ADVERTISEMENT

കൊറോണ (കഥ)

സുകുമാരൻ വീട്ടിൽ നിന്നും ഇറങ്ങി കാറോടിച്ചു പോകുന്നതിനിടയിൽ ഓർത്തു: എന്തിനായിരിക്കും തന്നോട് പെട്ടെന്നു തന്നെ ആശുപത്രിയിൽ എത്തിച്ചേരാൻ പറഞ്ഞത്. ഭാര്യ ലീല ജോലി ചെയ്യുന്ന ആശുപത്രിയിൽ തന്നെയാണ് അച്ഛനെ അഡ്മിറ്റ് ചെയ്തത്.

അനിയത്തിയുടെ കൂടെ നാട്ടിൽ താമസിക്കുകയായിരുന്ന അച്ഛനെ മൂന്നു മാസം മുൻപാണ് അയാൾ നിർബന്ധിച്ച് ഇറ്റലിയിലേക്ക് കൊണ്ടുവന്നത്. അച്ഛന് വരാൻ തീരെ താത്പര്യം ഉണ്ടായിരുന്നില്ല. പിന്നെ താൻ നിബന്ധിച്ച് പറഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെ സമ്മതിക്കുകയായിരുന്നു.

‘എടാ നിങ്ങളുടെ അമ്മ ഉറങ്ങുന്ന ഈ മണ്ണിൽ തന്നെ വേണം എനിക്കും  ചിത കൂട്ടാൻ. ഈ അവസാനകാലത്തു വല്ല നാട്ടിലും പോയി എന്തെങ്കിലും പറ്റിയാൽ എന്റെ ജാനകി, അവൾ ഈ മണ്ണിൽ ഒറ്റക്കായിപ്പോവില്ലേ?’

‘അതിന് ഈ എഴുപതു വയസ്സ് ഒക്കെ ഒരു പ്രായമാണോ അച്ഛാ. അതും ഈ കേരളത്തിലെ പോലെ ഒന്നും അല്ല ഇറ്റലിയിൽ. എന്നു വെച്ചാൽ നല്ല ചികിത്സ സൗകര്യം ഒക്കെ ആണ്. ഇവിടെ ഒക്കെ ഒരസുഖം വന്നാൽ പിന്നെ ഒരു തിരിച്ചു വരവുണ്ടോ. അല്ലെങ്കിൽത്തന്നെ ഏതെങ്കിലും ആശുപത്രിയുടെ മുന്നിൽ കൂടി പോയാൽ തന്നെ അവര് മാറാ രോഗി ആയി മാറും. ഈ നാടൊന്നും ഒരിക്കലും നന്നാവില്ല. അതിനൊക്കെ യൂറോപ്യൻമാരെ കണ്ടു പഠിക്കണം. മാത്രമല്ല ഓണത്തിന്റെ സമയം ആവുമ്പോൾ ലീല അവളുടെ ഏട്ടന്റെ മകളുടെ കല്യാണത്തിന് വരുമ്പോൾ അച്ഛന് തിരിച്ചു വരികയും ചെയ്യലോ. എനിക്കും ഉണ്ടാവില്ലേ അച്ഛൻ കുറച്ചു  കാലം കൂടെ നിക്കണം എന്ന്’– അയാൾ നിർബന്ധം പിടിച്ചു.

മൂത്ത മകൻ നിർബന്ധം പിടിച്ചപ്പോൾ  ഭാസ്കരൻ നായർ  അർധ മനസ്സോടെ സമ്മതിച്ചു. വിമാനത്തിൽ കയറി കടൽ കടന്നൊക്കെ നീണ്ട യാത്ര പോകണം എന്നതിനേക്കാൾ അയാളെ വിഷമിപ്പിച്ചത് അയാളുടെ  കൊച്ചുമകന്റെ മകളെ പിരിഞ്ഞിരിക്കേണ്ടി വരുമല്ലോ എന്നതായിരുന്നു.

മകൾ മാലതിയുടെ മകൻ വിഷ്ണുവിന്റെ മകൾക്ക് അവർ ജാനകി എന്ന് തന്നെ ആയിരുന്നു പേരിട്ടിരുന്നത്. ആ രണ്ടു വയസ്സുകാരിക്ക് എന്തിനും മുത്തശ്ശൻ തന്നെ വേണം താനും.

