ADVERTISEMENT

ഒരിക്കലും അവളെ  കണ്ടുമുട്ടില്ല എന്നാണ് അവൻ  കരുതിയത്. പക്ഷേ വർഷങ്ങൾക്കിപ്പുറം അവിചാരിതമായി കണ്ടപ്പോൾ അശോകന്റെ നെഞ്ചിൽ ഒരു ആന്തലായിരുന്നു ആദ്യം ഉണ്ടായ വികാരം.  

രണ്ടുമൂന്നുപേരോടൊപ്പം കാറിൽ നിന്നിറങ്ങി ആ കല്യാണ  മണ്ഡപത്തിന്റെ കവാടം കടക്കവേ തമ്മിൽ പരസ്പരം ഒന്ന് നോക്കിയതല്ലാതെ സംസാരിക്കാൻ കഴിഞ്ഞില്ല. അവളുടെ  ശരീരത്തിനും ശരീര ഭാഷയ്ക്കും വലിയ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു പക്ഷേ ആ മുഖശ്രീ മുൻപത്തേക്കാൾ എത്രയോ മടങ്ങു വർധിച്ചുവെന്നു തോന്നി. ഒരുകാലത്ത് തന്റെ എല്ലാമെല്ലാമായിരുന്നവൾ.!  

 

 മണ്ഡപത്തിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു. അവളെ  കണ്ട സ്ഥിതിക്ക് കഴിയുമെങ്കിൽ  ഒന്ന് സുഖവിവരം തിരക്കുകയെങ്കിലും ആവാം എന്ന് കരുതി അശോകൻ പുറത്തെ ഗെയ്റ്റിന് ചുവട്ടിലെ മരത്തിനടിയിൽ കാർ പാർക്ക് ചെയ്ത് കവാടത്തിലേക്ക് നോക്കി അവളുടെ വരവും പ്രതീക്ഷിച്ചുകൊണ്ട് നിന്നു.

 

 വർഷങ്ങൾ പുറകിലേക്ക് ഒരു മിന്നായം പോലെ പോയപ്പോൾ അവൻ അറിയാതെ അവന്റെ കണ്ണുകളിൽ ഒരു മയക്കം  വന്നു തലോടി. തന്റെ ബൈക്കിന്റെ പുറകിൽ ചേർന്നിരുന്നു യാത്ര ചെയ്ത ആ കാലങ്ങൾ, ഒരുമിച്ചുള്ള സിനിമ കാണൽ തുടങ്ങിയ ചെറിയ സംഭവങ്ങൾ ഒഴികെ മനസ്സിൽ കൂടുതൽ ഒന്നും ഓർക്കാനുള്ളത് ഉണ്ടായിട്ടില്ല, എങ്കിലും പലപ്പോഴും അവൾ ഒരു ഹരമായിരുന്നു. 

 

 

തെക്കൻ കേരളത്തിലെ പ്രസിദ്ധമായ ഒരു തറവാട്ടിലെ എട്ട് ആങ്ങളമാർക്കുള്ള ഒരേ ഒരു അനിയത്തിയായതുകൊണ്ടുതന്നെ  നിലത്തുവയ്ക്കാതെ വളർന്നവൾ, അവളുടെ ബാലിശമായ എല്ലാ വാശികൾക്കും സ്വയം തോറ്റു കൊടുക്കുന്ന ആങ്ങളമാർ. പക്ഷേ അതിൽ മൂത്ത സഹോദരനൊഴികെ  ബാക്കിയുള്ളവർക്ക് ആ പുന്നാര അനിയത്തി ബാധ്യതയായത് അവർ ഓരോരുത്തരും വിവാഹിതരായതോ‌ടെയാണ്. അവരുടെ ജീവിതത്തിൽ നിന്നും അവൾ മെല്ലെ തഴയപ്പെട്ടതോടെ അവളിലെ സ്ത്രീ തന്നിലേക്ക്അടുത്തു എന്ന് ചിന്തിക്കാനാണ് താനിഷ്ടപ്പെട്ടത്. അതുകൊണ്ടു തന്നെ ഇരുവർക്കുമിടയിൽ പ്രേമത്തിന് മാത്രമേ സ്ഥാനം ഉണ്ടായുള്ളൂ, കാമം കാതങ്ങൾക്കകലെ ആയിരുന്നു.

