ADVERTISEMENT

‘‘ ഇന്നലെ രാത്രി നീ എത്രമണിക്കാടാ വീട്ടിൽ എത്തിയത്?’’

 

 അതുവരെ ആരും കാണാതിരുന്ന അയാളുടെ ആ ഭീകര രൂപം കണ്ട് ഭാര്യയടക്കമുള്ളവർ  ഞെട്ടിവിറച്ചു.

തലതാഴ്ത്തിനിന്നിരുന്ന  മകനിൽ  നിന്നും മറുപടി ഒന്നും വരുന്നില്ല എന്നുകണ്ടപ്പോൾ അയാളുടെ ദേഷ്യം ഇരട്ടിക്കുകയായിരുന്നു.

 

‘‘എൻജിനീയറിങ് മുഴുവനാക്കാതെ നാട്ടിൽ തേരാ പാര നടന്നാൽ നിനക്ക് ഭാവിയിൽ ഒരു ജീവിതമുണ്ടെന്ന്  തോന്നുന്നുണ്ടോ ?’’

 

അതിനും മറുപടിയില്ല...

 

‘‘ നിങ്ങളിന്നു സൗകര്യങ്ങളുടെ നടുവിലാണ്. കാറ്, ബൈക്ക്, മൊബൈൽ, വലിയ വീട്, വീട്ടിൽ അൻപത്തിയഞ്ച്  ഇഞ്ച് ടി വി, കഴിക്കാനുള്ള വകകൾ ഇഷ്ടം പോലെ... നിനക്കൊന്നും പട്ടിണിയും ബുദ്ധിമുട്ടും എന്താണെന്നറിയില്ല മോനെ... എന്റേതു പോലെയുള്ള ഒരു  ജീവിതമാകരുത് എന്റെ മക്കൾക്ക് എന്നുള്ള വാശിയോടെ ഞാൻ എല്ലാം ചെയ്തു തന്നു. പക്ഷേ ആ സൗകര്യങ്ങൾ നിന്നെ കൊണ്ടെത്തിച്ചത് പടുകുഴിയിലാണ് എനിക്ക് തെറ്റി’’

 

അയാൾ  സ്വന്തം  മകനിലൂടെ തന്റെ ചെറുപ്പത്തെ ഒന്ന് നോക്കിക്കാണാനുള്ള ശ്രമം നടത്തുകയായിരുന്നു. തമ്മിലുള്ള അന്തരം എത്രമാത്രം ഭീകരമാണ് എന്നതൊന്നു വിലയിരുത്തുകയായിരുന്നു. ഒന്നും അവന‌െ ബാധിക്കില്ല എന്നറിയാം. എങ്കിലും  കഴിയുമെങ്കിൽ തന്റെ ഗുണഗണങ്ങൾ അക്കമിട്ടു നിരത്തി  മകനെ ഒന്ന് ഉപദേശിക്കാം എന്നതായിരുന്നു ലക്‌ഷ്യം.

 

പ്രാഥമിക വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള താൻ കേവലം പതിനാലു വയസ്സുള്ളപ്പോൾ ഗ്രാമത്തിലെ പത്രവിതരണത്തിൽ നിന്നും തുടങ്ങി, ഗൾഫിലെ വലിയൊരു എൻജിനീയറിങ് സ്ഥാപനത്തിൽ  എത്തിപ്പെട്ടു. ജോലിയോടു കാട്ടിയ അർപ്പണമനോഭാവത്താൽ തനിക്കും കുടുംബത്തിനും ഉണ്ടായ നേട്ടങ്ങളെക്കുറിച്ചൊക്കെ ആലോചിക്കുമ്പോൾ പുതിയ തലമുറയുടെ അപചയങ്ങൾ എത്രമാത്രം പരിതാപകരമാണ് എന്നയാൾ ചിന്തിച്ചു. ഇങ്ങനെയൊക്കെ ആലോചിച്ചുകൊണ്ട് അയാൾ  മകന്റെ‌ മുഖത്തു നിന്നും കണ്ണെടുക്കാതെ നോക്കി നിന്നു. 