കൊറോണ (കഥ)
പ്രതീകാത്മക ചിത്രം

‘ഒരു എട്ടൊമ്പതു മാസത്തെ കാര്യം അല്ലേ ഉള്ളൂ. ഏട്ടൻ ഇത്ര നിർബന്ധിച്ചു വിളിക്കുമ്പോൾ എങ്ങനെ ആണ് പോവേണ്ട എന്ന് പറയുക’.

മാലതിയും സുകുമാരനെ സപ്പോർട്ട് ചെയ്തു. അങ്ങനെ അവസാനം ഭാസ്കരൻ നായർ സുകുമാരനൊപ്പം വിമാനം കയറി.

സുകുമാരൻ ഇറ്റലിയിൽ ഒരു സൂപ്പർ മാർക്കറ്റിലെ പർച്ചേസിങ് മാനേജർ ആണ്. ഭാര്യ അവിടെത്തന്നെ ഒരു ആശുപത്രിയിൽ നഴ്സും. അവർക്കു രണ്ടു ആൺമക്കളാണുള്ളത്. ഒരാൾ കാനഡയിൽ ആണ്. രണ്ടാമത്തെ ആൾ സ്പെയിനിലും. സുകുവിന്‌ പകലും ലീലയ്ക്ക് രാത്രിയും ആയിരുന്നു ഡ്യുട്ടി. അതുകൊണ്ടു തന്നെ ഭാസ്കരൻ നായർക്ക് ഒറ്റയ്ക്ക് ഫ്ലാറ്റിൽ ഇരിക്കേണ്ടിവന്നില്ല.

ഇറ്റലിയിൽ എത്തി ആദ്യത്തെ രണ്ടു മാസവും ഒഴിവു ദിവസങ്ങളിൽ അവർ അച്ഛനെ കൊണ്ട് കറക്കം തന്നെ ആയിരുന്നു. വത്തിക്കാനിൽ പോയി മാർപാപ്പയെ വരെ സുകു അച്ഛന് കാണിച്ചു കൊടുത്തു. ആയിടയ്ക്ക് ഒരു ദിവസം  നാട്ടിൽ വിളിച്ചപ്പോൾ മാലതി പറഞ്ഞു.

‘ഏട്ടാ ചൈനയിൽ  കൊറോണ എന്ന് പറഞ്ഞ ഒരു പകർച്ച വ്യാധി ഉണ്ടായിട്ടുണ്ടത്രേ. ഇവിടെയും രണ്ടു മൂന്നു ആളുകൾക്ക് വന്നിട്ടുണ്ടെന്ന് പറയുന്നു. അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ അല്ലേ?’

‘ഇവിടെ എന്തു പ്രശ്നം നാട്ടിലെ പോലെ ഒന്നും അല്ല. അതൊക്കെ ഇവിടുത്തെ സർക്കാർ നോക്കിക്കൊള്ളും. നാട്ടിലെ രാഷ്ട്രീയക്കാരെ പോലെ കയ്യിട്ടു വരുന്നവർ ഒന്നും അല്ല ഇവിടെ’.

അതിനു ശേഷം ഒരു രണ്ടു മാസം ആയിക്കാണും. ഒരു ദിവസം ഹോസ്പിറ്റലിൽ നിന്നു വന്ന ലീല പറഞ്ഞു. അവരുടെ ആശുപത്രിയിലും ഒരാൾക്ക് കൊറോണ ആണോ എന്ന് സംശയം ഉണ്ടെന്ന്. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും രോഗികളുടെ എണ്ണം കൂടാൻ തുടങ്ങി. ലീലയ്ക്ക് വീട്ടിലേക്കു വരാൻ പോലും സമയം ഇല്ലാത്ത അത്രയും തിരക്കായി. രണ്ടു ദിവസം കാഴിഞ്ഞപ്പോഴേക്കും ആരോടും പുറത്തിറങ്ങാതെ വീട്ടിൽത്തന്നെ ഇരിക്കാൻ സർക്കാർ ഓർഡർ ഇട്ടു.

ഇതിനിടയിൽ അച്ഛന് ഒരു ചെറിയ പനി വന്നു. ലീല പെട്ടെന്നുതന്നെ ആശുപത്രിയിലേക്ക് കൊണ്ടുവരാൻ പറഞ്ഞ പ്രകാരം ഹോസ്പിറ്റലിൽ എത്തിയ ഭാസ്കരൻ നായരെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കണം എന്ന് ഡോക്ടർ മാർ നിർദ്ദേശിച്ചു. അതുകേട്ട് അച്ഛൻ പറഞ്ഞത്.

