ADVERTISEMENT

സ്വപ്‍നമരീചിക (കഥ)

അപ്രതീക്ഷിതമായി അവളെ കണ്ടപ്പോൾ അദ്ഭുതമാണുണ്ടായത്. ഇന്നലെ കോളേജിൽ നിന്ന് പിരിയുമ്പോ ഴും ഇന്ന് ടൗണിലേക്ക് വരുന്ന കാര്യം അവൾ സൂചിപ്പിച്ചിരുന്നില്ല. സാധരണയായി ചെറിയകാര്യമാണെങ്കിൽ കൂടി അടുത്ത കൂട്ടുകാരിയായ എന്നോട് പറയാറുള്ളതാണ്. അതുകൊണ്ടാണ് അദ്ഭുതം മറച്ചുവെക്കാതെ അവളോട് ചോദിച്ചത്. 

 

‘‘അല്ല നീ എന്താ ഇവിടെ...?’’

 

ചോദിച്ചുകഴിഞ്ഞപ്പോഴാണ് അവളുടെ മുഖം തീരെ പ്രസന്നമായിരുന്നില്ല എന്ന് ശ്രദ്ധിച്ചത്. എന്തോ ഒരു വിഷമം അവൾക്കുള്ളതുപോലെ. ഏതു രഹസ്യവും ഞങ്ങൾ പരസ്പരം പങ്കുവെക്കാറുള്ളതാണ്.  എന്നിട്ടും പറയാൻ അവൾക്ക് ഒരു മടിയുള്ളതുപോലെ  തോന്നി.  കുറച്ചൊന്ന് നിർബന്ധിച്ചപ്പോഴാണ് അവൾ കാര്യം  പറഞ്ഞത്. 

 

‘‘ഒന്നുമില്ല്യടീ ..... ഒരു ചെറിയ പ്രശ്നം’’

 

‘‘ഉം.... എന്താ പ്രശ്നം’’

 

“എന്റെ ഏട്ടനെപ്പറ്റി നിന്നോട് ഞാൻ  പറഞ്ഞിട്ടില്ലേ?’’

 

‘‘ ഏട്ടൻ  ഇവിടെ അടുത്തൊരു  ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്....”

 

“ആദ്യം നിന്നെ അറീക്കണമെന്നു കരുതീതെങ്കിലും  പറയാനൊരു  മടി’’

 

‘‘ഉം.. അതെന്താ  എന്നോടുപറയാനൊരു മടി’’

 

“എന്തുവേണമെങ്കിലും എന്നോട് പറയാനുള്ള സ്വാതന്ത്ര്യം നിനക്കില്ലേ....? പിന്നെന്താ.... ഒരു മടി.”

സ്വപ്‍നമരീചിക (കഥ)
പ്രതീകാത്മക ചിത്രം

 

‘‘പറയൂ.... നിന്റെ  ഏട്ടനെന്താണ് സംഭവിച്ചത് ! വല്ല അസുഖമുണ്ടോ? ’’

 

‘‘അതോ ആക്സിഡന്റ്എന്തെങ്കിലും”

 

പെട്ടെന്ന് അവൾ എന്നെ ഒന്ന് നോക്കി പറയണോ എന്നുള്ളൊരു ശങ്ക അവളുടെ മനസ്സിൽ ഞാൻ കണ്ടു. പിന്നെ എന്തോ നിശ്ചയിച്ചുറപ്പിച്ചപോലെ അവൾ പറഞ്ഞു. 

 

‘‘ഏട്ടൻ ആത്മഹത്യക്ക്‌ ശ്രമിച്ചതാണ്”

 

 “ഭാഗ്യത്തിന് രക്ഷപെട്ടു...! ഇപ്പോൾ കുഴപ്പമില്ല”

 

 “ഇന്നലെ രാത്രി ഞങ്ങൾ പേടിച്ചുപോയി’’

 

സ്വപ്‍നമരീചിക (കഥ)
പ്രതീകാത്മക ചിത്രം

 

പെട്ടെന്നാണ് ഞാനത് കണ്ടത് അവളുടെ കണ്ണിൽനിന്നും മിഴിനീർ ധാര ധാരയായി  പുറത്തേക്ക് ഒഴുകുന്നു.  ഇനി എന്തെങ്കിലും കൂടുതൽ ചോദിച്ചാൽ അവൾ തകരും മട്ടിലായി. എന്നാൽ അറിയാനുള്ള ഒരു ആകാംക്ഷ എന്റെ മനസിലുണ്ടായിരുന്നതുകൊണ്ട് ഞാൻ വേഗം ടവ്വലെടുത്തു അവൾക്ക് കൊടുത്തു പിന്നെ മെല്ലെ പറഞ്ഞു.

 

‘‘രേണു കണ്ണ് തുടക്കൂ. ആരെങ്കിലും കാണും’’

 

‘‘വരൂ...നമുക്കാ  ഐസ്ക്രീം പാർലറിൽ ഇരിക്കാം അവിടെവെച്ചാകാം ബാക്കി’’ 

 

എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് ഡിഗ്രി രണ്ടാം വർഷത്തിന്  പഠിക്കുന്ന രേണു എന്ന രേണുക. ഗ്രാമത്തിന്റെ നിഷ്കളങ്കത എന്നും അവളുടെ മനസ്സിലുണ്ടായിരുന്നു. നഗരത്തിൽ വളർന്ന എനിക്ക് നിഷ്കളങ്കമായ ആ സ്നേഹം എന്നും ഒരു ആശ്വാസവും തണലുമായിരുന്നു.  ആ അവൾക്ക് ഒരു പ്രശ്നമുണ്ടാവുമ്പോൾ പിന്തിരിഞ്ഞു നിൽക്കുന്നതെങ്ങിനെയെന്നോർത്ത്‌  ഐസ്ക്രീം  പാർലറിൽ പോയി എല്ലാം ചോദിച്ചറിയാൻ ഞാൻ തീരുമാനിച്ചത്. രണ്ട് മംഗോജ്യൂസിന് ഓർഡർ ചെയ്ത് അതു വരുന്നതുവരെ ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചില്ല.