 

 

തങ്ങളുടെ പ്രണയത്തിടയിൽ കയറി സ്കോറടിക്കാൻ ശ്രമിച്ച് പരാജിതനായ ആരോ ഒരാൾ ഒരുക്കിയ കെണിയിൽ അവരുടെ ഏട്ടന്മാർ വീണുപോയതാണ് എന്ന് പിന്നീടാണ്  അശോകന് മനസ്സിലായത്. അവളെ മകളെപ്പോലെ കാണുന്ന വലിയേട്ടൻ തങ്ങളെ  ഒരുമിച്ചു കാണാൻ ഇടയായതോടെ എല്ലാം തകിടം മറിഞ്ഞു. അങ്ങിനെയിരിക്കെ  ഒരു സുപ്രഭാതത്തിൽ അവളെ കാണാതായി. കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ എല്ലാം പാഴായി അവസാനം ആ ഓർമ്മകൾ മനസ്സിൽ നിന്നും പതിയെ പതിയെ ഇല്ലാതായി.അതായിരുന്നു അശോക് എന്ന അവന്റെ  അന്നത്തെ പ്രണയത്തിന്റെ ഭൂതകാലം. ഇപ്പോൾ ഇതാ വീണ്ടും...

 

 

കാലം കടന്നു പോയപ്പോൾ അവനൊരു   സഹധർമ്മിണിയെക്കിട്ടി. ചിലപ്പോൾ അവൾക്കും അതുപോലൊരു അനുഭവം ഉണ്ടാകാം. പക്ഷേ... വിവാഹം എന്ന പരസ്പര ധാരണയിൽ പൂർവകാലങ്ങൾ ചികയാൻ   ഇതുവരെ മിനക്കെടാതെ സസുഖം വാഴുന്നതിനിടയിൽ രണ്ടു കുട്ടികളും ഉണ്ടായി. അതിലൊരാൾ ഡിഗ്രിക്ക് പഠിക്കുന്നു.  ഇപ്പോൾ ഇതാ വർഷങ്ങൾ കഴിഞ്ഞു അവളെ കണ്ടപ്പോൾ തന്റെ മനസ്സിൽ ആ നഷ്ടസ്വപ്നം ചിറകടിച്ചുയരുന്നുവോ..?  വല്ലാത്ത ഒരു അനുഭൂതി തെന്നെ ..! 

 

‘‘ സാർ ..സാർ ... എല്ലാവരും പോയി ചെക്കനും പെണ്ണും ഇപ്പോൾ വീടെത്തികാണും ഞാൻ ഇത്  തരാൻ വേണ്ടി നിന്നതാ’’

 

  മണ്ഡപത്തിലെ സെക്യൂരിറ്റി ആയിരുന്നു അത്. അയാൾ ഒരു കടലാസുകഷ്ണം നീട്ടിക്കൊണ്ടു പറഞ്ഞു:- 

           

‘‘ ഇതൊരു സ്ത്രീ തന്നിട്ട് പോയതാ. സാറിനെ ഉണർത്തണ്ട ഉണരുമ്പോൾ കൊടുത്താൽ മതി എന്നു പറഞ്ഞു. അതാ വിളിക്കാതിരുന്നത്’’

 

  അവൻ ആകാംക്ഷയോടെ അത് വാങ്ങി നോക്കി.

 

‘‘ അശോക്... കാൾ മീ.. യു ഗെറ്റ് മൈ നമ്പർ ഫ്രം ‘സെമെസ്റ്റ്’  ബൈ.. നീതു..’’

 

  ‘സെമെസ്റ്റ്’ എവിടെയോ കണ്ടതുപോലെ ഒരു ഓർമ്മ പക്ഷേ..? പഴ്സണൽ നമ്പർ ലീക്ക് ആവണ്ട എന്ന് കരുതിയാവും. അവൾ നമ്പർ എഴുതാതിരുന്നത്.  

