ADVERTISEMENT

ചുടല (കഥ)

ശിവക്കുടി ഗ്രാമത്തിലെ മഞ്ഞുപെയ്യുന്ന പുലരികളിലൊന്നിൽ  കാലപ്പഴക്കത്തിന്റെ കഥപറഞ്ഞ് പടർന്ന് പന്തലിച്ച് നിൽക്കുന്ന ആ വൃക്ഷത്തിന് ചുവട്ടിൽ അയാൾ ബസ്സിറങ്ങി.  കിളികളും, വാവലും ഒക്കെ കാലങ്ങളായി താമസമാക്കിയ ഏറെപഴക്കം ചെന്ന ഒരു വൃക്ഷം. അതിന്റെ തണലേൽക്കുന്ന ആരും സ്വയമറിയാതെ നന്ദി പറഞ്ഞുപോകും. അത്രയും പരപ്പിൽ  തണൽ വിരിച്ച് നിൽക്കുന്ന ആ മരം ശിവക്കുടി ഗ്രാമത്തിന്റെ ബസ്സ്സോപ്പ് മാത്രമല്ല,  അടയാളം കൂടിയാണ്. 

 

 

തമിഴ്നാടൻ ഉൾഗ്രാമങ്ങളുടെ നിഷ്കളങ്കതയെ  മുഴുവനും തന്നിലേക്ക് ആവാഹിച്ചു നിൽക്കുന്ന പ്രകൃതി. സൂര്യ വെളിച്ചം പോലും മണ്ണിലേക്ക് കടത്തിവിടാതെ താങ്ങി നിൽക്കുന്ന പച്ചപ്പും, കൃഷിയും.അന്നന്നത്തെ അദ്ധ്വാനം കൊണ്ട് വിശപ്പാറ്റുന്ന കുറച്ച് ആളുകൾ. എന്തിനും ഏതിനും നാട്ടുകൂട്ടം വിളിച്ച് കൂട്ടി ഊര് പഞ്ചായത്തിൽ തീർപ്പ് കൽപ്പിക്കുന്ന ശിവക്കുടി ഗ്രാമം അയ്യാച്ചാമിക്ക് അതൊന്നുംപുതിയതല്ല.

 

 

 

കയ്യിൽ ഒരു മഞ്ഞ സഞ്ചിയുമായി അയാൾ എതിരെ കണ്ട മണ്ണ് റോഡിലൂടെ നടന്നു. ആ മണ്ണ് കണ്ടാൽ അറിയാം മണ്ണ് പൊന്നാക്കുന്ന കർഷകരുടെ നാടാണതെന്ന്. റോഡിൽ നിന്നും അൽപ്പദൂരം  പിന്നിട്ടപ്പോൾ കടലക്കാട് ആയി. എന്നുവവച്ചാൽ ഇരുവശവും നിലക്കടലത്തോട്ടം. ഇടയ്ക്ക് അയാൾ ആ മുഷിഞ്ഞ കൈലിത്തുമ്പിൽ തന്റെ നിറഞ്ഞ കണ്ണുകൾ ഒപ്പുന്നുണ്ടായിരുന്നു. ഇരുവശവും ചാട്ടവാറ് വീശി, മണികിലുക്കി തന്നെ താണ്ടിപ്പോയ ആ കളവണ്ടി പെട്ടന്ന് നിർത്തി. അയ്യാച്ചാമി അതിനരികിലേക്ക് ഓടി ചെന്നു. ആ വണ്ടിയ്ക്ക് ഒരു വശം ചേർന്നു നിന്നു. എന്നിട്ട് കിതപ്പോടെ ചോദിച്ചു.

 

മരുതണ്ണെ,  എന്നെ തെരിയ്താ?"

 

‘‘നീ... കണ്ണയ്യണ്ണൻ  മാപ്പിള താനെ?’’

 

‘‘ആമാണ്ണാ, എന്നെ തെരിയിതാ’’

 

‘‘മം, തെരിയാമെ എന്നപ്പാ, വണ്ടിയിലെ ഏറ്’’

 

അയാൾ വണ്ടിയുമായി യാത്ര തുടർന്നു.

 

മനസിന്റെ വിങ്ങൽ കാലുകളെ മരവിപ്പിച്ച തന്റെ അരികിലേക്ക് ദൈവം അയച്ച ആ വണ്ടിക്കാരനോട് മനസുകൊണ്ട് നന്ദിപറഞ്ഞ് അയ്യാച്ചാമിയും  അതിൽ യാത്ര തുടർന്നു.

 

‘‘ഏ... ഇവ്വളോ ദൂരം? മുത്തളകി വറലിയാ?’’

 

‘‘ഇല്ലണ്ണെ പക്കത്ത് ഊര്ക്ക് ചിന്ന വ്യാപാരവേലയാ വന്തേ...,അപ്പടിയേ..’’

 

‘‘മം, നല്ലത്, നല്ലത്’’

 

കടലത്തോട്ടവും കരിമ്പിൻ കാടും നീട്ടിയ വഴി രണ്ടു റോഡുകൾ പിരിയുന്ന ഒരു കവലയിൽ എത്തി. മരുത് വണ്ടി നിർത്തി. 