 

 ജ്യൂസ് എത്തിയതിന് ശേഷമാണ് ഞാൻ തുടങ്ങിയത്. 

 

‘‘ ഒറ്റക്കിരുന്ന് വെറുതെ വിഷമിച്ചിട്ട് കാര്യമൊന്നുമില്ല എന്തുകൊണ്ട് ഏട്ടൻ ആത്മഹത്യക്ക്‌ ശ്രമിക്കുന്നു എന്ന് അന്വേഷിച്ചൂടെ?’’

 

‘‘ ഞാൻ നിന്നെ സഹായിക്കാം എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞാൽ ചിലപ്പോൾ എനിക്ക് നിന്നെ സഹായിക്കാൻ പറ്റിയേക്കും. ഒന്നുമില്ലെങ്കിലും തുറന്നു പറയുമ്പോൾ നിന്റെ മനസ്സൊന്ന് തണുക്കില്ലേ? ’’

 

‘‘പറയൂ...... എന്താണ് ഉണ്ടായത്...?’’

 

സ്വപ്‍നമരീചിക (കഥ)
പ്രതീകാത്മക ചിത്രം

‘‘വല്ല പ്രേമനൈരാശ്യവും.....?’’

 

അവൾ കുറച്ചുനേരം എന്നെത്തന്നെ നോക്കിയിരുന്നു എന്നിട്ട് പറഞ്ഞു. 

 

‘‘ നീ വിചാരിക്കുന്നത്പോലെയല്ല  കാര്യങ്ങൾ. ഇത് ഏട്ടന്റെ ആദ്യത്തെ  ആത്മഹത്യ ശ്രമവുമൊന്നുമല്ല. ഇതിന് മുൻപും  പല പ്രാവശ്യം ഏട്ടൻ ആത്‌മഹത്യക്ക്  ശ്രമിച്ചിരുന്നു. ഏട്ടൻ പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ആദ്യമായി ആത്‌മഹത്യക്ക്  ശ്രമിച്ചത്. ഇന്ന് കോളേജ് അദ്ധ്യാപകനാണ്, ഇതിനിടയിൽ എത്ര എത്ര ശ്രമങ്ങൾ പക്ഷേ ഒന്നിലും ഏട്ടൻ വിജയിച്ചില്ല’’

 

‘‘എന്താണ് കാരണമെന്നന്വേഷിച്ചില്ലേ നിങ്ങൾ’’

 

ഒരു വല്ലാത്ത ആകാംക്ഷ എന്റെ ചോദ്യത്തിലുണ്ടായിരുന്നു ഒരു നീണ്ട ദീർഘനിശ്വാസത്തിനുശേഷം അവൾ തുടർന്നു.

 

‘‘ ഞാൻ അന്നുമുതൽ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് പക്ഷേ ഞെങ്ങൾക്ക് ഒരു കാരണവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഞങ്ങളുടെ ഒരു ചോദ്യത്തിനും ഏട്ടൻ മറുപടി പറഞ്ഞിട്ടുമില്ല. ഏട്ടന് ആരോടെങ്കിലും പ്രേമമുണ്ടയിരുന്നതായി ഞെങ്ങൾക്കറിവില്ല. സാമ്പത്തിക പ്രശ്നങ്ങളോ മറ്റോ ഇല്ല. പിന്നെ ഏട്ടൻ എന്തിനിതു ചെയ്യുന്നു എന്നെനിക്കറിയില്ല’’

 

അവൾ വീണ്ടും കരയാൻ തുടങ്ങി അവളുടെ പുറത്തുതട്ടി ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

 

‘‘ ഏതെങ്കിലും ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കാമായിരുന്നില്ലേ?’’

 

‘‘ അവർക്കൊക്കെയല്ലേ എന്തെങ്കിലും ചെയ്യാൻ കഴിയുക’’

 

ടൗവലെടുത്തു കണ്ണുകൾ തുടച്ചുകൊണ്ട് അവൾ വീണ്ടും പറഞ്ഞുതുടങ്ങി.

 

സ്വപ്‍നമരീചിക (കഥ)
പ്രതീകാത്മക ചിത്രം

“സൈക്യാട്രിസ്റ്റിനെ കാണിച്ചതാണ്. പക്ഷേ അവർ ചോദിച്ച ചോദ്യത്തിനൊന്നും   ഏട്ടനിൽനിന്നും വ്യക്തമായൊരു മറുപടി ഇല്ലാതായപ്പോൾ അവർ ഹിപ്നോട്ടിസം ചെയ്യാൻ ശ്രമിച്ചു. പക്ഷേ ഏട്ടന്റെ മനസിന്റെ മതിൽ തകർക്കാൻ അവർക്കായില്ല. അവസാനം പ്രശസ്തനായ ഒരു മനഃശാസ്ത്രജ്ഞൻ പ്രതിവിധിയായി ഒരു വിവാഹം കഴിച്ചാൽ എല്ലാം ശരിയാകുമെന്ന് പറഞ്ഞു. 

