sections
MORE

അവൾ പറഞ്ഞു 'കന്യാകത്വം എന്നത് ഭർത്താവിന് മാത്രം അവകാശപ്പെട്ടത് അല്ല'

pregnant-women-travel
പ്രതീകാത്മക ചിത്രം
SHARE

തിരക്കുകൾ നിറഞ്ഞ ബെംഗളൂരുവിലെ വൈകുന്നേരം. വളരെ കഷ്ടപ്പെട്ടാണ് ബെംഗളൂരു നഗരത്തിലെ തിരക്കിൽ നിന്നും വിമാനത്താവളത്തിൽ എത്തിപ്പെട്ടത്. നല്ല മഴ, അതാണ് എന്നെ ചതിച്ചത്. ഏകദേശം രണ്ടു മണിക്കൂർ യാത്ര സമയം  എടുത്താണ് ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിനകത്തു കയറുവാൻ പിന്നെയും പതിനഞ്ചു മിനിട്ടുകൾ എടുത്തു. മുന്നിൽ നിന്ന സെക്യൂരിറ്റി എന്റെ ടിക്കറ്റും, ഐഡി കാർഡും പരിശോധിച്ചു അകത്തു കയറ്റി വിട്ടു.

ചെക്കിൻ കൗണ്ടർ ആണ് ലക്ഷ്യം. കൗണ്ടറിൽ വലിയ ക്യൂ. ക്യൂവിൽ കയറണോ അതോ ഒരു കിയോസ്കിൽ നിന്നും ബോർഡിങ് പാസ്സ് എടുക്കണോ എന്ന് ശങ്കിച്ച് നിൽക്കുമ്പോൾ ആണ് തൊട്ടു പുറകിൽ നിന്നായി 'എക്സ്ക്യൂസ് മീ...' എന്ന ഡയലോഗ് വന്നത്. 

ഞാൻ ഒന്ന് തിരിഞ്ഞു നോക്കി. ഒരു ഗർഭിണി ആണ്. ഞാൻ വഴി മാറി കൊടുത്തു. 

ഞാൻ കിയോസ്ക് ലക്ഷ്യമായി നടക്കാൻ തുടങ്ങിയപ്പോൾ, പുറകിൽ നിന്നും ആരോ എന്റെ പേരു വിളിച്ചു. 

ഞാൻ പതിയെ തിരിഞ്ഞു നോക്കി. കുറച്ചു മുൻപ് കണ്ട ഗർഭിണി ആണ്. 

അനീഷിന് എന്നെ മനസ്സിലായോ? ഞാൻ കുറച്ചു നേരം ആലോചിച്ചു. 

നീന അല്ലേ, നീ ഇപ്പോൾ മുംബൈയിൽ അല്ലേ? സുഖമായിരിക്കുന്നോ? എന്താ ബാംഗ്ലൂരിൽ ? ഒറ്റ ശ്വാസത്തിൽ ഞാൻ ചോദിച്ചു

സുഖം, മുംബൈയിൽ തന്നെയാണ് താമസം. ജോലി സംബന്ധമായ ആവശ്യത്തിനാണ് ഞാൻ ബെംഗളൂരുവിൽ വന്നത്. ഇപ്പോൾ തിരികെ പോകുന്നു - നീന പറഞ്ഞു.

ഇപ്പോൾ എത്ര മാസം ആയി? 

ആറുമാസം ആയി, നീന ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു. 

ഹസ്ബൻഡ് എന്ത് ചെയ്യുന്നു? 

ഒരു ചെറു പുഞ്ചിരി മാത്രം. നീന ഉത്തരം പറ‍ഞ്ഞില്ല. 

ഉത്തരം ലഭിക്കാത്തതിന്റെ ജാള്യതയിൽ ഞാൻ വീണ്ടും കുറെ ചോദ്യങ്ങളും ഉത്തരങ്ങളുമായി നീനയോടു സംസാരിച്ചു കൊണ്ടിരുന്നു. ​ഞങ്ങൾ രണ്ടു പേരും കിയോസ്ക് ലക്ഷ്യമാക്കി നടന്നു. ബോർഡിങ് പാസ് എടുത്തു. രണ്ടാം നില ലക്ഷ്യമാക്കി നടന്നു. അവിടെയാണ് സെക്യൂരിറ്റി ചെക്കിങ്. സെക്യൂരിറ്റി ചെക്കിങ്ങും കഴിഞ്ഞപ്പോൾ ബൈ പറഞ്ഞു പിരിയാം എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു. 

ഉടനെ തന്നെ നീന അപ്രതീക്ഷിതമായി പറഞ്ഞു. 

