sections
MORE

മണ്ണടി സുമായുടെ നയനമനോഹരമായ വെള്ളിത്തിരയിൽ....!

HIGHLIGHTS
  • ആറേമുക്കാലോടെ വെളിയിലുള്ള റിക്കാർഡ് നില്ക്കും
  • ബീഡിയുടെയും മുറുക്കാന്റെയും രൂക്ഷഗന്ധത്തിലകപ്പെട്ടിരിക്കണം
mannadi-suma
SHARE

മുപ്പത്തഞ്ചു വർഷം മുന്‍പത്തെ മണ്ണടിയിലെ ഒരു സായന്തനം. സമയം: വൈകിട്ട് അഞ്ചര. മണ്ണടി സുമാ തിയേറ്ററിന്റെ അകത്താണ് പതിവുപോലെ ആദ്യം റിക്കാർഡിട്ടത്: ‘ശരണം ശ്രീ ഗുരുവായൂരപ്പാ...’  അതിനുശേഷം മുൻവശത്തുള്ള കൊന്നത്തെങ്ങിൽ കെട്ടിയ കോളമ്പികളിലൂടെ അടുത്ത ഗാനം:

‘ഗുരുവും നീയേ... സഖിയും നീയേ…

ജനനിയും താതനും നീയേ... ഗുരുവായൂരപ്പാ ...' 

അങ്ങനെ ഒരു  എച്ച്എംവി ഡിസ്കിലെ അഞ്ചു ഗുരുവായൂരപ്പ  ഭക്തിഗാനങ്ങളും തീരുമ്പോഴേക്കും ആറു മണിയാകും. അപ്പോഴേക്കും കാണികൾ ഓരോരുത്തരായി വരാൻ തുടങ്ങും. പാക്കരപിള്ള  കൊച്ചാട്ടൻ അടുത്ത ഡിസ്കിടും. 

'രാകേന്ദു കിരണങ്ങളൊളി വീശിയില്ലാ.. .

രജനീ കദംബങ്ങൾ മിഴിചിമ്മിയില്ലാ ...

മദനോൽസവങ്ങൾക്കു നിറമാല ചാർത്തി...

മനവും  തനുവും മരുഭൂമിയായി ..........' 

എന്ന ‘അവളുടെ രാവുകളി’ലെ കാതരമായ ഗാനം.   തുടർന്ന്,

ഉണ്ണിയാരാരിരോ..തങ്കമാരാരിരോ... (അവളുടെ    രാവുകൾ), തുള്ളിക്കൊരുകുടം പേമാരി...ഉള്ളിലോരുതുടം തേന്മാരി.... (ഈറ്റ), കാറ്റടിച്ചാൽ കലിയിളകും അഷ്ടമുടിക്കായൽ... (അഷ്ടമുടിക്കായൽ), ശരറാന്തൽ തിരിതാണു മുകിലിൻ കുടിലിൽ.. (കായലും കയറും) എന്നീ നിത്യ സുഗഭ ഗാനങ്ങൾ ഗന്ധർവൻ / സുശീല / ജാനകി എന്നിവർ  പാടും.

അപ്പോഴേക്കും മണി ഏഴാകും. ജനക്കൂട്ടം അമ്പതോ നൂറോ ഒക്കെയായി വളരും. ടിക്കറ്റ് കൊടുക്കാനുള്ള ബെല്ലു മുഴങ്ങും. അതുവരെ പെരുമ്പ്രാത്ത് ഇടവഴിയിലും പ്ലാമ്മൂട്ടിൽ ഇടവഴിയിലുമൊക്കെ ഒഴിഞ്ഞുനിന്നിരുന്ന സ്ത്രീജനങ്ങള്‍ ടിക്കറ്റ് കൗണ്ടർ ലക്ഷ്യമാക്കി ശീഘ്രം നടക്കും. കോയിപ്പുറത്തെ ബാവുക്കൊച്ചാട്ടനാണ് ടിക്കറ്റു കൊടുക്കുന്നത്. വയനാടൻ കാടുകളിൽ നക്സലൈറ്റ് പ്രവർത്തനം നടത്തിയ ആളായിരുന്നു ബാവുക്കൊച്ചാട്ടൻ എന്ന് അന്നൊരു ശ്രുതിയുണ്ടായിരുന്നു.