 

 

ഏട്ടൻ എതിർത്തെങ്കിലും ജീവിതം അവസാനിപ്പിച്ചുകളയുമെന്ന അമ്മയുടെ ഭീഷണിക്കുമുൻപിൽ വിവാഹത്തിനു സമ്മതിച്ചു. ആദ്യരാത്രിയിൽ തന്നെ അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് നിന്നെ താലിചാർത്തിയതെന്നും എനിക്ക് ഒരിക്കലും നിന്നെ ഭാര്യയായി കാണാൻ കഴിയില്ലെന്നും ഏട്ടൻ അവളോട് പറഞ്ഞു. പിറ്റേന്ന് രാവിലെ തന്നെ അവൾ അവളുടെ വീട്ടിലേക്ക് പോയി. അതിന്റെ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.”

 

 

കേട്ടപ്പോൾ എനിക്കാകെ  അതിശയമായി ഒരു കാരണവുമില്ലാതെ ഒരാൾ ആത്‌മഹത്യക്ക് ശ്രമിച്ചു കൊണ്ടിരിക്കുക ചോദ്യങ്ങൾക്കൊന്നും വ്യക്തമായി ഉത്തരം നൽകാതിരിക്കുക. ഇതെന്തൊരു മാറിമായം.   എന്നിലുണ്ടായ മാറ്റം ഉത്കണ്ഠഭരിതമാവുന്നത്  ഞാനറിഞ്ഞു.  ഇതിന്റെ പിന്നിലെന്ത് എന്നറിയാനും അത് കണ്ടുപിടിക്കാനുമുള്ള ആകാംക്ഷ  എനിക്കുമുണ്ടായി. അതിന് വേണ്ടി അവളുടെ ഏട്ടനെ കുറിച്ച് കൂടതലറിയാൻ ഞാൻ തീരുമാനിച്ചു. 

 

‘‘ നിന്റെ ഏട്ടൻ ആളെങ്ങനെ... ? എനിക്കൊന്നു പരിചയപ്പെടണമല്ലോ?’’

 

‘‘ വീട്ടിലുള്ളവരോടൊക്കെ സ്നേഹത്തോടെയാണോ പെരുമാറുന്നത്?’’

 

അവൾ ഒരു നിമിഷം എന്നെ ഒന്ന് നോക്കി പിന്നെ പറഞ്ഞു. 

 

‘‘ഏട്ടനൊരു പാവമാണ് അധികം സുഹൃത്തുക്കളൊന്നുമില്ല. ചിലപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട് ഏട്ടന്  ആകെയുള്ള സുഹൃത്ത് ഞാനാണെന്ന്.  വീട്ടിൽ കളിയും, ചിരിയും, തമാശയുമൊക്കെയാണെങ്കിലും പുറത്തിറങ്ങിയാൽ ആളൊരു ഗൗരവക്കാരനാകും. ഒരു പരിധിവിട്ട് ആരോടും അടുക്കില്ല. പഠിക്കാൻ സമർത്ഥനായിരുന്നു എല്ലാ ക്‌ളാസിലും നല്ല മാർക്കോടെയാണ് പാസായത്. പിന്നെ നന്നായി കവിത എഴുതും.”

‘‘കവിത എഴുതുമോ...? ’’

 

ഇടയ്ക്ക് കയറി എനിക്ക് ചോദിക്കാതിരിക്കാനായില്ല. കാരണം കവിതകൾ എനിക്ക് അത്രയേറെ ഇഷ്ടമായിരുന്നു.

 

‘‘ഉം’’

 

അവൾ ഉത്സാഹത്തോടെ മൂളി. അവളുടെ മുഖത്ത് പ്രസന്നഭാവം വരുന്നത് ഞാൻ ശ്രദ്ധിച്ചു  അവൾ വീണ്ടും തുടർന്നു.

 

‘‘കവിത എഴുതാൻ മാത്രമല്ല അത് നന്നായി ഈണത്തിൽ പാടാനും ഏട്ടനറിയാം. ഏട്ടനത് അതിന്റെ താളത്തിൽ പാടുന്നത് കേൾക്കാൻ എന്ത് രാസമാണെന്നോ? ഫ്രീയാണെങ്കിൽ ഇപ്പോൾ നീ വന്നോളു ഞാൻ നിനക്ക് പരിചയപെടുത്തിത്തരാം. പക്ഷേ സൂക്ഷിക്കണം.  ആദ്യ നോട്ടത്തിൽ തന്നെ നിന്നെ ഇഷ്ടപെട്ടില്ലെങ്കിൽ പിന്നെ പറഞ്ഞിട്ടു കാര്യമില്ല മോളെ. അതുകൊണ്ട് നല്ല കുട്ടിയായി വേണം അങ്ങോട്ട് വരാൻ”

 

‘‘ഓ… അതൊക്കെ ഞാൻ നോക്കിക്കോളാം.” അവൾ വീണ്ടും എന്നെ സംശയത്തോടെ നോക്കികൊണ്ട് പറഞ്ഞു.

