ADVERTISEMENT

ദെച്ചോമ (കഥ)

കോലായിലിരുന്ന് ഉള്ളംകൈ പതുക്കെ തുറന്നു ചുവപ്പ് നിറത്തിലുള്ള കുപ്പിവളപൊട്ടിലേക് ഉമൈബ നോക്കിനിന്നു .അതിലൊന്നെടുത്തു മുൻനിരയിലെ പല്ലിന്റെ ഇടയിൽ വച്ച് ഞെരിച്ചു പൊടിയാക്കി .അത് വിരലുകൾ കൊണ്ട് തോണ്ടിയെടുത്തു കയ്യിൽ തേച്ചു .തരു തരു കണക്കെ ചുവന്ന മിന്നുന്ന പൊടികൾ !

എങ്ങനെയായിരിക്കും കുപ്പിവള ഉണ്ടാകുന്നെ ? അയിന്റെ മിഷിൻ എങ്ങനെയായിരിക്കും ?പുട്ടിന്റെ കുറ്റിയുടെ രൂപത്തിലുള്ളതായിരിക്കും. 

അന്തമില്ലാത്ത ഇഷ്ടമാണ് ഉമൈബാക്ക് കുപ്പിവളയോട് .ഒരു തരം മൊഹബ്ബത് .

മനസിന്റെ ഒരു കോണിൽ എപ്പോഴും അവളെ ത്രസിപ്പിച്ചിരുന്നത് പല നിറങ്ങളിലുള്ള കുപ്പിവളകൾ .

കുപ്പിവളകൾ കൊണ്ടൊരു കൊട്ടാരം കെട്ടി അവൾ. 

ഏതോ മങലം കൂടാൻ പോയി തിരിച്ചു വന്ന ഷാഹിതാനെ നോക്കി നിന്ന് ഉമൈബ .നല്ലോണം അണിഞ്ഞൊരുങ്ങിയാ പോയത്. കുപ്പിവള ഇടാൻ സമ്മയ്ക്കാത്ത മൂത്താങ്ങള  ഇല്ലാതോണ്ടും  കൂടിയാ ഓളെ കൈ നെറച്ചും പിങ്ക് ,പച്ച നിറങ്ങളിൽ ഇടകലർന്നിട്ട കുപ്പിവളകൾ !

തറവാടിന്റെ കോലായിലെ തണയിലിരുന്നു വല്യ എന്തോ കാര്യം ചെയുന്ന മട്ടിൽ മുടിയിൽ നിന്ന് വാടിയ മുല്ലപ്പൂ കെട്ടെടുത്തു തണയിലേക്കിട്ടു .ഉമൈബ ഒഴികെ എല്ലാരും മുല്ലപ്പൂ എടുക്കാനായി ഓടി .

അറിഞോണ്ടാ ...എല്ലാരേം കാണിക്കാൻ ...ഓളെ കയ്യിലെ കുപ്പിവള നല്ലോണം കിലുങ്ങൂലോ അപ്പൊ .അത് കാണിക്കാൻ .എത്ര പിടിച്ചു വച്ചിട്ടും ഭംഗിയുള്ള ആ കൈകളിലെ പിങ്ക് ,പച്ച വളകളിൽ

ഉമൈബാന്റെ  കണ്ണുകളുടക്കി. 

ഇങ്ങനെ മൊഞ്ചായി  ഒരുങ്ങീറ്റ്‌  എന്തിനാ ?ഒരു ബുദ്ധിയുമില്ല .ഒന്നും പഠിക്കലുമില്ല .പത്താം ക്ലാസ് പരീക്ഷ തുടങ്ങുന്ന തലേ ദിവസം കള്ളനെ കണ്ട് പേടിച്ചെന്നും പറഞ് പരീക്ഷ എഴുതാതെ മുങ്ങിയ ആളാ . 