 

 ആ സെക്യൂരിറ്റിക്ക് ചായകുടിച്ചോളൂ എന്നുപറഞ്ഞു നൂറുരൂപയും കൊടുത്തുകൊണ്ട് അവൻ മെല്ലെ വണ്ടിയെടുത്തു വീട്ടിലോട്ടു വന്നു. വന്നപാടെ കംപ്യൂട്ടർ ഓൺ ആക്കി ഇന്റർനെറ്റിൽ മുഴുവൻ തപ്പി നോക്കി. സെമസ്ററ് എന്ന പേരിൽ ആയിരകണക്കിന് സൈറ്റുകൾ ഉണ്ട് എവിടെ നിന്നും മനസ്സിലാവാൻ.! 

 

 

ഇന്ന് കല്യാണം കഴിഞ്ഞുപോയ പെൺകുട്ടിയുടെ അച്ഛനാണ് വിഡിയോ എടുത്തവരെ വിളിച്ചതെങ്കിൽ കണ്ടുപിടിക്കാൻ കഴിയും. ചെറുക്കന്റെ ഭാഗത്തു നിന്നാണ് വിഡിയോ എടുക്കുന്നവർ എത്തിയതെങ്കിൽ കുഴങ്ങിയതു തന്നെ. എന്തായാലും വിവാഹ വിഡിയോയിൽ അവൾ ഉണ്ടാകുമല്ലോ. അത് വരുമ്പോൾ ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കാം. മനസ്സിൽ ഉറപ്പിച്ചുകൊണ്ട് അവൻ എഴുന്നേറ്റു.

 

കുളികഴിഞ്ഞ് അത്താഴം കഴിക്കാനായി ഇരുന്നപ്പോൾ ഭാര്യയിൽ നിന്നും ഒരു ചോദ്യം ഉണ്ടായി.

 

‘‘ഇതെന്താ ഏതാണ്ട് മുഖത്ത് ഇഞ്ചി കടിച്ച ഒരു ജീവിയുടെ ഭാവം. കല്യാണവീട്ടിൽ പോയിട്ട് വരാനും വൈകി സേവാ സഭയിലോ മറ്റോ പെട്ടുപോയെന്നു തോന്നുന്നു’’

 

‘‘ ഹേയ് ഒന്നുമില്ല ഒരു ചെറിയ തലവേദന ഒന്നുറങ്ങിയാൽ ശരിയാകും. കുട്ടികൾ ഉറങ്ങിയോ, ഒച്ചയും ബഹളവും ഒന്നും ഇല്ലല്ലോ’’

 

 ‘‘നാളെ മുതൽ മോന് പരീക്ഷ തുടങ്ങുകയാണ്. നിങ്ങൾ ഒന്നു ശ്രദ്ധിക്കണം ഈ ആയാറാം പോയാറാം മട്ടിലായാൽ കാര്യങ്ങൾ ശരിയാവില്ല. എന്നെക്കൊണ്ട് എല്ലാം കൂടി പറ്റില്ല’’

 

         ‘ഉം നോക്കാം മോളുറങ്ങിയോ’

 

മറുപടിയെന്നോണം അവളിൽ നിന്നും ഒരു നോട്ടമല്ലാതെ പിന്നീട് പ്രതികരണമൊന്നും ഉണ്ടായില്ല. ശരിയാണ് താൻ മക്കളുടെ കാര്യങ്ങൾ ഒന്നും ഒരിക്കലും ശ്രദ്ധിക്കാറില്ല. ജോലിയുടെ തിരക്കും അൽപ സ്വൽപമുള്ള സാമൂഹിക പ്രതിബദ്ധതയും തന്നെ വീട്ടിലേക്കു ഉപകാരമില്ലാത്ത  തിരക്കുള്ള ഒരു ജീവിതത്തിലേക്ക് നയിച്ചിരിക്കുന്നു. കടമകൾ പലതും നിറവേറ്റാൻ തനിക്കു കഴിയാതായി പോയ പോലെ. അവളുടെ പരിഭവത്തിൽ കഴമ്പുണ്ട് എന്നവൻ മനസ്സിൽ ഓർത്തു.

