ADVERTISEMENT

അവന്റെ കഥ എന്റെയും  നിന്റെയും (അനുഭവക്കുറിപ്പ്)​

 ഒരു വഴിക്ക് പോകാൻ  ജംഗ്ഷനിൽ ബസ് കാത്ത് നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു ലിഫ്റ്റ് കിട്ടിയത്. ബാങ്കിലെ ഒരു സുഹൃത്താണ്.  അല്ല പരിചയക്കാരൻ! കുഞ്ഞുകുട്ടിപ്പരാധീനങ്ങളുമായി ആനവണ്ടിയിൽ പോകുന്നതിലും നല്ലതാണല്ലോ. രണ്ടാമതൊരു ആലോചനയ്ക്കിടം കൊടുക്കാതെ കാറിൽ കയറി സീറ്റ് പിടിച്ചു. ഞങ്ങൾ അന്ന് ആദ്യമായി ഒരുപാട് സംസാരിച്ചു. ബാങ്ക് കാര്യം, വീട്ടുകാര്യം,യാത്ര,വായന  അങ്ങനെ കുറേ കാര്യങ്ങൾ...

സൗഹൃദങ്ങളെക്കുറിച്ച് പറഞ്ഞു വന്ന ഇടയ്ക്ക്  തനിക്കുണ്ടായിരുന്ന തീവ്ര പ്രണയത്തിലേയ്ക്ക് ചെറിയൊരു വഴി തെറ്റൽ. കോളേജ് കാലം മുതൽ നെഞ്ചോടു ചേർത്ത ഒരു നിഷ്കളങ്ക പ്രണയത്തിന്റെ കഥ. നഗരങ്ങളും ഗ്രാമങ്ങളും കടന്ന് കാറ് അറുപതിലോടി. റബർകാടുകളെ മറികടന്ന് വയൽപച്ചപ്പ്.

‘‘ഇവിടെയാണവന് ജോലി’’, അശോകമരങ്ങൾ അതിര് തീർത്ത മതിൽക്കെട്ടുകൾക്കിടയിലൂടെ വിശാലമായ ക്യാംപസിലേക്കും ഇളം പിങ്ക് നിറം പതിച്ച കോളേജ് കെട്ടിടത്തിലേക്കും നോട്ടം പായിച്ച് ഓർമ്മയിലേക്കവൻ ഊളിയിട്ടു.

 ഇതിന് പുറകിലാ അവന്റെ  വീട് ‘‘എന്റെ പെണ്ണിനെ സ്വന്തമാക്കി കൊണ്ട്  പോയവന്റെ’’ ...

‘‘ഉം’’ ഞാൻ ഇരുത്തി മൂളി... 

‘‘ഞാൻ കല്ല്യാണത്തിന് പോയില്ല .. എന്റെ അമ്മ പറഞ്ഞൂ പോകണ്ടാന്ന്’’

അതു പറയുമ്പോൾ ഞാൻ ആ കണ്ണുകളിലേക്ക് നോക്കി. വല്ലാത്ത ആഴം. നഷ്ടബോധത്തിന്റെ തിരയിളക്കം.

breakup-22
പ്രതീകാത്മക ചിത്രം

ഞാൻ കൊടുത്ത എല്ലാ ഗിഫ്റ്റുകളും കത്തുകളും അവളെനിക്ക് തിരിച്ച് തന്നു. എന്റെ കണ്ണീരിന് കണക്കില്ല. ഇന്നും എന്റെ സ്വപ്നത്തിലെ പെണ്ണ് അവളാണ്. അവളുടെ അപ്പൻ ജീവൻ കളയുമെന്ന ഭീഷണിക്ക് മുന്നിലെ വഴിപിരിയൽ. ദീർഘ നിശ്വാസത്തോടെ പറഞ്ഞ് നിർത്തി.

‘എന്നിട്ട് ആ രാവണന്റെ പേരെന്താണാവോ?’ ഞാൻ ചുമ്മാ ചോദിച്ചു

പേര് പറഞ്ഞതും ഞാൻ ചോദിച്ചു ,

 .............അല്ലാരുന്നോ  നിന്റെ പ്രണയിനി .....

