ADVERTISEMENT

സ്വാതന്ത്ര്യം @ ലോക്ഡൗൺ (കഥ)

കഴിഞ്ഞ രണ്ടാഴ്ചത്തെ ലോക്ഡൗൺ മനുഷ്യർക്ക് എന്തെല്ലാം തിരിച്ചറിവുകളാണ് നൽകിയതെന്നോർത്ത് ലൂക്കാച്ചൻ അദ്ഭുതം കൂറി. ഏതോ പരിചയമില്ലാത്ത ദ്വീപിൽ അകപ്പെട്ടു പോയപോലെ എല്ലാവരും വീടിനുള്ളിൽ അടച്ചിടപ്പെട്ടിരിക്കുന്നു. ടിവിയിലെ വാർത്ത കാണുമ്പോൾ മാത്രമാണ് ഇങ്ങനെയൊരു ലോകത്താണ് നമ്മളും ജീവിച്ചിരിക്കുന്നതെന്ന സത്യം തിരിച്ചറിയുന്നത്. 

 

 

കൊറോണയെ കുറിച്ചുള്ള വാർത്തകൾ മനസ്സിൽ ആശങ്ക ഏറ്റുമ്പോൾ ടിവി നിർത്തി വീടിന്റെ കൊച്ചു തിണ്ണയിലെ പടിയിലിരുന്ന് മുൻവശത്തു കൂടി കടന്നു പോകുന്ന മണ്ണും പൊടിയും നിറഞ്ഞ ഇടുങ്ങിയ പഞ്ചായത്ത്‌ റോഡിലേക്ക് നോക്കി ലൂക്കാച്ചൻ ഇരിക്കും. മലയോര ഗ്രാമ പ്രദേശമായതിനാൽ ചുറ്റുവട്ടത്ത് വീട്ടുകാരും കുറവാണ്. തൊട്ടകലെ യുള്ള എസ്റ്റേറ്റിലെ പണിസമയം ഓർമപ്പെടുത്തുന്ന സൈറണും നിലച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ രാവിലെ  കൊളുന്തു നുള്ളാനായി പോകുന്നവരെയും വഴിയിൽ കാണാനില്ല. ഉമ്മറപ്പടിയിൽ നിന്നും എഴുന്നേറ്റ് വീടിനു മുൻവശത്തെ വേലിയിറമ്പിലേക്ക് അയാൾ നടന്നു.

 

 

 

ഏഴു സെന്റ് സ്ഥലവും അതിലെ മൂന്ന് മുറിയുള്ള പഴയ  ഓടിട്ട വീടുമാണ് ലൂക്കാച്ചന്റെ ആയുഷ്കാല സമ്പാദ്യം. ലൂക്കാച്ചൻ മേരിയെ കെട്ടിക്കഴിഞ്ഞു  റാന്നിയിലെ കുടുംബവീട് ഭാഗം വച്ചുകിട്ടിയ വീതവുമായി കുടിയേറി വന്നു വാങ്ങിച്ചതാണ് ഈ സ്ഥലം. പുതുപ്പെണ്ണിന്റെ ഇത്തിരി പൊന്നു വിറ്റുകിട്ടിയ കാശ് കൊണ്ടാണ് ചെറിയ വീട് പണിതു കൂട്ടിയത്. ടൈല് പണിക്കാരനായിരുന്ന ലൂക്കാച്ചന് പണി പൊതുവേ കുറവായിരുന്നു. മലയോര ഗ്രാമത്തിലും പരിസരത്തും പഞ്ചായത്തിന്റെ ലോൺ പുരകളാണ് കൂടതലും പണി തീർന്നിരുന്നത്. ലൂക്കാച്ചന്റെ പണിക്കുറവ് കൂടി,  മേരി  തൊഴിലുറപ്പ് പണിയും വീട്ടിലിരുന്ന്‌ തയ്യലും ചെയ്താണ്  പരിഹരിച്ചിരുന്നത്. ഏകമകൾ അന്നയെ ടൗണിൽ അയച്ചു നഴ്സിങ് പഠിപ്പിച്ചതിനു പിന്നിലും മേരിയുടെ അധ്വാനത്തിന് വലിയ പങ്കുണ്ടായിരുന്നു.

