ADVERTISEMENT

നട്ടുച്ചയക്ഷിയും പൂച്ചകളും (കഥ)

അന്ന് ജിത്തു ആകെ കലിപ്പിലായിരുന്നു. അവന്റെ ശത്രു-ഹിമ - ക്വിസ് മൽസരത്തിലെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി തന്ന ലഡു പൊടിച്ചവളുടെ മുഖത്തേക്കെറിയണമെന്ന് അവനു തോന്നി. വെറും ഒരു പോയിന്റിനാണ് അവളുടെ കയ്യിലിരിക്കുന്ന ആ ട്രോഫി ജിത്തുവിനെ വിട്ടുപോയത്. ക്ലാസ് ഒന്നു മുതൽ തുടങ്ങിയ അവരുടെ മത്സരം ഹയർ സെക്കന്ററിതലമായിട്ടും കൂടുതൽ വീറോടെ മുന്നേറി. ഒന്നോ രണ്ടോ കണക്ക് പരീക്ഷയിലും ഗ്രൂപ്പ് മത്സരത്തിലും ജയിച്ചതൊഴിച്ചാൽ വിജയം എപ്പോഴും ഹിമക്കൊപ്പം നിന്നു. പക്ഷേ നാട്ടിലെ ഏകലവ്യ ക്ലബ് നടത്തുന്ന കഥയെഴുത്തു മൽസരത്തിന്റെ സമ്മാനമായ 1000 രൂപയും ട്രോഫിയും വിട്ടുകൊടുക്കില്ലെന്ന് അവൻ ഒരുറച്ച തീരുമാനമെടുത്തു.

കട്ടെടുത്ത കഥയാണെങ്കിൽ സമ്മാനം തിരികെ വാങ്ങി പരസ്യമായി മാപ്പു പറയിക്കുമെന്ന ക്ലബ് സെക്രട്ടറിയുടെ പ്രസ്താവന ജിത്തു ഓർത്തു. ആരും കണ്ടില്ലെങ്കിലും അവൾ കണ്ടുപിടിക്കും. അതു കൊണ്ട് ജിത്തു ആനുകാലികങ്ങളിൽ കഥയുടെ ത്രഡിനു വേണ്ടി മാത്രം വെറുതെയെങ്കിലും തിരഞ്ഞു. അവസാനം 'പ്രകൃതിയിലേക്ക് ആഴത്തിൽ നോക്കൂ, എന്ന ദേശീയ ഹരിതസേനയുടെ ബോർഡ് ആലോചിച്ച് ജിത്തു വെള്ളാരംകുന്ന് മല കയറി.

"എവിടേക്കാ കുട്ട്യേ, ഈ നട്ടുച്ചനേരത്ത് ?" - 

മലയുടെ മുകളിലെ യക്ഷിത്തറയും കാവും വൃത്തിയാക്കുന്ന കല്യാണിയമ്മൂമ്മയുടെ ചോദ്യത്തിന് "കഥയ്ക്കൊരു ത്രഡ് കിട്ടോന്നു നോക്കട്ടെ" - വേണ്ടെന്നു പറയുന്നതു കേൾക്കാൻ നിൽക്കാതെ അവൻ മുകളിലേക്ക് നടന്നു. ഏകദേശം ഒരു കരക്കെത്തിയതായിരുന്നു. ഇരുന്നിരുന്ന മരക്കൊമ്പിനു പിറകിൽ നിന്ന് പെട്ടെന്ന് ഒരു നൂലു കണ്ടു, പിന്നെ നീണ്ടു വളഞ്ഞ ചോര പറ്റിയ നഖം, പിന്നാലെ മുടിയും വെളുത്ത സാരിത്തലയും പാറി വന്നു, കൂടെ ഒരു ചോദ്യവും," ഇതു മതിയോ?"

"അയ്യോ!" - നെഞ്ചാന്തി അവനൊരോട്ടമായിരുന്നു. വഴിയിൽ മൂന്നു കറുത്ത പൂച്ചകളവന്റെ നേരെ ചാടി വീണു. ഒരു വിധം മലയുടെ താഴ്വാരത്തെത്തിയപ്പോൾ വെളുത്ത ഷാളുളള ചുരിദാറിട്ട് കറുത്ത ചായം തേച്ച പൂച്ചക്കുട്ടികളുമായി നിൽക്കുന്ന അവളും കൂട്ടുകാരും - ജിത്തുവിന്റെ ജാള്യത അതിർത്തിയില്ലാതെ കറങ്ങിവന്നു. ജിത്തുവിന്റെ പ്രതീക്ഷ തെറ്റിയില്ല. ഒന്നാം സ്ഥാനം നേടിയ അവളുടെ കഥയുടെ പേര് 'നട്ടുച്ചയക്ഷിയും പൂച്ചകളും '.

******    *******    ******    ******   *****

ഇന്ന് അതേ നട്ടുച്ച, അതേ മലയുടെ താഴ്‌വാരത്തിലെ ജിത്തുവിന്റെ വീട്, അതേ യക്ഷി, കയ്യിൽ നൂലിനു പകരം കനം കുറഞ്ഞ കയർ. തുണികളിടാനുള്ള അയ കെട്ടാനുളള ആജ്ഞയാണ്. എല്ലാം പെട്ടെന്നായിരുന്നല്ലോ, കാലം ചെല്ലുന്തോറും കൂടി വന്ന വാശിയെ കീഴടക്കാൻ ഹിമക്ക് വിവാഹാലോചനയയച്ചതും തീരുമാനമായതും... എല്ലാം. ഒരിക്കലും കീഴടങ്ങാതിരിക്കാനുള്ള 'ഹിമപദ്ധതി' എന്ന അവളുടെ പ്രൊജക്റ്റ് കണ്ടും കേട്ടും മനസിലാക്കി വന്നപ്പോഴാണ് ആദ്യമായി ജിത്തുവിന് അയാളുടെ കഥയുടെ ത്രഡ് പിടി കിട്ടിയത്. പിന്നീടങ്ങോട്ടുള്ള അവന്റെ കഥകളെല്ലാം സീരീസായാണു വന്നത്, തലക്കെട്ടൊന്നു തന്നെ, 'നാറാണത്തു ഭ്രാന്തൻ'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com