 

 

പിറ്റേദിവസം ജോലിയിൽ വ്യാപൃതയാണന്നിരിക്കെ ഇടയ്ക്ക് സമയമുണ്ടാക്കി നീതുവിൽ  തുടങ്ങുന്ന പേരുകൾ മുഴുവൻ ഇന്റർനെറ്റിൽ സെർച് ചെയ്തു നോക്കി. അവളുടെ സമാനരൂപത്തിലുള്ള ഒരു പ്രൊഫൈൽ പോലും കണ്ടെത്താൻ കഴിഞ്ഞില്ല. അവനിൽ പഴയ ആവേശം വീണ്ടും ഉണർവുണ്ടാക്കിയപോലെ, ആ വികാര വിചാരങ്ങൾക്കു അവൻ അടിമയായപോലെ തോന്നിയ നിമിഷം ഓഫീസ് വിട്ടു പുറത്തേക്കിറങ്ങി. ഇനി കണ്ടു പിടിച്ചിട്ടു തന്നെ കാര്യം എന്നവൻ മനസ്സിൽ ഓർത്തു. നേരെ പെൺവീട്ടുകാർ കല്യാണം കവർ ചെയ്യാൻ ഏൽപ്പിച്ച സ്റ്റുഡിയോക്കാരുടെ നമ്പർ സംഘടിപ്പിച്ചു കൊണ്ട് അവിടെ ചെന്നു. പെൺകുട്ടിയുടെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി. കല്യാണ വിഡിയോ എഡിറ്റ് ചെയ്യുന്നവന്റെ അരികിൽ ഇരുപ്പുറപ്പിച്ചു...

 

അതിൽ എവിടെയോ ഒരു ഭാഗത്തു മിന്നായം പോലെ മറയുന്ന അവളുടെ ഒരു രൂപമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. നിരാശനായി പുറത്തിറങ്ങിയപ്പോഴാണ് അവൾ വന്നിറങ്ങിയ കാറിന്റെ ചിത്രം വിഡിയോ യിൽ ഉണ്ടല്ലോ എന്ന് ഓർമ്മവന്നത്. തിരിച്ചു വീണ്ടും ചെന്ന് ആ കാറിന്റെ നമ്പർ സംഘടിപ്പിച്ചു കൊണ്ട് ഓഫീസിലേക്ക് തിരിച്ചു.  വരുന്ന വഴിതന്നെ‌ ആ കാർ രജിസ്റ്റർ ചെയ്ത ആളുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ചുകൊണ്ട്  ഒന്ന് വിളിച്ചു. മറുതലക്കൽ ഒരു പുരുഷൻ ആയിരുന്നു ഫോൺ എടുത്തത്.

 

‘‘ഓ ..നീതുവോ ..!    അത് ഭാര്യയുടെ കൂട്ടുകാരിയാണല്ലോ എന്തുപറ്റി ?’’

 

‘‘അയ്യോ ഒന്നും പറ്റിയില്ല അവരുടെ നമ്പർ ഒന്ന് വേണമായിരുന്നു ഇന്നലെ കല്യാണത്തിന് വന്നപ്പോൾ ചോദിക്കാൻ തിരക്കിനിടയിൽ  പറ്റിയില്ല’’

 

‘‘ഒരു കാര്യം ചെയ്യാം നിങ്ങളുടെ നമ്പർ തരൂ ഞാൻ കൊടുത്തേക്കാം അതല്ലേ ശരി ?’’

 

‘‘ഓ മതി ധാരാളം മതി’’ എന്നുപറഞ്ഞുകൊണ്ടു അശോക് മൊബൈൽ നമ്പർ കൊടുത്തു. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി. ഫോണിൽ വരുന്ന സേവ് ചെയ്യാത്ത മിക്ക നമ്പറും നീതുവിന്റെ താണെന്നുകരുതി എടുത്തു. നിരാശനാവുന്നതിൽ കവിഞ്ഞ് മറ്റൊന്നും നടക്കാതായപ്പോൾ അവൻ അത് മനസ്സിൽ നിന്നും മെല്ലെ പറിച്ചെടുത്തു കളയാൻ ശ്രമിച്ചു. പെട്ടന്നൊരു ദിവസം ഒരു വിളി വന്നു.

