ADVERTISEMENT

പെയ്തൊഴിഞ്ഞ മഞ്ചാടികൾ (കഥ)

"മഞ്ചാടി ചോപ്പു നിറമുള്ള നെയിൽ പോളിഷ് വേണം" - അതുകേട്ട് സെയിൽസ്മാൻ ഒരു നിമിഷം അമ്പരന്നു നിന്നെങ്കിലും, ശൃംഗാരച്ചിരിയോടെ പലതരം നെയിൽ പോളിഷുകൾ അടങ്ങിയ ട്രേ എനിക്കു നേരെ നീക്കി വച്ചു.

ഭ്രാന്തമായ ആവേശത്തോടെ ഞാനതിൽ മഞ്ചാടി ചോപ്പുനിറം തിരഞ്ഞു.  എല്ലാം വിളറിയ നിറങ്ങൾ.

അവളെനിക്കു നൽകിയ മഞ്ചാടി മണികളുടെ ചോപ്പുനിറം നഷ്ടമായതെവിടെയാണ്?

 

നിരാശയോടെ കടയിൽ നിന്നിറങ്ങുമ്പോൾ അവൾ എവിടെയോ ഉള്ളതു പോലെ. ആൾക്കൂട്ടത്തിന്നിടയിൽ ഒളിഞ്ഞിരുന്ന് എന്നെ നോക്കുന്നുണ്ടോ?  

 

അവളുടെ വീടിനടുത്തുള്ള കാവിൽ നിന്നും എന്നും അവൾ സമ്മാനിച്ചിരുന്ന മഞ്ചാടി മണികൾ. 

അത് ഞാൻ സൂക്ഷിച്ചു വച്ചിരുന്ന ചിത്രപ്പണികൾ ചെയ്ത മൺകുടം നിറയാറയപ്പോഴായിരുന്നു അവൾക്ക് വിവാഹാലോചനകൾ തുടങ്ങിയത്.

 

"നമുക്ക് എങ്ങോട്ടെങ്കിലും പോകാം..." - മഞ്ചാടിമണികൾ പൊഴിയുന്ന ആളൊഴിഞ്ഞ കാവിൽ എന്നെ കെട്ടിപ്പിടിച്ച്. 

 

അവൾ അന്നു കുറേ കരഞ്ഞു. ഞാനും.

രാത്രിയിൽ  ഉറങ്ങാൻ കഴിഞ്ഞില്ല. ഞങ്ങൾ എങ്ങോട്ടു പോകാനാണ്?  വീടും ഈ നാടും വിട്ടൊരിടം എന്താണെന്ന് എനിക്കറിയില്ലായിരുന്നു അവൾക്കും.

 

രാവിലെ തന്നെ അവളെ കാണണമെന്നു തോന്നി. അമ്മയോട് എന്തോ പറഞ്ഞ് അവളുടെ വീട്ടിലേക്ക് നടന്നു. വഴിയിൽ വച്ചേ എനിക്ക് നിറങ്ങൾ നഷ്ടമായിത്തുടങ്ങിയിരുന്നു. 

 

അവളുടെ ഫാനിൽ ചുറ്റിയ തുണിയിലാണ് ഞാൻ അവസാനമായി മഞ്ചാടിചോപ്പു നിറം കണ്ടത്. അന്നു മുതലുള്ള തിരച്ചിലെന്ന് ഇന്നൊരവസാനം മനസ്സിലുറപ്പിച്ച്. മഞ്ചാടി ചോപ്പു തിരഞ്ഞ് വീണ്ടും ആളൊഴിഞ്ഞ കാവിലെത്തി.

അവളോടൊപ്പം ഈ ലോകത്തു നിന്ന് മഞ്ചാടിമണികളും അപ്രത്യക്ഷമായതെങ്ങിനെയെന്ന് എത്ര ആലോചിച്ചിട്ടും ഒരൂഹവും കിട്ടുന്നില്ല.

 

കൈത്തണ്ടയിലെ നീലഞെരമ്പ് കള്ളദൃഷ്ടിയോടെ എന്നെ മാടിവിളിച്ചു. ഉത്തരം തരാനെന്നവണ്ണം. ബാഗിൽ നിന്നു വന്ന ഇരുതല മൂർച്ചയുള്ള പുത്തൻ ബ്ലേഡ് സമ്മതഭാവത്തിൽ എന്നെ നോക്കി പുഞ്ചിരിച്ചു. കൈത്തണ്ടയിൽ നിന്നു തിർന്നു വീണ മഞ്ചാടി മണികളിൽ  ആത്മാർത്ഥ സ്നേഹത്തിന്റെ ചോപ്പു നിറം കണ്ട നിർവൃതിയോടെ ഇനി ആകാശത്ത് ഏഴു നിറങ്ങൾ വിരിയുന്നുണ്ടോ എന്നു നോക്കി ഞാൻ നിന്നു.

 

അവൾക്കായി വീണ്ടും കാവു മുഴുവൻ മഞ്ചാടി മണികൾ പെയ്തു തുടങ്ങിയിരുന്നു.

 

English Summary : Peythozhinja Manjadikal - Short Story by Divya Lakshmi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com