 

‘‘നിങ്ങൾ സമാധാനമായിരിക്കൂ, അവനിനി അങ്ങിനെ ഒന്നും ചെയ്യില്ല’’  – അതുപറഞ്ഞുകൊണ്ടു അവനെ ന്യായീകരിക്കാൻ നിന്ന ഭാര്യയെ നോക്കി അയാൾ  അലറി..! 

 

‘‘ അകത്തേക്ക് കയറി പോടീ. മകൻ എന്തു തെറ്റ് ചെയ്താലും അതിനെ ന്യായീകരിച്ച് അവനെ ഇവിടെ വരെ കൊണ്ടെത്തിച്ചത് നീ ഒരുത്തിയാ.  അമ്മയുടെ ദയയും മകൻ എന്നുള്ള പരിഗണനയും അവനെ എത്രമാത്രം വഷളാക്കുന്നു എന്ന് .ചിന്തിച്ചിട്ടുണ്ടോ ? ഇന്നലെ   ഇവൻ  എവിടായിരുന്നു? എന്തിനു പോയി? എപ്പോൾ വന്നു? അത്രയും പറയാതെ  അകത്തേക്ക് കയറി പോകരുത്.!

 

നോക്കിനിൽക്കേ മുഖത്തെ പേശികൾ വലിഞ്ഞു മുറുകി നിന്ന മകനെ നോക്കി അയാൾ വ്യാകുലപ്പെട്ടു. അവനിലെ മാറ്റം അയാളിൽ വലിയ ഒരു ഭീതി സൃഷ്ടിച്ചു. അവന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ബെല്ലടിക്കുന്നതു കേട്ട് അയാൾ അത് പിടിച്ചുവാങ്ങി. അയാളിൽ നിന്നും അവനതു പിടിച്ചുവാങ്ങാൻ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും കഴിഞ്ഞില്ല. ഫോൺ ആറ്റന്റ് ചെയ്തതും മറുതലക്കൽ നിന്നും ഭീതിയോടെ ഒരു ചോദ്യം 

 

‘‘ ഡാ നീ എവിടെയാ എന്താ വരാത്തത്..?  കയ്യിൽകിട്ടിയത് അടിച്ചു മാറ്റി വേഗം വാടാ അയാളുടെ  ബോഡി കണ്ടെടുത്താൽ പിന്നെ രക്ഷപെടാൻ പറ്റിയെന്നു വരില്ല..!’’

 

‘‘ഫോണിൽ ഒന്നും പറയാതെ നിന്ന അയാളെ നോക്കി അവൻ പല്ലിറുമ്മിക്കൊണ്ട് അതുപിടിച്ചുവാങ്ങാൻ ഒരു ശ്രമം കൂടി നടത്തി !  അയാൾ അത്യന്തം ഭീതിയോടെ മകനെ ഒന്ന് നോക്കികൊണ്ട്  നിലത്തു തളർന്നിരിക്കവേ അവൻ ആ ഫോണും തട്ടിപറിച്ച്, ബൈക്കും എടുത്തുകൊണ്ടു ഗേറ്റ് കടന്നു പുറത്തേക്കു പോയി.’’

 

‘‘ അയാളുടെ ചെവിയിൽ ഫോണിൽ വന്ന ശബ്ദം വീണ്ടും വീണ്ടും പ്രതിധ്വനിച്ചു ബോഡി കണ്ടെടുത്താൽ..! ആരുടെ  ബോഡി? എന്താണ് സംഭവിച്ചത്? അയാൾ തിടുക്കത്തിൽ   അകത്തേക്ക് വന്ന് തന്റെ ഫോണെടുത്ത് പൊലീസ് കൺട്രോൾ റൂമിലേക്കുള്ള നമ്പറിൽ വിളിച്ചു. ഒരു സ്ത്രീയാണ് ഫോൺ എടുത്തത്. 

 

‘‘എനിക്ക് സി ഐ റാങ്കിലുള്ള ആരുടെ എങ്കിലും ഒരു നമ്പർ വേണം അത്യാവശ്യമാണ് ഒന്ന് തരാമോ’’

 

‘‘ആരാ വിളിക്കുന്നത്, എവിടെ നിന്നാണ്?’’