നാലു ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. ബെഞ്ച്‌ (അമ്പതു പൈസ), സെക്കൻ ക്ലാസ് (ഒരുരൂപാ), ഫഷ് ക്ലാസ് (ഒന്നരരൂപാ), റിസർവേഡ് (രണ്ടു രൂപാ).

ആറേമുക്കാലോടെ വെളിയിലുള്ള റിക്കാർഡ് നില്ക്കും; ഒരു നീണ്ട ബെല്ലോടെ പിന്നെ അകത്താവും സംഗീതം.  ബെഞ്ചിനും സെക്കൻ ക്ലാസ്സിനുമൊന്നും ഫാനില്ല; ബീഡിയുടെയും മുറുക്കാന്റെയും രൂക്ഷഗന്ധത്തിലകപ്പെട്ടിരിക്കണം. ഏഴുമണിയോടെ അകത്തെ വിളക്കണയും. EXIT എന്ന ചുവന്ന കണ്ണുകൾ ഓരോ വാതിലിനു മുകളിലും കത്തും. ‘പുകവലി പാടില്ല’ തുടങ്ങിയ മഹദ്വചനങ്ങൾ സ്ക്രീനിൽ തെളിയും.

‘നാലുമണിപ്പൂക്കൾ’ ആയിരുന്നു സുമായിലെ ഉദ്ഘാടന ചിത്രം. അച്ഛനുമമ്മയും മൂന്നോ നാലോ കുട്ടികളുമടങ്ങുന്ന കുടുംബത്തിലേക്ക് അച്ഛന്റെ സുഹൃത്ത് വേട്ടക്കാരനായി വരുന്നു, അച്ഛനെ ചതിയിൽപ്പെടുത്തി ജയിലിലാക്കുന്നു, കുടുംബം നാനാവിധമാകുന്നു, കുട്ടികൾ അനാഥരായി ചിതറുന്നു... കൂട്ടംതെറ്റിപ്പോയ, മൂന്നു വയസ്സുള്ള ഏറ്റവും ഇളയകുട്ടി അറിയാതെ പൊട്ടക്കിണറ്റിലേക്കു നടന്നടുത്തപ്പോൾ നൂറുകണക്കിനു ഹൃദയങ്ങളിൽ നിന്നും ‘അയ്യോ’ എന്ന ആർത്തനാദം ഉയർന്നു. മണ്ണടിയിലെ അമ്മമാരെയാകെ  കദനക്കടലിലാഴ്ത്തിയതായിരുന്നു ആ ആദ്യ ചിത്രം. നിറഞ്ഞ സദസ്സിൽ അഞ്ചുദിവസം ആ പടം ഓടി. 

1978-79 ലെ ഒരു ഞായറാഴ്ചയായിരുന്നു മണ്ണടി സുമായിലെ ആദ്യ പ്രദർശനം നടക്കുന്നത്. തെന്നല ബാലകൃഷ്ണപിള്ള (മുന്‍ അടൂർ എംഎല്‍എ) സാറായിരുന്നു ഉദ്ഘാടനം. ഇ.കെ. പിള്ള (ദിവംഗതനായ കുന്നത്തൂര്‍ എംഎല്‍എ, സിപിഐ അസി. സെക്രട്ടറി, കേരള കർഷകസംഘം നേതാവ്, പിന്നീട് കേരഫെഡ് ചെയർമാൻ) അധ്യക്ഷന്‍. പഞ്ചായത്ത്‌ പ്രസിഡന്റ് മഞ്ഞിപ്പുഴേത്ത് ഭാസ്കരൻ പിള്ള സാർ ആശംസ. കടമ്പനാട് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്ന അപ്പിനേത്ത് കെ.ഇ. നീലകണ്ഠപ്പിള്ളയുടെ (വക്കീലദ്യം) മകൻ ‘ദ്വാരക’ ബാലകൃഷ്ണപിള്ള സാറാണ് മണ്ണടിയുടെ സിനിമക്കൊട്ടക സ്വപ്നം സഫലമാക്കിയത്. പ്രിയപത്നിയുടെ (സുമതിക്കുട്ടിയമ്മ സാർ) പേരിന്റെ ആദ്യ രണ്ടക്ഷരം തിയറ്ററിന്റെ പേരായി. 