അള്ളോഹ് ..എന്റെ മോൾ ബേജാറായെ എന്നും പറഞ്ഞു ഡോക്ടറിന്റെ  അടുത്ത് കൊണ്ടോയി മൂത്തുമ്മ .

എല്ലാം തട്ടിപ്പാ, സൂത്രം .ഉമൈബാക്ക് മാത്രമേ അത് മനസിലായുള്ളൂ !

ഷാഹിദാനോട്  ദേഷ്യമാണെങ്കിലും  ആ പിങ്കും പച്ചയും വളകൾ ഭയങ്കര ഇഷ്ടായി.അതിന്റെ മുകളിൽ കുഞ്ഞു കുഞ്ഞു സ്വർണപുള്ളികൾ .

അന്ന് രാത്രി ഉമൈബ ഉറങ്ങീല .വലുതായാൽ 

പല പല നിറങ്ങളിൽ ,ഡിസൈനിൽ ഒക്കെ കുപ്പിവളകൾ ഉണ്ടാകണം .ഇത് വരെ ആരും കാണാത്ത നിറങ്ങളിൽ !പൈസ ഇല്ലാതെ എല്ലാര്ക്കും കൊടുക്കണം .മനസ്സിൽ ഒരുക്കങ്ങൾ കൂട്ടി .

എന്തൊക്കെ നിറങ്ങൾ ? 

മീന്കാരന് നാസർക്കാന്റെ  ഐസ് പെട്ടിന്റെ നീല, നബീസത്താന്റെ കസവു തട്ടത്തിന്റെ പൊന്ന് കലർന്ന റോസ് നിറം ,ദെച്ചോമന്റെ വെള്ള തോർത്തിൽ (ബിരിയാണി ചെമ്പ് തേച്ചു കഴുകുമ്പോ ഓരാ തോർത്തെടുത്തു സാരീ ന്റെ മോളിൽ ചുറ്റും )ആ തോർത്തിന്റെ വെള്ള .അയിനൊരു ചോപ്പ് ബോഡറുണ്ട് .അതും ഞാൻ വളയിൽ വരക്കും ! വെള്ളയിൽ ചോപ്പ് വരയുള്ള കുപ്പിവള .എന്റെ കുപ്പിവള എല്ലാരും ചോയ്ക്കും മേടിക്കും .

ഓളും വരട്ടെ .ചോയ്ക്കട്ടെ !

നീ കൊടുക്കു ഓ ഉമൈബ ? 

ഓൾ ചോയ്ച്ചാ ..

ആരോ മനസ്സിൽ നിന്ന് ചോദിക്കും പോലെ .

ഇല്ല ഒരിക്കലും ഇല്ല .

അന്നും ഓളാ പിങ്കും പച്ചയും ഇടട്ടെ .എന്റെ കുപ്പിവള ന്റെ ഡിസൈൻ കണ്ടിട്ട് അന്നോളു  ഓള് പൂതി വെക്കട്ടെ

ഒരിക്കലും നടക്കാത്ത പൂതി !

മഞ്ഞയും ചോപ്പും നീലയും വെള്ളയും ഇടകലർന്ന കുപ്പിവളകൾ കൊണ്ടുണ്ടാക്കിയ മുറിയിലാണ് അന്ന് ഉമൈബ കിടന്നുറങ്ങിയത് .സ്വർണ പുള്ളി ഉള്ള വളകൾ . രാവിലെ മുറിയിലാകെ എന്തൊരു ബർകത് .

സ്കൂളിലേക്കു പോകുന്ന വഴി ദെച്ചോമനെ കണ്ടു .

ദെച്ചോമാ ...

പച്ചയും പിങ്കും ഒഴിച് ബാക്കി വളയൊക്കെ ഞാൻ കൊടുക്കുംട്ടാ ഓക് .

എനിക്കത്ര ശൈതാനിയത് ഇല്ല !