 

‘‘തമ്പി, ഇപ്പടി പോയി ചെണ്ട്മല്ലിതോട്ടത്തുക്കുള്ളെ പുക്ന്ത് പോയിട്. എന്ക്ക് ചന്തക്ക് പോറ വഴി വന്താച്ച്’’

 

മരുതിനോട് നന്ദി പറഞ്ഞ് അയ്യാച്ചാമി ആ കവലയിൽ ഇറങ്ങി. വലിയൊരു മരവും അതിന് താഴെ ഒരു ഊർക്കാവലൻ കൽദൈവവും, ചായക്കടയും ചീരക്കച്ചവടവും ഒക്കെയായി അതിരാവിലെ തന്നെ  ഉണർന്നിരുന്ന കവല. രാവിലെ തന്നെ ആ  കൊച്ചുചായക്കടയ്ക്ക് അരികിലുള്ള മരച്ചുവട്ടിൽ ചേവക്കോഴിച്ചണ്ട നടക്കുന്നുണ്ട്. മുന്നിൽ കാണുന്ന റോഡ് തുടങ്ങുന്നിടത്ത് ഒരു അത്താണിയും, മാട്ട്ത്തൊട്ടിയും ഉണ്ട്. അയാൾ  ആ റോഡിലൂടെ നടന്നു. വലിയൊരു ആട്ടിൻപറ്റവും പൂഴിപാറിച്ച് പുകമണ്ഡലം തീർത്ത്  അയ്യാച്ചാമിയെ പിൻതുടർന്നിരുന്നു.

 

 

അൽപ്പദൂരം നടന്ന് മുന്നിൽ കണ്ട ചെണ്ടുമല്ലി തോട്ടത്തിലേക്ക് ഇറങ്ങി അതിരു പാവിയ വരമ്പ് പിടിച്ച് നടക്കാൻ തുടങ്ങി.പവിഴം പാവിയ പോലുള്ള ചുമന്ന മണ്ണ്. ചുറ്റും കണ്ണെത്താദൂരം വരെ മഞ്ഞ പട്ടുവിരിച്ച പാടം പോലെ ആയുധപൂജയ്ക്ക് പൂമാർക്കറ്റുകളിലേക്ക് എത്താൻ ഒരുങ്ങിയ ചെണ്ടുമല്ലിതോട്ടങ്ങൾ. താഴെ ചുമന്ന കമ്പളം വിരിച്ച പോലെ മണ്ണ്, പച്ചപ്പ് താങ്ങിനിർത്തിയ മഞ്ഞപ്പൂങ്കാട്, പുലരിയെ ഇറുക്കിയണച്ച മഞ്ഞ്. ആ പ്രകൃതി തമിഴ് ഗ്രാമീണ സുന്ദരിയെപ്പോലെ മനോഹരിയാണ്. ദൂരെ ഒരു ഓലമേഞ്ഞ കുടിലു കാണാം അയാൾ നടന്ന് ആ കുടിലിന് മുന്നിൽ എത്തി. 

 

‘‘അത്തെ’’

 

എന്ന വിളികേട്ടാണ് മുറ്റത്തെ ഒറ്റ തെങ്ങിൻ ചുവട്ടിൽ ചാരം കൂട്ടി തലേനാളത്തെ കഞ്ഞിക്കലങ്ങൾ തേച്ചു മിനുക്കികൊണ്ടിരുന്ന ആണ്ടാൾ തലയുയർത്തിയത്.

 

‘‘എന്ന മാപ്പ്ളെ, ഇവളോ നേരത്തിലെയേ’’

 

ആണ്ടാൾ ആ മൺതൊട്ടിയിൽ നിന്ന് വെള്ളം തേവി തന്റെ ഇരു കൈകളും  കഴുകി  സാരിത്തുമ്പിൽ തുടച്ചുകൊണ്ട് ചോദിച്ചു. 

 

‘‘അത്തെ.., മാമാ എങ്കെ ?’’

 

‘‘ഇപ്പൊതാ കാട്ട്ക്ക് പോവ്ത്. നീങ്ക ഉള്ളെ ഏറി ഉക്കാറ്ങ്ക മാപ്പിളെ, ന്താ കൂപ്പിട്ട് വറേ’’ മുടിയൊന്ന് അഴിച്ച് കെട്ടി ഭർത്താവ് കണ്ണയ്യനെ തിരഞ്ഞ്  അവർ തെരുതരെ ആ ചെണ്ടുമല്ലിക്കാട്ടിലൂടെ ഓടി.

ദൂരെ നിന്ന് വിളിച്ച് കൂവി

 

‘‘ഏന്ങ്കെ മാപ്പ്ളെ വന്തിര്ക്ക്...വന്ത് എന്നാ, ഏത് ന്ന് കേളുങ്കളേ,’’

 

‘‘ന്താ വാറേ പുള്ളെ’’

 

കണ്ണയ്യൻ തന്റെ പണി നിർത്തി, കൈവരിത്തോട്ടിൽ കൈകഴുകി കൂരയിലെത്തി.

 

കൂരയ്ക്ക് മുന്നിലെ കൊച്ചു തിണ്ണയിൽ ഇരുന്ന മരുമകനെ കണ്ട് കണ്ണയ്യൻ കൈകൾ രണ്ടും കൂപ്പി, 

 

‘‘വണക്കം മാപ്പിളെ,ഏത് ഇവളോ ദൂരം?’’

 

‘‘മാമാ..’’

 

അയാളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ണയ്യൻ കണ്ടു. 

 

എന്നാച്ച് തമ്പി? പസങ്കള്ക്ക് ഏതേനും ഒടമ്പ് സരിയില്ലയാ? ഇല്ലെ,മുത്തളകിക്ക്???

 

അതു കേട്ടപ്പോൾ അയാൾ പൊട്ടിക്കരഞ്ഞു. 