ഉദ്ഘാടനത്തിന് ഒരുവർഷം മുൻപേ പണി തുടങ്ങിയിരുന്നു. കീലടിച്ച തൂണുകൾ ഉയർന്നത്, പരമ്പു മറകളാൽ  ഭിത്തി കെട്ടിയത്, ഫഷ് ക്ലാസ്സിലും റിസർവേഡിലും കസേരകൾ ഉറപ്പിച്ചത്, പ്രൊജക്ടർ വന്നത്, ട്രയൽ റണ്‍ നടത്തിയത് ഇവയൊക്കെ മണ്ണടിക്കാരുടെ ജീവിതത്തിൽ  അടയാളപ്പെടുത്തേണ്ട  സംഭവങ്ങളായി. മണ്ണടി താഴത്തുകാരായ ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായിരുന്നു മണ്ണടി സുമാ. സ്കൂളിൽ പോകുന്ന വഴിയും തിരിച്ചു വരുന്ന വഴിയും അവിടൊന്നു കേറും. പണിയുടെ പുരോഗതി വീക്ഷിക്കും. പുനലൂർ തായ് ലക്ഷ്മിയിലെയും മറ്റും ഇല്ലാക്കഥകൾ പറഞ്ഞ് ഞങ്ങളെ നിസ്സാരരാക്കിയവരോട് താമസിയാതെ മധുരപ്രതികാരം വീട്ടാമല്ലോ എന്ന സ്വപ്നത്തിനു പുറകേയായിരുന്നു ഞങ്ങൾ.

അതുവരെ എനാത്ത് നിസ, എഴംമൈൽ ലക്ഷ്മി, കുന്നത്തൂർ സംഗീത, കുളക്കട ഉഷ, അടൂർ വിജയ, കൊട്ടാരക്കര വീനസ്, മിനർവ എന്നിവയായിരുന്നു മണ്ണടിക്കാരുടെ സിനിമാ ദാഹങ്ങൾക്ക് അൽപമെങ്കിലും ശമനമേകിയിരുന്നത്. അതിനും മുൻപ്, ഏനാത്ത് ‘സേവനം’ എന്നപേരിൽ ഒരു തിയറ്റർ ഉണ്ടായിരുന്നത്രേ. പിന്നെയുണ്ടായിരുന്നത് 35 എംഎമ്മിന്റെ പ്രൊജക്ടറുമായി ഉൾനാടുകളിലെ സ്കൂളുകൾ തോറും കറങ്ങിനടക്കുന്ന ടൂറിങ് സിനിമക്കാർ.

രണ്ടാമത്തെ സിനിമ ‘ഭാര്യാവിജയം’. പേടിത്തൊണ്ടന്മാരായ ഭർത്താക്കൻമാരായ വിൻസെന്റിനും സുകുമാരനും ധൈര്യം നൽകി എതിരാളികളെ നിലംപരിശാക്കുന്ന രണ്ടു ഭാര്യമാരുടെ കഥ. തല മൊട്ടയടിച്ച്, സർവാംഗം കരിയോയിലിൽ കുളിച്ചുവരുന്ന ഗുണ്ടയുടെ തലമണ്ടയ്ക്ക് വിൻസെന്റ് വലിയൊരു മത്തങ്ങാ ഇടിച്ചുകയറ്റുന്നതു കണ്ട ആവേശത്തിൽ കൂവിക്കൂവി ഒരാഴ്ചയോളം ഒച്ചയടച്ചുപോയി. മത്തങ്ങ, പാവക്ക, വെള്ളരിക്ക, പടവലങ്ങ തുടങ്ങിയ മാരകായുധങ്ങളുമായി ആ ധീര യുവാക്കൾ നരാധമന്മാരായ കാപാലികരെ ഘോര സംഘട്ടനത്തിലൂടെ അവസാനം തോൽപിക്കുകയാണ് സുഹൃത്തുക്കളേ, തോൽപിക്കുകയാണ്...