* * *.  *

കള്ളനെ കണ്ടു പേടിച്ചു ഹാലിളകി എന്ന കാരണം കൊണ്ട് പത്താം തരം പരീക്ഷ എഴുതാതെ ഷാഹിത്താന്റെ  മങ്ങലം കയിചു .

അന്നത്തെ ദിവസത്തെ വൈകുന്നേരം അകത്തുകൂട്ടൽ - (ചെക്കനേയും പെണ്ണിനേയും കുറച് സമയം മണിയറയിൽ കയറ്റി വാതിൽ അടക്കും . പെണ്ണിന്റെ ഉമ്മ പുതിയാപ്ലക് ഒരു ഗ്ലാസ് പാൽ കൊടുക്കുന്നു . ചെക്കന്റെ കൂടെ വരുന്നവർക്കു ചായക് പലതരം കടികളും . )പെണ്ണുങ്ങളുടെ കൂട്ടം മൊത്തം കൈകൊട്ടി പാട്ടിന്റെ തിരക്കിലാണ് . ഉമൈബാക്ക് ഒരു ഉത്സാഹം തോന്നിയില്ല .നീറായിപറത്ത് ബിരിയാണി ചെമ്പ് തേച് കഴുകുന്ന  ദെചോമന്റെ അടുത്തു  ഒരു പലയിട്ട് ഇരുന്ന്  അവൾ .ചെമ്പിന്റെ അടിക് പിടിച്ച ബിരിയാണി ചോറിന്റെ മണികളും നെയ്യും ,അതിലേക് പാട്ടയിൽ നിന്ന്  വെള്ളമൊഴിച്ചു അത് ചെമ്പ് ചെരിച്ചു വച് അത് പുറത്തേക്  കളഞ്ഞു ദെച്യോമ . പൈപ്പിന്റെ  അടിയിലേക്  ബിരിയാണി  ചെമ്പ്  നീക്കിവച്ചു വെള്ളം  തുറന്നു  വിട്ടു .

ഇനിയാണ് ഉമൈബാക്കിഷ്ടമുള്ള കാര്യം .

അടുത്തു വച്ച ബിരിയാണി ചെമ്പിന്റെ മൂടിയിൽ കുമിഞ്ഞുകൂട്ടിയിട്ട വെണ്ണീറെടുത് വാരിവിതറി .തേങ്ങ പൊതിച്ച ചേരി കൊണ്ട് ചെമ്പ് തേക്കാൻ തുടങ്ങി .വെള്ളത്തിൽ കലങ്ങിയപ്പോ വെണ്ണീറിന്റെ ചാരനിറം കറുപ്പായി മാറുന്നതും ദെചോമന്റെ കൈകൾ ബിരിയാണി ചെമ്പിന്റെ വട്ടത്തിൽ കറങ്ങുന്നതും ഉമൈബ നോക്കി നിന്നു .

ആ  മണം  അവൾ മൂക്കിലേക്  വലിച്ചു കയറ്റി . 

തിന്നാൻ  തോന്നും  എനിക്കിത് .

ദെചോമ തലയുയർത്തി .

ദേവിയേ .. നല്ലോരു ബിരിയാണി ചെമ്പ് കയീന്നേരം ഇനിക്  ഈ  ബെണ്ണീറ്റിന്റെ മണം തിന്നാനാ തോന്നുന്നേ ?

അല്പം പൊങ്ങിയ, വെറ്റിലകറ പിടിച്ച  പല്ലുകൾ  കാണിച് ദെചോമ  ചിരിച്ചു  .

അറുപതിനോടടുത്തു പ്രായം കാണും ദെചോമക്ക് .ദേഹം മൊത്തം ചുളിവുകളാണെലും ആരോഗ്യവതിയാണ് .നല്ലോണം പണിയെടുക്കുന്നോണ്ട അങ്ങനെയിരിക്കുന്നത് എന്നാണ് ദെചോമന്റെ അഭിപ്രായം.

