ADVERTISEMENT

"അമ്മാമ്മേ..അമ്മാമ്മേ... "എന്ന് വിളിച്ചോണ്ടാണ് കുഞ്ഞുമറിയ തറവാട്ടിലേക്ക് കയറി ചെന്നത്..

"ഈ അമ്മാമ്മാ ഇതെന്നാ എടുക്കുവാ.. " 

"എടീ പെണ്ണേ.. ഞാൻ ഇവിടെ ഉണ്ടെടിയേ "..അകത്തെ മുറിയിൽ നിന്നും അമ്മാമ്മയുടെ ഒച്ച.. കയറി ചെന്നപ്പോ അമ്മാമ്മ ചട്ടയും മുണ്ടുമൊക്കെ മടക്കി വെക്കുവാ.. 

"ഞാനിതൊക്കെ ഒന്ന് എടുത്തു വെക്കുവായിരുന്നു കൊച്ചേ.. നാളെ പള്ളിയിൽ പോകാനുള്ള തുണിയും ചട്ടയുമാ.. " 

പറഞ്ഞ പോലെ നാളെ ഞായറാഴ്ചയാണല്ലോ കുഞ്ഞുമറിയ ഓർത്തു.. അപ്പോളേക്കും അമ്മാമ്മ ഒരു മുണ്ട് എടുത്ത് ഞൊറിയിട്ടു തുടങ്ങി... 

"ഓ നാളെ പള്ളിയിൽ പോകാനുള്ള സെറ്റപ്പ് ആണല്ലേ അമ്മാമ്മോ "

അമ്മാമ്മ കുറച്ച് ഫാഷൻ കോൺഷ്യസ് ആളാണ്.. എവിടേലും പോകുന്നതിന്റെ തലേ ദിവസം അമ്മാമ എല്ലാം റെഡിയാക്കി വെയ്ക്കും 

‘പണ്ട് കൊച്ചപ്പൻ (അമ്മാമ്മയുടെ അപ്പൻ ) ഉണ്ടായിരുന്ന കാലം മുതലേ ഉള്ള ശീലമാടിയെ..’. അമ്മാമ്മ ഫ്ലാഷ് ബാക്ക് ഡയറി തുറന്നു.. 

‘കൊച്ചപ്പൻ പറയുവാർന്നു പള്ളിയിൽ പോകുമ്പോ വേണം ഏറ്റവും മെനക്കു പോകാനെന്ന്.. തുണിയും ചട്ടയും നല്ല പോലെ പശ മുക്കി തേച്ചു .. നല്ല പോലെ ഞൊറിയിട്ടു മുണ്ടു ഉടുത്ത് കസവു കരയുള്ള കവണി ഞൊറിഞ്ഞു ബ്രോച്ച് കുത്തി.. ’ അമ്മാമ്മയുടെ കഥ കാട് കയറുന്ന കണ്ടപ്പോ കുഞ്ഞു മറിയ ഒന്ന് വിഷയം മാറ്റി.. "അമ്മാമ്മേ..ഇച്ചാച്ചൻ പെണ്ണ് കാണാൻ വന്നപ്പോ ചട്ടയും മുണ്ടും ആർന്നോ ഇട്ടിരുന്നെ ".. 

വയസ്സ് പത്തു എൺപത് അടുത്തെങ്കിലും പെണ്ണ് കാണാൻ ഇച്ചാച്ചൻ വന്ന കഥ പറയുമ്പോ അമ്മാമ്മയ്ക്ക് പെട്ടെന്നൊരു നാണവും ചമ്മലും.. ശേഠാ.. അമ്മാമ്മ ദേ മധുര പതിനേഴിലേക്ക് എത്തിയപോലെ..കുഞ്ഞുമറിയ ചിരിയടക്കി പിടിച്ചു കഥ കേൾക്കാൻ.. "അതിയടി പെണ്ണ്.. ഞാൻ നേരത്തെ തന്നെ ഒരുങ്ങി നിന്നു.. അവർ വന്ന് സിറ്റ്ഔട്ടിൽ ഇരുന്നപ്പോ ഞാൻ ജനലിൽ കൂടി ഒരു മിന്നായം പോലെ കണ്ടു.. നല്ല സുന്ദരൻ " പിന്നെ കാപ്പിക്ക് ഇളയമ്മ ഇടിയപ്പോം താറാവ് കറിയും എടുത്ത് വച്ചിട്ട് എന്നോട് എടുത്ത് കൊടുക്കാൻ പറഞ്ഞ്.. അന്നേരമാ കൂടുതൽ നന്നായിട്ട് കണ്ടേ "

അമ്മാമ്മേടെ മുന്നിൽ തൂണ് പോലെ ഇരുന്ന കുഞ്ഞുമറിയ ഇടക്ക് എവിടെയോ വച്ച് വേറെ വഴിക്ക് പോയി .. അമ്മാമ്മേടെ ചട്ടയും മുണ്ടും അടിച്ചു മാറ്റി കോളേജ് ഡേയ്ക്ക് ഇട്ടാൽ അത് pwoli അല്ലേയെന്നു ആയിരുന്നു ഓളുടെ തലയിൽ.. 

അമ്മാമേടെ കഥകൾ ഒരു അന്തവും കുന്തവുമില്ലാതെ പോയി പോയി ഏതാണ്ട് 15 വർഷം മുന്നേ ഇച്ചാച്ചൻ മരിച്ചത് വരെയെത്തി... ഒടുവിൽ അമ്മാമേടെ കരച്ചിൽ കേട്ട് അമ്മായി ഇറങ്ങി വന്നപ്പോളും കുഞ്ഞുമറിയ കോസ്റ്റ്യൂം ഡിസൈനിങ് തുടർന്നുകൊണ്ടേയിരുന്നു 

രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള സ്വഭാവങ്ങൾ അങ്ങനെ ഒന്നും പൊയ്‌പോകില്ല ..അവൾ അമ്മാമ്മേടെ കൊച്ചു മോൾ തന്നെ ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com