ADVERTISEMENT

പ്രിയയെ കണ്ടതോടെ പൊലീസുകാരുടെ കൂടെ നിന്നവർ എല്ലാം പരസ്പരം അവളെ ചൂണ്ടി കൊണ്ട് എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി.

എന്തോ അത്യാഹിതം സംഭവിച്ചെന്ന് അവളുടെ മനസ്സ് പറഞ്ഞു.

‘നിങ്ങൾ ഹരി നായരുടെ ഭാര്യയാണോ...’ പൊലീസുകാരൻ ഹിന്ദിയിൽ ചോദിച്ചു.

 

അവൾ തലയാട്ടി.

 

കൂടെയുണ്ടായിരുന്ന പോലീസുകാരൻ കടലാസിൽ പൊതിഞ്ഞ് വച്ചിരുന്ന ഒരു ബാഗ് എടുത്തു.

ഒറ്റ നോട്ടത്തിൽ തന്നെ ബാഗ് പ്രിയ തിരിച്ചറിഞ്ഞു. ഹരിയേട്ടന്റെ ബാഗ്. 

 

‘ഈ ബാഗ് അറിയാമോ...?’ – ബാഗ് നീട്ടിക്കൊണ്ട് പൊലീസുകാരൻ ചോദിച്ചു.‘അറിയാം.... എന്റെ ഭർത്താവിന്റേയാണ്.....’ – അവൾ വിറയലോടെ പറഞ്ഞു.

 

പൊലീസുകാരൻ ബാഗ് തുറന്നു അവളെ കാണിച്ചു. ഇതെങ്ങനെ ഇവരുടെ കൈയ്യിൽ എത്തിയെന്ന ആധിയോടെ അവൾ തുറന്ന് വച്ച ബാഗിലേക്ക് നോക്കി.. അവൾ രാവിലെ കൊടുത്ത് വിട്ട രണ്ട് ടിഫിൻ ബോക്സും പിന്നെ ഹരിയേട്ടന്റെ വാച്ചും പേഴ്സും മൊബൈൽ ഫോണും ബാഗിലുണ്ട്.

 

‘ഉറപ്പല്ലേ...ഇത് നിന്റെ ഭർത്താവിന്റെ തന്നെയല്ലേ...?’

 

mazha-nombarangal-chapter-2-2

ബാഗിൽ ഉണങ്ങി പിടിച്ചിരുന്ന ഇത്തിരി രക്തക്കറ പോലീസുകാരൻ മറച്ച് പിടിക്കുന്നത് കണ്ടതു കൊണ്ട് അവൾക്ക് ഒന്നും പറയാൻ പറ്റിയില്ല. അവൾ വെറുതെ തലയാട്ടിയതേയുള്ളു.

 

‘ഞങ്ങൾ കല്യാൺ പൊലീസ് സ്റ്റേഷനിൽ നിന്നാണ്... നിങ്ങളുടെ ഭർത്താവ് ബൈകുളയിൽ വച്ച് റെയിൽവേ ലൈൻ മുറിച്ച് കടക്കുമ്പോൾ തീവണ്ടി തട്ടി മരണപ്പെട്ടിരിക്കുന്നുവെന്നാണ് വിവരം. പഴ്സിൽ ഉണ്ടായിരുന്ന ട്രെയിൻ സീസൺ പാസിൽ നിന്നാണ് വിലാസം കിട്ടിയത്. മൃതദേഹം ഇപ്പോൾ ജെ.ജെ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. മഴ മാറുമ്പോൾ അത് അവിടെ പോയി തിരിച്ചറിഞ്ഞ്.... ഏറ്റെടുക്കണം’

പൊലീസുകാരൻ നിർവികാരനായി ഒറ്റ ശ്വാസത്തിൽ പറഞ്ഞ് തീർത്തു. 

 

കാര്യങ്ങൾ ഉൾകൊള്ളാൻ അവൾ പിന്നെയും കുറേ മിനിട്ടുകൾ എടുത്തു.

 

മഴ വീണ്ടും ശക്തി പ്രാപിച്ചു.അത് കണ്ട് ശാപവാക്കുകളോടെ പൊലീസുകാർ പടികളിലൂടെ ഇറങ്ങിപ്പോയി. കറണ്ട് എപ്പോഴോ പോയിരിക്കുന്നതിനാൽ ലിഫ്റ്റ് ഇല്ലായിരുന്നു.സഹതാപത്തോടെ നോക്കി നിൽക്കുന്ന മറ്റ് ആളുകളുടെ നോട്ടം അഭിമുഖീകരിക്കാൻ കഴിയാതെ അവൾ വാതിൽ അടച്ചു. ഇരുട്ട് നിറഞ്ഞ മുറിയിൽ അവളുടെ കരച്ചിൽ മഴയുടെ ശബ്ദത്തിൽ മുങ്ങിപ്പോയി.

 

ഹരിയേട്ടൻ മരിച്ചെന്ന് തന്നെയല്ലേ അവർ പറഞ്ഞത്, അതോ ഞാൻ കേട്ടത് തെറ്റിയതാണോ. അപകടം പറ്റിയെന്നാണോ പറഞ്ഞത്. അല്ല, മൃതദേഹം എന്നും, മോർച്ചറിയെന്നും അവർ വ്യക്തമായി പറഞ്ഞു. എന്റെ ഹരിയേട്ടൻ അവർക്ക് ഇപ്പോൾ മൃതദേഹമായി.

