sections
MORE

നിങ്ങൾ വാടക തരുന്നതാണ്, നിങ്ങൾ കയറുന്നതിനു എനിക്ക് പ്രശ്നം ഇല്ല; പക്ഷേ ഇവിടെ ശവം കയറ്റാൻ പറ്റില്ല...

നന്മ (കഥ)
പ്രതീകാത്മക ചിത്രം
SHARE

‘‘ഇക്ക ഇന്ന് ഇങ്ങള് കുറച്ചു നേരത്തെ വരുമോ’’

അനീസ്  ബൈക്ക് സ്റ്റാർട്ട് ചെയ്തു തിരക്കിട്ടു പോകാൻ തുടങ്ങുന്നതിനിടക്കു തിരിഞ്ഞു നോക്കി.

‘‘ഇന്ന് ഡോക്ടറെ കാണാനുള്ള ദിവസം ആണ്’’

അനീസ് ബൈക്ക് ഓഫാക്കാതെ കാലുകൾ നിലത്തു കുത്തി ബാലൻസ് ചെയ്തുകൊണ്ട് മറുപടി പറഞ്ഞു.

‘‘നോക്കട്ടെ പാത്തു,അനക്കറിയാലോ ഇന്റെ പണിക്ക് രാവെന്നോ പകലെന്നോ ഇല്ലാന്ന്,അഥവാ ഇനിക്ക് വരാൻ കയിഞ്ഞില്ലെങ്കിൽ ഇജ്ജ് ഉമ്മാനെ കൂട്ടി പൊയ്ക്കോ’’

എന്നും പറഞ്ഞു മറുപടിക്ക് കാക്കാതെ വണ്ടി ഓടിച്ചു പോയി.

ഫാത്തിമയ്ക്കു ഇത് ഏഴാം മാസം ആണ്. അവൾക്കു അറിയാം അനീസിന്  ആഗ്രഹം ഉണ്ടെങ്കിലും വിചാരിച്ച പോലെ ഒന്നും കൂടെ വരാൻ കഴിയില്ലെന്ന്. ആംബുലൻസ് ഡ്രൈവർ ആണ് അനീസ്, കല്യാണം കഴിക്കുന്ന സമയത്ത് ഒരു പ്രൈവറ്റ്  ബസ് ഡ്രൈവർ ആയിരുന്നു അവൻ. പിന്നീട് നാട്ടിൽ ഒരു സന്നദ്ധ സംഘടന ഒരു ആംബുലൻസ് വാങ്ങിയപ്പോൾ അനീസ് അവരുടെ ഡ്രൈവർ ആയി. അതോടെ അനീസിന് വീട്ടുകാര്യങ്ങൾ നോക്കാനുള്ള സമയവും ഇല്ലാതായി.എന്നാലും ഒരു പുണ്യ പ്രവൃത്തിയും കൂടെ ആണല്ലോ എന്നോർത്ത് അവർ സമാധാനിച്ചു.

ഇന്നലെ രാത്രി 2 മണിക്ക്  ആണ് വന്നു കിടന്നത്. ഇപ്പോൾ ഇതാ  രാവിലെ ഫോൺ വന്നതാണ് വഴിക്കടവ്  ഗവൺമെന്റ് ഹോസ്പിറ്റലിൽ നിന്നും ഒരു കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകണം എന്ന്. അതുകേട്ടതും  ഒരു കാലിച്ചായ മാത്രം കുടിച്ചു ഇറങ്ങിയതാണ്. അനീസ് ബൈക്ക് സംഘടനയുടെ ഓഫീസിനു മുന്നിൽ നിർത്തി ആംബുലൻസും എടുത്തു ഹോസ്പിറ്റലിൽ  എത്തിയപ്പോഴേക്കും കുട്ടിയെ കൊണ്ടുപോകാനുള്ള സംവിധാനങ്ങൾ എല്ലാം റെഡി ആയിരുന്നു.

ആംബുലൻസ് മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിയപ്പോഴേക്കും ഏകദേശം 10 മണി ആയിരുന്നു. കുട്ടിയെ ഇറക്കി അനീസ് ആംബുലൻസ് പാർക്ക് ചെയ്തു. നല്ല വിശപ്പ് രാവിലെ ഒരു കാലിച്ചായ മാത്രം കഴിച്ച് വീട്ടിൽ നിന്നും ഇറങ്ങിയതല്ലേ. എന്തെങ്കിലും കഴിച്ചു വരാം എന്ന് കരുതി കാന്റീനിലേക്ക്  നടക്കാൻ തുടങ്ങി.