 

‘‘ഏന്നാന്ന് വിവരമാ സൊല്ലുങ്ക തമ്പി അപ്പൊത്താനെ എങ്കള്ക്കും തെരയും’’

 

‘‘മാമ, മുത്തളകി കാണാമ പോയിട്ടാ’’ (കാണാനില്ല)

 

കണ്ണയ്യന്റെ കണ്ണുകളിൽ അഗ്നി ആളി. മൺ മൊന്തയിൽ മരുമകന് മോരുമായി വന്ന ആണ്ടാൾ അത് കേട്ട് ഞെട്ടി കൈയ്യിലിരുന്ന പാത്രം താഴെ വീണുടഞ്ഞു. 

 

‘‘അങ്ക്ട്ടെല്ലാം നല്ല തേടി പാത്തീങ്കളാ?’’

 

ആണ്ടാൾ ഉറക്കെ കരഞ്ഞുകൊണ്ട് ചോദിച്ചു.

 

‘‘ഇല്ലെ അത്തെ അവ അന്ത ഊരിലെ ഇല്ലെ’’

 

‘‘രാത്തിരി ഏൻ കൂടെ  കിടന്തവളെ കാലയിലെ പാത്ത കാണോ, ഇങ്കെ വന്തിരുപ്പാന്ന് താ ഓടിവന്തേ, ആനാ... ’’

 

‘‘ഇങ്കെല്ലാം വരലിയെ സാമി,സിറുക്കി മക എങ്കെ പോനാളോ തെരിയലിയെ’’

 

ആണ്ടാൾ നെഞ്ചത്തടിച്ച് കരഞ്ഞു തുടങ്ങി.

 

‘‘പാവി മക, പാഴാപ്പോന കുടിപ്പഴക്കത്തെ പഴകീട്ട് ഇപ്പടി നാസമാ പോയിട്ടാളേ..’’

 

‘‘ഏതാവത് തകവൽ കിടച്ചാൽ സൊല്ലിഅണുപ്പ്റെ മാമ’’

 

ആണ്ടാൾ എണ്ണിപ്പെറുക്കി കരയുന്നതും നോക്കി അയ്യാച്ചാമി കണ്ണയ്യനോട് യാത്ര പറഞ്ഞ് മുന്നിലുള്ള ചെണ്ടുമല്ലികാട്ടിലൂടെ നടന്നകന്നു.

 

മുത്തഴകി,  പേരിലെ അഴകും ഗ്രാമീണ സൗന്ദര്യവും അവളുടെ വ്യക്തിത്വത്തിലും ഉണ്ട്. ആണ്ടാളിന്റെയും, കണ്ണയ്യന്റെയും ഏകപുത്രി. പതിനഞ്ചുവയസ്സിന്റെ സ്വപ്നലോകത്ത് പറന്നിരുന്ന അവൾ കൃഷിയിടത്തിൽ ബോർക്കിണർ നിർമ്മിക്കാൻ വന്ന ഒരുവനോടൊപ്പം ഒളിച്ചോടിയതാണ്.

 

 

‘‘മോഹം മുപ്പത് നാൾ, ആസൈ അറുപത് നാൾ’’ എന്ന തമിഴ് മൊഴിയെ അർത്ഥവത്താക്കി അവളുടെ ജീവിതത്തിൽ  ഏതാനും ദിവസങ്ങൾ മാത്രം തങ്ങിയ  വിധിയുടെ വിളയാട്ടം പോലെ  അയാൾ അവളെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ജീവിതം വഴിമുട്ടിയ അവളെ നാട്ടുകൂട്ടം കൂട്ടി വീണ്ടും ആണ്ടാൾ സ്വീകരിച്ചു. ആയിടയ്ക്കാണ് ഇരുമ്പു വ്യാപാരവുമായി ആ ഗ്രാമത്തിൽ എത്തിയ അയ്യാച്ചാമി അവളെ തിരുമണം ചെയ്യാൻ തയ്യാറായത്.

 

രണ്ടാം കെട്ടുകാരനാണെങ്കിലും മകൾ ഉണ്ടാക്കി വെച്ച മാനക്കേടുമായി തലകുനിച്ച് നിന്ന ആണ്ടാൾക്കും, കണ്ണയ്യനും മകളുടെ ജീവിതം ഭദ്രമാക്കാൻ അതൊരു കച്ചിത്തുരുമ്പായിരുന്നു. അവളുടെ സമ്മതം പോലും വാങ്ങാതെ ആ ജീവിതത്തിന് നിർബന്ധിക്കുകയായിരുന്നു. ആ മാതാപിതാക്കൾ.

 

വിവാഹം കഴിഞ്ഞ മുത്തഴകി അയ്യാച്ചാമിയുടെ നാടായ കള്ളിപ്പട്ടിയിലെത്തി ജീവിതം തുടങ്ങി. നാൽപ്പതു വയസോളം പ്രായമുള്ള അയ്യാച്ചാമിയെ അപ്പോഴും  പതിനെട്ടുകാരിയായ മുത്തഴകിയുടെ മനസ് സ്വീകരിച്ചിരുന്നില്ല. അവളെ തന്നിലേക്ക് ആകർഷിക്കാനായിരിക്കണം അയ്യാച്ചാമി അവൾക്ക്  ആദ്യമായി മദ്യത്തിന്റെ രുചി പരിചയപ്പെടുത്തിയത്. പിന്നീട് പതിയെ അവൾ അതിന് അടിമയാവുകയായിരന്നു. അയ്യാച്ചാമിയുടെ വലിയ ആക്രി ഗോഡൗണിലെത്തുന്ന ആക്രിത്തൊഴിലാളികളുടെ മദ്യത്തിന്റെയും, വിയർപ്പിന്റെയും പഴയ സാധനങ്ങളുടെ ദുർഗന്ധവും മറക്കാൻ അവൾ കുടിച്ചുതുടങ്ങി.

