ADVERTISEMENT
ഇംഗ്ലിഷ് ഭാഷ പഠിക്കാൻ ആഗ്രഹിച്ച ഒരാൾ ഒരു പുസ്തകശാലയിൽ ചെന്നു. അയാൾ തന്റെ അഭിലാഷം അറിയിച്ചു. കടയുടമ പറഞ്ഞു: ‘‘നോക്കൂ, ഇൗ അലമാരയിൽ ഇരിക്കുന്നതു മുഴുവൻ ഇംഗ്ലിഷ് പഠിക്കാനുള്ള പുസ്തകങ്ങളാണ്. ഒന്നു തിരഞ്ഞെടുത്തുകൊള്ളുക.’’ വന്നയാൾ പരിശോധിച്ചു. 27 പുസ്തകങ്ങളുണ്ട്. ഓരോന്നും ഓരോ വിധത്തിൽ വിഷയം കൈകാര്യം ചെയ്യുന്നു. അയാൾ കടയുടമയോടു ചോദിച്ചു. ഇതിലേതു പുസ്തകമാണ് ഏറ്റവും മെച്ചമായത്? കടയുടമ പറഞ്ഞു: ‘‘ഓരോന്നിനും അതിന്റേതായ കുറവുണ്ട്. ഇതുകൊണ്ടൊന്നും നന്നായി പഠിക്കാനാവില്ല.’’

‘‘എങ്കിൽ ഞാനെന്തു ചെയ്യണം?’’ – ‘‘ഇംഗ്ലിഷ് സംസാരിക്കുന്ന നാട്ടിൽ താമസിച്ച് അതു പഠിക്കണം.’’ പ്രാർഥന സംബന്ധിച്ച് അനവധി പ്രസംഗങ്ങൾ നാം കേട്ടിട്ടുണ്ട്; ഏറെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ഇനിയും, മാനസിക വാചക പ്രാർഥനകൾ നമ്മുടെ ശ്രദ്ധയാകർഷിച്ചേക്കാം. പക്ഷേ, അവയ്ക്കൊന്നും നമ്മുടെ അഭിലാഷം തൃപ്തിപ്പെടുത്താനാവില്ല. ദൈവവുമായി മനുഷ്യൻ ന‍ടത്തുന്ന നിരന്തര സമ്പർക്കമാണ് പ്രാർഥന. ആവശ്യങ്ങളും ഡിമാന്‍ഡുകളും ഉന്നയിക്കുക മാത്രമല്ല പ്രാർഥന. യഥാർഥ ദൈവവിശ്വാസി ദൈവത്തിന്റെ കരങ്ങളിൽ ഉറങ്ങുകയും, ഉണരുകയും, ജോലിചെയ്യുകയും, വിശ്രമിക്കുകയും ചെയ്യുന്നു. ബൈബിൾ പരിശോധിച്ചാൽ ഇസ്രായേൽ ജനം തങ്ങളുടെ ജീവിതസർവസ്വം ദൈവമാണെന്ന് ഏറ്റു പറയുന്നതു കാണാം.

സമ്പത്തിലും, ദാരിദ്ര്യത്തിലും, സന്തോഷത്തിലും, സന്താപത്തിലും അവർ ദൈവത്തോടുകൂടി ആയിരുന്നു. അപ്പോഴെല്ലാം അവർ തങ്ങളുടെ ഹൃദയങ്ങളെ ദൈവസന്നിധിയിൽ ഉയർത്തിയിരുന്നുവെന്ന് സങ്കീർത്തനങ്ങൾ എന്ന ഉത്തമ കൃതി വ്യക്തമാക്കിത്തരുന്നു.

‘‘എന്റെ തെറ്റുകൾ ഞാൻ കർത്താവിനോട് ഏറ്റുപറഞ്ഞു. പാപങ്ങൾ ഏറ്റു പറയുമ്പോൾ അവിടുന്ന് അവയെല്ലാം ക്ഷമിക്കുന്നു. നീതിമാൻ കർ‌ത്താവിനോടു പ്രാർഥിക്കട്ടെ. പാഞ്ഞു വരുന്ന മലവെള്ളത്തിനുപോലും അവനെ ഭയപ്പെടുത്തുവാൻ കഴിയുകയില്ല’’ (സങ്കീ: 32). പശ്ചാത്താപത്തിന്റെയും ദൈവത്തിൽ അഭയം പ്രാപിക്കുന്നതിന്റെയും പ്രഫുല്ലമായ ഉദാഹരണങ്ങൾ സങ്കീർത്തനങ്ങളിൽ ഉടനീളമുണ്ട്. ‘‘ദൈവമേ അങ്ങ് എന്റെ സങ്കേതമാകുന്നു. ദിവ്യ സഹായം കൊണ്ട് എന്നെ വലയം ചെയ്യണമേ.’’

ഇൗശ്വര സന്നിധിയിൽ മർത്ത്യജീവിതം നിസ്സാരവും തൃണപുഷ്പം പോലെ നൈമിഷികവുമാണെന്ന് സങ്കീർത്തകൻ മനസ്സിലാക്കി. ‘‘എന്റെ ദിവസങ്ങൾ അങ്ങയുടെ മുമ്പിൽ എത്ര പരിമിതമാകുന്നു. എന്റെ ജീവിതകാലം എത്ര നിസ്സാരമാകുന്നു. ജീവിതം നിഴൽപോലെ കടന്നു പോകുന്നു. മനുഷ്യനോ ഭൂമിയിൽ നിക്ഷേപം കൂട്ടിവയ്ക്കുന്നു. അത് ആർക്കുവേണ്ടിയാണെന്ന് അവൻ അറിയുന്നില്ല’’ (സങ്കീ: 39).