 

അയാൾ പേരും സ്ഥലവും പറഞ്ഞുകൊടുത്തു 

 

‘‘ ആ നിങ്ങളുടെ സർക്കിളിൽ ഇപ്പോൾ ചാർജുള്ളത് ഡേവിസ് സാറിനാണ് അദ്ദേഹം ഒരു  മിസ്സിങ്  കേസിന്റെ അന്വേഷണവുമായി  ബന്ധപെട്ട‍്  പുറത്തു പോയിരിക്കാനാണ് സാധ്യത. ‘അത്യാവശ്യമാണെങ്കിൽ ഈ മൊബൈലിൽ വിളിച്ചോളൂ’. എന്നുപറഞ്ഞവർ അദ്ദേഹത്തിന്റെ നമ്പർ കൊടുത്തു. അയാൾ രണ്ടു വട്ടം ആലോചിച്ചതിനു ശേഷമാണ് ആ നമ്പറിൽ വിളിച്ചത്.

 

‘‘ഹലോ ഡേവിസ് സാറല്ലേ, ഞാൻ കൺട്രോൾ റൂമിൽ നിന്നും ആണ് സാറിന്റെ നമ്പർ വാങ്ങിയത്. എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു’’

 

 

‘‘അതേ പറയൂ എന്താകാര്യം’’

 

അയാൾ ഉണ്ടായകാര്യങ്ങളും താൻ അറ്റന്റ് ചെയ്തപ്പോൾ കേട്ടകാര്യങ്ങളും വള്ളി പുള്ളി വിടാതെ അദ്ദേഹത്തിന് പറഞ്ഞുകൊടുത്തു. എല്ലാം കേട്ടുകഴിഞ്ഞു സി ഐ പറഞ്ഞു. 

 

‘‘ നഗരത്തിലെ  പ്രസിദ്ധനായ ഒരു വ്യവസായി ഇന്നലെ രാത്രി വീട്ടിൽ എത്തിയിട്ടില്ല. കാറും കാണാനില്ല. നിങ്ങൾ പറഞ്ഞ കാര്യം വച്ച് നോക്കുമ്പോൾ.... ങാ അതിൽ നിങ്ങളുടെ മകൻ ഉൾപെടാതിരിക്കാൻ പ്രാർത്ഥിച്ചോളൂ. അവന്റെ നമ്പർ ഒന്ന് തരൂ. അതുപോലെ  അവന്റെ ഫോണിലേക്ക് വന്ന കോളിന്റെ നമ്പറോ പേരോ വല്ലതും ഓർമ്മയുണ്ടോ’’

 

‘‘ഇല്ല സർ ഒരു മൊബൈൽ നമ്പർ ആയിരുന്നു. പേരുകണ്ടില്ല മാത്രമല്ല അതുനോക്കാനുള്ള സമയം തരാതെയാണവൻ ഫോണും തട്ടിപ്പറിച്ചുകൊണ്ട് പോയത്’’

 

‘‘അവന്റെ ഫോണിലേക്കു ആ വിളി  വന്ന  സമയം കൃത്യമായി  ഒന്ന് പറയാമോ’’

 

‘‘എട്ടുമണി ആയിക്കാണും സർ’’

 

‘‘എന്തയാലും നിങ്ങൾ ഒന്ന് സൂക്ഷിക്കണം. എന്തെങ്കിലും  തീവ്രമായ  രഹസ്യമാണ് അതെങ്കിൽ നിങ്ങൾ അറിഞ്ഞു എന്നവർക്ക് മനസ്സിലായാൽ. നിങ്ങളുടെ മകൻ ചെയ്തില്ല എങ്കിൽ കൂടി  അവന്റെ കൂട്ടുകാർ നിങ്ങളെ അപകടപ്പെടുത്തും. അതൊരു ക്രിമിനൽ സൈക്കോളജിയാണ് അതുപോലെ നിങ്ങളുടെ മകനെക്കുറിച്ച് എന്ത് അറിവുകിട്ടിയാലും എന്നെ ഉടൻ അറിയിക്കണം. തെറ്റിൽ നിന്നും തെറ്റിലേക്കുള്ള പ്രയാണത്തിൽ ആണ് ഇന്നത്തെ തലമുറകൾ മനസ്സിലായോ’’

 

‘‘ഉവ്വ് സർ സൂക്ഷിക്കാം. എനിക്ക് കഴിയുന്നതു പോലെ ഞാൻ ചെയ്യാം എനിക്കെന്റെ മകനെ തിരിച്ചു വേണം. സാറ് സഹായിക്കണം ’’

 

സി ഐ അതിനു മറുപടി ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു.