 

 

പകലന്തിയോളം പാഴ്‌വസ്തുക്കളുടെ കണക്കെടുത്തുകഴിഞ്ഞാൽ  പിന്നെ അന്തിക്ക് മദ്യം നിർബന്ധമായി. ചുറ്റുമുള്ള കുപ്പകൾ മനസ് മരവിപ്പിക്കാൻ തുടങ്ങിയപ്പോൾ അവൾ പകലിലും കുടിക്കാൻ തുടങ്ങി. കാലപ്പോക്കിൽ കുപ്പകൂമ്പാരങ്ങൾക്കിടയിലേക്ക് എത്തിയ സ്വന്തം ചോരയിൽ പിറന്ന രണ്ടാൺമക്കളും അവൾക്ക് പാഴ്‌വസ്തുക്കളായി.

 

 

ശിവക്കുടിയിൽ നിന്ന് നിലക്കടലയും മലക്കറിയും, കമ്പും, ചോളവും, പൊരിയും ഒക്കെയായി മകളേയും, കൊച്ചുമക്കളേയും കൊതിതീരെ കാണാൻ എത്തിയപ്പോഴാണ് ആണ്ടാൾ ഈ കഥയെല്ലാം ഒരു ഞെട്ടലോടെ അറിയുന്നത്. താൻ കൊണ്ടുവന്നതൊന്നും അന്ന് അവൾക്ക് വേണ്ടിയിരുന്നില്ല. 

 

 

മലവും മൂത്രവും എല്ലാം പോയി പൂർണ നഗ്നയായി വീടിനോട് ചേർന്നുള്ള ആക്രിക്കടയിലെ പാഴ്‌വസ്തുക്കളേക്കാൾ മോശമായ അവസ്ഥയിൽ ആണ്ടാൾക്ക് അന്ന് തന്റെ മകളെ കാണേണ്ടി വന്നു. ഏതുനേരവും അവളെ പിച്ചിചീന്താൻ കാത്തുനിക്കുന്ന കഴുകൻമാരും. അതൊന്നും തിരിച്ചറിയാനാവാതെ മദ്യം മാത്രം ജീവിതമാക്കിയ മകളും.പല ഗ്രാമങ്ങളിൽ വ്യാപാരത്തിന് പോകുന്ന ഭർത്താവിന് ഇതൊന്നും നിയന്ത്രിക്കാനായതുമില്ല. താൻ കൊണ്ടു വന്നതൊന്നും അവൾക്ക് അന്ന് വേണ്ടായിരുന്നു. 

 

‘‘അമ്മാ, പണം വെച്ചിര്ക്കിയാ...?’’

 

കൂട്, സറക്കടിക്കലെന്ന കൈകാലെല്ലാം നടുങ്കും’’

 

അവൾ ഒരു ഭ്രാന്തിയെപ്പോലെ കെഞ്ചി. ആണ്ടാൾ കൊണ്ടു വന്ന സാധനങൾ എല്ലാം ആക്രിയുമായി വരുന്നവർക്ക് വിറ്റു. അവരുടെ കാലിൽ വീണ് കെഞ്ചി. അവരിൽ പലരും അവൾക്കായി, അവളുടെ ശരീരത്തിനായി മദ്യം എത്തിച്ചുകൊടുക്കുന്നുണ്ടെന്ന് ആണ്ടാൾ മനസിലാക്കി. മൂക്കൊലിപ്പിച്ച്, കുളിക്കാതെ, നല്ല വസ്ത്രമില്ലാതെ രണ്ടു മക്കളും ദിവസങ്ങളായി പട്ടിണിയിലാണ്.

 

 

ആണ്ടാൾ ആ കുട്ടികളെ ഒരുക്കിയെടുത്തു. വിശപ്പാറ്റി. താൻ കാരണമാണ് മുത്തുലക്ഷ്മി ഈ വിധത്തിലായതെന്ന് കുറ്റസമ്മതം നടത്തിയ അയ്യാച്ചാമിയോട് പിന്നീട് ആണ്ടാൾക്ക് കയർക്കാനായില്ല.

 

ചുറ്റുമുള്ളവർ മകളെക്കുറിച്ച് പറഞ്ഞ വാക്കുകളെല്ലാം നെരിഞ്ചി മുള്ളുപോലെ  മനസിനെ കുത്തിനോവിച്ചു.

 

അമ്മ എന്ന പദത്തിന്റെ രണ്ടു വത്യസ്ത ഭാവങ്ങളാണ് മുത്തഴകിയും, ആണ്ടാളും. സ്വന്തം മക്കളെപ്പോലും തിരിച്ചറിയാനാവാത്ത വിധം മദ്യത്തിന് അടിമയായ മകളെ  ആണ്ടാൾ നിർബന്ധമായി  ദൂരെയുള്ള കോവിലിൽ  എത്തിച്ചു. ചരട് ജപിച്ചു കെട്ടി. നാട്ടുമരുന്ന് ഭക്ഷണത്തിൽ കൊടുത്ത് മദ്യാപാനത്തിന് കടിഞ്ഞാണിട്ടു.കൂടെയിരുന്ന് പരിചരിച്ചു. 