 

 

 

തീർത്തും വിജനമായ പഞ്ചായത്ത്‌ റോഡിലേക്ക് കണ്ണുകളയച്ചു ആശങ്ക നിറഞ്ഞ മനസ്സോടെ ലൂക്കാച്ചൻ നിന്നു. ‘നിങ്ങൾ ഇതെന്തിയെ? എവിടെയാ? ഒന്നിങ്ങു വരാമോ?’. മേരിയുടെ ശബ്ദം ലൂക്കാച്ചനെ ഓർമകളിൽ നിന്നു വിടുതൽ ചെയ്തു. അടുക്കളപുറത്തെ തിണ്ണ ലക്ഷ്യമാക്കി അയാൾ നടന്നു. മേരിയുടെ തയ്യൽയന്ത്രത്തിന്റെ താളശബ്ദം കേൾക്കുന്നുണ്ട്. എത്ര കഷ്ടപ്പെട്ട് മുന്നോട്ടു ചവിട്ടിയാലും മുന്നോട്ടു നീങ്ങാത്ത പാവപ്പെട്ടവന്റെ ജീവിതവുമായി ഈ തയ്യൽ യന്ത്രത്തിനുള്ള സാമ്യം ഒരു നിമിഷം ലൂക്കാച്ചൻ ഓർത്തെടുത്തു.

 

‘നിങ്ങളാ കവലെ ചെന്നു കറിക്കുള്ള കുറച്ച് പച്ചക്കറി എന്തെങ്കിലും വാങ്ങണം. റേഷനരി കിട്ടിയത് കുറച്ചg നാളത്തേക്കുകൂടി ഇരിപ്പുണ്ട്. പിന്നെ നിങ്ങള് സ്ഥിരം കഴിക്കുന്ന മരുന്നും തീർന്നിട്ടുണ്ട്.’ തയ്യലിൽ തുടർന്നു  കൊണ്ട് മേരി പറഞ്ഞുനിർത്തി. ലൂക്കാച്ചൻ ശ്രദ്ധിച്ചു നോക്കി.  തയ്ച്ചു കൊണ്ടിരുന്ന തുണി മാസ്‌കുകളിലേക്കു ലൂക്കാച്ചൻ നോക്കുന്നത് മേരി കണ്ടു. ‘മിച്ചമിരുന്ന തുണിയാ... കുറച്ചെണ്ണം തയ്ച്ചു വെച്ചാൽ ടൗണിലെ ഇംഗ്ലിഷ് മരുന്ന് കടക്കാര് വന്ന് എടുത്തോളും.. അയൽക്കൂട്ടത്തിലെ മിനി പറഞ്ഞു തന്നതാ’. ലൂക്കാച്ചൻ കാര്യം പിടികിട്ടിയ കണക്കെ തലയാട്ടി. 

 

 

പക്ഷേ കവല വരെ പോകേണ്ടിവരുമല്ലോ എന്ന ചിന്ത അയാളെ വേട്ടയാടിത്തുടങ്ങി. തന്റെ കയ്യിലാണെങ്കിൽ ഇനി ഏതാനും ചില്ലറ മാത്രമേ മിച്ചമുള്ളു. സ്ഥിരം വീട്ടുപലചരക്കും പച്ചക്കറിയും മറ്റും വാങ്ങുന്ന കുട്ടിച്ചന്റെ കടയിൽ രൂപ മൂവ്വായിരത്തിനടുത്തു കൊടുത്തു തീർക്കാനുണ്ട്. കയ്യിൽ കാശില്ലാത്തതുകൊണ്ട് അവിടെ കയറീട്ടു തന്നെ മാസം ഒന്നായി. പിന്നെയാ കവലേത്തന്നെ സ്ഥിരം കുറ്റിയടിച്ചു നിൽക്കുന്ന ബ്ലേഡുകാരൻ തമ്പിക്കും കൊടുക്കാനുണ്ട് രൂപ പതിനായിരം. മോളുടെ അവസാന ഇൻസ്റ്റാൾമെൻറ് ഫീസ് കൊടുക്കാൻ അത്യാവശ്യത്തിനു ഓടി പോയി നിവൃത്തികേടു കൊണ്ട് വാങ്ങിപ്പോയതാണ്.