ഹൃദയാഹ്ലാദം കവിഞ്ഞൊഴുകിയ വേളയിൽ ദൈവജനം തങ്ങളുടെ വികാരം പ്രാർഥനയായി ദൈവസന്നിധിയിൽ പരിമളധൂപം പോലെ ഉയർത്തുന്നതു നോക്കുക. ‘‘ലോകം മുഴുവൻ കർത്താവിനെ സ്തുതിക്കട്ടെ. ആനന്ദപൂർവം അവിടുത്തെ പുകഴ്ത്തട്ടെ. വീണ മീട്ടിയും, പാട്ടു പാടിയും കർത്താവിനെ സ്തുതിക്കുവിൻ. ഭൂമിയും അതിലെ നിവാസികളും ഉണരട്ടെ. ആഴിയും അതിലെ വസ്തുക്കളും ചലിക്കട്ടെ. കാട്ടാറുകൾ കയ്യടിക്കുകയും പർവതങ്ങൾ പാട്ടു പാടുകയും ചെയ്യട്ടെ’’ (സങ്കീ. 48).

മനുഷ്യജീവിതം സുഖദായകമാക്കുന്ന എത്രയെത്ര കണ്ടുപിടിത്തങ്ങളാണ് ആധുനികകാലത്ത് ചെണ്ട് വിടർത്തിയിട്ടുള്ളത്. വാനിലും കരയിലും കടലിലും സഞ്ചരിക്കാവുന്ന സംവിധാനങ്ങൾ മനഷ്യർ നേടിയെടുത്തു. ചന്ദ്രനിൽ വരെ മനുഷ്യൻ ചെന്നെത്തി. എന്നാൽ ഇവകൊണ്ടൊന്നും ശാശ്വതമായ ശാന്തി മനുഷ്യൻ കൈവരിച്ചോ? ദുഃഖത്തിലും ഭയാശങ്കകളുടെ നിഴലിലുമല്ലേ മനുഷ്യൻ ഇന്നും ജീവിക്കുന്നത്. സങ്കീർത്തകൻ, ദൈവത്തിൽ അഭയം തേടിയ അന്നത്തെ ജനങ്ങളുടെ ഹൃദയ വികാരം സ്ഫാടികതോയത്തിലെന്നതുപോലെ എടുത്തു കാട്ടുന്നു. ‘‘കർത്താവ് എന്റെ ഇടയനാകുന്നു. എനിക്കൊന്നിലും കുറവുണ്ടാവുകയില്ല. പച്ച വിരിച്ച പുൽത്തകിടികളിൽ അവിടുന്ന് എന്നെ മേയിക്കും. പ്രശാന്തമായ ജലാശയത്തിലേക്ക് എന്നെ നയിക്കും. അങ്ങ് എന്റെ കൂടെയുള്ളതിനാൽ മരണത്തിന്റെ താഴ്‍വരയിൽകൂടി നടക്കുവാനും ഞാൻ ഭയപ്പെടുകയില്ല’’ (സങ്കീ.23).

യഥാർഥമായ പ്രാർഥനയുടെ സാധന പാഠങ്ങളാണ് സങ്കീർത്തനങ്ങൾ. ജീവിതത്തിലെ ദുഃഖദുരിതങ്ങളിലും ഹർഷോന്മാദങ്ങളിലും നല്ലവനായ ദൈവത്തിന്റെ സന്നിധിയിൽ ഹൃദയം അർപ്പിക്കുവാൻ അഭിലഷിച്ചു. ജലത്തിൽ മത്സ്യമെന്നതുപോലെ എപ്പോഴും ദൈവത്തിൽ വ്യാപരിക്കാൻ പരിശ്രമിച്ചു. ദൈവത്തിനായുള്ള ആത്മാവിന്റെ തീവ്രമായ ദാഹം തുറന്നു കാട്ടുന്ന ഒരു സങ്കീർത്തനം കൂടെ ഉദ്ധരിക്കട്ടെ. ‘‘ദൈവസന്നിധിയിലേക്ക് ഞാൻ കൈകൾ നീട്ടുന്നു. വരണ്ടുണങ്ങിയ ഭൂമിയെന്നപോലെ ദൈവമേ അങ്ങേയ്ക്കു വേണ്ടി എന്റെ ആത്മാവു ദാഹിക്കുന്നു. അങ്ങയുടെ മുഖം എന്നിൽ നിന്ന് മറയ്ക്കരുതേ. മറച്ചാൽ ഞാൻ മരിച്ചവനു തുല്യമാകും. അങ്ങയുടെ സ്നേഹം ഞാൻ ആസ്വദിക്കട്ടെ. ദൈവമേ! എന്റെ ആശ്രയം അങ്ങുമാത്രമാകുന്നു.’’

ദൈവത്തിനുവേണ്ടിയുള്ള അഭിവാഞ്ഛ ഇത്ര തീവ്രമായി പ്രതിഫലിക്കുന്ന കൃതിയായതുകൊണ്ടാണ് സങ്കീർത്തന പാരായണം ഭക്തജനങ്ങൾ മുടങ്ങാതെ നടത്തുന്നത്. ക്രൈസ്തവാശ്രമങ്ങളിൽ ആരാധനയുടെയും ഭക്തി ജീവിതത്തിന്റെയും ഭാഗമായി അനുദിനം സങ്കീർത്തനങ്ങൾ ധ്യാനപൂർവമായി വായിച്ചിരുന്നു. ഇപ്പോഴും ആ പതിവു തുടരുന്നവരുണ്ട്.

English Summary : Subadinam - Food for thought
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com