 

 

ദിവസങ്ങൾ പിന്നിട്ടപ്പോൾ മകൾ ജീവിതത്തിലേക്ക് തിരികെ വന്നതായി ആണ്ടാൾക്ക് തോന്നി. പക്ഷേ അവരെ തന്നിൽ നിന്നകറ്റാൻ അവൾ അഭിനയിച്ചുകൊണ്ടിരിക്കുകയാണെന്ന് ആ പാവം അമ്മ അറിഞ്ഞിരുന്നില്ല. കൈയ്യിൽ ഉണ്ടായിരുന്ന പൈസ ചിലവിനായി മകളെ ഏൽപ്പിച്ച് തന്റെ ഗ്രാമത്തിലേക്ക് മടങ്ങുമ്പോൾ ആ മനസിൽ സന്തോഷത്തിൽ പൂത്ത ഒരു ചെണ്ടുമല്ലിയുടെ വിളവെടുപ്പ്കാലമായിരുന്നു. 

 

പക്ഷെ, ഇപ്പോൾ? അവൾ എവിടെപ്പോയിക്കാണും. അവൾക്ക് അപകടം വല്ലതും? മനസ്സിലെ പല ചോദ്യങ്ങൾക്ക് മുന്നിൽ ആണ്ടാൾ പകച്ച് നിന്നു.അവസാനമായി താൻ ചെന്നപ്പോൾ കണ്ട കാഴ്ച മനസിൽ ഒരു മിന്നൽ പോലെ വന്ന് രാത്രികളിലെ ഉറക്കം കെടുത്തി.അന്നന്നത്തെ വിശപ്പിന് വിയർപ്പു ചിന്തുന്ന ആണ്ടാളിന്റെ കുടുബം അതെല്ലാം ഉപേക്ഷിച്ച് മകളെ തിരഞ്ഞിറങ്ങി. നിരാശയായിരുന്നു ഫലം.

 

അമിതമായ മദ്യപാനവും, കുറ്റബോധവും അയ്യാച്ചാമിയുടെ ജീവനെടുത്തു. ചോര ശർദ്ദിച്ച്  റോഡിൽ കിടന്നായിരുന്നു മരണം. ഊരിലെ അൽപ്പം വിവരസ്ഥനായ ഒരു വാദ്യാരുടെ അഭിപ്രായപ്രകാരം മരണവാർത്ത മകളിലേക്കെത്താനായി പത്രത്തിൽ കൊടുത്തു.  സ്വന്തം ഭർത്താവിന്റെ അന്ത്യയാത്രയ്ക്കെങ്കിലും മകൾ എത്തുമെന്ന് കരുതി കാത്തിരുന്ന ആ അമ്മയ്ക്ക് തെറ്റി. അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട് ആ റോഡരികിൽ നിന്ന മക്കളെ ആണ്ടാൾ കൂടെ കൂട്ടി.

 

വിളവെടുപ്പുകൾ രാവും പകലും,  മഴയും, വെയിലുമായി കാലം ഗണിച്ച് കടന്നുപൊയക്കൊണ്ടിരുന്നു. ആണ്ടാൾ രണ്ട് മക്കളേയും അടുത്തുള്ള സ്കൂളിൽ ചേർത്ത് പഠിപ്പിച്ചു.

 

മാസങ്ങൾ വർഷങ്ങൾക്ക് വഴിമാറി. ഒരു നാൾ രാവിലെ തന്നോട് യാത്ര പറഞ്ഞ് ദൂരെ തന്റെ നാട്ടിലേക്ക് മരണത്തിൽ പങ്കെടുക്കാൻ പോയ സെൽവനായകി തിരികെ വന്നത് ആണ്ടിളിന്റെ മനസിലെ കത്തുന്ന കനലിനെ ഊതി വലിയൊരു എരിമല തീർക്കാനായിരുന്നു.

 

‘‘അക്കാ, അങ്കെ സെവലപ്പട്ടിയിലെ നമ്മ മുത്തളകിയെ പാത്തേക്കാ...’’

 

തീരാ ദുഖങ്ങൾ ഏറ്റുവാങ്ങി തളർന്നിരുന്ന ആണ്ടാൾക്ക് ആദ്യമത് വിശ്വസിക്കാനായില്ല.

 

അവൾ സെൽവനായകിയെ പകച്ച് നോക്കി.അത്രയും ദൂരെ മകൾ എങ്ങിനെ എത്താനാണ്.

 

‘‘ആമാക്ക,സാമി സത്യമാ അങ്കെ പൊണമെരിക്കപ്പോനപ്പൊ  എൻ കണ്ണാലെ പാത്തേൻ’’

 

പിന്നീട് സെൽവനായകി പറഞ്ഞതൊന്നും ആണ്ടാൾക്ക് ഉൾക്കൊള്ളാനായില്ല. അന്ന് രാത്രി എങ്ങനെയൊക്കെയോ ഉറങ്ങാതെ കഴിച്ചുകൂട്ടി. നേരം പരപരാന്ന് വെളുത്തപ്പോൾ തന്നെ കണ്ണയ്യനും, ആണ്ടാളും മകളെ അന്വേഷിച്ചിറങ്ങി. മനസും, വയസും തളർത്തിയ രണ്ട് ജന്മങ്ങൾ പരസ്പരം പായാരം പറഞ്ഞ് സെവലപ്പട്ടിയിൽ എത്തി.സെൽവനായകി പറഞ്ഞ വിലാസം ലക്ഷ്യമാക്കി നടക്കുമ്പോൾ ശുഭ പ്രതീക്ഷകൾ മാത്രമായിരുന്നു കൂട്ടിന്. 