 

 ‘‘അശോകിന് സുഖമാണോ’’

‘‘ഉം അസുഖമൊന്നും ഇല്ല ..എന്തേ ഇത്രദിവസം വിളിക്കാതിരുന്നത്’’

 

‘‘വേണ്ട എന്നുകരുതിയതാ. എന്നെ കൊല്ലാനാണോ വളർത്താനാണോ എന്നെനിക്കു സംശയം തോന്നി. അന്നത്തെ അനുഭവം അതായിരുന്നു’’

 

‘‘നിന്നെ  അന്ന്  നിന്റെ ഏട്ടന്മാർ മാറ്റിയതല്ലേ ഞാൻ കുറേ ശ്രമിച്ചു. കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അവസാനം മെല്ലെ അതൊക്കെ മറന്നു ഞാൻ മറ്റൊരു ജീവിതത്തിലേക്ക് തിരിഞ്ഞു. നിന്നെ ഇപ്പോൾ കണ്ടപ്പോൾ അദ്ഭുതം തോന്നി ആട്ടെ എന്തൊക്കെയുണ്ട് വിശേഷം ?’’

 

‘‘എന്ത് വിശേഷം ആ വിവാഹത്തിന് വന്ന വീടുമായി അശോകിന് എന്താ ബന്ധം’’

 

‘‘അതറിയാനാണോ ഇപ്പോൾ വിളിച്ചത്.?’’

 

‘‘ ചോദിക്കാനും പറയാനും  നമ്മൾക്കിടയിൽ വിഷയങ്ങൾ ഒന്നും തന്നെ  ഇല്ല അല്ലേ അശോക് ?’’

 

 ‘‘ചോദിക്കൂ പറയാം’’

 

അങ്ങനെ വീണ്ടും തുടങ്ങിയ ആ ബന്ധം വഴിമാറിയത് വളരെപ്പെട്ടന്നായിരുന്നു  അതിനിടയ്ക്കെപ്പൊഴോ അവരുടെ രണ്ടുപേരുടെയും ഇടയിൽ ചില പൂർവകാല സുഹൃത്തുക്കൾ കൂടി കടന്നുവന്നു.അവരിൽ പലരും അവരുടെ ബന്ധങ്ങൾക്കിടയിൽ വലിയ വിള്ളലുകൾ സൃഷ്ടിച്ചവർ ആയിരുന്നു അന്നും ഇന്നും .!  

 

പഴയകാല സന്ദർഭങ്ങളും  സമയ വീചികളും അവർക്കിടയിൽ വാചാലതയുണ്ടാക്കി കടന്നുപോകെവേ ഇടക്കെപ്പോഴോ അശോക് നീതുവിനോട് ചോദിച്ചു. 

 

‘‘നമ്മൾക്കിടയിൽ മനോഹരമായ ഒരു പ്രേമം ഉണ്ടായിരുന്നു അല്ലെ ..?’’

 

‘‘ഉവ്വ് പ്രായത്തിന്റെ പക്വതയില്ലാത്ത സമയത്തുണ്ടായ ഒരു ഭ്രാന്ത് അല്ലാതെന്ത് അല്ലേ അശോക്.?’’

 

അവനവളെ ജീവനെ പോലെ ഇഷ്ടമായിരുന്നു !  

 

‘‘ഉം ....അതൊരു ഭ്രാന്തുതന്നെ ആയിരുന്നു. ഇന്ന് നമ്മൾ യൗവനത്തിന്റെ ആദ്യപാതിയിൽ എത്തിയിരിക്കുന്നു എന്നിട്ടും ആ ഭ്രാന്ത് അല്ലേ നീതു’’

 

‘‘ അല്ല അശോക്. താൻ  എന്നെ അന്വേഷിക്കുന്നതിനിടയിൽ നമ്മൾക്കിടയിൽ ഉള്ള പലരെയും കണ്ടിരുന്നു എന്നറിഞ്ഞു. അതിൽ ചിലരെ താൻ ശരിയായ രീതിയിൽ കണ്ടിരുന്നു എന്നും ഞാൻ അറിഞ്ഞു ..