ഇനിക്  അകത്തുകൂട്ടുന്ന കാണണ്ടേ ? 

അതിപ്പോ എന്താ ഇത്ര കാണാൻ ?

മൂത്തുമ്മ  ഗ്ലാസിൽ പുതിയാപ്ലക് പാൽ കൊടുത്താ പിന്നെ എല്ലാരും കൂടെ പാട്ട് പാടി മണിയറന്റ വാതിലടക്കും .

അത് കേട്ടപ്പോ ദെചോമന്റെ മുഖം നാണത്താൽ കുനിഞ്ഞ പോലെ .

  

ഈയിടെ ആയി നടുവിന് നല്ല വേദന . ബയസ്സും പ്രായവും ആയീലെ . നടുവിന് കൈ കൊടുത്ത് പതിയെ നടന്ന് ഉമൈബാന്റെ അടുത്ത് വന്ന് നിന്നു .

ഗറാറ യുടെ പാവാട പതിയെ പൊക്കിപിടിച് ഉമൈബ എണീറ്റു .

ഉമ്മാമന്റെ കയ്യിൽ ടൈഗർ ബാം ഇണ്ടാകും . മേടിച്ചിറ്റ് വരാ .

  വേണ്ട മോളേ .. ആ  പാട്ടിന്റെ  മേളത്തിൽ പോയി ഇതൊന്നും ചോയ്ക്കേണ്ട .

ചെമ്പിന്റെ മൂടീല് ബാക്കിയുണ്ടായ വെണ്ണീർ കൊണ്ടോയി തെങ്ങിന്റെ ചോട്ടിൽ  തട്ടി  ദെചോമ .

ദെചോമാ...

ഉമൈബ  നീട്ടിവിളിച്ചു 

മണിയറന്ടെ അകത്തു കൂട്ടിയാ  പുതിയാപ്ല  പുയിറ്റാർക്ക് മുത്തം കൊടുക്കുആ ?

ദെചോമ  ചിരി  അടക്കി വച് അരയിൽ ഇറുക്കിയ തോർത്തിൻ  തുമ്പ് കെട്ട് തുറന്ന് വെറ്റിലകൂട്ടെടുത്ത്  വായിൽ വച്ചു .

എനിക്കറീല  മോളെ . എന്നെ  മണിയറയിൽ  കൂട്ടീട്ടില്ല .

പാട്ട് സംഘം നീറായിൽ എത്തീന്ന് തോന്നി . സൂറ അമ്മായിന്റെ  മണി മണി ശബ്ദം 

🎶പുതുകത്തിന്നൊരുങ്ങുന്ന പുതുനാരിക്കകതാരിൽ 

നിനവെന്താണ് 

നിനവിന്റെ  നിറമെന്താണ് 🎶

ദെച്ചോമാ ..

(ബിരിയാണി  ചെമ്പെടുത് ഒക്കത് വച്ച് )

ഈ കുട്ടിക് പിന്നേം സംശയം 

അതല്ല ദെച്ചോമാ ,

ഇങ്ങക് കുപ്പിവള ഇഷ്ടാണോ ?

ഇഷ്ടത്തിന് കൊറവൊന്നുഇല്ല . പക്കേങ്കി നല്ല പൊന്നും ബള ഇടുന്ന ചേലൊന്നും ഒരു കുപ്പിവളക്കും ഇല്ല .

ഇങ്ങക്ക് ഏത് നെറാ ഇഷ്ടം ?

ചെമ്പ്  കഴുകിയ വെള്ളം  പാവാടയിൽ  ആവാതിരിക്കാൻ ഇത്തിരി  പൊക്കിപ്പിടിച്ചു ഉമൈബ . 

അങ്ങനെ  ചോയ്ച്ചാ മോളെ പാവടന്റെ നെറം ..

ദെചോമ നീറായില്ലേക് കേറിപോയി .