 

‘‘ അയാളുടെ മനസ്സിൽ ആ ഫോൺ കോളിലെ വിവരങ്ങൾ പമ്പരം പോലെ കിടന്നു കറങ്ങി. ഇനി എന്തു ചെയ്യണം?. കൂട്ടിൽ അകപ്പെട്ട വെരുകുകണക്കെ ഭ്രാന്തു പിടിക്കുമെന്നു തോന്നിയ അവസ്ഥയിൽ അയാൾ കാറും എടുത്തുകൊണ്ടു പുറത്തേക്കിറങ്ങി. പതിവുപോലെ അയാളുടെ കാറ് കണ്ടാൽ  ചായ എടുക്കാറുള്ള ചായപ്പീടിക മമ്മദ് അന്ന് സ്വൽപം  ഭീതിയോടെ  കാറിനരുകിലേക്കു ഓടി വന്നു കൊണ്ട് പറഞ്ഞു. 

 

‘‘ നമ്മുടെ മേനോൻ ഇല്ലേ പട്ടണത്തിലെ ആ വല്യ  ജൗളിക്കടയും  പമ്പും ബിൽഡിങ്ങും ഒക്കെയുള്ള, അയാളെ ആരോ കൊന്നു എന്നോ ശരീരം പുഴക്കടവിൽ കണ്ടു എന്നൊക്കെ കേട്ടു. നമ്മൾക്കൊന്നു പോയി നോക്കിയാലോ.?’’

 

‘‘ വാ നോക്കാം. ഞാൻ വല്ലാത്ത ഒരു അവസ്ഥയിലാടോ മമ്മദേ, എന്റെ ചെക്കൻ എന്തൊക്കെയോ ഏടാകൂടത്തിൽ ചെന്ന് പെട്ടിട്ടുണ്ട്’’

 

മമ്മദ് അതിനു മറുപടി ഒന്നും പറഞ്ഞില്ല. അയാൾ ചായക്കടയിലുള്ള തന്റെ ഭാര്യയെ നോക്കിക്കൊണ്ട് ‘ഞാനിപ്പോൾ വരാം’ എന്നും പറഞ്ഞു കാറിൽ  കയറി. ഗ്രാമാതിർത്തി കഴിഞ്ഞതും എതിരെ വന്ന ഒരു പരിചയക്കാരനായ ഓട്ടോക്കാരനെ തടഞ്ഞു നിർത്തി മമ്മദ് കാര്യം തിരക്കി. 

 

‘‘ആ കണ്ടു അവിടെ തെക്കേക്കടവിലാ, കൊന്നിട്ടതാ. കാറും പൈസയും ഒക്കെ പോയീന്നു തോന്നുന്നു’’. എന്നു പറഞ്ഞ് അവൻ ഓട്ടോ ഓടിച്ചുപോയി. അയാളുടെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി. ‘‘ദൈവമേ തന്റെ മകനിന്നു വന്ന ഫോൺ  ഈ കൊലപാതകവുമായി ബന്ധപെട്ടതാണോ’’.  ദൈവത്തിൽ വിശ്വാസമില്ലാതിരുന്ന അയാൾ  ലോകത്തിലെ  അറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു. 

 

‘‘ പുഴക്കടവിൽ എത്തിയപ്പോൾ  ആംബുലൻസും ഫയർ സർവീസും പോലീസ് നായകളും  പോലീസും തുടങ്ങി നാട്ടുകാരായ ആളുകളാൽ  ഒരു വലിയ ജനസമുദ്രം തന്നെ അവിടെ ഉണ്ടായിരുന്നു. ആളുകൾ വീണ്ടും വീണ്ടും കൂടുന്നതുകണ്ട് എഫ് ഐ ആർ, മഹസ്സർ തുടങ്ങിയവ ഉടൻ തയാറാക്കി മൃതശരീരം ആംബുലൻസിൽ കയറ്റി. അത് പാഞ്ഞുപോയി. സ്ഥലം സീൽ ചെയ്യാൻ നിർദ്ദേശം കൊടുത്തുകൊണ്ടുനിന്ന  സി ഐ യെ കണ്ട്  അയാൾ  കാര്യം രാവിലെ വീട്ടിൽ നടന്ന കാര്യങ്ങൾ  ഒന്നുകൂടി വിശദീകരിച്ചു.

