ADVERTISEMENT

നിസ്സഹായത (കഥ)

പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടി ഉടയന്നൂരിൽ ചെല്ലുമ്പോൾ ജീവിതത്തിന്റെ പുതിയൊരദ്ധ്യായം തുടങ്ങുകയായിരുന്നു. പണിഷ്മെന്റ് ട്രാൻസ്ഫർ ഇതാദ്യമായല്ല പക്ഷെ അച്ഛനും അമ്മയും ഇല്ലാതെ ഇതാദ്യമാ. അതും ജയിലിലേക്ക്. ചെന്നപാടെ കൂടെ ജോലി ചെയ്യുന്നവരെ എല്ലാം പരിചയപെട്ടു. സെല്ലിലുള്ളവരെ പരിചയപെടുത്താമെന്ന പറഞ്ഞു ദാസേട്ടന് മുന്നിൽ നടന്നു. ഞാൻ പിന്നാലെയും ഓരോരുത്തരെ ആയി പരിചയപ്പെടുത്തി. 9–ാം സെല്ലിനു മുന്നിൽ എത്തിയപ്പോൾ.

“മാഡം ഈ സെല്ലിൽ ഉള്ളത് ഒരു രാജമ്മ എന്ന സ്ത്രീയാണ്… അവർ മകളെ മണ്ണെണ്ണ ഒഴിച്ച് കൊല്ലാൻ നോക്കിയതാ കേസ്…. എന്തു സ്ത്രീയാണല്ലേ മാഡം… അവരോട് സംസാരിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കണേ… ഇടക്ക് വൈലൻറ് ആകാറുണ്ട്…!”

ദാസേട്ടൻ പറഞ്ഞു തീരും മുൻപേ പിറകില് നിന്നും.

“പാർവതി മാഡം…..!”

ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോൾ അവരാണ് രാജമ്മ. എല്ലാവരും കൂടി അവരെ പിടിച്ചു മാറ്റാൻ തുടങ്ങിയപ്പോൾ.

“വിടൂ… അവരെ എനിക്ക് അറിയാവുന്ന ആളാണ്. വിടൂ…” ഓടി വന്ന് അവരേണ്ടേ കയ്യിൽ പിടിച്ചു.

“സുഖമായിരിക്കുന്നോ മാഡം?”

“സുഖം നിങ്ങൾക്കോ?” ഉം... എന്നവർ തലയാട്ടി. പിന്നീട് എനിക്കും അവർക്കും ഒന്നും പരസ്പരം ചോദിക്കാൻ ഉണ്ടായിരുന്നില്ല.

പണ്ട് ഞാൻ ആലിങ്കരയിൽ ജോലി ചെയ്യുന്നത് സമയം. ഡൽഹിയിലൊരു ദന്ത ഡോക്ടറെ റേപ്പ് ചെയ്ത് കത്തിച്ചു. അതിന് രാജ്യത്ത് എല്ലായിടത്തും പ്രതിഷേധം ഉണ്ടായപ്പോൾ; അവിടെ സ്റ്റേഷൻ മുന്നിലും ഒരമ്മയും മകളും സത്യഗ്രഹം നടത്തി. അതങ്ങിനെ കുറെ നാൾ നീണ്ടു നിന്നു. രാവിലെ വന്ന് വൈകീട്ട് തിരിച്ചു പോകുകയും ചെയ്യും.

ആദ്യം ഞങ്ങൾ പൊലീസുകാർ അതത്ര കാര്യമാക്കിയില്ല. പക്ഷെ പിന്നീട് ഒരു ദിവസം രാവിലെ അവരെത്തിയത് എസ്െഎയെ കാണണമെന്ന് പറഞ്ഞായിരുന്നു. ഇവിടില്ല എത്തുമ്പോൾ പറയാമെന്ന് പറഞ്ഞു. പക്ഷെ അന്നെന്തോ അത്യാവശ്യ കേസ് വന്നത് കൊണ്ട് ഞങ്ങളെല്ലാം മറന്നു പോയിരുന്നു. വൈകീട്ടോടെ ആ സ്ത്രീ തന്റെ മകളുടെ തലയിൽ കൂടെ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചു. ഞങ്ങൾ അങ്ങോട്ട് ഓടി എത്തിയില്ലായിരുന്നെങ്കിൽ അവർ പെൺകുട്ടിയെ കത്തിച്ചേനെ.

മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്ത ആ കേസിൽ ജനങ്ങൾ ഒന്നടക്കാൻ ആ അമ്മയെ കുറ്റപ്പെടുത്തി. എന്തു സ്ത്രീ ആണവർ; സ്വന്തം മകളെ എങ്ങനെ കൊല്ലാനാകും. പോലീസ് അന്ന് കൊലപാതകത്തിന് കേസ് എടുത്തു. ഞാൻ പിറ്റേന്ന് സ്റ്റേഷനിൽ എത്തിയപ്പോൾ അവർ അധികം വെളിച്ചമില്ലാത്ത ഒരു മുറിയിൽ ഇരിക്കുകയായിരുന്നു. ഞാൻ ചെന്ന് അവരുടെ അടുത്തിരുന്ന്. 

“അമ്മ മോളെ എന്തിനാ ഇങ്ങനെ ചെയ്യാൻ നോക്കിയത്?!” എന്ന് ചോദിച്ചതും ആ സ്ത്രീ പൊട്ടി തെറിച്ചു.