കറുപ്പിൽ സ്വർണനൂൽ  കരയുള്ള പാവാട പിടിച് ഉമൈബ നിന്നു .

അടുക്കളഭാഗത്ത്‌ കെട്ടിയ  കരിനീല  പന്തലിന്റെ ഇടയിലൂടെ ചോപ്പും , പച്ചയും, മഞ്ഞയും  നിറങ്ങളിൽ കുഞ്ഞു അലങ്കാര  വിളക്കുകൾ പതിയെ തെളിഞ്ഞു .

സൂറമ്മായി പാടി

പുതുമകൾ കോർക്കുന്ന 

പൂമകൾ കാക്കുന്ന 

നിനവെന്താണ് 

നിനവിന്റെ  നിറമെന്താണ് 🎶

ഗോവിന്ദേട്ടന്റെ ചായപ്പീടന്റെ എടവഴിയിൽ വച്ചാണ് ഉമൈബ പിന്നീട് ദെച്ചോമയെ കാണുന്നത് . 

ചായപ്പീടന്റെയും സുധേട്ടന്റെ അനാദി പീടന്റെയും എടയിലെ വഴിയിൽ മൂത്രത്തിന്റെ നാറ്റം .

ശൈത്താങ്ങൾ .. ചായ കുടിക്കാൻ ബെരുന്ന എല്ലാ അയ്റ്റിങ്ങളും ഈടെ വന്ന്  മൂത്രം ചാർത്തി പോകും.മൂക്ക് പൊത്തി  പിടിച്ചോ  മോളെ . 

സ്കൂൾ ഷൂവിന്റെ മുൻവശത്തെ തുമ്പ്  കുത്തി  കുത്തി നടന്നു  ഉമൈബ .

ദെചോമ ... ഇങ്ങളെ കണക്കില്  ശൈത്താനില്ലല്ലോ . പിശാച്ചല്ലേ ?

ബലാലും ശൈത്താനും  പിശാച്ചും എല്ലം കണക്കെന്നെ !

ബസ് സ്റ്റോപ്പിന്റെ തിണ്ണയിൽ ദെചോമ ഇരുന്നു .

മോളെ വാൻ എപ്പോളാ വരാ 

ഇപ്പൊ വരും 

തൂക്കിപിടിച്ച ലഞ്ച് ബോക്സിന്റെ കിറ്റ് ഉമൈബ മുറുക്കിപിടിച്ചു .

നമ്മളെ വീട്ടിന്റെ അപ്പർത്തിള്ള നമ്പൂരി ഇല്ലേ ..

പണ്ടത്തെ കാലത് എല്ലാരും വയി മാറി  നടക്കണം  പോലും .,ഓരു  വരുമ്പോ  പണിക്കാർ  ഊഹോയ് 

ഉ ഹോയ് എന്ന് ശബ്ദം  ഉണ്ടാക്കും  പോലും . 

ദെചോമക് അറിയോ  അത് ?

പണ്ടെല്ലാം  അങ്ങനെ എന്തെല്ലമിണ്ട് . ഇങ്ങള് ഇപ്പളത്തെ കുഞ്ഞിമക്കക്ക്‌ അറിയാത്ത  എന്തെല്ലം ..

ആശ്ചര്യത്തോടെ ശ്വാസം ഉള്ളിലേക്കു വലിച്ചു നീട്ടി തുപ്പി ദെചോമ . പാർട്ടിന്റെ പേരെഴുതിയ ചൊമരിൽ ഒലിച്ചിറങ്ങി വെറ്റിലന്റെ വെള്ളം . ഇംഗ്ലീഷ് അക്ഷരമാലയിലെ  രാഷ്ട്രീയ പാർട്ടിന്റെ പേര്  വായിക്കാനാഞ്ഞപ്പോഴാണ് ഉമൈബാന്റെ  മനസ്സിൽ ആക്കാക്കന്റെ മുഖം  തെളിഞ്ഞത് .ചോന്ന അക്ഷരത്തിലെഴുതിയ ഒരു പേരും  ,ഒരു  പാർട്ടിന്റെയും വായിക്കരുത്  എന്ന്  നിഷ്കര്ഷിച്ചിട്ടുണ്ട് ഉമൈബാനെ .