 

‘‘ മകന്റെ അടുത്ത കൂട്ടുകാർ ആരൊക്കെയാണ്?. അവരുടെ നമ്പർ വല്ലതും കയ്യിൽ ഉണ്ടോ’’

 

‘‘ ഇല്ല സർ അവൻ വീട്ടിൽ ഒരു അന്തർമുഖനാണ്‌. കൂടുതൽ ആരോടും സംസാരിക്കാറില്ല. മാത്രമല്ല ഞാൻ വീട്ടിലുള്ളപ്പോൾ അവന്റെ കൂട്ടുകാരാരും അങ്ങോട്ട് വരാറില്ല’’

 

‘‘മക്കളെ മക്കളായി വളർത്തുമ്പോഴും അവരെ ഒരു സുഹൃത്തായി കാണാൻ ശ്രമിക്കാത്ത ഏതൊരു അച്ഛനും അമ്മയ്ക്കും മക്കൾ അന്തർമുഖനായി തോന്നാം. വീട്ടിലെ മൂകൻ അങ്ങാടിയിൽ വാചാലനാവും’’

 

‘‘അവൻ വീട്ടിൽ ആരോടും കാര്യമായി സംസാരിക്കാറില്ല എന്നാണ് ഞാൻ പറഞ്ഞത് സാർ ’’

 

‘‘അതെന്തുകൊണ്ടാണ് എന്ന് നിങ്ങൾ  ചോദിച്ചിട്ടുണ്ടോ’’

 

‘‘ഇല്ല  സർ. ഞാൻ വിദേശത്താണ്. അവന്റെ അമ്മയും ചേച്ചിയും പറയുന്നതൊന്നും അവൻ  കേൾക്കാൻ നിൽക്കാറില്ല  എന്നതാണ് സത്യം’’

 

‘‘ഇതൊരു ക്ലിയർ കൊലപാതകം തന്നെ..!  ചെയ്തവരെ ഞങ്ങൾ കണ്ടു പിടിച്ചു കഴിഞ്ഞു.  കൃത്യസമയത്തു തന്നെയാണ് താൻ മെസ്സേജ് തന്നത്. അവർ നാലുപേരുണ്ട്. അവർക്കു പിന്നാലെ പൊലീസുമുണ്ട്. ബോഡി പോസ്റ്റുമോർട്ടം കഴിഞ്ഞു ബന്ധുക്കൾക്ക് വിട്ടു കൊടുക്കുന്നതിനു മുൻപ് അവരെ ഞങ്ങൾ പൊക്കും.!

 

സി ഐ അത് പറഞ്ഞപ്പോൾ അയാളുടെ സപ്ത നാഡികളും തളർന്നുപോയി. കൂടെ വന്ന മമ്മദ് അയാളെ സമാധാനിപ്പിച്ചുകൊണ്ടു പറഞ്ഞു. 

 

‘‘ ഹേയ് ആ കുട്ടി അതൊന്നും ചെയ്തിട്ടുണ്ടാവില്ല. അതിനത്രയ്ക്കു ധൈര്യമൊന്നും ഉണ്ടാവില്ല. നമ്മുടെ മക്കളുടെ കൂട്ടുകെട്ട് നമ്മളെപ്പോഴും ശ്രദ്ധിക്കുന്നത് നല്ലതാ... നിങ്ങൾ വരൂ’’

 

വീട്ടിലെത്തിയ അയാൾ അവന്റെ ഫോണിലേക്കു പലവട്ടം വിളിച്ചു. തന്റെ   ഫോണിലേക്കു വരുന്ന ഓരോ വിളിയിലും തന്റെ മകനെക്കുറിച്ചുള്ള വിവരമായിരിക്കും എന്ന് ധരിച്ചു കൊണ്ട്  ആകാംഷയോടെ ഫോൺ എടുത്തുകൊണ്ടിരുന്നു. വൈകുന്നേരത്തോടെ  ടിവിയിലെ വാർത്താ ചാനലിൽ  തലമൂടിയ നാല് ചെറുപ്പക്കാരെ കാണിച്ചുകൊണ്ടു കൊലപാതക വിഷയവും മറ്റുമായി കാണിച്ച വാർത്ത കണ്ട്   അയാൾക്ക്‌ ബോധം നഷ്ടപെടുന്നതുപോലെ തോന്നി. അതിൽ തന്റെ  മകനുണ്ടോ..?