 

 

ലൂക്കാച്ചന് പണി കുറവായതുകൊണ്ട് പലിശ കൊടുത്തിയിട്ടും ആഴ്ചകളായി. ഏപ്രിൽ മാസത്തിൽ കേറി താമസിക്കേണ്ട ഒരു വീടിന്റെ പണി തീർത്തു കൊടുക്കാനുണ്ടായിരുന്നതും ആ പണിക്കൂലിയും കൊറോണ നിർദാക്ഷിണ്യം  കൊണ്ടുപോയി. ലോക്ഡൗൺ ആണെന്നും  പണിയില്ല എന്നൊന്നും പറഞ്ഞാൽ സമ്മതിച്ചു തരുന്നവരല്ല തമ്പിയും കുട്ടിച്ചനും. നടുറോഡിൽ നാലു പേര് കാൺകെ പിടിച്ചു നിർത്തി തെറി പറഞ്ഞു തൊലിയുരിക്കുന്ന ഇനമാ രണ്ടെണ്ണവും. ഇതൊന്നും ഓർക്കാതെ ആണോ ഈ മേരി, തന്നെ കൊലയ്ക്കു കൊടുക്കാൻ കവലക്കു പറഞ്ഞു വിടുന്നതെന്ന് ലൂക്കാച്ചൻ ആലോചിച്ചു നിന്നു.

 

 

തയ്യൽ മെഷീനിന്റെ വലിപ്പിൽനിന്നു കുറച്ച് കാശെടുത്തു മേരി,  ലൂക്കാച്ചന്റെ നേർക്കു നീട്ടി. കാശ് വാങ്ങി മനസ്സില്ലമനസ്സോടെ നിന്ന ഭർത്താവിനെ മേരി സൂക്ഷിച്ചു നോക്കി. ‘കടക്കാരൻ കുട്ടിച്ചന്റെയും തമ്പിയുടെയും കാര്യമോർത്താണോ ഈ നിൽപ്പ്? കൊറോണയൊക്കെ മാറി പണിക്കു പോയിത്തുടങ്ങിയാലേ ഇനി കാശ് ഉണ്ടാകാത്തൊള്ളന്ന്‌ അങ്ങ് പറയണം. നമ്മുടെ സർക്കാർ വരെ അങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ?’ 

 

 

അക്കാര്യത്തിൽ മേരിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ‘എടീ... അതെല്ലാം ബാങ്കീന്നു വായ്പ  എടുത്തിരിക്കുന്ന ലോൺ തിരിച്ചടവിനെകുറിച്ചാ സർക്കാർ പറഞ്ഞിരിക്കുന്നെ. നാട്ടിലുള്ള പലചരക്കു കടക്കാരനും ബ്ലേഡുകാരനും ഇത് വല്ലോം പറഞ്ഞാ മനസ്സിലാകുമോ? വഴീ കണ്ടാൽ നമ്മളേം കൊണ്ടേ പോകത്തുള്ളൂ ദുഷ്ടന്മാര്’. വിഷമവൃത്തത്തിൽ നിസ്സഹായനായി ലൂക്കാച്ചൻ നിന്നു. തുണിസഞ്ചിയും മറ്റും കയ്യിലെടുത്തു മേരി തയ്യൽ നിർത്തി എഴുനേറ്റു ലൂക്കാച്ചന്റെ അടുത്തേക്കുവന്നു നിന്നു. സഞ്ചി വാങ്ങി അയാൾ തിരിഞ്ഞു നിന്നു. ‘ഇനി പോയിട്ട് വാ.. ആരും കാണത്തില്ല റോഡിലും കടേലും... പിന്നെ പണിസൈറ്റിൽ വെയ്ക്കുന്ന തൊപ്പിയും വെച്ചോ.. തീ വെയിലാ പുറത്ത്.’ ലൂക്കാച്ചൻ നടന്നു മുൻവശത്തെ തിണ്ണയിലെത്തി പണിക്കൂടിൽനിന്നും തൊപ്പിയെടുത്തു കുടഞ്ഞു തലയിൽ വെച്ച് മൺറോഡിലേക്ക് ഇറങ്ങി ധൈര്യം സംഭരിച്ചു കവല ലക്ഷ്യമാക്കി  നടന്നു തുടങ്ങി.