‘മോനെ നമുക്ക് നാട്ടിലേക്കു പോകാം. അവിടെ ആവുമ്പോൾ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല. അല്ലെങ്കിൽ തന്നെ ഒരു ചുക്ക് കാപ്പിയും പപ്പടം ചുട്ടത് കൂട്ടി രണ്ടു നേരം കഞ്ഞിയും കുടിച്ചാൽ മാറാത്ത പനി ഉണ്ടോ. ഇതിപ്പോൾ അറിയാത്ത ഭാഷക്കാരുടെ ഇടയിൽ ഒറ്റയ്ക്ക് കുറച്ചു ദിവസം കിടക്കണം എന്നുവച്ചാൽ എന്താ ചെയ്യുക’

‘അതിനു ലീല ഇല്ലേ ഇവിടെ അച്ഛാ’

‘അവൾക്കു എന്റെ കാര്യം മാത്രം നോക്കി ഇരുന്നാൽ മതിയോ. പാവം വീട്ടിൽ വന്നിട്ട് തന്നെ ഒരാഴ്ച ആയി’

കൊറോണ (കഥ)
പ്രതീകാത്മക ചിത്രം

‘എന്നാലും അച്ഛാ, ഇവിടെ കിട്ടുന്ന അത്ര നല്ല ചികിത്സ ഒന്നും നാട്ടിൽ കിട്ടില്ലല്ലോ’

‘ഒരു പനി വന്നതിന് ഇത്രക്കൊക്കെ എന്താ ചികിൽസിക്കാൻ’ അച്ഛന് അദ്ഭുതം തോന്നി.

ഏതായാലും അന്ന് ഭാസ്കരൻ നായരെ അവിടെ ഐസലേഷൻ വാർഡിൽ അഡ്മിറ്റ് ചെയ്തു. അതിനിടക്ക് അവിടെ കോവിഡ്‌ ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി കൂടുന്നുണ്ടായിരുന്നു. അഡ്മിറ്റ് ചെയ്തതിന്റെ മൂന്നാം ദിവസം അച്ഛന് കോവിഡ്‌ സ്ഥിരീകരിച്ചു. നാട്ടിൽ വിളിച്ചപ്പോൾ മാലതി പറഞ്ഞു.

‘ ഏട്ടാ അടുത്ത് വിമാനങ്ങൾ ഒക്കെ നിൽക്കും എന്ന് വിഷ്ണു പറഞ്ഞു കേട്ടു. അതിനു മുൻപ് അച്ഛനെ ഇങ്ങോട്ടു കൊണ്ടുവന്നൂടെ’

‘എന്നിട്ടെന്തിനാ? ഇവിടെ നല്ല ട്രീറ്റ്മെന്റ് ഉണ്ട്’

രണ്ടു ദിവസം മുൻപ് ലീലയും പറഞ്ഞിരുന്നു.

‘നാട്ടിൽ കൊണ്ടുപോകുന്നതാണ്  നല്ലതു എന്ന് തോന്നുന്നു’

‘ഹേയ് അതൊന്നും വേണ്ട. ഇവിടുത്തേത്തിലും നല്ല ട്രീറ്റ്മെന്റ് ഒന്നും അവിടെ കിട്ടില്ല’

അയാൾ എന്നും ഹോസ്പിറ്റലിൽ പോയി അച്ഛനെ കാണാറുണ്ട്. പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അച്ഛൻ വളരെ അവശൻ ആയിരിക്കുന്നു. 

ലീലയോട് അച്ഛൻ പറഞ്ഞത്രേ: ‘മോളെ എനിക്ക് തീരെ വയ്യാതെ ആയിരിക്കുന്നു. എനിക്ക് എന്തെങ്കിലും പറ്റിയാൽ ശവം നാട്ടിൽ എത്തിക്കാൻ അവനോടു പറയണേ’

ഇന്നലെ നാട്ടിലേക്കുള്ള വിമാന  സർവീസ് എല്ലാം നിർത്തിയിരുന്നു. ഇവിടെ മരണ സംഖ്യ ഓരോ ദിവസവും കുതിച്ചു കയറുകയാണ്. സുകുമാരന് ശരിക്കും പേടി തോന്നാൻ തുടങ്ങിയിരിക്കിന്നു.