 

കുറച്ചുകൂടി വ്യക്തത വരുത്തി കുറ്റവാളികളുടെ വിശദാശങ്ങളും മറ്റും അടുത്ത പത്രപ്രസ്താവനയിൽ പറയുന്നതായിരിക്കും എന്നുപറഞ്ഞുകൊണ്ടു കമ്മീഷണർ വാക്കുകൾ അവസാനിപ്പിച്ചു. അതോടെ അയാൾ അകെ ഭയവിഹ്വലനായി  ഫോൺ എടുത്തു നേരത്തെ കണ്ട പോലീസ് ഓഫിസറെ ഒന്നുകൂടി വിളിച്ചു.

 

‘‘ താങ്കൾ സ്റ്റേഷൻ വരെ ഒന്ന് വരൂ’’. എന്നുമാത്രമായിരുന്നു മറുപടി. ഒരു മിനിറ്റുപോലും പാഴാക്കാതെ അയാൾ വണ്ടിയും എടുത്തിറങ്ങി. സ്റ്റേഷനിൽ   എത്തിയപ്പോൾ ഓഫിസർ അയാളെ അകത്തേക്ക് വിളിപ്പിച്ചു കൊണ്ട് പറഞ്ഞു.

 

‘‘ നിങ്ങളുടെ മകന് വിഷയത്തിൽ പങ്കില്ല എന്നാണ് ഇതുവരെ ഉള്ള അറിവ്. പക്ഷേ അവൻ മാപ്പുസാക്ഷി ആകേണ്ടി വരും. കാരണം അവന് കാര്യങ്ങൾ  എല്ലാം അറിയാമായിരുന്നു. കൃത്യം ചെയ്ത നാലുപേർ അവനെ കൂടി കരുവാക്കുകയായിരുന്നു. അതിനു കാരണം സാമാന്യം ദാരിദ്ര്യമില്ലാത്ത നിങ്ങളുടെ ചുറ്റുപാടുകൾ തന്നെ. മകന്റെ ആവശ്യത്തിൽ കവിഞ്ഞുള്ള ചിലവിനു നിങ്ങൾ കൊടുക്കുന്ന പണം അവൻ കൂട്ടുകാർക്കു മുന്നിൽ ചിലവാക്കുന്ന രീതി, വീട്ടിലെ ചുറ്റുപാട്, കാറ് ,അവന്റെ മോട്ടോർ ബൈക്ക്   തുടങ്ങി ആർഭാട  ജീവിതം... അവന്റെ കൂട്ടുകാരിൽ ഉണ്ടാക്കിയ അപകർഷതാ ബോധം  എളുപ്പത്തിൽ പണം നേടാൻ ഒരു വ്യവസായിയെ ഇല്ലാതാക്കാൻ അവരെ പ്രേരിപ്പിച്ചു’’

 

അന്തം വിട്ടുനിന്ന അയാളെ നോക്കി ഇൻസ്പെക്ടർ തുടർന്നു. 

 

‘‘ പക്ഷേ, അവർക്കു കാറും, കുറച്ചു പണവുമല്ലാതെ ഒന്നും നേടാൻ കഴിഞ്ഞില്ല. ആ നാലുപേർക്കും രക്ഷപ്പെടാനുള്ള ഉപാധിയായി  നിങ്ങളുടെ മകനെ അവർ മനപൂർവം അവർ കരുവാക്കുകയായി രുന്നു. അതിനുകാരണമായതാകട്ടെ അവന്റെ ആത്മാർഥതയുള്ള മനസ്സും. വീട്ടിലെ അംഗങ്ങൾ ആയിരിക്കണം എപ്പോഴും മക്കളുടെ ഏറ്റവും നല്ല കൂട്ടുകാർ. അങ്ങനെയാണ് ഓരോ മാതാപിതാക്കളും ചെയ്യേണ്ടത്’’

 

സർവ ഊർജ്ജവും ഊർന്നുപോകുന്ന അവസ്ഥയിൽ അയാൾ എത്തിപെട്ടിരുന്നു. എങ്കിലും ഇൻസ്പെക്ടർ ഒന്നുകൂടി വിശദീകരിച്ചു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു അയാൾക്കരുകിൽ വന്നുകൊണ്ട് പറഞ്ഞു.