 

മകളെക്കുറിച്ച് നന്നായി അറിയാവുന്ന ആ അമ്മ ആദ്യം പോയത് അവിടുത്തെ മദ്യഷാപ്പിലേക്കാണ്. 

 

വൃദ്ധയെ കണ്ട് സംശയിച്ച കടയുടമ അന്വേഷിച്ചു. 

 

‘‘എന്നമ്മാ വേണും?’’

 

‘‘ഇങ്കെ മുത്തു ലച്ച്മി ന്ന് ഒരു പൊണ്ണ്....??’’

 

‘‘അയ്യോ...പൊണ്ണമ്മാ അത്?അതയേൻ തേടിവന്തീങ്കെ?’’

 

‘‘നീങ്ക പോനാലും പാക്കറ നിലമയിലെ അവ ഇര്ക്കാത്. അന്ത മാനേജർ അപ്പ്ടി അടിമയാ വച്ചിര്ക്കാങ്കമ്മാ അവളെ...എന്ത പൂണ്യവതി പെത്താളോ..’’

 

അയാൾ പറഞ്ഞുകൊണ്ടിരുന്നു. കാര്യങ്ങൾ മനസിലാക്കിയ ആണ്ടാൾ കണ്ണയ്യനേയും കൂട്ടി വേഗത്തിൽ നടന്നു.ആ വഴിക്ക് അവരെ കടന്നുപോയ ആംബുലൻസിന്റെ ശബ്ദം ആണ്ടാളിൽ വല്ലാത്ത ഭയമുണ്ടാക്കി. അനുഭവങ്ങളും, നിരാശകളും മുനിഞ്ഞ് കത്തുന്ന  മെഴുതിരിയായി ഉരുകിത്തീരുമ്പോഴും മനസിൽ പ്രതീക്ഷയുടെ ഒരു മിന്നാമിനുങ്ങോളം വെട്ടം സ്വയം തീർത്തിരുന്നു. 

 

 

 

നടന്ന് നടന്ന് തളർന്ന് ഒടുവിൽ സെൽവനായകി നൽകിയ വിലാസം എത്തിച്ചേർന്നത് ഒരു ശ്മശാനത്തി ലാണ്. അതിനരികിലേക്ക് എത്തുമ്പോൾ തന്നെ മനുഷ്യ ശരീരങ്ങൾ തീച്ചൂളയിൽ വേവുന്ന മണം അസ്സഹനീയമായിരുന്നു. കാക്കകളും, തെരുനായ്ക്കളും ഇരയ്ക്കായി വട്ടമിട്ടുകൊണ്ടിരിക്കുന്ന പ്രേതാലയം. വൈദ്യുതി ശ്മശാനവും, ചിതകൂട്ടിയെരിക്കുന്ന ശ്മശാനവും ഉണ്ട് അവിടെ.ശ്മശാന മൂകത എന്ന വാക്കിനെ അർത്ഥവത്താക്കുന്ന അന്തരീക്ഷം. കുടലുമറിഞ്ഞ് ഓക്കാനിക്കാൻ വെമ്പുന്ന മനസ്സ്. തന്റെ മകൾ ഇവിടെ കാണില്ല എന്ന ശുഭപ്രതീക്ഷ. ആണ്ടാൾ അവിടെല്ലാം കണ്ണോടിക്കാൻ തുടങ്ങി. അൽപ്പം മുൻപ് തന്നെ കടന്നുപോയ ആംബുലൻസ് ഏതോ അനാഥ ശവമിറക്കി തിരികെ പോകുന്നു.

 

 

മുന്നിലെ പൊട്ടിപ്പൊളിഞ്ഞ ഉയരമുള്ള തിണ്ണ, മരത്തിന്റെ തണൽ വീണ് ഇരുട്ടിയ തണുപ്പുള്ള അന്തരീക്ഷം, അവിടെ നാലഞ്ചുപേർ ഇരുന്ന് മദ്യപിക്കുന്നുണ്ട്. ആണെന്നോ, പെണ്ണെന്നോ വിത്യാസം മറന്ന മദ്യപാനമാണ് മകളുടേത്. എങ്കിലും അവളെ അവിടെ കാണരുതെന്ന പ്രാർത്ഥന വിഫലമാക്കികൊണ്ട് ഉറക്കെ പിച്ചും പേയും പറയുന്ന ഒരു സ്ത്രീ ശബ്ദം അവി‌െ നിന്നു കേട്ടു. ആണ്ടാളിന്റെയും കണ്ണയ്യന്റെയും കണ്ണുകൾ ഇരുട്ടു കയറി, രക്തവർണ്ണമായി. അതേ, അതവൾ തന്നെ ഏകമകൾ മുത്തുലക്ഷ്മി. 