നോക്കൂ അനീഷ്, ഞാൻ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. ‘‘കന്യാകത്വം എന്നത് ഭർത്താവിന് മാത്രം അവകാശപ്പെട്ടത് അല്ല’’  എനിക്ക് ഒരു കുഞ്ഞു വേണം എന്ന് തോന്നി. ഞാൻ ആ കുഞ്ഞിനെ നേടി എടുത്തു. ആരെങ്കിലും എന്തേലും വിചാരിക്കും എന്നൊരു ചിന്ത എനിക്കില്ല. കാരണം ഈ കാണുന്ന ആൾക്കാർക്കു ആർക്കും തന്നെ എന്നെ അറിയില്ല. അതുകൊണ്ടു തന്നെ എനിക്കൊരു നാണക്കേട് ആയി തോന്നിയിട്ടില്ല. നീന പറഞ്ഞു നിറുത്തി. എന്റെ ജീവിത അഭിലാഷങ്ങളിൽ ഒന്നു തന്നെയായിരുന്നു ഒരു കുഞ്ഞിന് ജന്മം കൊടുക്കുക എന്നത്, അത് ഞാൻ ഉടനെ തന്നെ നേടിയെടുക്കും. ഇനി ഒരു മൂന്ന് മാസം മാത്രം. ഞാൻ ഇനി എന്റെ കുഞ്ഞിന് വേണ്ടി ജീവിക്കും. ഒരു നല്ല നാളയെ പടുത്തുയർത്തും. അതോടൊപ്പം ഞാനും എന്റെ കുഞ്ഞും ഈ ലോകത്തു പാറിപ്പറന്നു നടന്നു ജീവിതം ഒരു ആഘോഷം ആക്കിത്തീർക്കും. അതോടൊപ്പം ജീവിതത്തിൽ ഒരു തുണയെ കണ്ടു മുട്ടിയാൽ കല്യാണം കഴിക്കും. അദ്ദേഹത്തോടൊപ്പം ഞങ്ങളും ജീവിതം ആഘോഷിക്കും. 

നാളെ എന്നോ കണ്ടു മുട്ടും എന്ന് പ്രതീക്ഷിക്കുന്ന ഒരാൾക്ക് വേണ്ടി എന്റെ കന്യകാത്വവും, എന്റെ ആഗ്രഹങ്ങളും മൂടി വച്ചു ജീവിക്കേണ്ട ആവശ്യം ഉണ്ടോ? ആറു മാസം ആയി ഒരു ചെറുരൂപത്തിൽ എന്റെ ഗർഭപാത്രത്തിൽ ഉള്ളത്. നീന പറഞ്ഞു നിറുത്തി. 

കുറച്ചു നേരത്തെ മൂകതയ്ക്കു ശേഷം ഞാൻ നീനയോടു പറഞ്ഞു; നിന്നോട് എനിക്ക് നിന്നോട് ബഹുമാനം തോന്നുന്നു. നിന്റെ ശരികൾ, ശരിയുടെ പക്ഷത്തു നിന്നും നീ വ്യാഖ്യാനിച്ചപ്പോൾ നിനക്ക് നിന്റേതായ ഒരു ലോകം സൃഷ്ടിക്കാൻ കഴിഞ്ഞു. ആ ലോകം നിനക്കു സന്തോഷം തരികയും ചെയ്യുന്നു. 

ഓകെ. അനീഷ് ഞാൻ പോകട്ടെ. എന്റെ ഗേറ്റ് നമ്പർ പതിനാറ് ആണ്. നമുക്ക് വീണ്ടും കാണാം. പതിയെ നീന ബാഗും എടുത്തു ഗേറ്റ് നമ്പർ പതിനാറു ലക്ഷ്യമാക്കി നടന്നു. 

അപ്പോൾ ആണ് നീന പറഞ്ഞത് എനിക്കു മനസ്സിലായത്, അതെ ഞാൻ ഈ ആൾക്കൂട്ടത്തിൽ ആരോ ഒരാൾ ആണ്, ആർക്കും തന്നെ എന്നെ അറിയില്ല. പിന്നെ ഞാന്‍ എന്തിനു വേണ്ടി എന്റെ സന്തോഷങ്ങളും ആഗ്രഹങ്ങളും മാറ്റി വയ്ക്കണം. 

ഞാൻ ഒരു ചെറു പുഞ്ചിരിയോടെ എന്റെ ഗേറ്റ് നമ്പർ ലക്ഷ്യമാക്കി നടന്നു. മനസ്സിന് എന്തോ ഒരു ശാന്തത, അതെ അവൾ ഒരു ശരി തന്നെ ആണ്. ആ ശരി കൊണ്ട് നീന അവളുടെ ഒരു ലോകവും ആഗ്രഹങ്ങളും നേടിയെടുത്തു. നല്ലതു വരട്ടെ.

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA