ADVERTISEMENT

തോൽവിയുടെ മധുരം (കഥ)

"അപ്പാപ്പി!". ചേട്ടായിയുടെ മകൻ എന്നെ വിളിക്കുന്നത് അങ്ങനെയാണ്. "അപ്പാപ്പി, വാ നമുക്ക് പഞ്ചഗുസ്തി മത്സരം നടത്തിയാലോ?". തിരക്കിനിടയിലുള്ള അവന്റെ വിളി കേൾക്കുമ്പോൾ പലപ്പോഴും നല്ല ദേഷ്യമാണ് വരുക. പക്ഷെ, തുടരെത്തുടരെയുള്ള അപ്പുവിന്റെ വിളി കേൾക്കുമ്പോൾ, എന്തോ 'നോ' പറയാൻ അന്ന് തോന്നിയില്ല.

"ശരിയെടാ!. എങ്കിൽ വാ നമ്മുക്ക് പിടിക്കാം" എന്ന് പറഞ്ഞ് ഞാൻ അവനെയടുത്തു വിളിച്ചു. ആദ്യത്തെ വട്ടം അവന്റെ ആ കുഞ്ഞിളം കൈകൾ എന്റെയുള്ളംകൈയിൽ  ചേർന്നപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ഇവനിത് എന്ത് കണ്ടിട്ടാണ് എന്നോട് ഗുസ്തി പിടിക്കാൻ വന്നതെന്നോർത്തുകൊണ്ട് അവന്റെ കൈകൾ ഞാൻ മറിച്ചു.

"കണ്ടല്ലോ!!. ഇനി മേലാൽ എന്നെ പഞ്ചഗുസ്തിയെന്ന് പറഞ്ഞു വിളിച്ചു പോകരുത്", എന്നുകൂടി പറഞ്ഞു ഞാൻ എഴുന്നേറ്റു.

അപ്പോൾ അറിയാതെ അവന്റെയാ നിഷ്കളങ്ക മുഖത്തോട്ട് എന്റെ കണ്ണുകളുടക്കി. വാടിപ്പോയ ഒരു ഇലയുടെ പോലെയുണ്ടായിരുന്നു അപ്പോളെന്റെ അപ്പുവിന്റെ മുഖം.

"അപ്പാപ്പി കള്ളക്കളിയാണ് കളിച്ചത്!!!!!. അപ്പാപ്പി അങ്ങനെയല്ലാരുന്നു കൈ പിടിക്കേണ്ടത്. ഇത് കള്ളക്കളിയാണ്!", എന്നുപറഞ്ഞ് അവൻ  കരച്ചിലിന്റെ വക്കോളമെത്തി. ഞാൻ പറഞ്ഞു  "എന്നാ ശരി വാ. നമ്മുക്ക് ഒന്നൂടെ കളിക്കാം".

"ശരി!". എന്ന് മാത്രമേ അവൻ മറുപടി പറഞ്ഞുള്ളു.

പക്ഷെ, അവന്റെ മുഖത്തു വലിയൊരു പേടിയുടെ നിഴൽ ഞാൻ കണ്ടു. ഇനിയും തോറ്റു  പോകുമോയെന്നൊരു  ഭയത്തിന്റെ നിഴൽ. വീണ്ടു അവന്റെയാ കുഞ്ഞിളം കൈകൾ എന്റെ കൈകളിലമർന്നു. ഈ വട്ടം എന്റെ കൈകളുടെ ബലം ഞാനൽപ്പം മയപ്പെടുത്തി കൊടുത്തു. 

അവനു വേണ്ടി!.

നിഷ്പ്രയാസം അവന്റെയാ കൈകൾ എന്റെ കൈകളെ മറിച്ചു നിലത്തു മുട്ടിച്ചു.

"അപ്പാപ്പി തോറ്റേ!!!........."

ഹോ !. ആ സമയം എന്റെ അപ്പുവിന്റെ കണ്ണുകളിലെ തിളക്കം! മുഖത്തെ സന്തോഷം! ഒന്നും പറഞ്ഞറിയിക്കാൻ കഴിയുന്നതല്ലായിരുന്നു.

"അമ്മേ, ഞാൻ അപ്പാപ്പിയെ തോൽപ്പിച്ചു!. അപ്പാപ്പി ആദ്യം കള്ളക്കളിയാ കളിച്ചെ. പക്ഷെ ഞാൻ വിട്ടില്ല. വീണ്ടും പിടിച്ചിരുത്തി. കളിച്ചു. ഈ വട്ടം ഞാൻ അപ്പാപ്പിയെ തോൽപ്പിച്ചല്ലോ", ജയത്തിന് ശേഷം നേട്ടങ്ങൾ  അമ്മയോട് അവൻ വിശദീകരിക്കുന്നത് കണ്ടപ്പോൾ ഞാൻ വല്ലാതെ സന്തോഷിച്ച് പോയി. 

'തോൽവിക്കുമുണ്ട് നല്ല മധുരം'. ചില തോൽവികൾ അങ്ങനെയാണ്.ചില വിട്ടുകൊടുക്കലുകൾ, അത് മറ്റുള്ളവർക്ക് ആനന്ദവും സന്തോഷവും നൽകുന്നുണ്ടെങ്കിൽ , അത് നല്ലതല്ലേ?.

ജീവിതത്തിൽ   ചിലപ്പോഴെങ്കിലും തോറ്റുകൊടുക്കാനും വിട്ടുകൊടുക്കാനും നമ്മൾക്ക് കഴിയട്ടെ.

English Summary: Tholviyude Madhuram - Short Story by Manu . M . C

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com