 

 

മേരി പറഞ്ഞത് ശരിയാണ്. രാവിലത്തെ വെയിലിനു പോലും ചൂട് കൂടുതലാണ്. റോഡിലെങ്ങും ആരെയും കാണാൻ ഇട വരുത്തല്ലേ എന്ന പ്രാർഥനയോടെ ലൂക്കാച്ചൻ കവലയിലേക്കു വേഗം നടന്നു. പ്രാർഥനകൾ വിഫലമാകുന്നു എന്ന് അയാൾക്കു ബോധ്യപ്പെടാൻ അധികം സമയം എടുത്തില്ല. എതിരെ നടന്നു വരുന്നത് വാർഡ് മെമ്പർ കുട്ടപ്പായി ആണ്. പഞ്ചായത്ത്‌ റോഡിൽ കുഴിച്ചിട്ടിരിക്കുന്ന കുടിവെള്ള പൈപ്പ്‌ലൈൻ പണിക്കു വീടൊന്നിന് നൽകേണ്ട വീതം ആയിരത്തിഅഞ്ഞൂറ് രൂപ കൊടുക്കാമെന്നു ഏറ്റിട്ട് മാസം നാലായി. ആ കാശും ചോദിച്ച് പല തവണ വീട്ടിൽ വന്നപ്പോളെല്ലാം അവധി പറഞ്ഞു മേരി മടക്കി അയച്ചതാണ്.

 

 

ഇന്നിനി രക്ഷപ്പെടാൻ മാർഗം ഒന്നും മുന്നിലില്ല. മെമ്പറുടെ പിടി വീണത് തന്നെ. കുട്ടപ്പായി നേരെ മുന്നിലെത്തി ലൂക്കാച്ചനെ നോക്കി. ലൂക്കാച്ചൻ മെമ്പർക്ക് മുഖം കൊടുക്കാതെ ദൂരകാഴ്ചകളയച്ച്‌ സാവധാനം നടന്നു. മെമ്പർ കുട്ടപ്പായി ഒരക്ഷരം ചോദിക്കാതെ എതിർദിശയിലേക്കു കടന്നു പോയി. ഈ പഞ്ഞകാലത്തു തന്നോട് കാശ് ചോദിച്ച് ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയാവണം കുട്ടപ്പായി പോയതെന്ന് ലൂക്കാച്ചൻ ആശ്വാസത്തോടെ മനസ്സിൽ  ഉറപ്പിച്ചു.

 

അങ്ങ് ദൂരെ പഞ്ചായത്ത്‌ വഴി  ചെന്ന് ചേരുന്ന പ്രധാന റോഡും തുറന്നിരിക്കുന്ന കുട്ടിച്ചന്റെ കടയും കാണാറായി. ടൗണിലേക്കും തിരിച്ചും ബസുകളും മറ്റ് വാഹനങ്ങളും നിറഞ്ഞോടിയിരുന്ന റോഡ്  വിജനമാണ്. ആളൊഴിഞ്ഞ പാതയുടെ കാഴ്ച ലൂക്കാച്ചനിൽ അസ്വസ്ഥത നിറച്ചു. പലചരക്ക്‌ കടയിൽ ഇപ്പോൾ ആരുമില്ല. നേരെ അങ്ങോട്ടെത്തിയ ലൂക്കാച്ചൻ കടയുടെ വരാന്തയിലെ തട്ടിൽ വെച്ചിരുന്ന പച്ചക്കറികളിലേക്ക്‌ നോട്ടമയച്ചു. കുട്ടിച്ചൻ തന്നെ കണ്ടെങ്കിലും ഒന്നും മിണ്ടുന്നില്ല. 