 

‘‘ ആത്‌മവിശ്വാസം നല്ലതാണ് അമിതമാവാതെ നോക്കണം ഞെങ്ങൾക്കറിയാൻ കഴിയാത്തത് നിനക്കറിയാൻകഴിയുമെങ്കിൽ എനിക്കതിൽ സന്തോഷമേയുള്ളൂ’’

 

ജ്യൂസിന്റെ പൈസ കൊടുത്തശേഷം എന്നെയും കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി. വിവരങ്ങളൊക്കെ പറഞ്ഞെങ്കിലും അവിടെ എത്തിയപ്പോഴേക്കും മനസ് വല്ലാതെ അസ്വസ്ഥമാകാൻ തുടങ്ങി  വേണ്ട എന്ന് മനസിലിരുന്ന് ആരോ പറയുന്നു സാരമില്ല എന്ന് സ്വയം സമാധാനിച്ച് രേണുവിനോടൊപ്പം റൂമിലേക്ക് കയറി. അവിടെ കട്ടിലിൽ എന്തോ വായിച്ചുകൊണ്ട് അവളുടെ ഏട്ടൻ കിടക്കുന്നുണ്ടായിരുന്നു. 

 

 

ഞങ്ങളെ കണ്ടതും കട്ടിലിൽ എഴുന്നേറ്റിരുന്നു. അവളുടെ കൂടെ എന്നെ കണ്ടതുകൊണ്ടാവണം മുഖത്തൊര നിഷ്ടം ഉണ്ടായിരുന്നു. ആ അനിഷ്ടത്തോടുകൂടിയാണ് എന്നെ നോക്കിയതെങ്കിലും വിടർന്ന കണ്ണുകളിൽ ഒരു ഞെട്ടലും ഒരു ഇഷ്ടക്കേടും നിഴലിച്ചിരുന്നു. രേണു എന്നെയും  ഏട്ടനേയും പരിചയപെടുത്തുമ്പോഴും അദ്ദേഹം എന്നെ തന്നെ നോക്കിയിരിപ്പായിരുന്നു. ആ നോട്ടത്തിന്റെ അർത്ഥമറിയാതെ ആ നോട്ടത്തെ നേരിടാനാവാതെ അൽപനേരം ഞാൻ തല താഴ്ത്തിയിരുന്നു. 

 

പിന്നീട് തലയുർത്തിയപ്പോഴും അദ്ദേഹം എന്നെ തന്നെ ഇമവെട്ടാതെ നോക്കുന്നതാണ് ഞാൻ കണ്ടത്. കുറച്ചുനേരം ഞങ്ങൾ മൂന്നു  പേരും സംസാരിച്ചിരുന്നു. ആ സമയം കൊണ്ടുതന്നെ അദ്ദേഹമൊരു അന്തർമുഖാനാണെന്നും ആരോടെങ്കിലും ഒരിഷ്ടം തോന്നിയാൽ ആ അന്തർമുഖത്വം ഇല്ലാതാവുമെന്നും മനസിലായി. യാത്രപറഞ്ഞ് അവിടെനിന്നും ഇറങ്ങുമ്പോൾ ഞാനൊരു തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. ഇനിയും അദ്ദേഹത്തെ കാണാനും കൂടുതൽ അറിയാനും എനിക്ക് ഇവിടെ വീണ്ടും വരേണ്ടിവരും. 

 

 

കുറച്ചുദിവസത്തിന് ശേഷം ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയപ്പോൾ ഞാൻ രേണുവിനോടൊപ്പം അദ്ദേഹത്തെ കാണാൻ അവളുടെ വീട്ടിലേക്ക് പോയി. എന്നെ കണ്ടപ്പോൾ മുമ്പെങ്ങും കാണാത്ത ഒരു തിളക്കം ഞാൻ ദർശിച്ചു. എന്തെങ്കിലുമൊന്ന് സംസാരിക്കണമല്ലോ എന്ന് ഓർത്ത്‌ കവിത എഴുത്തിനെക്കുറിച്ചു തുടക്കമിട്ടു. അന്ന് കുറെ നേരം സംസാരിച്ചതിന് ശേഷം അദ്ദേഹവുമായി ഒരു മാനസികമായ  അടുപ്പം ഉണ്ടാക്കാൻ എനിക്ക് കഴിഞ്ഞു. 

 

 

പിന്നീടുള്ള ദിവസങ്ങളിൽ അദ്ദേഹത്തെ കാണാനും സംസാരിക്കാനും വേണ്ടി ഞാൻ സമയം ഉണ്ടാക്കി ക്കൊണ്ടിരുന്നു. എന്നും ഓരോരോ കാരണങ്ങൾ പറഞ് ഞാൻ അവളുടെ വീട്ടിലേക്കിറങ്ങി. അങ്ങനെയിരിക്കെ ഒരുദിവസം ഞാൻ ആ സംഭവത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിയ്ക്കാൻ തീരുമാനിച്ചു.

 

‘‘ ഏട്ടനോട് എനിക്കൊരു കാര്യം ചോദിക്കാനുണ്ട്. ആളുകൾ ആത്‌മഹത്യ ചെയ്യുന്നത് എന്തിനാണ്?’’

 

‘‘ സത്യത്തിൽ ഭീരുക്കളല്ലേ ആത്‌മഹത്യ ചെയ്യുക?’’

 

അദ്ദേഹം പെട്ടെന്ന് എന്നെ ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു.