ശരിയാണോ ’’

 

‘‘ അല്ല. എനിക്ക്... എനിക്കൊരു സംശയമുണ്ട് .അവർക്ക് എന്നിൽ നിന്നും നേടാൻ പലതും ഉണ്ടാവും അത് നിന്നുപോയാലോ എന്നുള്ള  ആശങ്കയാവും ..അറിയില്ല ഞാൻ  അങ്ങനെ ധരിക്കുന്നു’’

 

‘‘പലരും പറഞ്ഞു... ഞാൻ തന്നെ കുറച്ചുകാലം മുൻപുതന്നെ കണ്ടിരുന്നു എന്ന് പറഞ്ഞല്ലോ’’

 

‘‘ശരിയാണ് ലോകത്തിൽ സ്വാർഥതയില്ലാത്ത ആരും ഇല്ല നീതു’’

 

അവർ നടന്നു നടന്നു മനോഹരമായ  പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ആ ആരാമത്തിന്റെ പടിക്കൽ എത്തിയപ്പോൾ അതിനു മുന്നിൽ അനേകം കുഞ്ഞുങ്ങൾ കളിക്കുന്നുണ്ടായിരുന്നു.ആ കുഞ്ഞുങ്ങളെ നോക്കി അവൻ അവളോട് ചോദിച്ചു.

 

‘‘അല്ല നീതു തന്റെ കുടുംബം അതെങ്ങിനെ..? ഇതുവരെ ഞാൻ അത് ചോദിച്ചില്ല ചോദിക്കാൻ തോന്നിയില്ല അതാണ് സത്യം. താൻ മറ്റൊരാളുടെ എന്നുള്ളത് അന്നും ഇന്നും ചിന്തിക്കാൻ വയ്യ’’

 

‘‘മോൾ വിവാഹം കഴിഞ്ഞു പോയി വിദേശത്താണ്..അവളെക്കൂടാതെ ഒരുപാട്‌ കുഞ്ഞുങ്ങൾ എനിക്കുണ്ട്’’

 

ഭർത്താവ്..?

 

‘ജീവിച്ചിരിപ്പുണ്ട് പക്ഷേ’’

 

‘‘ഉം ...ബാക്കി പറയേണ്ട’’

 

അവനതു കേൾക്കാൻ ഇഷ്ട്ടമല്ലായിരുന്നു ..!

 

പൂവാടിയിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളെ നോക്കി അവൾ അവനോടു പറഞ്ഞു.

 

‘‘ഈ കുഞ്ഞുങ്ങളെ നോക്കൂ അശോക്. അവർ എത്ര സന്തോഷവാന്മാരാണ്. അവർക്കാരുമില്ല. എവിടെയോ എങ്ങനെയോ ജനിച്ചു. ഈ കുഞ്ഞുങ്ങളുടെയെല്ലാം അമ്മയാകാൻ കഴിഞ്ഞിരുന്നെങ്കിൽ... അവളെ താൻ എന്ത് വിളിക്കും’’

 

 അവൻ ഒട്ടും ആലോചിക്കാതെയാണത് പറഞ്ഞത്.

 

‘‘ ഞാൻ നീതു എന്ന് വിളിക്കും. നിന്നിൽ ആ നന്മയുണ്ട് ഞാൻ അത് തിരിച്ചറിയുന്നു’’‌

 

‘‘താൻ  അവർ വന്ന ആ വണ്ടികണ്ടോ ഒരു അനാഥാലയത്തിലെ വണ്ടിയാണത്’’

 

അശോക് ആ വണ്ടിയിലേക്ക് നോക്കിയപ്പോൾ സ്തബദ്ധനായി പോയി അവൻ അത്രകാലം തിരഞ്ഞ സെമസ്ററ് എന്ന അക്ഷരം ആ വണ്ടിയിൽ വെണ്ടയ്ക്കാ അക്ഷരത്തിൽ എഴുതിവച്ചിരിക്കുന്നു. സ്തബ്ധനായി നിൽക്കുന്ന അവന്റെ കാതുകളിലേക്ക് അവളുടെ ശബ്ദം ഒഴുകിയെത്തി.