 

 

ആവശ്യത്തിനുള്ള പച്ചക്കറി തിരഞ്ഞെടുത്ത് ലൂക്കാച്ചൻ പോക്കറ്റിൽ നിന്നു കാശ് എടുത്ത് കുട്ടിച്ചന് നൽകി പറഞ്ഞു തുടങ്ങി. ‘പണിയൊക്കെ തുടങ്ങീട്ട് തരാനുള്ള പറ്റു കാശ്...’ പറഞ്ഞു തീർക്കും മുൻപേ കുട്ടിച്ചൻ ഒരു പടല ചെറുപഴം ലൂക്കാച്ചന് നേരെ നീട്ടി. ‘ബാക്കി തരാൻ ചേഞ്ച് ഇല്ല. പകരം ഇത് വെച്ചോ’. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ തെല്ല് അമ്പരപ്പോടെ ലൂക്കാച്ചൻ ഒരു നിമിഷം നിന്നു. പറ്റ് കാശ് കൃത്യമായി കൊടുക്കാത്തവരോട് വായിൽ തോന്നുന്നതെല്ലാം വിളിച്ച് പറയുന്ന കുട്ടിച്ചനെ മാത്രം കണ്ടിട്ടുള്ള ലൂക്കാച്ചന്റെ മുഖത്ത് അദ്ഭുതം വിരിഞ്ഞു. ഈ  കൊറോണക്കാലത്ത് പാവങ്ങളോട് മര്യാദ കാട്ടുന്ന കുട്ടിച്ചനോട് ലൂക്കാച്ചന് ആദരവ് തോന്നി.  പഴം വാങ്ങി സഞ്ചിയിലിട്ട് ഇംഗ്ലിഷ് മരുന്നു കട ലക്ഷ്യം വെച്ച് ലൂക്കാച്ചൻ നടന്നു.

 

 

മരുന്നുകടയിലെ സ്ഥിരം സ്റ്റാഫായ പെൺകുട്ടി തന്നെ കണ്ടിട്ടും ഭാവമാറ്റമില്ലാതെ നിൽക്കുന്നു. സാധാരണ ലൂക്കാച്ചനെ കണ്ടാലുടൻ പ്രഷറിന് സ്ഥിരം കഴിക്കുന്ന ഗുളിക പത്തെണ്ണം എടുത്ത് കവറിൽ ഇട്ട് തന്നിരുന്ന പെങ്കൊച്ചിനു ഇന്ന് എന്ത് പറ്റിയോ എന്തോ. ഇനി തൊപ്പി വെച്ചിട്ടാണോ?  ലൂക്കാച്ചൻ തൊപ്പി എടുത്ത് മാറ്റി പെൺകുട്ടിയോട് പരിചയം പുതുക്കാൻ ശ്രമിച്ചു. രക്ഷയില്ല. അവൾ തന്നെ തിരിച്ചറിയുന്നില്ല. കൊറോണ പിടിമുറുക്കി തുടങ്ങിയ രണ്ടാഴ്ച കഴിഞ്ഞതിന്റെ  മാനസിക പിരിമുറുക്കം ആയിരിക്കും എന്ന് ലൂക്കാച്ചൻ സ്വയം സമാധാനിച്ചു. ഗുളികയും വാങ്ങി അയാൾ തീർത്തും വിജനമായ പാതയിലൂടെ തിരിച്ച് വീട്ടിലേക്ക്‌ നടന്നു.