 

‘‘ നീ രണ്ടു ചോദ്യങ്ങളാണ് എന്നോട് ഉന്നയിച്ചിരിക്കുന്നത്’’

 

‘‘ ഒന്ന് മനുഷ്യൻ എന്തിന് ആത്‌മഹത്യ ചെയ്യുന്നു? അത് വ്യക്തമായി  പറയാൻ നമുക്ക് കഴിയില്ല. അതിനു തക്കതായ കാരണം ഉണ്ടെങ്കിലും പലർക്കും പല കാരണങ്ങളായിരിക്കും ഉണ്ടാവുക. അതുകൊണ്ട് അത്  അനുഭവിച്ചവരോട് തന്നെ ചോദിക്കണം’’

 

‘‘ രണ്ടാമത്തെ ചോദ്യം ഭീരുക്കളല്ലേ ആത്മഹത്യ ചെയ്യുക എന്നത്’’

 

‘‘അല്ല’’

 

“കാരണം ഭീരുവായ ഒരാൾക്ക് ആത്‌മഹത്യ ചെയ്യാൻ കഴിയില്ല. അതിന് നല്ല ധൈര്യം വേണം. അത് കിട്ടാൻവേണ്ടിയാണ് പലരും ആത്‌മഹത്യക്കുമുമ്പ് മദ്യപിക്കുന്നതും മറ്റെന്തെങ്കിലും  മാർഗങ്ങൾ സ്വീകരിക്കുന്നതും’’

 

‘‘ പണ്ടുള്ള ഒരു കഥ കേട്ടിട്ടില്ലേ. കിണറ്റിൽ ചാടിമരിക്കാൻ പുറപ്പെട്ട ഒരാൾ പാമ്പിനെക്കണ്ട് തിരിച്ചോടിയത്. അയാൾക്ക് ധൈര്യമുണ്ടായില്ല.”

 

‘‘ ശരി, അങ്ങനെയാണെങ്കിൽ ഏട്ടൻ എന്തിനാണ് ആത്‌മഹത്യക്ക് ശ്രമിച്ചത്’’ 

 

അദ്ദേഹം പെട്ടെന്ന് മൗനിയായി. മുഖത്തെ ഭാവം മാറി. പെട്ടെന്ന്തീഷ്ണമായി  എന്നെ നോക്കി. അൽപം  ധൃതി കൂടിപ്പോയോ എന്ന് എനിക്കും  തോന്നി.  പക്ഷേ തുടങ്ങിവെച്ച സ്ഥിതിക്ക് ഞാൻ പിന്മാറാൻ തയ്യാറായിരുന്നില്ല. 

 

‘‘ മരിക്കാൻ ഒരായിരം കരണങ്ങളുണ്ടാവാം. അതിൽ ഏതാണ് ഏട്ടന്റെ കാരണം. അത് പറയാൻ ഏട്ടനല്ലേ കഴിയൂ’’

 

‘‘ അതിനെക്കുറിച്ച് നമുക്ക് പിന്നീട് സംസാരിക്കാം. ഇപ്പോൾ വേറെ എന്തെങ്കിലും പറയാം’’

 

അദ്ദേഹം മനഃപൂർവം വിഷയം മാറ്റാൻ ശ്രമിച്ചു ഞാൻ സമ്മതിച്ചില്ല.

 

‘‘ അത് ശരിയാവില്ല. കാരണം എന്തായാലും എനിക്ക് ഉത്തരം കിട്ടിയേ പറ്റൂ. സാമ്പത്തിക പ്രശ്നങ്ങൾ ഇല്ല, പ്രേമബന്ധങ്ങളോ, പ്രണയ നൈരാശ്യങ്ങളോ കാണുന്നില്ല. കുടുംബപ്രശ്‌നങ്ങൾ ഉള്ളതായും എനിക്കറിവില്ല’’

 

“അപ്പോൾ ഞാൻ മനസ്സിലാക്കിയിടത്തോളം നല്ല ബുദ്ധിയും നല്ല ചിന്തയും നല്ല മനസും അങ്ങേയ്ക്കുണ്ട്. അതുകൊണ്ടുതന്നെ മാനസിക പ്രശ്നങ്ങൾക്കും സാധ്യതയില്ല. ജോലി ലഭിക്കുന്നതിനുമുൻപേ തുടങ്ങിയതുകൊണ്ട് തൊഴിൽപ്രശ്നങ്ങളും പറയാൻ കഴിയില്ല. ആരോടെങ്കിലും ഒരാളോട് തുറന്നുപറയുമ്പോൾ മനസിന്റെ ടെൻഷൻ കുറയില്ലേ?. അതിനാൽ ഇനിയെങ്കിലും മടിക്കാതെ പറയൂ.എന്തിനാണ് ആത്‌മഹത്യക്ക് ശ്രമിച്ചതെന്ന്’’

 

പക്ഷേ എത്രയൊക്കെ പറഞ്ഞിട്ടും ഒന്നും പറയാതെ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ മുഖത്തെ ഭാവ വ്യത്യാസം  ഞാൻ ശ്രദ്ധിച്ചു. ഞാനെടുത്ത പരീക്ഷണങ്ങളെല്ലാം പരാജയപെടുകയാണോ എന്ന സന്ദേഹം മറച്ചുവെച്ചുകൊണ്ട് അവസാനശ്രമമെന്ന നിലയിൽ വീണ്ടും പറഞ്ഞു. 