അക്കാലത്ത് മണ്ണടിയിലെ ഓരോ വീട്ടിലും സ്കൂളിൽ പഠിക്കുന്ന ഒരു ചേട്ടനും അനിയനുമുണ്ടെങ്കിൽ ചേട്ടൻ വിൻസെന്റ് ഫാൻ ആയിരിക്കും, അനിയൻ നസീർ ഫാനും. അല്ലെങ്കിൽ ചേട്ടൻ നസീർ ഫാൻ, അനിയൻ ജയൻ ഫാൻ (തിരിച്ചും). സ്റ്റണ്ടുമുറകൾ പരിശീലിക്കുന്നതാകട്ടെ, സ്വന്തം വീട്ടിലും. സ്കൂളിലെത്തുമ്പോൾ  നസീർ, വിൻസെന്റ്, ജയൻ എന്നിവരുടെ ആരാധകർ തമ്മിൽ വെള്ളിയാഴ്ചകളിൽ  കൂട്ടയടികൾ പതിവായിരുന്നു.

മൂന്നാമത്തെ ചിത്രം – നീ എന്റെ ലഹരി, 4. ചട്ടമ്പിക്കല്യാണി, 5. സുജാത... ആദ്യ കളർചിത്രം– സത്യവാൻ സാവിത്രി. രണ്ടാഴ്ച പ്രദർശിപ്പിച്ച ചിത്രങ്ങൾ – വേലുത്തമ്പി ദളവ, ജീവിത നൗക. അങ്ങനെ പോകുന്നു പൂരായണങ്ങള്‍.

എല്ലാ വ്യാഴാഴ്ചയും കാറിൽ മൈക്കു കെട്ടി അലവൻസ്മെന്റ് (നമ്മുടെയത്ര വിവരമില്ലാത്തവർ അനൗൺസ്മെന്റ് എന്നും പറയും) ഉണ്ടാകും. വികാരനിർഭരമായ ഒരു കുടുംബകഥ, അല്ലെങ്കിൽ ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണ കഥ. അലവൻസ്മെന്റിലും  നോട്ടിസിലും കഥാസാരം ഉണ്ടാകും. പ്രേക്ഷകന്റെ ആകാംക്ഷയുടെ കടിഞ്ഞാൺ പൊട്ടാറാകുമ്പോഴേക്കും കഥാസാരം അവസാനിക്കും; ശേഷം ഭാഗം വെള്ളിത്തിരയിൽ. പെരുമ്പ്രാത്തെ കടയിലും സുല്‍ത്താന്‍ കൊച്ചത്തയുടെ കടയിലും അതിന്റെ ഷോ കാർഡുകൾ തൂക്കിയിട്ടിരിക്കും. കാശുകൊടുത്തു സിനിമ കാണാൻ ഭാഗ്യമില്ലാത്തവർ സ്കൂളിൽ പോകുന്ന വഴിയും സ്കൂൾ വിട്ടു വരുന്ന വഴിയും ഷോകാർഡുകൾ പലവുരു കണ്ടു സായൂജ്യമടയും. പലരും പടം കാണാനാവാത്ത സങ്കടത്തിൽ നെടുവീർപ്പിടും.

സിനിമയുടെ പോസ്റ്റർ കടയിൽ പ്രദർശിപ്പിച്ചാൽ രണ്ടുണ്ടു നേട്ടം; സെക്കൻ ക്ലാസ്സിൽ ഫ്രീയായി ആ സിനിമ കാണാം (അല്ലെങ്കിൽ നമ്മുടെ കൈക്കാർക്ക് ആർക്കെങ്കിലും ആ അവകാശം കൈമാറാം). സിനിമാ മാറുമ്പോൾ പോസ്റ്റർ നമ്മുടെ കയ്യിലിരിക്കുകയും ചെയ്യും. പള്ളിക്കൂടം തുറക്കുമ്പോൾ പിള്ളാർക്ക് പുസ്തകം പൊതിയാൻ  നാലണയ്ക്ക് ഒരെണ്ണമെന്ന കണക്കിൽ വിൽക്കുകയും ചെയ്യാം.