 

കുട്ടിച്ചന്റെ കടയിൽ മറ്റാരോ കൂടി എത്തിയിട്ടുണ്ട്. അവർക്ക്‌ മുഖം കൊടുക്കാതെ ലൂക്കാച്ചൻ പഞ്ചായത്ത്‌ വഴിയിലേക്ക് നടന്നു കയറി വേഗം കൂട്ടി നടന്നു. ലോക്ഡൗൺ കഴിഞ്ഞു കിട്ടുന്ന ആദ്യ ടൈല് പണിയിൽനിന്നു കിട്ടുന്ന ആദ്യ തുക കുറേശ്ശേ ആണെങ്കിലും കടം തീർക്കാൻ എടുക്കണം. ഇനിയും സമൂഹത്തിൽ  അപമാനിതനാവാൻ വയ്യ.  മോളുടെ പഠിപ്പു തീരാറായതു കൊണ്ട് അത്രയും ആശ്വാസം ഉണ്ട്. രണ്ട് വർഷം കഴിഞ്ഞ് അവളുടെ കല്യാണസമയത്തിനു മുൻപേ വീടും സ്ഥലവും വിൽക്കണം. പിന്നെ തനിക്കും മേരിക്കും താമസിക്കാൻ വാടക വീടാണെങ്കിലും മതി. മനസ്സ് നിറയെ  ഭാവിയെക്കുറിച്ചുള്ള കണക്കു കൂട്ടലുമായി ലൂക്കാച്ചൻ കാലുകൾ നീട്ടി നടന്നു.

 

തന്റെ വീടിന്റെ വേലി കാണാവുന്ന ദൂരത്തിൽ ലൂക്കാച്ചൻ എത്തി. കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് ദൂരെ നിന്നു വരുന്ന ബ്ലേഡ് പലിശക്കാരൻ തമ്പിയുടെ ബൈക്ക് അയാൾ ചങ്കിടിപ്പോടെ കണ്ടു. നേരെയുള്ള വഴി ആയതിനാൽ  തമ്പി തന്നെ കണ്ടിട്ടുണ്ട് എന്നുറപ്പാണ്. ഒന്നൊളിക്കാനോ മറഞ്ഞു നിൽക്കാനോ ഒരു മറയോ തിരിവോ ഒന്നും മുന്നിലില്ല. നേർക്കുനേരെയുള്ള വഴിയിൽ വിയർത്ത് കുളിച്ച് ആസന്നമായ അപമാനം നേരിടാൻ ഉറച്ച്‌ ലൂക്കാച്ചൻ സാവധാനം മുന്നോട്ട് നടന്നു. 

 

 

എന്തായാലും തന്റെ കഥ ഇന്നോടെ തീരും. പലിശ കൊടുക്കാതെ മുങ്ങി നടക്കുന്നവരോട് തമ്പി എങ്ങനെയാണ് പെരുമാറുന്നത് എന്ന് താനും പല തവണ കണ്ടിട്ടുള്ളതാണ്. അറപ്പുളവാക്കുന്ന വാക്കുകൾ കൊണ്ട് അയാൾ പണം കടം വാങ്ങിയവനെ മെഴുകും. ചിലപ്പോൾ ആക്രമിക്കും. പോലീസ് കേസ് വരുമെന്ന് ഉറപ്പുള്ളത് കൊണ്ടാവണം ഒരു വീട്ടിലും കേറി കാശ് ചോദിച്ചതായി കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ തമ്പിയിൽ നിന്നും വീട് തന്നിരുന്ന സുരക്ഷിതവലയത്തിലായിരുന്നു ലൂക്കാച്ചനും. പക്ഷേ എല്ലാം കൈ വിട്ടു പോയിരിക്കുന്നു.

 