‘‘കടവുളേ നാങ്ക എന്ന പണ്ണവെൻ എന്ന് തെരിയാതേ’’

എന്നൊരു  കരച്ചിൽ ചെവിയിൽ വന്നു വീണത്. ചുറ്റും നോക്കിയപ്പോൾ  ഏകദേശം ഒരു അറുപതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു തമിഴത്തി, ഒരു യുവതിയെയും കെട്ടി പിടിച്ചു വലിയ വായിൽ കരയുകയാണ്. ആ യുവതിയും കരയുന്നുണ്ടെങ്കിലും ശബ്ദം പുറത്തു വരാൻ കഴിയാത്ത വിധം അവർ തളർന്നിരുന്നു.

അവർ വെള്ള തുണിയിൽ എന്തോ പൊതിഞ്ഞു തന്റെ മാറോട് അടുക്കി പിടിച്ചിട്ടുണ്ട്.

ചുറ്റും കുറച്ചു ആളുകൾ നോക്കി നിൽക്കുന്നുണ്ടെങ്കിലും ആരും അവരോട് ഒന്നും ചോദിക്കുന്നില്ല.

അടുത്ത് നിന്ന് മൊബൈലിൽ റെക്കോർഡ് ചെയ്യുന്ന ഒരു പയ്യന്റെ അടുത്ത് അനീസ് എന്താണ് കാര്യം എന്ന് ചോദിച്ചെങ്കിലും ഷൂട്ടിങ്ങിന്റെ ശ്രദ്ധയിൽ അവൻ മറുപടി ഒന്നും പറഞ്ഞില്ല. അടുത്ത് തലേക്കെട്ടു കെട്ടിയ ഒരു വൃദ്ധൻ ആണ് മറുപടി പറഞ്ഞത്. ‘‘ആ പെണ്ണ് രാവിലേ പെറ്റു. കുട്ടി മയ്യത്തയി നാട്ടിൽ പോകാൻ പൈസ ഇല്ല ’’

അനീസ് അവരുടെ അടുത്തേക്ക് നടന്നു നിലത്തിരുന്നു കരയുന്ന വൃദ്ധയുടെ കയ്യിൽ തൊട്ടു കൊണ്ട് അമ്മ എന്ന് വിളിച്ചു. കൈകൂപ്പി കൊണ്ട് ആ സ്ത്രീ പറഞ്ഞു മോനെ ഞങ്ങളുടെ കയ്യിൽ ആകെ 50 രൂപയേ ഉള്ളൂ. അതുതന്നെ ഇന്നലെ ആശുപത്രിയിൽ പോകാൻ പൈസ ഇല്ല എന്ന് പറഞ്ഞപ്പോൾ  വീടിനു അടുത്ത് താമസിക്കുന്ന മലബാർ അഷ്റഫ് കാക്കു തന്ന 500 രൂപയിൽ ബാക്കി ഉള്ളതാണ്. കൂടെ ഉള്ള മരുമകൾ ഇന്നലെ രാത്രി പ്രസവിച്ചതാണ്. മാസം തികയാതെ കുട്ടി അപ്പോഴേ മരിച്ചു. ഇപ്പോൾ ഹോസ്പിറ്റലിൽനിന്നും ഡിസ്ചാർജ് ചെയ്തു.

കുട്ടിയുടെ അച്ഛൻ എവി‌ടെയെന്ന് ചോദിച്ചപ്പോൾ അവൻ കുറച്ചു മാസങ്ങളായിട്ട് എവിടെപ്പോയി എന്നറിയില്ല എന്ന് പറഞ്ഞു. നിങ്ങൾക്ക് എവിടെ ആണ് പോകേണ്ടത് എന്ന് ചോദിച്ചപ്പോൾ  പെരിന്തൽ മണ്ണയിൽ ഒരു വാടക വീട്ടിൽ ആണ് താമസം എന്ന് പറഞ്ഞു. ഞാൻ അവിടെ കൊണ്ടുപോയി ആക്കാം എന്ന് പറഞ്ഞ അനീസിന് മുന്നിൽ അവർ രണ്ടുപേരും കരഞ്ഞു കൊണ്ട് കൈകൂപ്പി. ആംബുലൻസിൽ കയറുമ്പോൾ മുത്തുലക്ഷ്മി എന്ന ആ വൃദ്ധ തങ്ങൾ അവിടെ എത്തിയിട്ട് എന്ത് ചെയ്യും എന്നോർത്ത്  വീണ്ടും വിതുമ്പി.