അറിയാൻ വിദൂരസാധ്യതപോലുമില്ലാത്തയാളെപ്പറ്റി എന്റെ ചോദ്യം കേട്ട് ആള് കരഞ്ഞ് പോകുമെന്ന് ഞാൻ ഭയപ്പെട്ടു. ആ കണ്ണുകളിൽ വല്ലാത്തൊരു ഭാവപകർച്ച. മനോഹരമായ ഒരു കല്യാണ വിരുന്ന് എന്റെ മനക്കണ്ണിലൂടെ മിന്നി മറഞ്ഞു. പഠനകാലത്ത് എക്സിബിഷനുകൾ കാണാൻ പോയിരുന്ന നഗരത്തിലെ പ്രശസ്തമായ ഓഡിറ്റോറിയം . അതിസുന്ദരിയായ സർവ്വാഭരണ വിഭൂഷിതയായ മണവാട്ടിപ്പെണ്ണ്. നവവധുവിന്റെ ലാഞ്ചന. സുന്ദരനും സുമുഖനുമായ മണവാളൻ. ചുറ്റിലും വിശിഷ്ടാഥിതികളുടെ  പരിവേഷം.

 അച്ഛന്റെ സന്തോഷത്തിനു വേണ്ടി പ്രണയം വെടിഞ്ഞ നിസ്സഹായയായ പാവം പെണ്ണ്. ജീവനോളം സ്നേഹിച്ചിട്ടും ചേർത്തു നിർത്താനാവാതെ വഴി പിരിഞ്ഞ പ്രിയപ്പെട്ടവനെയോർത്ത് അവൾ എത്ര തേങ്ങിയിട്ടുണ്ടാകും. നീ അവളെപ്പറ്റി ഓർമ്മിപ്പിച്ച് വർഷങ്ങൾക്കിപ്പുറം എന്നെ കരയിച്ചു. ഞങ്ങൾക്കിടയിൽ സൗഹൃദത്തിന്റെ പുത്തൻ പാലമിട്ടു .

love-025
പ്രതീകാത്മക ചിത്രം

‘‘ ഇപ്പോൾ ചീഫ് മാനേജറാന്ന് പറഞ്ഞിട്ടെന്ത് കാര്യം?. അന്ന് ജോലീം കൂലീം ഇല്ലാതെ നടക്കുവല്ലാരുന്നോ ,അവരെ കുറ്റം പറയാൻ പറ്റില്ല’’ രംഗം തണുപ്പിക്കാൻ എന്റെ എളിയ ശ്രമം. ചീറ്റിപ്പോയോന്നൊരു സംശയം.

 പതിവു തെറ്റാതെ  കിടക്കാനൊരുങ്ങും മുമ്പ് മകൻ  എന്നോട് ചോദിച്ചു.‘‘ഇന്നത്തെ പ്രയാണത്തിൽ അമ്മയ്ക്കേറ്റവും ഇഷ്ടപ്പെട്ടതെന്താണ്’’. 

മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി സ്വന്തം ഇഷ്ടത്തെ വേണ്ടെന്ന് വച്ച  കഥാനായികയേയും ജീവനേക്കാൾ പ്രിയമുള്ളതിനെ   വിട്ടുകൊടുത്ത് ശൂന്യതയിലേയ്ക്ക് നടന്നു നീങ്ങിയ, കുറുമ്പ് കൂടുമ്പോൾ പഴയ കൂട്ടുകാരിയുടെ ഫോട്ടോകൾ കാണിച്ച് ബെസ്റ്റിയായ ഭാര്യയുടെ രുദ്രഭാവം പുറത്തെടുപ്പിക്കുന്ന കഥാനായകനേയും എന്ന് ഞാൻ മനസിൽ പറഞ്ഞു

English Summary : Avante Kadha Enteyum Ninteyum Story By Jenatte Binoy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com