ADVERTISEMENT

 

പ്രണയവാർധക്യം

നഷ്ടപ്രണയത്തിന്റെ ആകുലതകൾ നരച്ച മുടിയിഴകളായും ചുളിഞ്ഞ തൊലിപ്പുറത്തെ ചുവന്ന വടുക്കളായും പ്രത്യക്ഷപ്പെട്ടു തുടങ്ങിയ കാലത്ത്, പിതാവ് തന്റെ മൂന്നു പുത്രന്മാരെയും അരികിൽ വിളിച്ച് അതിൽ മൂത്തവനോടു ചോദിച്ചു.

 

– മകനെ മുന്തിരിവള്ളികൾ നെഞ്ചിലും ഞാവൽപ്പഴ മധുരങ്ങൾ നാവിലും പടർന്നു കയറുമ്പോൾ ഞാൻ സ്വപ്നംകണ്ട് ഞെട്ടിയുണരുന്നു. എന്റെ രാവുകൾ നിദ്രാവിഹീനങ്ങളാണ്. നിന്റെ പ്രണയകാലം എനിക്കു തരുമോ? പകരം ഞാനെന്റെ വാർധക്യം നിനക്കു തരും. ഒപ്പം, എന്റെ അളവറ്റ സ്വത്തുക്കളും.

 

അവൻ നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ട്, ഇനിയും മൂത്തു പഴുക്കാത്ത മുന്തിരിയുടെ പുളിരസം തേടിപ്പോയി, എത്തിപ്പിടിക്കാവുന്ന ഒരു കൊമ്പിൽത്തന്നെ അവന്റെ പ്രണയം അപ്പോൾ പാകമായിക്കഴിഞ്ഞിരുന്നു. 

 

പിതാവ് രണ്ടാമനോട് ചോദിച്ചു.

 

 – നിങ്ങൾക്കായി പ്രണയം മറന്നു ജീവിച്ചവനാണു ഞാൻ. എന്നെ നീ സഹായിക്കുമോ? പകരം തരാം ഞാനെന്റെ അളവറ്റ സമ്പത്ത്...

 

മുഴുവൻ കേൾക്കും മുമ്പേ രണ്ടാമനും സ്ഥലം വിട്ടു.

 

മൂന്നാമത്തെ മകനാവട്ടെ, പുതിയ കാലം നിവർത്തിവച്ച നിഘണ്ടുവിൽ പ്രണയത്തിന് പുതുമയുള്ള നാനാർത്ഥങ്ങൾ കണ്ടെത്തുന്നതിൽ നിപുണനായിരുന്നു. ആയതിനാൽ ശങ്ക കൂടാതെ, നിഗൂഢമായ ഒരു പുഞ്ചിരിയുമായി, വാർധക്യത്തിനു പകരം തന്റെ പ്രണയകാലം നൽകുകയും അങ്ങനെ പിതാവിന്റെ സ്വത്തിന് ഏകാവകാശിയായി മാറുകയും ചെയ്തു.

 

എന്നാൽ പിതാവ് വിഡ്ഢിയാക്കപ്പെടുകയായിരുന്നു. അയാൾക്കു കൈമാറിക്കിട്ടിയ ആ പ്രണയകാലം ആഘോഷിക്കാൻ കഴിഞ്ഞില്ല.

 

കാരണം അയാളുടെ മൂന്നാമത്തെ മകൻ ഷണ്ഡനായിരുന്നു.

 

അന്നുമുതലാണത്രേ ലോകത്ത് പ്രണയം വിൽപനച്ചരക്കായി മാറിയത്.

 

English Summery : Malayalam Short Story by K Lal

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com