 

‘‘ഏട്ടൻ എന്നെ എങ്ങനെയാണ് കാണുന്നതെന്ന് എനിക്കറിയില്ല. പക്ഷേ നല്ലൊരു സുഹൃത്തെന്ന സ്വാതന്ത്ര്യത്തോടെയാണ് ഞാൻ എല്ലാം ചോദിച്ചത്. അതുകൊണ്ട് തിരിച്ചെന്നോടും ഞാനിത്  പ്രതീക്ഷിക്കുന്നു. അങ്ങനെയല്ല മറിച്ചാണെങ്കിൽ നമുക്കിത് ഇവിടെവെച്ച് നിർത്താം’’

 

എന്റെ ദേഷ്യവും സങ്കടവും കണ്ടാവാം അദ്ദേഹം എഴുന്നേറ്റിരുന്നു. പിന്നെ പറയാനുള്ള തയ്യാറെടുപ്പോടെ എന്നെ നോക്കി. മെല്ലെ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

‘‘ മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതല്ലേ നല്ലത്. എന്റെ വിഷമങ്ങൾ നിന്നോട് പറഞ്ഞാൽ ചിലപ്പോൾ എനിക്ക് ആശ്വാസം കിട്ടിയേക്കും. പക്ഷെ കേൾക്കുന്ന നിനക്കിത് രസകരമാവില്ല. . അതിനാൽ ഞാനെന്തിനാ നിന്നെ വെറുതെ വേദനിപ്പിക്കുന്നെ?”   

     

ചിരിച്ചുകൊണ്ട് അത്രയും പറഞ്ഞവസാനിപ്പിച് അദ്ദേഹം അടിമുടി എന്നെ  നോക്കി.

 

‘‘ എനിക്ക് ടെൻഷനുണ്ടെങ്കിൽ ഞാനത് സഹിച്ചു. ഏട്ടൻ പറയണം എനിക്ക് അത് അറിഞ്ഞേ മതിയാവൂ’’

    

എന്റെ മുഖത്തെ ഗൗരവം കണക്കിലെടുക്കാതെ അദ്ദേഹം പറഞ്ഞു.

 

‘‘ എന്നെങ്കിലുമൊരിക്കൽ നിന്നോടിതു പറയേണ്ടിവരുമെന്ന് എനിക്ക് അറിയാമായിരുന്നു. ഞാനിനി ഒന്നും മറച്ചുവെക്കുന്നില്ല’’

 

‘‘ഞാൻ ആത്മഹത്യ ചെയ്യാൻ കാരണം നീയാണ് !

  

‘‘ഞാനോ’’

 

അമ്പരപ്പോടെയായിരുന്നു എന്റെ ചോദ്യം അതിലേറെ ഉള്ളിൽ ഭയവും.

 

‘‘ ഞാനെങ്ങനെ നിങ്ങളുടെ ആത്‌മഹത്യക്ക് കാരണമാവും. എന്നെ കാണുതിന് മുൻപും നിങ്ങൾ ആത്മഹത്യക്ക്  ശ്രമിച്ചിരുന്നല്ലോ?”

 

അത്ഭുതത്തോടെ ഞാൻ ഏട്ടനെ നോക്കി ഏട്ടന്റെ മുഖത്ത് അപ്പോഴും ആ ചിരി ഉണ്ടായിരുന്നു പിന്നെ വളരെ മെല്ലെ   പറഞ്ഞുതുടങ്ങി. 

 

വർഷങ്ങൾക്ക് മുൻപ് ഒരു യുവജനോത്സവത്തിന്റെ രംഗമണ്ഡപത്തിൽ നിന്നെ കാണുന്നതുവരെ ഞാനൊരു സാധാരണ വ്യക്തിയായിരുന്നു. അവിടെ വെച്ച് നിന്നെ കണ്ടപ്പോൾ എവിടെയോ വെച്ച് കണ്ടുമറന്ന  പോലെ എനിക്ക് തോന്നി. പിന്നീടാണ് ഞാൻ ഓർത്തെടുത്തത് അതെന്റെ സ്വപ്നങ്ങളിൽ വരാറുള്ള ഒരു മുഖമാണെന്ന്. അതിന് ശേഷം എന്റെ ശരീരത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നതുപോലെ എനിക്ക് തോന്നി.

 

 

അത് എന്താണെന്ന് വാക്കുകളിലൂടെ വ്യക്തമായി പറയാൻ എനിക്കായില്ല. ഒരു നിദ്രയിലെന്നപോലെ എന്റെ ഓർമകളിലേക്ക് എന്തൊക്കെയോ അരിച്ചിറങ്ങുന്ന ഒരു അനുഭൂതി അന്നെനിക്കുണ്ടായി. പിന്നീടാണ് ഞാനറി ഞ്ഞത് ജന്മജന്മാന്തരങളായി  എന്റെ മനസ്സ്  തേടിക്കൊണ്ടിരിക്കുന്നത്  നിന്നെ തന്നെയാണെന്ന്. നീയപ്പോൾ താളലയങ്ങളുടെ അനന്തവിഹായസ്സിലേക്ക് പറന്നുയുരുകയായിരുന്നു. അസ്വസ്ഥമായ മനസുമായി വീട്ടിലെത്തിയ എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. 

 

 

രാത്രി മുഴുവൻ എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടന്ന ഞാൻ ഏതോ ഒരു ദുർബല നിമിഷത്തിൽ ആത്‌മഹത്യ ചെയ്യാൻ ശ്രമിച്ചു. പിന്നീട് എപ്പോഴൊക്കെ നിന്നെ കണ്ടിട്ടുണ്ടോ അപ്പോഴൊക്കെ ഞാൻ ഇതാവർത്തിച്ചു. 