 

‘‘നിങ്ങൾ  പേടിക്കണ്ട പക്ഷേ,  ഒന്ന് മനസ്സിലാക്കണം. ഒരുപക്ഷേ മകനിൽ നിന്നും കിട്ടാവുന്നതെല്ലാം സ്വന്തമാക്കിക്കൊണ്ട്, തെളിവുകൾ ഇല്ലാതാക്കാൻ അവനെക്കൂടി ഇല്ലായ്മചെയ്യാൻ മടിക്കാത്ത നാലു ക്രിമിനലുകളെയാണ് നിങ്ങ​ളുടെ സമയോചിതമായ ഇടപെടൽകൊണ്ട് ഞങ്ങൾക്ക് കു‌ടുക്കാനായത്’’.

 

ആ പൊലീസ് ഓഫിസറിന്റെ വാക്കുകൾ കേട്ട് അയാൾ അവിടെയുള്ള ബഞ്ചിൽ തളർന്നിരുന്നു. ആ  സ്റ്റേഷൻ റൂമിന്റെ ഒരു മൂലയിൽ കാൽമുട്ടിൽ തല താഴ്ത്തിയിരിക്കുകയായിരുന്ന അയാളുടെ മകനെ ഒരു പോലീസുകാരൻ പോയി വിളിച്ചുകൊണ്ടു വന്നു. അച്ഛന്റ‌െ മുൻപിലെത്തിയപ്പോൾ അവൻ ഒരു പൊട്ടിക്കരച്ചിലോടെ അയാളുടെ കൽക്കലേക്കു വീണു ..! 

 

അയാൾ അവനെ മാറോടു ചേർത്തുകൊണ്ട് പറഞ്ഞു :-

 

‘‘ മോനെ നോക്ക്... നിന്റെ കൂട്ടുകാരായിരുന്ന അവരും ജനിക്കുമ്പഴോ വളരുമ്പോഴോ കുറ്റവാളികൾ ആയിരുന്നില്ല. അവരുടെ വീട്ടിലെ ചുറ്റുപാടുകൾ, അവർ പിന്നിട്ട വഴികൾ  ഇതെല്ലാമാണ് അവരെ ഇങ്ങനെ ഒരു ദുരന്തത്തിൽ കൊണ്ടുപോയി എത്തിച്ചത്. നിനക്ക് പറ്റിയ തെറ്റ് അവർക്കിടയിൽ നീ കാണിച്ച ആർഭാടം,  അതിനു അറിയാതെ ആണെങ്കിലും അച്ഛൻ ഒരുക്കിത്തന്ന പാതകൾ, അതുമല്ലെങ്കിൽ കൂട്ടുകാർക്കിടയിലുള്ള വാചാലത. അതൊക്കെ അവർ മുതലെടുക്കുകയായിരുന്നു എന്നതാണ് ഈ അച്ഛന്റെ അനുമാനം. നമ്മൾ കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോൾ പത്തുവട്ടം ആലോചിക്കണം. താൽക്കാലിക ആസ്വാദനങ്ങൾക്കുപരി നമ്മൾക്കൊരു ജീവിതം ഉണ്ട് എന്ന് നീ ഇനിയെങ്കിലും മനസ്സിലാക്കണം. വരൂ വീട്ടിൽ പോകാം അമ്മയും അനിയത്തിയും കാത്തിരിക്കുകയാണ്’’

 

ഇത്രയും പക്വതയാർന്ന ഒരു അച്ഛനുണ്ടായതാണ് ആ മകന്റെ ഭാഗ്യം എന്ന്  സ്റ്റേഷനിൽ നിന്നും ഇറങ്ങിപോകുന്ന അവരെ നോക്കി  നിന്ന ഇൻസ്പെക്‌ടർ അപ്പോൾ ആലോചിക്കുകയായിരുന്നു.  

 

English Summary: Youvana Dhuranthangalude thavazhikal, By Hari Vadassery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com