 

 

ഭർത്താവ് മരിച്ചവിവരം അറിഞ്ഞതിനാലാവാം താലിയും പൊട്ടും, മൂക്കുത്തിയും എല്ലാം അഴിച്ചു മാറ്റിയിരിക്കു ന്നു. കീറിയ ഒരൊറ്റ നൈറ്റി മാത്രം ഇട്ട് മദ്യപിച്ച നാലഞ്ചാണുങ്ങൾക്കിടയിൽ ശവത്തെപ്പോലെ യാതൊരു വികാര, വിചാരങ്ങളും ഇല്ലാതെ ആ മനുഷ്യ മൃഗങ്ങൾക്ക് കൊത്തിത്തിന്നാൻ പാകത്തിന് അവൾ ഇരിക്കുന്നു. വൃത്തികെട്ട ചുറ്റുപാടായതിനാലായിരിക്കണം അവളെ ചുറ്റി ഈച്ച പൊതിയുന്നുണ്ട്. ആണ്ടാൾ നെഞ്ചത്തടിച്ച് പൊട്ടിക്കരയാൻ തുടങ്ങി.

 

‘‘പാവിമക ഇപ്പടി പാഴാപോയിട്ടാളേ, കടവുളേ, നാ എന്ന പണ്ണുവേ, ഒത്ത പുള്ളയെ പെത്ത് ഇപ്പടിപാക്കവച്ചിട്ടിയെ, പെത്തവയിറ് എരിയിത്... ’’

 

മനസ് അംഗീകരിക്കാത്ത കാഴ്ച കണ്ണയ്യനെ തളർത്തി. അയാൾ പതിയെ ഒരു മരത്തണലിൽ ഇരുന്നു.

 

ആണ്ടാളിന്റെ  നിലവിളികേട്ടാണ് മാനേജർ അവിടെ എത്തിയത്. കൊമ്പൻ മീശയും വലിയ ശരീരവും ഒക്കെയായി  ശവശരീരങ്ങളെ യമപുരിയിലേക്ക് അയക്കാൻ പാകത്തിനുള്ള പേടിപ്പെടുത്തുന്ന രൂപം. ആണ്ടാൾ തന്റെ ധൈര്യം കൈവിടാതെ അയാളോട് സംസാരിച്ച് തുടങ്ങി.

 

‘‘അയ്യാ..., മുത്തിളകി ഏൻ പൊണ്ണ്. ഏതോ തെരിയാമെ വരക്കൂടാത എടത്ത്ക്ക് വന്ത്ട്ടാ, അവളെ കൂട്ടിട്ട് പോലാന്ന്...വന്തറ്ക്കേ’’

 

‘‘ന്താ കിളവി, ചുമ്മ ഏതാവത് സൊല്ലീട്ട് തിരിയാമെ... നടയെക്കട്ട്. പൊണത്തെ പോട്ട്ട്ട് ഇപ്പൊ വെളിയെ പോനാല്ലെ ആംബുലൻസ്ക്കാരൻ? അവൻ പൊണ്ടാട്ടിയിത്. രണ്ടുപേരും ഇങ്കെ പൊണമെരിക്കറ വേലയെ പാക്കറാങ്ക. ഇത്ങ്കള്ക്ക് സരക്ക് വാങ്കികുടുത്തേ നാ ബോണ്ടിയായിട്ടേ. പെരിസെ കൂട്ടീട്ട് പോമ്മാ വേലയെ പാത്ത്. കൂട്ടിട്ട് പോക വന്തിരുക്കാങ്കളാമാ’’

 

അതെ, നാടുവിട്ട മകൾ ഒരു കോവിലിൽ അഭയം പ്രാപിച്ചു. രണ്ടുനാൾ ഉണ്ണാതെ, കുളിക്കാതെ ഇരുന്ന അവൾ മെനഞ്ഞ കഥ കേട്ട് മനമുരുകിയ പൂജാരി ഏർപ്പാടാക്കി കൊടുത്ത വീട്ട് ജോലി കളഞ്ഞ്, കുറച്ച് പൈസയും മോഷ്ടിച്ച് ആ നാടുപേക്ഷിച്ച്  ഒരു മദ്യശാലയിൽ മദ്യം അന്വേഷിച്ച് എത്തിയ മുത്തളകി അവിടെ വച്ചാണ് ആംബുലൻസ് ഡ്രൈവറെ പരിചയപ്പെടുന്നത്.അയാൾക്കൊപ്പം ചെന്നാൽ ഇഷ്ടം പോലെ മദ്യം കിട്ടുമെന്ന് ഒരൊറ്റ വാക്കിൽ കൂടെക്കൂടി ആ ശ്മശാനത്തിൽ എത്തയതാണവൾ. അവിടുത്തെ ഒരു ജോലിക്കാരനിൽ നിന്ന് ആണ്ടാൾ മകളുടെ പൂർവ്വചരിത്രം മുഴുവൻ ചോദിച്ചറിഞ്ഞു.

 

എല്ലാം മനസിലായെങ്കിലും ആണ്ടാൾ മകളോട് ഒന്ന് സംസാരിക്കാൻ തയ്യാറായി. കൺടാങ്കി ചേലയുടെ തുമ്പെടുത്ത് കണ്ണുനീരൊപ്പി ആണ്ടാൾ  അവൾക്കരകിലെത്തി

 

‘‘മുത്തളകി, വാ പുള്ളെ വീട്ട്ക്ക്...പുരുഷൻ സത്തത്ക്കും നീ വരലെ. പസങ്ക രണ്ടുപേരും തായിരുന്തും ഇല്ലാമെ തവിക്ക്റാങ്ക.അത്ങ്കള്ക്ക് അമ്മവാ മട്ടും ഇരുന്താ പോതും. എനക്കപ്പറം അത്ങ്കള്ക്ക് യാര്റ്ക്കാങ്ക സൊല്ല്’’

 

‘‘ന്താ പോമ്മാ വേലയെ പാത്തിട്ട്, എൻ പസങ്കളെ  ഉന്നാലെ പാക്കമുടിയലെന്നാ ഇങ്കെ അണുപ്പ്. നാ രാജാ മാതിരി പാത്ത്ക്കുവേ. ഉന്നെയാര് ഇങ്കെല്ലാം വരസൊന്നത്?

