ADVERTISEMENT

മരിച്ചവൾ (കവിത)

 

മരിച്ചവളുടെ അലമാര

അന്നാണ് തുറക്കപ്പെട്ടത്. 

ധരിച്ചതും ധരിക്കാത്തതുമായ 

വസ്ത്രങ്ങൾ... 

അണിഞ്ഞതും അണിയാത്തതുമായ ആഭരണങ്ങൾ..... 

ചമയാൻ ബാക്കി വച്ച ചമയങ്ങൾ.... 

വർണ്ണവിസ്മയങ്ങളിൽ 

മരിച്ചവളുടെ ഗന്ധം നിറഞ്ഞു നിന്നു.. 

 

ഒരു ഹൃദയാഘാതത്തിന്റെ രൂപത്തിൽ 

മരണം കവർന്നില്ലായിരുന്നെങ്കിൽ 

കാഴ്ചക്കാരുടെ കണ്ണിനാനന്ദമായി 

അവളണിയേണ്ടിയിരുന്ന കുറിക്കൂട്ടുകൾ.. 

ചാർച്ചയനുസരി

ച്ചാരൊക്കയോ പങ്കിട്ടപ്പോൾ 

രൂപമില്ലാതെ മരിച്ചവൾ ഒഴുകി നടന്നു..... 

 

വരുന്ന ഏതോ നിമിഷങ്ങളിൽ 

വീണ്ടും പങ്ക് 

വെക്കാനുള്ളതെന്നോർത്തപ്പോൾ 

 മരിച്ചവൾ ചിരിച്ചു.. 

ശബ്ദമില്ലാത്ത ചിരി.. 

 

ഒഴിഞ്ഞ അലമാരയെ നോക്കി 

ആശ്വാസത്തിന്റെ നെടുവീർപ്പുയർന്നത് 

പ്രിയതമനിൽ നിന്നാണെന്നവളറിഞ്ഞു. 

തിടുക്കത്തിലൊരു രണ്ടാം വിവാഹത്തിന്റെ 

ഒരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. 

 

തീൻമേശയിലെ കൃത്യമായ ഭക്ഷണം 

ചുമലിലെയൊഴിവാക്കേണ്ട ചുമതലകൾ.. 

വീണ്ടുമൊരു നിത്യോപയോഗവസ്തു 

അയാളുടെ അനിവാര്യതയായിരുന്നു.... 

 

 ഒഴിഞ്ഞ പലഹാരപാത്രം തുറന്ന 

പൈതലിന്റെ നിറകണ്ണുകൾക്കു

 മുന്നിലാണവൾ 

 പതറി പ്പോയത്.. 

ശബ്ദമില്ലാത്തൊരു 

തേങ്ങലിനൊടുവിലാണവളാ  പാതിയായ

മോഹങ്ങളത്രയും ചവറ്റുകുട്ടയിലെറിഞ്ഞത്. 

നിസ്സംഗതയോടെ... 

വീണ്ടും കാറ്റിനൊപ്പം ഒഴുകി പോയത്. 

 

അപ്പോഴാണ്  ഇനിയൊരിക്കലും 

നിലവിലില്ലാത്ത നമ്പറിൽ 

മറുപടിയില്ലാത്ത 

അവസാനസന്ദേശങ്ങളും പേറി 

അവളുടെ ഫോൺ മരിക്കാൻ തുടങ്ങിയത്..

 

English Summary : Marichaval Poem By Dr. S Rama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com