“പിന്നെ ഞാൻ എന്തു ചെയ്യണമായിരുന്നു?!... ഒന്നും മിണ്ടാതിരിക്കണമായിരുന്നോ?! എനിക്ക് കൊല്ലണം അവളെ...കൊല്ലണം...കൊല്ലണം.”

അവരെന്തോക്കെയോ പിറുപിറുത്തു കൊണ്ടേ ഇരുന്നു. ഞാൻ വേഗം മുറിക്ക് പുറത്തിറങ്ങി. പിന്നീട് ഞാൻ ചെല്ലുമ്പോൾ അവർ കരയുകയായിരുന്നു. എന്നെ കണ്ടപ്പോൾ കണ്ണൊക്കെ തുടച്ചു. അവർ എന്നെ നോക്കി ഒന്ന് ചിരിച്ചു. എന്റെ വിശേഷങ്ങളൊക്കെ ചോദിച്ചു. അവരെ ശാന്തമാക്കാൻ ഞാൻ എല്ലാത്തിനും മറുപടി പറഞ്ഞു. പിന്നീട് അവർ പറയാൻ തുടങ്ങി.

“നാട്ടിൽ ഒരു വൃത്തി കെട്ട മൃഗം ഉണ്ട്. മനുഷ്യനല്ല… അവൻ മൃഗം തന്നെയാണ്…. അവന്റെ മുന്നിൽ കാണുന്ന പെൺ കുട്ടികളെ എല്ലാം അവൻ ഉപയോഗിക്കും. ആരെയും പേടിയില്ല. ആരെങ്കിലും അവനെതിരെ പരാതിപ്പെട്ടാൽ; അതൊക്കെ അവൻ ഇല്ലാതാക്കും. എന്നിട് അവരുടെ വീട്ടിലെ പെണ്ണുങ്ങളെ എല്ലാം അവൻ ഉപയോഗിക്കും. പൊലീസും ്വന്റെ ആൾക്കാരാണ്. ഒരിക്കൽ എന്റെ മകൾക്ക് നേരെയും അവൻ കൈ ഉയർത്തി. അവനെതിരെ ഒന്നും ചെയ്യാൻ എനിക്ക് ആവില്ല. പ്രതികരിക്കാൻ എനിക്കാരുമില്ല. എന്റെ മകളെ കൊല്ലുകയല്ലാതെ മറ്റെന്താണ് ഞാൻ ചെയ്യേണ്ടത്!....?”

വിതുമ്പികൊണ്ട് അവർ ചോദിച്ചു. കണ്ണുകൾ തുടച്ചുകൊണ്ട് അവർ തുടർന്നു.

“നാട്ടിൽ സ്ത്രീകൾക്ക് നേരേ നടക്കുമ്പോൾ മാധ്യമങ്ങൾ കുറച്ചൊക്കെ അതിന്റെ പിറകെ പോകും. അത് കഴിഞ്ഞാൽ എല്ലാവരും അത് മറക്കും. എല്ലാവരും പീഡിപ്പിച്ച ആളിന്റെ മനുഷ്യാവകാശത്തെ പറ്റി മാത്രമാണ് പിന്നീട് സംസാരിക്കുക. എന്നാൽ അവൻ പീഡിപ്പിച്ച പെൺകുട്ടിക്കും ഉണ്ടായിരുന്നു; ഈ ലോകത്ത് ജീവിക്കാനും, അവളുടെ ശരീരത്തെ സൂക്ഷിക്കാനും ഉള്ള അവകാശം. അതാരും കാണാറില്ല …. എന്നാണിവിടുത്തെ ഈ നിയനങ്ങൾ ഒന്ന് മാറുക?!.... അത് വരെ ഞാൻ എന്റെ മകളെ എന്തു ചെയ്യും?.. കൊല്ലുകയല്ലാതെ…….”

എനിക്ക് അവരോട് ഒന്നും പറയാനുണ്ടായിരുന്നില്ല. ഞാൻ അവർക്കു മുന്നിൽ തല കുനിച്ചു നിന്നു.

“മോളെ പണ്ട് നമ്മുടെ നാട്ടിൽ പെൺകുട്ടികൾ ഉണ്ടായാൽ സ്ത്രീധനം കൊടുക്കേണ്ടതിന്റെ പേരിൽ അച്ഛനമ്മമാർ അവരെ കൊന്ന് കളയുമായിരുന്നു. എന്നാൽ ഇന്നും അത് തന്നെയാണ് നടക്കുന്നത്. പക്ഷെ കാരണം മറ്റൊന്നാണെന്ന് മാത്രം…. ‘പെൺ ജന്മം’ അത് വല്ലാത്ത ശാപം തന്നെയാണ്.”

ഞാൻ അണിഞ്ഞ യൂണിഫോമിലനോട് അന്നാദ്യമായി എനിക്ക് വെറുപ്പ് തോന്നി. പോലീസ് ആയിട്ടും ഇതിനൊക്കെ എതിരെ എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോന്ന് ഓർത്തു ദേഷ്യവും വെറുപ്പും ഒക്കെ തോന്നിയിരുന്നു. പിന്നീട് എന്റെ മുന്നിൽ വന്ന കേസുകളിൽ ഞാൻ കണ്ണടച്ചിട്ടില്ല. അതു കൊണ്ട് തന്നെ എന്റെ കരിയറിൽ ഇത്  എത്രാമത്തെ പണിഷ്മെന്റ് ട്രാൻസ്ഫർ ആണെന്ന് എനിക്കോർമയില്ല. അതില് എനിക്ക് ഒരു വിഷമവുമില്ല.

English Summary : Nisahayatha- Short story by Sree Parvathy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com