നന്മ (കഥ)
പ്രതീകാത്മക ചിത്രം

കൂടെ ഉള്ളത് മകന്റെ ഭാര്യ ആണ്. പെരിന്തൽമണ്ണ ഗവൺമെന്റ് ഹോസ്പിറ്റലിൽ നിന്നും ഇന്നലെ  മഞ്ചേരി മെഡിക്കൽ കോളേജിൽ പോകാൻ ഡോക്ടർ പറഞ്ഞത് ഭാഗ്യമായി. അവിടെ നിന്നും നേരെ ഇങ്ങോട്ടു പോന്നതാണ്. ഈ സമയമത്രയും തന്റെ കുഞ്ഞിനെ പൊതിഞ്ഞെടുത്ത വെളുത്ത തുണിക്കെട്ടു കയ്യിൽത്തന്നെ വച്ചിരിക്കുന്ന ഭാഗ്യ എന്ന യുവതിയോട് അത് സ്‌ട്രെച്ചറിലേക്കു കിടത്താൻ പറഞ്ഞു. പക്ഷേ അവൾ പറഞ്ഞു. ‘‘വേണ്ടണ്ണ എന്റെ കയ്യിൽത്തന്നെ ഇരിക്കട്ടെ എന്ന്’’ 

അവൾ മുത്തുകൃഷ്ണന്റെ കൂടെ കേരളത്തിൽ എത്തിയിട്ട് ഇപ്പോൾ അഞ്ചു വർഷം ആയി. രണ്ടുമൂന്നു വർഷം മുൻപുവരെ  കാര്യങ്ങൾ നന്നായി പോയിരുന്നു. രണ്ടുപേർക്കും എന്നും പണി ഉണ്ടായിരുന്നു. ഇതിനിടക്ക് നോട്ടു നിരോധനം വന്നത് അതിനു ശേഷം പണികൾ സവധാനം കുറഞ്ഞു വന്നു. എന്നും ഉണ്ടായിരുന്ന പണി വല്ലപ്പോഴും ആയി കുറഞ്ഞു. ഇതിനിടയിൽ ഭാഗ്യം ഗർഭിണിയുമായി. അമ്മയെയും ഭാര്യയെയും നന്നായി നോക്കിയിരുന്ന  മുത്തുകൃഷ്ണൻ പണി കുറയാൻ തുടങ്ങിയതോടെ രാത്രി ഒരു തട്ടുകടയിൽ സഹായി ആയി കൂടി.  എങ്കിലും അധികം വൈകാതെ കച്ചവടം കുറഞ്ഞത് കൊണ്ട് അതും പൂട്ടി.

കയ്യിലെ അവസാന പൈസയും കഴിഞ്ഞു. തൊഴിലും ഇല്ല. ഭാര്യയ്ക്ക് പ്രസവ സമയവും ആകാൻ തുടങ്ങുന്നു. പരിഭ്രാന്തൻ ആയ  മുത്തു നാലു മാസം മുൻപാണ് വേറെ എവിടെയെങ്കിലും പോയി എന്തെങ്കിലും ജോലി കിട്ടുമോ എന്നു നോക്കാൻ വേണ്ടി പോയത്. ആദ്യമെല്ലാം ദിവസവും വിളിച്ചിരുന്നെ ങ്കിലും ഇപ്പൊ രണ്ടു മാസം ആയി ഒരു വിവരവും ഇല്ല.

മുത്തുലക്ഷ്മിക്കു വല്ലപ്പോഴും കിട്ടുന്ന പണിക്കു പോയാണ് രണ്ടു പേരും കഴിഞ്ഞു കൂടുന്നത്.

ഇതിനിടയിൽ ആംബുലൻസ് അവരുടെ വീടിനടുത്തെത്തിയത്. ആംബുലൻസ് നിർത്തി അനീസ് വാതിൽ തുന്നപ്പോഴേക്കും പെട്ടന്ന് ആംബുലൻസ് വന്നത് എന്തിനാണെന്നറിയാൻ അയൽക്കാർ ഒക്കെ ചുറ്റും കൂടി.

മുത്തുലക്ഷ്മി  വീട്ടിലേക്ക് കയറാൻ തുടങ്ങിയപ്പോൾ പെട്ടന്ന് ഒരാൾ വന്നു തടഞ്ഞു.

‘‘ നിങ്ങൾ വാടക തരുന്നതാണ്. നിങ്ങൾ കയറുന്നതിനു എനിക്ക് പ്രശ്നം ഇല്ല. പക്ഷേ ഇവിടെ ശവം കയറ്റാൻ പറ്റില്ല’’ 

‘‘അണ്ണാ ഞാൻ എന്ന സെയ്‌വേൻ’’

 മുത്തുലക്ഷ്മി കരഞ്ഞു.