ബൈക്ക് ലൂക്കാച്ചന്റെ അടുത്ത് എത്തി. തന്നെ സൂക്ഷിച്ച്‌ നോക്കിക്കൊണ്ടിരുന്ന  തമ്പിയെ നോക്കി ചിരിക്കാൻ ലൂക്കാച്ചൻ ശ്രമിച്ചു. പക്ഷേ സാധിക്കുന്നില്ല. വായും ചുണ്ടും പിടിച്ചു കെട്ടിവച്ചതു പോലെ. തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് മുന്നിലൂടെ കടന്നു പോകുന്ന തമ്പിയെ അവിശ്വസനീയതയോടെ ലൂക്കാച്ചൻ കണ്ടു. കഠിനഹൃദയരായവർ കൂടി ക്ഷമയുടെ വഴിയിലേക്ക് മാറിത്തുടങ്ങിയെന്ന്‌  അയാൾക്ക്‌ തോന്നി. കൊറോണ മൂലം ആളുകൾക്ക് മനംമാറ്റം സംഭവിച്ചിരിക്കുന്നത് കണ്മുൻപിൽ തെളിയുന്നു. വേലി കടന്ന് വീട്ടു മുറ്റത്തേക്ക് കാലെടുത്തു വെച്ച ലൂക്കാച്ചൻ ദീർഘനിശ്വാസം വിട്ടു. ആശങ്കകളോടെ കവലയിലേക്കു പോയിരുന്ന ഭർത്താവിനെ നോക്കി മുറ്റത്ത്‌ നിന്നിരുന്ന മേരി അയാളുടെ കയ്യിൽനിന്നും സഞ്ചി വാങ്ങി.

 

തലയിൽ നിന്നും തൊപ്പി എടുത്ത് മാറ്റി ലൂക്കാച്ചൻ നെറ്റിയിലെ വിയർപ്പ് തുടച്ചു നീക്കി. അയാൾ വീണ്ടും തിരിഞ്ഞ് തമ്പി പോയ വഴിയിലേക്ക് നോക്കി കൊണ്ടിരുന്നു. ‘കുട്ടിച്ചനും തമ്പിയുമൊന്നും എന്നെ കണ്ടിട്ടും കൊടുക്കാനുള്ള കാശ് ചോദിച്ചില്ല കേട്ടോ. അതീ കൊറോണ കാലമായതു കൊണ്ടായിരിക്കും. ക്ഷമിക്കാനും പൊറുക്കാനും മനുഷ്യൻ പഠിച്ചു തുടങ്ങീന്നാ തോന്നുന്നത്.’ ആ ന്യായീകരണം ബോധ്യപെടാത്ത പോലെ മേരി നിന്നു. ‘ഓ പിന്നെ.. നമ്മുടെ ആളുകൾ അല്ലായിരിക്കണം’. 

 

തിണ്ണയിൽ വെച്ചിരുന്ന സോപ്പും വെള്ളവും എടുക്കാൻ തുനിഞ്ഞ ലൂക്കാച്ചന്റെ മുഖത്തിനു നേരെ മേരിയുടെ കൈകൾ നീണ്ടു ചെന്നു. താൻ അണിയിച്ചു വിട്ട പച്ച നിറത്തിലുള്ള തുണി മാസ്ക് അയാളുടെ മുഖത്തുനിന്നും മേരി നിമിഷനേരം കൊണ്ട് അഴിച്ചെടുത്തു. തെല്ലൊരു ജാള്യത്തോടെ ലൂക്കാച്ചൻ നിന്നു. ‘ഈ മാസ്കും മുഖത്തിട്ട് പോയാൽ ആരെങ്കിലും നിങ്ങളെ തിരിച്ചറിയുവോ എന്റെ ഇച്ചായാ?’

 

 

മേരിയുടെ ചോദ്യം ലൂക്കാച്ചന്റെ മുഖത്ത് ചിരി നിറച്ചു. മേരി കെട്ടി വിട്ട ഈ കൊറോണ മാസ്കിന്റെ കാര്യം താനും വിട്ടു പോയിരുന്നു. ഏതായാലും ഈ ലോക്ഡൗൺ കാലം കഴിഞ്ഞാലും ആളുകൾ ദീർഘനാൾ മാസ്ക് ഉപയോഗിക്കണമെന്ന സർക്കാരിന്റെ നിർദ്ദേശം തലേ ദിവസത്തെ വാർത്തയിലും കേട്ടത് ഉപകാരസ്മരണയോടെ ലൂക്കാച്ചൻ ഓർത്തു.

 

English Summary : Swathanthryam At Lock Down Story By Sreekanth Pangappattu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com