 

‘‘അതെന്താ എന്നെ പേടിയാണോ?’’ എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

 

‘‘ പേടിയായതുകൊണ്ടല്ല മറ്റെന്തിനേക്കാളും കൂടുതൽ ഞാൻ നിന്നെ ഇഷ്ടപെടുന്നു’’

 

‘‘ എന്നെ ഇഷ്ടമാണെങ്കിൽ എന്തുകൊണ്ട് ആ ഇഷ്ടം എന്നെ അറീച്ചില്ല. മാത്രമല്ല എന്നിൽ നിന്ന് എന്തിന് ഒളിച്ചോടാൻ ശ്രമിക്കുന്നു’’

 

വികാര വിക്ഷോഭത്താൽ സംസാരിക്കുന്ന എന്നെ   കയ്യുയർത്തി തടഞ്ഞുകൊണ്ട് ഒരു തത്വജ്ഞാനിയെ പ്പോലെ അദ്ദേഹം  വീണ്ടും തുടർന്നു.  

 

‘‘ ഇഷ്ടം, സ്നേഹം എന്നതിന് പല പല അർത്ഥങ്ങളുണ്ട് കുട്ടി. നിന്നെ പേടിച്ചോ നിന്നോട് സ്നേഹമില്ലാ ത്തതുകൊണ്ടോ അല്ല  നിന്നിൽ നിന്ന് ഞാൻ ഒളിച്ചോടുന്നത്. നിന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണ്. നമ്മൾ എപ്പോഴൊക്കെ ഒരുമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ദുരന്തങ്ങൾ കൂടെ വന്നിട്ടുണ്ട്. എന്ന് വെച്ചാൽ അകന്നിരിക്കുമ്പോൾ ഒരുപാട് സ്നേഹിക്കുകയും അടുത്തിരിക്കുമ്പോൾ കലഹിക്കുകയും ചെയ്യുന്ന വിചിത്ര ജന്തുക്കളാണ് നമ്മൾ’’

 

‘‘ദുരന്തങ്ങളോ...? എന്ത് ദുരന്തങ്ങൾ എല്ലാം നിങ്ങളുടെ തോന്നലുകളാണ്’’

 

വീണ്ടും എന്നെ നോക്കിക്കൊണ്ട്‌ അദ്ദേഹം പറഞ്ഞു.

 

‘‘ ഞാൻ പറയുന്നതെല്ലാം സത്യമാണ്. എനിക്ക് എന്റെ മുൻജന്മങ്ങളെല്ലാം ഓർമയുണ്ട്. ഇതെല്ലാം മറ്റുള്ളവരോട് പറഞ്ഞാൽ അവർ വിശ്വസിക്കില്ലെന്നും എനിക്ക് ഭ്രാന്താണെന്നും പറയും. നീ നിർബന്ധിച്ചതുകൊണ്ട് മാത്രമാണ് ഞാൻ ഇതെല്ലാം നിന്നോട് പറഞ്ഞത്. 

 

വീണ്ടും അദ്ദേഹം എന്നെ നോക്കി. 

 

‘‘ ഞാൻ പറഞ്ഞാൽ മനസിലാവുമെങ്കിൽ നിനക്കിതു വിശ്വസിക്കാം. അല്ലെങ്കിൽ  നിന്റെ ഇഷ്ടം പോലെ ചെയ്യാം” 

 

‘‘ നിങ്ങൾ പറഞ്ഞോളൂ ....... എന്ത് ചെയ്യണമെന്ന് എനിക്കറിയാം’’

 

സംശയത്തോടെ എന്നെ നോക്കിയ ശേഷം വീണ്ടും തുടർന്നു.

 

‘‘ കഴിഞ്ഞ എല്ലാ ജന്മങ്ങളിലും നീ എന്റെ കളിക്കൂട്ടുകാരിയായിരുന്നു. ചില ജന്മങ്ങളിൽ ഭാര്യയും. നിഷ്കളങ്കയായ നിനക്ക് എന്നോട് എപ്പോഴും ഒരു തരം ഭ്രാന്തമായ സ്നേഹമായിരുന്നു. നിന്റെ സ്നേഹത്തിന്റെ നൂറിലൊരംശംപോലും എനിക്ക് തിരിച്ചുതരാൻ കഴിഞ്ഞിട്ടില്ലെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. വെറുപ്പും വിദ്വേഷവും ഞാൻ കാണിച്ചപ്പോഴും നീ എന്നെ സ്നേഹിച്ചിട്ടേയുള്ളൂ എല്ലാ ജന്മങ്ങളിലും.”

 

‘‘അത്രയ്ക്ക് സ്നേഹമാണെങ്കിൽ പിന്നെ എങ്ങനെയാണ് നമുക്കിടയിൽ പ്രശ്നങ്ങൾ സംഭവിച്ചത്’’

ഞാൻ വളരെ ആകാക്ഷയോടെ ചോദിച്ചുപോയി.

     

‘‘ എന്നോടുള്ള സ്നേഹക്കൂടതൽ തന്നെയായായിരുന്നു ഏറ്റവും വലിയ പ്രശ്‌നം. ഏതെങ്കിലും ഒരു സ്ത്രീയോടൊത്ത്‌ എന്നെ കണ്ടാൽ, ആരെങ്കിലും എന്നെപ്പറ്റി എന്തെങ്കിലും പറഞ്ഞാൽ നീ എന്നോട് വഴക്കിന് വരുമായിരുന്നു. നിഷ്കളങ്കമായ നിന്റെ മനസ്സിൽ കലഹത്തിന്റെ വിത്ത് പാകാൻ മറ്റുള്ളവർക്ക് ഏതാനും നിമിഷങ്ങൾ മതിയായിരുന്നു. ഒരിക്കലും ഞാൻ പറയുന്നത് കേൾക്കാനോ എന്നെ മനസ്സിലാക്കാനോ നീ ശ്രമിച്ചിട്ടില്ല. പിന്നീട് ഞാൻ ആത്‌മഹത്യ ചെയ്യുമ്പോഴാണ് നീ വിശ്വസിച്ചിരുന്നതൊക്കെ തെറ്റാണെന്നറി യുന്നതും. നമ്മുടെ കുട്ടികളെപ്പോലും മറന്നുകൊണ്ട് എനിക്ക് പിന്നാലെ നീയും ആത്‌മഹത്യ ചെയ്യുന്നു. 

 

ഈ ജന്മത്തിലെങ്കിലും ഇതൊന്നും സംഭവിക്കാതിരിക്കാണ് ഞാൻ ശ്രമിച്ചത്. എന്നെ കണ്ടുമുട്ടിയില്ലായെങ്കിൽ നീ മാറ്റാരെയെങ്കിലും വിവാഹം കഴിച്ച് സുഖമായിരിക്കുമെന്ന്‌ എനിക്ക് തോന്നി. അത് നിന്നോടുള്ള സ്നേഹക്കൂടതൽ കൊണ്ടാണ്’’

 

എല്ലാം കേട്ടിരിക്കുകയായിരുന്ന ഞാൻ അന്നേരം വല്ലാത്തൊരു മനസികാവസ്ഥയിലായിത്തീർന്നു. വിശ്വസിക്കണോ  വേണ്ടയോ  ഇതെങ്ങനെ സത്യമാകും എന്നായിരുന്നു എന്റെ ചിന്ത.  നീറുന്ന മനസുമായി   ഞാൻ വീർപ്പുമുട്ടി കഴിയുമ്പോൾ  എപ്പോഴോ മനസ്  അറിയാതെ പഴയ ഓർമ്മകളുടെ താളുകളിലേക്ക് വഴുതി വീണു. വേദികളിൽ നിന്ന് വേദികളിലേക്ക് ചേക്കേറുന്ന സമയത്ത് എപ്പോഴൊക്കെയോ എവിടെയൊക്കെയോ നിന്നോ ആരുടെയൊക്കെയോ അദൃശ്യമായ ഒരു കരസ്പർശം എന്നെ വല്ലാതെ ചുറ്റിവരിയുന്നുണ്ടായിരുന്നതായി ഞാനോർക്കുന്നു. വീണ്ടും അദ്ദേഹം പറയാൻ തുടങ്ങിയപ്പോഴാണ് ഞാൻ എന്റെ സമനില വീണ്ടെടുത്ത്.

   

‘‘ നീ ഇനി ഇവിടെ വരരുത് മറ്റൊരു ദുരന്തം കാണാനുള്ള ശേഷി എനിക്കില്ല. എന്റെ ജീവിതത്തെക്കുറിച്ച് ഞാൻ ആലോചിക്കുന്നേയില്ല. പക്ഷേ ഇനിയുള്ള നിന്റെ ജീവിതം നിന്റെ സന്തോഷം അതെനിക്ക് വിലപ്പെട്ടതാണ്. അതു ഞാൻ കാരണം ഇനി പാഴായി പോകരുത്. അതുകൊണ്ട് എന്നെ കാണാനോ ഇവിടേക്ക് വരാനോ ഇനി  ശ്രമിക്കരുത്’’

 

ഇതും പറഞ് അദ്ദേഹം പോകാൻ ശ്രമിച്ചപ്പോൾ ഞാൻ പിടിച്ചുനിർത്തി ആ മിഴിയിണകളിലേക്ക് നോക്കികൊണ്ട്‌ ചോദിച്ചു. 

 

‘‘ നിങ്ങൾക്ക് എന്നെ മറക്കാൻ സാധിക്കുമോ? എന്നെ മനസിലാക്കാതെ നിങ്ങൾ എങ്ങോട്ടാണ് പോകുന്നത്. നിങ്ങളുടെ സ്നേഹത്തിന്റെ ആഴം മനസിലാക്കാൻ കഴിയുന്നുണ്ടെനിക്ക്. കഴിഞ്ഞ ജന്മങ്ങളിലെ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ   ഇനിയുള്ള കാലം നമുക്ക് ഒരുമിച്ചുകൂടെ?

 

അതുപറഞ്ഞപ്പോഴേക്കും  എനിക്ക് കരച്ചിൽ നിയന്ത്രിക്കാനായില്ല  കരഞ്ഞു കലങ്ങിയ മുഖം കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ ഗൗരവം സാവധാനത്തിൽ മിന്നിമറഞ്ഞ് സന്തോഷത്തിന്റെ അശ്രു കണങ്ങൾ പ്രതിഫലിക്കുന്നത് ഞാൻ കണ്ടു.  അപ്പോഴും മുറിയുടെ പുറത്ത്‌ രണ്ടുപേർ  നിർന്നിമേഷനായി നിൽക്കുന്നുണ്ടായിരുന്നു.   

 

English Summary : Swapna Mareechika Story By  Renjan Mulloli 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com