കുറച്ചു സമയം കുട്ടിയുടെ ശവം അകത്തു കിടത്തിയിട്ട് എവിടെനിന്നെങ്കിലും കുറച്ചു പൈസ കടം വാങ്ങിയാൽ മാത്രമേ ആ കുരുന്നു ശരീരം അടക്കം ചെയ്യാൻ കഴിയൂ. വീടിന്റെ ഉടമസ്ഥൻ സമ്മതിക്കുന്നില്ല, അനീസും ചില പരിസര വാസികളും കുറേ അപേക്ഷിച്ചും തർക്കിച്ചും ഒക്കെ നോക്കിയെങ്കിലും അയാൾ വഴങ്ങിയില്ല. ഇതിനിടയിൽ ആരോ പറഞ്ഞു നിങ്ങൾ മുനിസിപ്പാലിറ്റിയിൽ പോയി പറയ് അവർ എന്തെങ്കിലും ചെയ്യും എന്ന്.

അനീസ് പിന്നെ ഒന്നും ആലോച്ചിക്കാൻ നിന്നില്ല. അവരെ ആംബുലൻസിൽ കയറ്റി നേരെ മുൻസിപ്പാലിറ്റി യിലേക്കു വിട്ടു. അവിടെ വണ്ടി പാർക്ക് ചെയ്തു വണ്ടിയിൽ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോഴേക്കും അവരുടെ അടുത്തേക്ക് വെളുത്തു തടിച്ച ഒരാൾ വന്നു. നിറഞ്ഞ പുഞ്ചിരിയോടെ ചോദിച്ചു എന്താ മുൻസിപ്പാലിറ്റിയിലേക്കൊരു ആംബുലൻസ് എന്ന്.

അനീസ്  അയാളോട് കാര്യങ്ങൾ എല്ലാം  പറഞ്ഞപ്പോൾ അവരെ  കൂട്ടി അയാൾ മുൻസിപ്പൽ ചെയർമാന്റെ റൂമിൽ പോയി. കാര്യങ്ങൾ സംസാരിച്ചു. മുൻസിപ്പൽ ശ്മശാനത്തിൽ സംസ്കരിക്കാൻ ഉള്ള അനുവാദവും ചിലവിനു കുറച്ചു പൈസയും അനുവദിപ്പിച്ചു കൊടുക്കുകയും ചെയ്തു.

നന്മ (കഥ)

അതിനു ശേഷം അനീസിനു ശ്മശാനം അറിയില്ല  എന്ന് പറഞ്ഞപ്പോൾ അയാൾ കൂടെ വരികയും  ശവ സംസ്കാരം നടക്കുന്നതുവരെ കൂടെ നിൽക്കുകയും ചെയ്തു. അവരെ വീട്ടിൽ ആക്കി തിരിച്ചു വരുമ്പോൾ  മുനിസിപ്പാലിറ്റിയിൽ നിന്ന് കിട്ടിയ പൈസയിൽനിന്നും കുറച്ചു രൂപ അനീസിന്റെ കയ്യിൽ പിടിപ്പിക്കാൻ ആ വൃദ്ധ ശ്രമിച്ചു.

‘‘വേണ്ട അമ്മാ’’ എന്നു പറഞ്ഞ് അവൻ അത് അവരുടെ കയ്യിൽ തന്നെ വെച്ചുകൊടുത്തു. അവിടെ നിന്നും പുറത്തേക്കു നടക്കുമ്പോൾ ആ വെളുത്തു തടിച്ച ആളുടെ ഫോണിലേക്ക് ഒരു കോൾ  വന്നു. 

‘‘ വാർഡ് മെമ്പർ ശങ്കരനാരായണൻ അല്ലേ?  ഇത് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ നിന്നാണ്. നിങ്ങളുടെ വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന ഒരു മുത്തുകൃഷ്ണൻ എന്ന തമിഴനെ ബാംഗ്ലൂറിനടുത്ത്  കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട് എന്നൊരു മെസ്സേജ് വന്നിട്ടുണ്ട്. അയാളുടെ ആരെങ്കിലും അവിടെ ഉണ്ടെങ്കിൽ ഒന്ന് സ്റ്റേഷനിൽ കൂട്ടി വന്നാൽ നന്നായിരുന്നു...

English Summary : Nanma Story By Rajesh V R

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA
;