മണ്ണടി സുമ, മണ്ണടിക്കാരുടെ സാമൂഹിക-വാണിജ്യ മണ്ഡലങ്ങളിലും മാറ്റങ്ങൾ വരുത്തി.‘സിനിമയ്ക്ക് റിക്കാർഡിട്ടു; കോഴിയെപ്പിടിച്ചടയ്ക്കെടീ...’ എന്നും ‘സെക്കന്‍ഷോ കഴിഞ്ഞിട്ടും ചെറുക്കന് വീട്ടിക്കേറാന്‍ നേരമായില്യോ?’ എന്നകണക്കിനും സമയഗണനകള്‍ മാറി.

അയ്യപ്പൻ നായർ ചന്തയിലെ പ്രധാന കടയ്ക്കും അമ്പലത്തിനടുത്തുള്ള  രണ്ടാമത്തെ കടയ്ക്കും പുറമേ മണ്ണടി സുമായുടെ  ഗേറ്റിനു പുറത്ത് ഒരു അനക്സ് കൂടി തുടങ്ങി. പ്രദർശന സമയങ്ങളിൽ മാത്രമേ ആ കട പ്രവർത്തിച്ചിരുന്നുള്ളൂ. കുഞ്ഞുമോൻ ഒരു ഉരുട്ടുവണ്ടിയിൽ കപ്പലണ്ടിക്കച്ചവടം ആരംഭിച്ചു . കപ്പലണ്ടിക്കു പുറമേ പാട്ടുപുസ്തകം കൂടി അവിടെ കിട്ടുമായിരുന്നു. സുബെർ, കൊട്ടകയ്ക്കുള്ളിൽ കപ്പലണ്ടിയും പാട്ടുപുസ്തകവും ഒരേസമയം വിറ്റിരുന്നു. ചായക്കടകളിലും കള്ളുഷാപ്പിലും വരെ പുത്തൻ കൊട്ടകയുടെ ഓളം ഉണ്ടായി.

അക്കാലത്ത് ഫിലിം ഓപ്പറേറ്റർ പാക്കരപിള്ള കൊച്ചാട്ടനായിരുന്നു. പ്രദർശനത്തിനിടെ, കൊച്ചാട്ടൻ ഒരു തഞ്ചത്തിൽ ഫിലിം വെട്ടി വെട്ടിപ്പിടിക്കുന്നതു കൊണ്ടാണ് സിനിമയിൽ സ്റ്റണ്ട് ഇത്ര ചടുലമായി നടക്കുന്നത് എന്നു രഹസ്യമായി പറഞ്ഞു തന്നത് ചിറ്റൂർ രാജനും ഗോപിയുമായിരുന്നു. അത്ര വലിയ  രഹസ്യം സൂക്ഷിക്കാൻ കഴിയാതെ അത് ഞങ്ങൾ തന്നെ മറ്റുള്ളവരോടും പറഞ്ഞു. അങ്ങനെ അതു നാട്ടിൽ പാട്ടായി. രണ്ടിലും മൂന്നിലും പഠിക്കുന്ന പൂക്കാണ്ടി പിള്ളാർക്കുവരെ അന്ന് ഈ രഹസ്യം അറിയാമായിരുന്നു. ചേതനയറ്റു റീലിൽ കിടന്നിരുന്ന ഫിലിമിനെ കാർബൺ കത്തിച്ച് മാനായും മയിലായും  മാടനായും മറുതയായും മാറ്റാൻ കഴിയുന്നത് ചില്ലറക്കാര്യമല്ലല്ലോ. സ്കൂൾ വിട്ട് തിരിച്ചു വരുമ്പോൾ ഞങ്ങൾക്കൊക്കെ പൊട്ടിയ ഫിലിമിന്റെ കഷണങ്ങൾ സ്നേഹപൂർവം പാക്കരപിള്ള അദ്ദേഹം തരുമായിരുന്നു. അത്രയും മഹത്വവും അന്തസ്സുമുള്ള വേറെ ഒരു ജോലിയും അന്ന് ഞങ്ങൾക്കു ചിന്തിക്കാനാവുമായിരുന്നില്ല. വളർന്നു വലുതാകുമ്പോൾ ഒരു ഫിലിം ഓപ്പറേറ്ററാകുന്നതായിരുന്നു ഓരോ ആറാം ക്ലാസുകാരന്റെയും അന്നത്തെ സ്വപ്നം.

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA