ADVERTISEMENT

ദുരിതമുഖം (കഥ)

നിലത്ത് മുഖം കുനിച്ച് ചമ്രം പടഞ്ഞ് സുനിൽകുമാർ ഇരുന്നു. മുമ്പിലെ സ്റ്റീൽ പ്ലേറ്റിൽ നിന്ന് പച്ചക്കറി ചേർന്ന ചോറൽപം വാരിയുണ്ടു. ഏതാണ്ട് മുപ്പതു വയസ്സ് വരും. നന്നേ മെലിഞ്ഞ ശരീരം. നീണ്ട മുഖം. കണ്ണുകൾ ഉൾവലിഞ്ഞ് അവിടിവിടായിട്ട് നര പൊതിഞ്ഞ മുടിയിഴകൾ.

 

വീണ്ടും ദമയന്തി പ്ലേറ്റിൽ കറിയൊഴിച്ചു.

 

‘‘ നല്ലപോലെ വയറു നിറയും വിധം ഉരുട്ടി കഴിക്കെടാ. എന്തോ ഒരു കോലമാ. വണ്ണമേയില്ല നിനക്ക്. കണ്ടില്ലേ. ശരീരം മുഴുവനും എല്ല് തെളിഞ്ഞു.

 

സങ്കടത്തോടെ ദമയന്തി മകനെ നോക്കി പറഞ്ഞു.

 

 

നേർത്തൊരു പുഞ്ചിരിയോടെ സുനിൽകുമാർ പറഞ്ഞു.

 

‘‘ അല്ലേലും ഈ പി എസ് സി വന്നു കഴിഞ്ഞാ ഈ മനുഷ്യജന്മമേ പിന്നെ വെറും വേസ്റ്റാ’’

 

‘‘ ഈ പി എസ് സി ക്ക് വണ്ണവുമായിട്ടെന്താ ഇത്ര ബന്ധം?’’

 

സംഗതി എന്തെന്ന് ദമയന്തിക്ക് മനസ്സിലായില്ല.

 

‘‘ പബ്ലിക് സർവ്വീസ് കമ്മീഷൻ... എന്നല്ല ഞാൻ പറഞ്ഞ പി എസ് സി. ഈ പി എസ് സി എന്നാൽ പെർഫെറേഷൻ സ്ട്രിക്ച്ചർ പിന്നെ ക്യാൻസർ’’ സുനിൽ വീണ്ടും പുഞ്ചിരി തൂകി.

 

‘‘ മിണ്ടാതിരിക്കെടാ. നീ മാറാവ്യാധി ചുമ്മാ വിളിച്ച് വരുത്തേണ്ട. കഴിക്കാൻ നേരം നീ നേരാംവിധം ദൈവത്തെ വിളിക്ക്’’

 

ദുരിതമുഖം (കഥ)
പ്രതീകാത്മക ചിത്രം

ഉപദേശരൂപേണ ദമയന്തി സുനിലിനെ ശ്രദ്ധിച്ച് ശാസിച്ചു.

 

‘‘ എന്തോ അസുഖമുണ്ടമ്മേ എനിക്ക്. അത് ചിലപ്പോൾ ഞാൻ മുമ്പ് പറഞ്ഞ മൂന്നിലൊന്നാകും. അല്ലാതെ ചുമ്മാ ശരീരമിത്രക്ക് മെലിയോ?’’ സുനിൽ നിരാശയോടെ പറഞ്ഞു.

 

    ദമയന്തിയുടെ കണ്ണുകളിൽ ഭയം പ്രതിഫലിച്ചു.

 

ഇനിയുള്ള തന്റെ ജീവിതവും ഈ വാടക വീടിന്റെ ഏക പ്രതീക്ഷയുമാണ് ഈ ഇരിക്കുന്നത്. ഇവന്റെ  ശരീരത്തിനെന്തേലും സംഭവിച്ചാൽ?

 

 

‘‘മതി ചിന്തിച്ചത്. ചോറ് കഴിക്കമ്മ...ഞാനെണീക്കുവാ’’ നിലത്തു നിന്ന് സുനിൽ എഴുന്നേറ്റു.

 

 

നാല് പി എം. ഒരു ഓട്ടോറിക്ഷ ഇരമ്പിയടുത്ത് ദമയന്തിയുടെ റെന്റ് ഹൗസിനു മുമ്പിലായി നിന്നു. അതിൽ നിന്ന് ഏകദേശം മുപ്പത്തിനാല് വയസ്സ് മതിക്കുന്ന ഒരു യുവതി ഇറങ്ങി. ദമയന്തിയുടെ രണ്ടാമത്തെ മകൾ സുനിത ആയിരുന്നു അത്.

 

മുൻവാതിൽ ചാരിയിട്ടേയുണ്ടായിരുന്നുള്ളൂ. സുനിത അകത്തേക്ക് കയറി വന്നു. മുറിയിലാരെയും കണ്ടില്ല.

 

ദുരിതമുഖം (കഥ)
പ്രതീകാത്മക ചിത്രം

‘‘ അമ്മേ’’ സുനിത വിളിച്ചു.  ദമയന്തി അടുക്കളയിൽ നിന്ന് അവിടേക്ക്   വന്നു.

 

‘‘ ഇത്ര വേഗം എത്തിയോ നീ? താമസിക്കുമെന്ന് വിചാരിച്ചു ഞാൻ. എന്തിയേ അവര്? എന്റെ പിള്ളേര്?’’ ദമയന്തി സന്തോഷത്തിൽ അന്വേഷിച്ചു.

 

‘‘ രണ്ടും കൂടി വല്യ കളിയാ വീട്ടില്. കുറെ വിളിച്ചു വന്നില്ല. സുനിൽ ഇറങ്ങിയിട്ട് അധികനേരമായോ? സുനിത ചോദിച്ചു കൊണ്ട്  കസേരയിൽ ഇരുന്നു.

 

‘‘ ഇപ്പോഴെനിക്ക് അധികം മനപ്രയാസം .ഇപ്പൊ കുടലിനോ കരളിനോ എന്തോ കാര്യമായി കുഴപ്പമുണ്ടെന്നാ സുനിൽ പറയുന്നത്’’

 

‘‘ അവനിത്  കുറെക്കാലമായി പറയുന്നുവല്ലോ? അതോർത്ത് ഇനി വിഷമിക്കേണ്ട അമ്മ. വണ്ണമില്ലാത്തത് ഒരസുഖമല്ല. എല്ലാമവന്റെ പേടിയും തോന്നലുമാ’’

 

ദമയന്തിക്കു സുനിത ധൈര്യം നൽകി

 

ഏതാണ്ട് അവിടെ നിന്ന് അഞ്ചു കിലോമീറ്റർ മാറിയാണ് സുനിത താമസിക്കുന്നത്. ദമയന്തിയുടെ മൂത്തമകൾ സുകന്യ താമസിക്കുന്നതും അതിനടുത്ത് തന്നെയാണ്. സുനിതയെ നോക്കി ദമയന്തി സങ്കടം കലർന്ന സ്വരത്തിൽ പറഞ്ഞു.

 

‘‘ ഇരുപതു വർഷമായി താമസം വാടക വീട്ടിലാ. ഒരു പുരോഗതീമില്ല’’

 

സുനിത ശബ്ദിച്ചില്ല.

 

‘‘ നിങ്ങടച്ഛനു കിട്ടിയ കുടുംബ സ്വത്തൊന്നും ബാക്കിയില്ല. നിങ്ങടച്ഛന്റെ കടം മാത്രമല്ലേ വീട്ടാനായുള്ളൂ.കൂട്ടുകുടുംബം പുലർത്തിയ ഒരാളല്ലേ നിങ്ങടച്ഛൻ?’’  ദമയന്തി ഒന്നു നിശ്വസിച്ചു.

 

‘‘നിങ്ങൾ മൂന്നു മക്കളും പട്ടിണിയും ദാരിദ്രവും കുറെ കണ്ടിട്ടില്ലേ?’’  ദമയന്തിയുടെ മിഴികൾ നനഞ്ഞു.

 

‘‘പത്തു കൊല്ലം മുമ്പ് നിങ്ങടച്ഛൻ രണ്ടാം തവണ ഹാർട്ടറ്റാക്ക് വന്ന് മരിച്ചു’’

 

സുനിത മിണ്ടിയില്ല. ആവർത്തന വിരസതയിലെന്നവണ്ണം നിസ്സംഗതയോടെ ഇരുന്നു.

 

‘‘ നിങ്ങൾ രണ്ട് പെൺകുട്ടികളും ആ സമയം കല്യാണം കഴിച്ചിട്ടില്ല. ബന്ധുക്കാരുടെയും നമ്മുടെ നാട്ടുകാരുടെയും സഹായം കൊണ്ടും പിന്നെ നിങ്ങൾ മൂന്നു മക്കൾടെ കഠിന പ്രയത്നത്തിലും കല്യാണം രണ്ടും പ്രത്യേകിച്ച് ബുദ്ധിമുട്ടില്ലാതെ നമുക്കു വേഗം നടത്താനായി’’.

 

ദമയന്തി ഒന്നു നിർത്തി. പിന്നെ കൂട്ടിച്ചേർത്തു.

 

‘‘ സുനിലിപ്പൊ  എറണാകുളത്ത്‌. ഇവിടെയോ പത്തനംതിട്ടേലെ വാടകപ്പുരയിൽ ഞാൻ ഒറ്റയ്ക്കും’’

 

‘‘ അവിടെ രാത്രീം ജോലിയെടുക്കുന്നതു കൊണ്ടല്ലേ അമ്മയെ സുനിലങ്ങോട്ട് കൂട്ടിക്കൊണ്ടു പോകാത്തെ’’

 

സുനിത ഒന്നു നിർത്തി.

 

 

‘‘ കുറച്ചു കാലം ഗൾഫിൽ ചെന്ന് ജോലി ചെയ്താൽ സ്ഥലം വാങ്ങാമായിരുന്നു. ഇപ്പോ നിലവിലുള്ള ബുദ്ധിമുട്ട് കുറയ്ക്കുകേം ചെയ്യാം. പക്ഷേപാസ്പോർട്ടെടുക്കുന്നതെങ്ങനെ? സ്ഥിരമായി നമുക്കൊരു അഡ്രസില്ലല്ലോ? കുറച്ചു കാശ് മുടക്കിയാൽ ചെലപ്പൊ കിട്ടും. പക്ഷേ അതിനെ വിടെ കാശ്? അവനിപ്പൊ കിട്ടുന്നത് രണ്ടു സ്ഥലത്തെ വാടക കൊടുക്കാനും ചെലവിനുപോലും തികയുന്നില്ല. പിന്നെ നോൺ വെജ് കഴിക്കാതെ മെലിഞ്ഞശരീരം കൊണ്ടുപോയിട്ടും എന്തു ചെയ്യാനാ? ഇങ്ങനെ ഭക്തി കൊണ്ട് അവനെന്തു നേട്ടമാ ഉണ്ടായത്?’’

 

ദമയന്തി പ്രാർത്ഥനാനിരതയായി ഉരുവിട്ടു. ‘‘ ഇനി ദൈവം രോഗം കൂടെ വരുത്താതിരുന്നാൽ മതി’’

 

  

അടുത്ത ദിവസം രാവിലെ എറണാകുളത്തെ ഇലക്ട്രോണിക്സ് കമ്പനിയിൽ എട്ട് പതിനഞ്ച് പിന്നിട്ടപ്പോൾ സുനിൽകുമാർ എത്തി. നന്ദന സീറ്റിൽ ഇരിപ്പുണ്ടായിരുന്നു. വയസ്സ് ഇരുപത്തൊൻപതു  പറയും. വട്ടമുഖത്ത് വലിയ കണ്ണുകൾ. നെറ്റിയിൽ കുങ്കുമം കലർന്ന ചന്ദനക്കുറി. മറ്റ് സ്റ്റാഫ്സ് ആരും എത്തിയിരുന്നില്ല. ഇനി ഷിഫ്റ്റ് തുടങ്ങാൻ പതിനഞ്ച് മിനിറ്റ് ബാക്കിയുണ്ട്.

 

 

‘‘ സുനിലിന്ന് നേരത്തെ വന്നല്ലോ? സാറ്റർഡേ വീട്ടിൽ പോയില്ലാരുന്നോ?’’ നന്ദന സന്തോഷത്തോടെ ചോദിച്ചു.

 

‘‘ഇന്നലെ വൈകുന്നേരം ഞാൻ വീട്ടീന്ന് തിരിച്ചിങ്ങ് വന്നു’’ സുനിൽ പറഞ്ഞു.

 

‘‘ എപ്പോഴാ ഡോക്ടറെ കാണാൻ പോയത്? നന്ദന ഉദ്വേഗത്തോടെ അന്വേഷിച്ചു. എൻഡോസ്ക്കോപ്പി ചെയ്തോ?’’

 

‘‘ഞാൻ ഹോസ്പിറ്റലിൽ പോയില്ല നന്ദന. ലാബ് ടെസ്റ്റിൽ ഡെയ്ഞ്ചർ ഡിസീസ് എന്തേലും ഉണ്ടെന്ന് തെളിഞ്ഞാൽ എനിക്കു പിന്നെ താങ്ങാനൊക്കില്ല. തളരും’’ 

 

കൈവശം കാശില്ലെന്ന വസ്തുത അവൻ മറച്ചു വച്ചു.

 

‘‘ ഏതു തളർച്ചയിലും ഒപ്പമുണ്ട് ഞാൻ’’ നന്ദന സ്നേഹത്തോടെ പറഞ്ഞു.

 

‘‘ രജിസ്റ്റർ മാര്യേജ് നടത്താമെന്ന് പലതവണ ഞാൻ പറഞ്ഞിരുന്നു. ഇനിയങ്ങോട്ട് സുനിലിന്റെ ഒപ്പമുള്ളതു നല്ലതാ. ധൈര്യം ഇരട്ടിക്കും’’

 

നന്ദന സ്കൂൾമേറ്റാണ്. അവൾ കമ്പനിയിൽ വന്നിട്ട് ആറുമാസമേ ആയിട്ടുള്ളൂ. പല പ്രാവശ്യം ഇതാവർത്തി ച്ചിട്ടുണ്ട്. എപ്പോഴെത്തെയും പോലെ സുനിൽ നന്ദനയെ നിരുൽസാഹപ്പെടുത്തി.

 

‘‘ വെറുതെ വീട്ടുകാരെ പിണക്കണ്ട നന്ദന. അവർ പറയുന്നത് കേൾക്ക് .അതേപോലെ ജീവിക്ക്. എന്റെ കൂടെ വന്ന് വെറുതെ ജീവിതം കളയണ്ട’’

 

‘‘ ഒരിക്കലും ഞാനെന്റെ നിലപാട് മാറ്റില്ല. സ്കൂൾ കഴിഞ്ഞ് നമ്മൾ പിന്നെ ഈ കമ്പനിയിൽ വച്ചാ കാണുന്നത്. പഠിച്ചിരുന്ന സമയം പ്രകടിപ്പിക്കാത്ത സ്നേഹം ഇപ്പൊ പ്രകടിപ്പിക്കുന്നത് സഹതാപം കൊണ്ടെന്ന് വിചാരിക്കണ്ട. പ്രതിസന്ധി ഏതായാലും..... അത് സാമ്പത്തികമാണേലും ആരോഗ്യ സംബന്ധമാണേലും  കുഴപ്പമില്ല.നേരിടാൻ ഞാൻ  തയ്യാറാ. ഈ ഒപ്പം തന്നെ ജീവിക്കും’’ നന്ദന നിശ്ചയദാർഢ്യത്തോടെ  പറഞ്ഞു.

 

സുനിൽ അദ്ഭുതത്തിൽ  നന്ദനയെ നോക്കി നിന്നു.

    

സുനിത സംശയത്തോടെ സുനിലിനു നേരെ തിരിഞ്ഞു.

 

‘‘ആ കുട്ടി സമ്മതിച്ച നിലക്ക് നിനക്കെന്താ എതിർപ്പ്?’’

 

‘‘നമ്മുടെ കുറവ് നമ്മളല്ലേ മനസ്സിലാക്കേണ്ടത് ,സുനിതേച്ചി...?’’ സുനിൽ ശാന്തതയോടെ അന്വേഷിച്ചു.

 

പത്തനംതിട്ടയിലെ വാടക വീട്ടിലായിരുന്നു രണ്ടു പേരും. സുനിത ലേശമൊരു നീരസത്തോടെ പറഞ്ഞു.

 

‘‘നിനക്കൊരു കുറവുമില്ല.നന്ദനേടെ കുടുംബത്തെ നിനക്ക് ഭയമുണ്ടോ?’’

 

‘‘ നന്ദനേടെ നല്ല ജീവിതത്തിന് ശക്തമായി ഈ ബന്ധത്തെ അവർ തടയും. ലാബീന്ന് ഗാസ്ട്രോസ്ക്കോപ്പി  റിപ്പോർട്ട് കിട്ടട്ടെ. എനിക്കിപ്പോ വ്യക്തമായൊരു തീരുമാനം പറയാൻ പറ്റില്ല’’  സുനിൽ പറഞ്ഞു.

 

എൻഡോസ്ക്കോപ്പി റിപ്പോർട്ട് കാത്തിരിക്കുകയാണ് അവൻ.സുനിത പറഞ്ഞു.

 

‘‘ റിപ്പോർട്ടിൽ പ്രത്യേകിച്ച് കുഴപ്പമൊന്നും കണ്ടില്ലേൽ നീ കല്യാണത്തിന് സമ്മതിക്കണം’’

 

സുനിൽ മറുപടി ഒന്നും പറഞ്ഞില്ല. എന്തേലും കുഴപ്പമുണ്ടാകാതിരിക്കില്ലല്ലോ? ശരീരത്തിന്റെ ക്ഷീണം തനിക്കല്ലേ അറിയൂ?

        

English Summary : Dhuritha Mukham Short Story By Venugopal S

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com