അന്നവൾ  എൽ . കെ . ജി  യിലായിരുന്നു.അന്ന് കണ്ണുരുട്ടി ആക്കാക്ക  പറഞ്ഞത് പെട്ടന്നോര്മ  വന്നു നോട്ടം അവൾ  ചുമരിൽ നിന്ന്  മാറ്റി .

ദെചോമ സാരിത്തുമ്പ് കൊണ്ട് ചുണ്ട് തുടച്ചു .

ഉജാല മുക്കിയ വെള്ള കോട്ടൺ സാരി .

ദെചോമാ ,

ആ  നമ്പൂരിന്റെ വീട്ടിലെ ഇത്താക് മെന്റൽ ആണോ ?

ആരാ ഇതൊക്കെ മോളോട് പറയുന്നേ .

പതുക്കെ പറയ് എന്ന ആംഗ്യത്തോടെ വിരലുകൾ ചുണ്ടിന്റെ മോളിൽ വച്  ദെചോമ ചുറ്റും നോക്കി .

ആരും പറഞ്ഞതല്ല . ഞാൻ കോലായിൽ നികുമ്പോ കെടങ്ങിന്റെ അപ്പർത്ത് ഓരു നിന്ന് ഡ്രസ്സ് ഊരി . എല്ലാരും കാണൂലെ . എനിക്ക് എന്തോം പോലെ ആയിട് ഞാൻ ചെമ്പരത്തി ചെടിന്റെ മറവിൽ നിർത്തി ഓരേ .

ആഹാ നന്നായി മോളേ ..

നീ ആടെ പോയി അങ്ങനെ ചെയ്തത് നന്നായി .

അള്ളോഹ് . ഞാൻ പോയി ചെയ്തതല്ല . എന്റെ കണ്ണ്  ഞാൻ ചെമ്പരത്തി ചെടിന്റെ സൈഡിൽ കൊണ്ടോന്ന് . പിന്നെ എനിക്കൊന്നും കാണണ്ടല്ലാ .

ഹരിയേട്ടന്റെ വാനിന്റെ ഹോണടി കേട്ടപ്പോഴാണ് ദെച്യോമ ചിരി നിർത്തിയത് .

ഇങ്ങളെ കുപ്പിവള ഞാൻ മറന്നിക്കില്ലട്ടാ . വാനിലേക് കയറുമ്പോ ഉമൈബ വിളിച്ചു പറഞ്ഞു .

ഒന്ന് പോയിനൂട് കുട്ടീ ..ദെച്യോമ  കൈ വീശി .

വാനിന്റെ കിളി ഉല്ലാസേട്ടൻ രണ്ട് ബെല്ല് നീട്ടിയടിച്ചു .

ഷാഹിത്താന്റെ ഗർപത്തക്കാരമാണിന്ന് .

ഓളെ മങ്ങലം  കയിഞ്ഞത് ഒരു കണക്കിന് നന്നായി .

ആയ്യാരവും പായ്യാരവും ആക്കാൻ  ആള് കൂടുതലായെങ്കിലും ഇപ്പോ കുപ്പിവള ഇടാൻ പറ്റുന്നില്ലല്ലോ .പൊന്നിൽ പൊതിഞ്ഞിട് നടക്കുന്നാ .

അത് മാത്രം ഉമൈബാക്  ആശ്വാസമായി .

നീറായില് പണിയെടുക്കുന്ന പെണ്ണുങ്ങളുടെ കൂട്ടത്തില് ദെച്യോമ ഇല്ല .