കൊറോണ (കഥ)
പ്രതീകാത്മക ചിത്രം

ഇപ്പോൾ എന്തിനായിരിക്കും ഡോക്ടർ പെട്ടന്ന് കാണണം എന്ന്  പറഞ്ഞത്. അയാൾ ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവിടെ വലിയ തിരക്കായിരുന്നു. അതിനിടയിൽ അയാൾ ഭാര്യയെയും കൂട്ടി ഡോക്ടറുടെ റൂമിൽ എത്തി. ഡോക്ടർ പറഞ്ഞു.

‘ മിസ്റ്റർ സുകുമാരൻ, ഇവിടെ ഇപ്പോൾ കോവിഡ്‌ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുകയാണ്. അതുകൊണ്ടുതന്നെ ഗവൺമെന്റ് പറയുന്നത് അറുപതു വയസ്സ് കഴിഞ്ഞവരെയൊക്കെ  വാർഡിൽനിന്നു മാറ്റി അവിടെ ചെറുപ്പക്കാരെ അഡ്മിറ്റ് ചെയ്യണം എന്നാണ്. ലീലയുടെ ഫാദർ ഇൻ ലോ ആയതു കാരണം ആണ് ഇത് വരെ മാറ്റാതെ ഇരുന്നത്. ഇനി എനിക്ക് ഒന്നും ചെയ്യാനില്ല’

‘പക്ഷേ ഡോക്ടർ ഈ അവസ്ഥയിൽ അച്ഛനെ ഞാൻ എന്ത് ചെയ്യും’

‘ഇനി നമുക്ക് ഒന്നും ചെയ്യാനില്ല സുകുമാരൻ. അദ്ദേഹത്തിന്റെ വിധിക്ക് വിട്ടുകൊടുക്കുക എന്നതല്ലാതെ’– ഒന്നു നിർത്തി ഡോക്ടർ തുടർന്നു.

‘ഇവിടെ ഇപ്പോൾ ഉറ്റവരെ അവസാനമായി ഒന്ന് കാണാൻ പോലും പറ്റാതെ നൂറു കണക്കിന് ആൾക്കാർ ആണ് ദിവസവും മരിക്കുന്നത്. ഓരോരുത്തരെയും വേറെ വേറെ മറവു ചെയ്യാൻ പോലും സമയമോ ആളുകളോ ഇല്ലാത്തതിനാൽ  അഞ്ചും ആറും ആൾക്കാരെ വരെ ഒക്കെ ഒരേ കുഴിയിൽ ആണ് മറവു ചെയ്യുന്നത്. അതുകൊണ്ട് അച്ഛനെ പെട്ടെന്ന് വാർഡിൽ നിന്നും മാറ്റണം’

വാർഡിൽനിന്നു പുറത്തേക്കു ഒരു സ്‌ട്രെച്ചറിൽ കൊണ്ടു വരുന്ന അച്ഛനെ കണ്ടു സുകുമാരൻ ഞെട്ടിപ്പോയി. ശ്വാസം കിട്ടാതെ അച്ഛൻ പിടയുകയാണ്. അതിനിടയിൽ മകനെ കണ്ട അദ്ദേഹം വിറക്കുന്ന കൈകൊണ്ടു മകന്റെ കയ്യിൽ മുറുകെ പിടിച്ചു. വിക്കി വിക്കി  പറഞ്ഞു.‘മോനെ അച്ഛന് തീരെ വയ്യടാ. മരിക്കുന്നതിന് മുൻപ് ജാനകി മോളെ അവസാനമായി ഒന്ന് കാണണം എന്നുണ്ടായിരുന്നു’

സുകുമാരന്റെ കണ്ണുകൾ നിറയുന്നത് കണ്ട അദ്ദേഹം പറഞ്ഞു.

‘സരമില്ലെടാ,നീ വിഷമിക്കാതെ’

അച്ഛൻ  വിഷമിക്കേണ്ട എന്ന് പറഞ്ഞെങ്കിലും നിസ്സഹായനായ അയാൾ അച്ഛനെ കെട്ടിപ്പുണർന്ന്. ആ ആശുപത്രി വളപ്പിലിരുന്നു പൊട്ടിക്കരഞ്ഞു ഉറക്കെ... ഉറക്കെ...

English Summary : Corona Story By Rajesh V R

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com