 

‘‘ ഉം ..അതേ അശോക്... നമ്മുടെ വഴികൾ ഈ പൂവാടിക്കുമുന്നിൽ പിരിയുകയാണ് ഇനി ഒരിക്കലും കാണരുത്... കാണാൻ ശ്രമിക്കരുത്’’

 

അന്തം വിട്ടുനിന്ന അശോകിനെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചുകൊണ്ടവൾ നടന്നകന്നു. അവളെ കണ്ടപ്പോൾ മമ്മീ എന്നുവിളിച്ചുകൊണ്ട് അനേകം കുഞ്ഞുങ്ങൾ അവളുടെ കൂടെ ആ വണ്ടിയിലേക്ക് കയറുന്നത് ഈറൻ കണ്ണിൽ നിഴലുപോലെ  അശോക് കണ്ടു. അവൻ മനസ്സിൽ പറഞ്ഞു നന്മനിറഞ്ഞവൾ... മനസ്സിൽ സ്നേഹം മാത്രം  ഉള്ളവൾ... അന്നും ഇന്നും എന്നും... തന്റെ മനസ്സിലെ മാലാഖ...

 

 പോക്കറ്റിലെ മൊബൈൽ ഫോണിൽ നിർത്താതെ ഉള്ള ബെല്ലടിക്കേട്ട അവൻ ഞെട്ടി ഉണർന്നു ഫോൺ അറ്റന്റ് ചെയ്തു.

 

‘‘നിങ്ങളിത് എവിടെയാ മനുഷ്യാ? മോന് നല്ല സുഖമില്ല രണ്ടുവട്ടം ഛർദ്ധിച്ചു ഒന്ന് വേഗം വരൂ’’

 

അവൻ ഓർത്തു. തന്റെ ലോകം അവൾക്കുമുന്നിൽ എത്ര ചെറുതാണ്. തനിക്കു തന്റെ കുടുംബം മാത്രം അവൾക്കോ?... അവന്റെ കാലുകൾ  അവൻ അറിയാതെ  കാറിനടുത്തേക്ക് നീങ്ങവേ ... ആ അനാഥാലയത്തിലെ അനവധികുട്ടികളുമായി പോകുന്ന ആ വണ്ടിയിൽ നിന്നും  നീതുവിന്റെ കൈ അവനുനേരെ രണ്ടുമൂന്നുവട്ടം ഉയർന്നു. അന്തരീക്ഷത്തിൽ ഓളങ്ങൾ ഉണ്ടാക്കി .അറിയാതെ അവന്റെ കയ്യും അന്തരീക്ഷത്തിൽ ഉലഞ്ഞു. ചുണ്ടിൽ അറിയാതെ വന്ന വാക്കുകൾ അവിടെ ചെറിയൊരു ഓളം സൃഷ്ടിച്ചു.

 

‘‘ മനസ്സിൽ നന്മ നിറഞ്ഞവളേ... നിനക്കെന്നും നല്ലതുമാത്രം വരട്ടെ’’

 

അവന്റെ മനസ്സിലെ ചിത എരിഞ്ഞടങ്ങിയിരുന്നു. സംശുദ്ധമായ മനസ്സിൽ മോന് എന്തുപറ്റി എന്നുള്ള ആധിയുടെ ചിതയൊരുങ്ങിക്കഴിഞ്ഞതും എത്രയോ കുഞ്ഞുങ്ങളുടെ അമ്മയായ അവളെ അവൻ മറന്നുപോയിരുന്നു. അവൻ അറിയാതെ ആ വണ്ടിയുടെ  ആക്‌സിലേറ്ററിൽ കിട്ടാവുന്ന അത്രയും ശക്തിയിൽ കാലമർത്തി.

 

English Summary : Short Story, Ormachitha by Hari Vadassery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com