ദെച്യോമാക്ക് തീരെ കയീന്നില്ല . അതാ വരാഞ്ഞേ 

കൂട്ടത്തിൽ നിന്നാരോ പറഞ്ഞു 

ഉമൈബ തിരിഞ്ഞു നടന്നു .

സ്കൂൾ പൂട്ടിന് കുഞ്ഞിപറമ്പത്തെ സുനീറാന്റെ  കൂടെ  ഏണിയും പാമ്പും കളിക്കുന്നായിരുന്നു ഉമൈബ .  തോന്നൂറ്റൊമ്പലെ നീണ്ട പാമ്പിനെ രണ്ടാക്കും പേടിയാ .ആരോ കോലായിലേക് കയറി പോയ പോലെ 

നൂർജാ .. നമ്മളെ ദെച്യോമ മരിച് !

പിന്നെ പറഞ്ഞതൊന്നും ഉമൈബ കേട്ടില്ല .

അകത്തെ മുറിയിലേക്കവൾ ഓടി .

നീയെങ്ങോട്ടാ പായുന്നെ ?

സുനീറാക്ക്  മറുപടി കൊടുക്കാതെ  മുറ്റത്തേക്കിറങ്ങി .

ദെച്യോമന്റെ വീട്  തായോട്ടിലെ തറവാടിന്റെ  അടുത്താണെന്ന്  മാത്രമറിയാ .

കണ്ണ് നിറഞ്ഞത് കൊണ്ടാവാം കട്ട്റോഡിൽ പണിനടക്കുന്നുണ്ടതുള്ള കരിങ്കല്ലിൽ തട്ടി വീഴാൻ പോയി .

കണ്ണും മൂക്കുമില്ലാണ്ട് എങ്ങോട്ടാ പായുന്നെ .പണിക്കാരത്തി ദേഷ്യപ്പെട്ടു.

പെയിന്റ് അടിക്കാത്ത ഒരു ചെറിയ വീട്. കോലായിൽ ചോന്ന നിറത്തിൽ കാവിക്കല്ലു . മുറ്റത് ആണുങ്ങൾ വട്ടം കൂടി നില്കുന്നു .പതുങ്ങി പതുങ്ങി ഉമൈബ അകത്തേക്കു കയറി .

നടുത്തളത്തിൽ പായ വിരിച് അതിൽ ദെച്യോമ കിടക്കുന്ന് .

ചുറ്റുമുള്ള ആരും കരയുന്നില്ല .

കെടാപ്പിലാകാണ്ടു പോയത് കൊണായി .ആരാ നോക്കാനിള്ളേ . ജാതകദോഷം !

നയിച്  നയിച്  അയിന്റെ ജന്മം കയിഞ് .ആരോ അടക്കം പറയുന്നത് കേട്ടു 

ദെച്യോമന്റെ അടുത് പോയിരുന്നു ഉമൈബ.

കണ്ണ് തട്ടം കൊണ്ട്  തുടച് , പതുക്കെ പായ പൊക്കി .കയ്യിൽ ആരും കാണാതെ ഒതുക്കി പിടിച്ച കറുത്ത കുപ്പിവളകൾ ഉള്ളിലേക്കു  തിരുകി  വച്ചു .ഒരു വട്ടം കൂടെ ദെച്യോമാനെ നോക്കി മെല്ലെ എണീറ്റു . നീറായിപൊറത്തൂടെ മുറ്റത്തേക്കിറങ്ങി .

തിണ്ണയിൽ ദെച്യോമന്റെ കോളാമ്പി .പെട്ടെന്നെന്തോ 

ഓർത്ത് ഉമൈബ തിരിഞ്ഞോടി .  നടുത്തളത്തിലെത്തി 

അടുത്തു ചെന്നിരുന്ന് പായന്റെ അരിക് പൊക്കി കുനിഞ്ഞിരുന്ന് ആ കൈ കൊണ്ട് ഇടത് കയ്യിലെ സ്വർണവള ഊരി കുപ്പിവള കൂട്ടിലേക് വച്ചു .

