങ്കെടുക്കാൻ കഴിയാതിരുന്ന ചില ബന്ധുക്കൾ കയറി വന്ന് എന്നെ ഉഴിഞ്ഞു നോക്കി, പുരികം ചുളിച്ചു ചോദിച്ചു "ഞങ്ങൾ കാണും മുന്നേ ആഭരണങ്ങൾ അഴിച്ചു മാറ്റിയതെന്തിനാ?"

അവർക്കും എന്നെ പരിചയപ്പെടണ്ട എന്നവർ പറയാതെ പറഞ്ഞു. ഞാനോരോ മുറിയിലും എന്റെ ഹൃദയത്തിന്നുടമയെ തിരഞ്ഞു നടന്നു. ആ വീടിനെയും, അവിടുള്ളവരെയും എനിക്കു പരിചയമില്ലായിരുന്നു.

പെണ്ണുകാണലിന്റന്നു കിട്ടിയ അഞ്ചു മിനിറ്റും, ഇന്ന് കല്യാണമണ്ഡപം മുതൽ  ഇവിടെ കയറും വരെയും എന്നോടൊപ്പമുണ്ടായിരുന്നത്ര സമയവും മാത്രമേ എനിക്കദ്ദേഹത്തെയും പരിചയമുള്ളു. എന്നിട്ടും എന്റെ ഹൃദയം ഞാനദ്ദേഹത്തെ ഏൽപ്പിച്ചു കഴിഞ്ഞു.

എന്റെ കണ്ണിൽ കണ്ണുനീർ ഉരുണ്ടു കൂടി. അതൊരു പ്രളയമായി മാറാതിരിക്കാൻ ശ്രമിച്ചു കൊണ്ട് ഞാനടുക്കളയിലേയ്ക്ക് നടന്നു.

അവിടെ മെലിഞ്ഞ്, ഇരുണ്ട്, റോൾഡ് ഗോൾഡ് ആഭരണങ്ങളുമണിഞ്ഞ് ചുളുങ്ങിയ നൈറ്റിയിട്ട ഒരു സ്ത്രീ ജോലിയിലേർപ്പെട്ടിരിന്നു.

എനിക്കവരെ മുൻപരിചയമില്ലായിരുന്നു. എങ്കിലും അവരുടെ മുഖത്തെ സൗമ്യത എന്നെ ആകർഷിച്ചു. ആ അടുക്കളയുടെ ഭിത്തിയും ചാരി ഞാൻ വെറും നിലത്തിരുന്നു.

എനിക്കപ്പോൾ ആരുടെയെങ്കിലും സ്നേഹം നിറഞ്ഞ സ്വരം കേൾക്കുകയും, ആർദ്രത നിറഞ്ഞ നോട്ടം കിട്ടുകയും വേണമായിരിന്നു.

പറിച്ചു നടപ്പെടുന്ന ചെടിക്ക് പരിഗണനയും കരുതലും കൂടുതൽ വേണം. അല്ലങ്കിലത് എളുപ്പം വാടി കരിയും.

സന്ധ്യക്ക് അമ്മായി അമ്മക്കൊപ്പം, കാവിലും, പൂജാമുറിയിലും വിളക്കു വയ്ക്കാൻ ഞാനും കൂടി. അദ്ദേഹം അളിയനും, കൂട്ടുകാർക്കും ഒപ്പം ആയിരുന്നു. എനിക്കൊന്നും പ്രാർഥിക്കാൻ തോന്നിയില്ല.

എന്റെ മനസ്സപ്പോൾ അപരിചിതത്തവും, നിരാശയും  നിറഞ്ഞ്, സന്തോഷം വറ്റിത്തുടങ്ങിയ പുഴ പോലായിരുന്നു. പകലിന്റെ ശോഭ തീർത്തും വറ്റി, ഇരുളിന് കനം വച്ചു. അതിലും ഇരുട്ട് ആ വീട്ടിലുള്ളവരുടെ മനസ്സിലാണെന്ന് ഞാനറിഞ്ഞു. അത്താഴ മേശയിൽ മറ്റുള്ളവരോടൊപ്പം ഞങ്ങൾ ഒരുമിച്ചായിരുന്നു ഇരുന്നത്. അതെന്നെ സന്തോഷിപ്പിച്ചു.

കല്യാണസദ്യയിലെ പായസങ്ങളുടെ എണ്ണവും, പപ്പടത്തിന്റെ വലിപ്പവും, രസത്തിന്റെ രസവും ഒക്കെയായിരുന്നു അന്നേരത്തെ ചർച്ച.

അപ്പോഴും ഞാൻ ആൾക്കൂട്ടത്തിൽ തനിയെ ആയി. കളിപ്പാട്ടക്കടയിലേക്ക് കൊതിയോടെ നോക്കി നിൽക്കുന്ന കൊച്ചു കുട്ടിയെ പോലെ, ഒരു പുഞ്ചിരിക്കായി, കരുണയാർന്ന നോട്ടത്തിനായി ഞാൻ വെമ്പി നിന്നു.

മുല്ലപ്പൂ വിതറിയിരുന്ന കിടക്കമേലിരുന്ന്, എന്റെ നേർക്ക് നീണ്ട ഗ്ലാസിലെ, പകുതിയായ പാൽ കുടിക്കുമ്പോൾ ഹൃദയം പങ്കിട്ടതിന്റെ അലിഖിത പ്രഖ്യാപനമാണ് ഞാൻ നടത്തിയത്.

പക്ഷേ, ഇരുട്ടി വെളുത്തപ്പോഴേക്കും ഞാൻ മാഞ്ഞു പോയിരുന്നു. എന്റെ ഹൃദയം അയാളുടച്ചു കളയുകയും, അയാളുടെ ഹൃദയം എന്നിൽ നിന്ന് തട്ടിപ്പറിച്ചെടുക്കുകയും ചെയ്തു.

എന്റെ സ്വപ്നങ്ങൾ ചതച്ചരച്ച് അയാളെന്റെ മനസ്സ് കുത്തിക്കീറി. അവഗണനയും, പുച്ഛവും എനിക്കു മേൽ വാരിയെറിഞ്ഞു കൊണ്ടയാൾ രസിച്ചു. എന്റെ കാഴ്ചയും, കേൾവിയും, ചിന്തയും തടഞ്ഞുവച്ചു കൊണ്ട് അയാളുടെ നീതി മാത്രം നടപ്പിലാക്കി.

അങ്ങനെ അയാൾ ഉടമയും ഞാൻ അടിമയും ആയി മാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com