 

 മദ്യം തലക്ക് പിടിച്ച അവൾഒരു ഭാവഭേദവുമില്ലാതെ അവ്യക്തമായി പറഞ്ഞു. 

 

മക്കൾ അവൾക്കൊപ്പം ജീവിക്കുന്ന അവസ്ഥ ഓർത്തപ്പോൾ തന്നെ ആണ്ടാൾ ഒന്ന് ഞെട്ടി.

 

വാക്കുതർക്കങ്ങൾ ഉയർന്നപ്പോൾ അവളുടെ പുതിയ ഭർത്താവും, മേനേജറും, ജോലിക്കാരും കണ്ണയ്യനേയും ആണ്ടാളിനേയും കയ്യേറ്റം ചെയ്തു. അമ്മയും, അച്ഛനും നൊന്ത് പിടയുന്നത് കണ്ട് മദ്യം കുപ്പിയോടെ വിഴുങ്ങുകയായിരുന്നു അപ്പോഴവൾ.

 

മനസിനേറ്റ ഉണങ്ങാത്ത മുറിവുമായി ഗ്രാമത്തിലേക്ക് തിരിച്ച ആണ്ടാളും കണ്ണയ്യനും ആ മകളെ മറക്കാൻ പഠിക്കുകയായിരുന്നു.

 

‘‘എങ്കമ്മാ എങ്കെ ആത്താ’’

 

കുട്ടികളുടെ ചോദ്യത്തിന് മുന്നിൽ  നിറഞ്ഞ കണ്ണുകൾ ഇറുക്കി അടച്ച് പകച്ചു നിന്ന ആണ്ടാൾക്ക് ദൈവം ഒരുത്തരം നൽകി.

 

‘‘അമ്മാ... അമ്മ എരന്ത്ട്ടാങ്കപ്പ. സാമികിട്ടെ പോയിട്ടാങ്ക. ദോ അങ്കെ ഉച്ചിയിലെ തെരിയത് പാറ് നക്ഷത്രം അത് താൻ ഉങ്കമ്മ’’

 

സ്വന്തം അമ്മയുടെ യാഥാർത്ഥ രൂപം ഒരിക്കലും ആ മക്കൾ അറിയരുതെന്ന് ആണ്ടാൾ ആഗ്രഹിച്ചു.

 

അവൾ ആ മക്കളെ വാരിയെടുത്ത് ഉമ്മവച്ചു. അത് നോക്കിയിരുന്ന കണ്ണയ്യന്റെ മനസ് വർഷങ്ങൾക്ക് പിന്നിലെ ഒരു രാത്രിയിലേക്ക് കുടിയേറി.

 

അമ്മയാവാൻ പോകുന്ന നാളുകളിലൊന്നിൽ ആണ്ടാൾ കണ്ണയ്യന്റെ മാറിൽ ചാഞ്ഞ് കിടന്ന് പറഞ്ഞ ആ വാക്കുകൾ. 

 

‘‘പാറ്ങ്ക.., മഹാലച്ച്മിയാട്ടം ഒരു പെൺകുഴന്തതാ വേണും. അപ്പൊതാ കുടിക്കാമെ, പൊണ്ടാട്ടി സൊല്ലെ കേക്കാമെ അപ്പനാത്താളെ പാത്തുക്കുവാങ്ക’’

 

വിശ്വസവും, വിധിയും വേറെയാണെന്ന് തിരച്ചറിഞ്ഞ  ആ നിമിഷങ്ങളിലും  ആ ഹൃദയം മകൾക്കായി പ്രാത്ഥിക്കുകയായിരുന്നു.

 

 

 

പദപരിചയം:

 

(കടലക്കാട്= കടലക്കൃഷി

 

മാപ്പിളെ= മകളുടെ ഭർത്താവ്

 

പുകുന്ത്= കടന്ന്

 

കാണോ, കാണാമെ പോയിട്ടാ= കാണാനില്ല

 

മാട്ട്ത്തൊട്ടി= ചന്തമാടുകൾക്ക് വെള്ളം കുടിക്കാനുള്ള തൊട്ടി

 

അങ്ക്ട്ടെല്ലാം= അവിടെയെല്ലാം

 

സറക്ക്=മദ്യം

 

നെരുഞ്ചിമുള്ള്= തമിഴ് നാട്ടിൽ കാണുന്ന ഒരു തരം മുള്ള്

 

വാദ്യാർ= സ്കൂൾ അദ്ധ്യാപകൻ

 

പൊണം= ശവം

 

പാവി മക= മഹാപാവിയായ മകൾ

 

പെത്തവയിറ്= പെറ്റ വയറ്

 

നടയെക്കട്ട്=പോവാൻ നോക്ക്

 

പൊണ്ടാട്ടി=ഭാര്യ

 

പെരിസ്= വയസായ മനുഷ്യൻ (വൃദ്ധൻ)

 

തവിക്കറാങ്ക=വിഷമിക്കുന്നു.

 

രാജാ മാതിരി= രാജാവിനെ പ്പോലെ

 

എരന്ത്ട്ടാങ്ക= മരിച്ചുപോയി

 

ഉച്ചിയിലെ= ഉയരത്തിൽ)

 

English Summary : Chudala Story By Suguna Santhosh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com