ദെച്യോമാ ..

മനസ്സിൽ നീട്ടി വിളിച്ചു .

ദേ .. ഈ കുട്ടിക് പിന്നേം സംശയം .

ദെച്യോമ ചിരിച്ചു !

പിന്നെ പറഞ്ഞതൊന്നും ഉമൈബ കേട്ടില്ല .

അകത്തെ മുറിയിലേക്കവൾ ഓടി .

നീയെങ്ങോട്ടാ പായുന്നെ ?

സുനീറാക്ക്  മറുപടി കൊടുക്കാതെ  മുറ്റത്തേക്കിറങ്ങി .

ദെച്യോമന്റെ വീട്  തായോട്ടിലെ തറവാടിന്റെ  അടുത്താണെന്ന്  മാത്രമറിയാ .

കണ്ണ് നിറഞ്ഞത് കൊണ്ടാവാം കട്ട്റോഡിൽ പണിനടക്കുന്നുണ്ടതുള്ള കരിങ്കല്ലിൽ തട്ടി വീഴാൻ പോയി .

കണ്ണും മൂക്കുമില്ലാണ്ട് എങ്ങോട്ടാ പായുന്നെ .പണിക്കാരത്തി ദേഷ്യപ്പെട്ടു.

പെയിന്റ് അടിക്കാത്ത ഒരു ചെറിയ വീട്. കോലായിൽ ചോന്ന നിറത്തിൽ കാവിക്കല്ലു . മുറ്റത് ആണുങ്ങൾ വട്ടം കൂടി നില്കുന്നു .പതുങ്ങി പതുങ്ങി ഉമൈബ അകത്തേക്കു കയറി .

നടുത്തളത്തിൽ പായ വിരിച് അതിൽ ദെച്യോമ കിടക്കുന്ന് .

ചുറ്റുമുള്ള ആരും കരയുന്നില്ല .

കെടാപ്പിലാകാണ്ടു പോയത് കൊണായി .ആരാ നോക്കാനിള്ളേ . ജാതകദോഷം !

നയിച്  നയിച്  അയിന്റെ ജന്മം കയിഞ് .ആരോ അടക്കം പറയുന്നത് കേട്ടു .

ദെച്യോമന്റെ അടുത് പോയിരുന്നു ഉമൈബ.

കണ്ണ് തട്ടം കൊണ്ട്  തുടച് , പതുക്കെ പായ പൊക്കി .കയ്യിൽ ആരും കാണാതെ ഒതുക്കി പിടിച്ച കറുത്ത കുപ്പിവളകൾ ഉള്ളിലേക്കു  തിരുകി  വച്ചു .ഒരു വട്ടം കൂടെ ദെച്യോമാനെ നോക്കി മെല്ലെ എണീറ്റു . നീറായിപൊറത്തൂടെ മുറ്റത്തേക്കിറങ്ങി .

തിണ്ണയിൽ ദെച്യോമന്റെ കോളാമ്പി .പെട്ടെന്നെന്തോ 

ഓർത്ത് ഉമൈബ തിരിഞ്ഞോടി .  നടുത്തളത്തിലെത്തി 

അടുത്തു ചെന്നിരുന്ന് പായന്റെ അരിക് പൊക്കി കുനിഞ്ഞിരുന്ന് ആ കൈ കൊണ്ട് ഇടത് കയ്യിലെ സ്വർണവള ഊരി കുപ്പിവള കൂട്ടിലേക് വച്ചു .

ദെച്യോമാ ..

മനസ്സിൽ നീട്ടി വിളിച്ചു .

ദേ .. ഈ കുട്ടിക് പിന്നേം സംശയം .

ദെച്യോമ ചിരിച്ചു !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com