 

രാവിലെ ഓഫീസിൽ പോകാൻ നേരത്ത് പതിവുള്ള ചുംബനം തരാൻ മുഖം അടുപ്പിച്ചപ്പോൾ, കഴുത്തിൽ തട്ടിയ അവന്റെ ശ്വാസത്തിന്റെ ചൂട് ഇപ്പോഴും പോയിട്ടില്ല. അവൾക്ക് ഭാന്ത്രാകുന്നത് പോലെ തോന്നി. മഴ നിർത്താതെ പെയ്യുകയാണ്. മഴ ഫ്ലാറ്റിനുള്ളിലും പെയ്യുന്നതു പോലെ അവളുടെ ദേഹം വിറയ്ക്കാൻ തുടങ്ങി. കരയാനല്ലാതെ വേറെയൊന്നും ചെയ്യാൻ അവൾക്ക് തോന്നിയില്ല. മുംബൈ നഗരത്തിൽ തനിക്ക് ഹരിയേട്ടനല്ലാതെ വേറെയാരുമില്ലെന്ന ചിന്ത അവളെ കൂടുതൽ ഭ്രാന്തിയാക്കി. ചുറ്റും ശൂന്യത, നിശബ്ദത, ഒറ്റപ്പെടൽ. അവൾ പൊട്ടിക്കരഞ്ഞു. അവളുടെ ദുഃഖത്തിൽ അനുഭാവം പ്രകടിപ്പിക്കുന്നത് പോലെ മഴയും ശക്തിയായി പുറത്ത് തന്റെ പെയ്ത്ത് തുടർന്നു.

 

ഇരുപത്തിനാലാം വയസ്സിൽ വിധവയാകാനാണ് തന്റെ വിധി. ഇരുട്ട് നിറഞ്ഞ ആ മുറിയുടെ മൂലയിൽ, ആ തണുപ്പിൽ, ആർത്തു പെയ്യുന്ന മഴയിലേക്ക് നോക്കി അവൾ വിതുമ്പിക്കൊണ്ടിരുന്നു. എത്ര നേരം അങ്ങനെ ഇരുന്നുവെന്ന് അവൾക്ക് അറിയില്ല. മഴ ഇപ്പോൾ ഇത്തിരി ശമിച്ചിട്ടുണ്ട്. മുറിയുടെ അകത്തും, പുറത്തും കനത്തയിരുട്ടുതന്നെയാണ്. മൊബൈൽ പണി മുടക്കിയത് കൊണ്ട് ഹരിയേട്ടൻ മരിച്ച വിവരം ആരേയും അറിയിക്കാൻ പറ്റിയിട്ടില്ല.

 

നാളെ എങ്ങനെയെങ്കിലും മോർച്ചറിയിൽ പോകണം. എങ്ങനെയെന്ന് അറിയില്ല. നാട്ടിൽ എങ്ങനെയെങ്കിലും അറിയിക്കണം. ഹരിയേട്ടന്റെ ബോഡി ഏറ്റുവാങ്ങി, നാട്ടിലേക്ക് കൊണ്ട് പോകണം. ഇനിയുള്ള കാലം മുഴുവൻ ഹരിയേട്ടൻ ഇല്ലാതെ ജീവിക്കണം. എല്ലാം കൂടി ഓർത്തപ്പോൾ അവൾക്ക് തല പെരുക്കാൻ തുടങ്ങി. 

 

പെട്ടെന്ന് വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു. കനത്ത നിശബ്ദതയിൽ മുട്ട് കേട്ടപ്പോൾ അവൾ അറിയാതെ തന്നെ ഒന്ന് ഞെട്ടി പോയി. അവൾ മൊബൈലിൽ സമയം നോക്കി. രാത്രി രണ്ട് മണി കഴിഞ്ഞിരിക്കുന്നു. കറണ്ട് ഇപ്പോഴും വന്നിട്ടില്ല. കതകിലെ മുട്ടിന്റെ ശക്തി കൂടി.ആരാകും ഈ സമയത്ത് ? വീണ്ടും പോലീസ് ആയിരിക്കുമോ? അവൾ മൊബൈയിലെ ടോർച്ച് തെളിയിച്ച് കൊണ്ട് സാവധാനം വാതിൽ തുറന്നു.

 

വെളിയിൽ ഇരുട്ടത്ത് ഒരു ആൾരൂപം നിൽക്കുന്നു. ഇട്ടിരിക്കുന്ന വസ്ത്രങ്ങൾ എല്ലാം നനഞ്ഞ് ശരീരത്തിലേക്ക് ഒട്ടിപ്പിടിച്ചിരിക്കുന്നു. മനോഹരമായ ഒരു പുഞ്ചിരിയോടു കൂടി, ഇരുട്ടിൽ നിന്ന് ടോർച്ചിന്റെ വെളിച്ചത്തിലേക്ക് ഒരു ആൺ രൂപം കയറി നിന്നു.

 

‘ഒറ്റയ്ക്കാക്കി പോയതിന് സോറി ഡിയർ...’ –  ഹരി പ്രിയയുടെ കൈയിൽ പിടിക്കാൻ ശ്രമിച്ചു.

പ്രേതത്തെ കണ്ടത് പോലെ പ്രിയയുടെ നിലവിളി ആ വരാന്തയിൽ മുഴങ്ങി. ശേഷം ബോധം കെട്ട് അവൾ താഴേക്ക് വീണു.

 

(തുടരും)

 

English Summary : Mazhanombarangal, Novel By Aji Kamaal, Chapter 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com