ഇനി വീടിനുള്ളിൽ കയറാമോ, അച്ഛന്റെ മറുപടി; വേണ്ട, തത്കാലം നീ തൊഴുത്തിൽ തന്നെ താമസിച്ചോ കല്യാണം കഴിഞ്ഞശേഷം...

ദൂരെ നിന്ന് നോക്കുന്ന ഒരു കൊറോണ (കഥ )
പ്രതീകാത്മക ചിത്രം
SHARE

ദൂരെ നിന്ന് നോക്കുന്ന ഒരു കൊറോണ (കഥ )

ലാളിച്ച് ഓമനിച്ചു വളർത്തിയ ഏക സഹോദരിയുടെ വിവാഹം ഉറപ്പിച്ചു എന്നറിഞ്ഞപ്പോൾ ഈ ലോകം പിടിച്ചടക്കിയ സന്തോഷം തോന്നി, വിനോദിന്. വർഷങ്ങൾക്ക് മുൻപ് ദുബായിൽ വന്നെത്തിയ ആളാണ് വിനോദ്. മറ്റെല്ലാ പ്രവാസികളെയും പോലെ ദുബായിൽ കുടുംബത്തിന്  വേണ്ടി കഷ്ടപ്പെടുന്ന ഒരാൾ. ആദ്യം നാട്ടിൽ അച്ഛൻ വരുത്തി വച്ച കടങ്ങൾ വീട്ടി. ഇപ്പോൾ ഇതാ അടുത്ത ചെലവ്, അനുജത്തി കല്യാണിയുടെ വിവാഹം... കരുതി വച്ചിരുന്നതും കുറെ കടം വാങ്ങിയും വിനോദ് അനുജത്തിയുടെ കല്യാണം സുഭിക്ഷമായി നടത്താനുള്ള പണം നാട്ടിലേക്ക് അയച്ചു കൊടുത്തു.

ദിവസങ്ങൾ കഴിയും തോറും വിനോദിന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു മോഹം. കുടുംബത്തിലെ ആദ്യ വിവാഹ ചടങ്ങാണ്. അതൊന്ന് നേരിൽ കാണാൻ ആഗ്രഹം. ആഗ്രഹം അറിയിച്ചപ്പോൾ അച്ഛൻ ആദ്യം നിരുത്സാഹപ്പെടുത്തി. ഒരുപാട് കടമില്ലേ അവിടെ. ഉടനടി ഇങ്ങോട്ട് വരണ്ട. ജോലി ചെയ്തു എത്രയും വേഗം ബാധ്യതകൾ തീർക്കാൻ നോക്ക്. പിന്നെയും നിർബന്ധം പിടിച്ചപ്പോൾ, നിന്റെ ഇഷ്ടം പോലെ ചെയ്യൂ എന്ന മറുപടി കിട്ടി. ഉടനടി ടിക്കറ്റ് എടുത്തു, നാട്ടിൽ പോകാൻ. 

അപ്പോൾ ആണ് കൊറോണയുടെ വരവ്. കൂട്ടുകാർ പറഞ്ഞു: ഇപ്പോൾ പോകണ്ട. കൊറോണ കാലമാണ്. നാട്ടിൽ ചെന്നാൽ നീ ബുദ്ധിമുട്ടും. വീട്ടുകാരും പറഞ്ഞു. ഇങ്ങോട്ട് വരണ്ട. പ്രശ്നം ആണ്.  ഒന്നും കേട്ടില്ല. കാരണം അനുജത്തിയുടെ കല്യാണം കാണണം എന്ന അതിയായ മോഹം. തിരുവനന്തപുരം എയർപോർട്ടിൽ എത്തിയപ്പോൾ ആരോഗ്യ പ്രവർത്തകർ നിരീക്ഷണം നടത്തി. ഇല്ല. വൈറസ് ബാധിച്ച ലക്ഷണം ഇല്ല. എങ്കിലും, 14 ദിവസം പുറത്ത് പോകാതെ വീടിനുള്ളിൽ നിരീക്ഷണം ചെയ്യണമെന്ന നിർദ്ദേശം. 

സന്തോഷത്തോടെ ഒരു ടാക്സി വിളിച്ചു വീട്ടിൽ എത്തി. കണ്ടപ്പോൾ ആരുടെയും മുഖത്തു സന്തോഷം ഇല്ല. 

എല്ലാവരുടെയും മുഖങ്ങളിൽ ആകെ ഒരു ഭയവും കോപവും മാത്രം. അച്ഛൻ പറഞ്ഞു : തൽക്കാലം നീ വീടിനുള്ളിൽ കയറേണ്ട. ഒഴിഞ്ഞു കിടക്കുന്ന തൊഴുത്തിലെ റൂമിൽ താമസിക്ക്. അതിന് ഉള്ളിൽ സൗകര്യം ഉണ്ടാക്കി വച്ചിട്ടുണ്ട്. പിന്നെ ഒരു കാര്യം. അകലം പാലിക്കണം. ആവശ്യം ഇല്ലാതെ ആരോടും മിണ്ടാൻ വരണ്ട. 

ഒന്നും മിണ്ടാതെ കണ്ണീരോടെ തൊഴുത്തിലെ മുറിക്കുള്ളിൽ കയറി. അച്ഛൻ പറഞ്ഞത് ശരി തന്നെ. മുറിക്കുള്ളിൽ കട്ടിലും കിടക്കയും ഉണ്ട്. പിന്നെ എത്ര എത്ര ദിവസങ്ങൾ. അമ്മയടക്കം എല്ലാവരും അകലം പാലിച്ചു. ആഹാരം പുറത്ത് വച്ചിട്ട് വേഗം ഓടി അകലും. 

കണ്ണീരോടെ ഓർത്തു: ഒന്നും വേണ്ടായിരുന്നു. ഈ അവഗണന കാണാനാണോ നാട്ടിലേക്കു ഓടി വന്നത്. 

14 ദിവസങ്ങൾ കഴിഞ്ഞിട്ടും രോഗ ലക്ഷണം ഒന്നും ഇല്ല. രക്തം പരിശോധന നടത്തി. ഫലം നെഗറ്റീവ്. ആകെ ആശ്വാസം. ഇനി മൂന്നാം ദിവസം കല്യാണം. കല്യാണത്തിന് കൂടാം എന്ന സന്തോഷം.  ഇനി വീടിനുള്ളിൽ കയറാമോ എന്ന് ചോദിച്ചപോൾ അച്ഛന്റെ മറുപടി : വേണ്ട. തത്കാലം നീ തൊഴുത്തിൽ തന്നെ താമസിച്ചോ. കല്യാണം കഴിഞ്ഞശേഷം വീടിനുള്ളിൽ കയറിയാൽ മതി. 

കേട്ടപ്പോൾ മനസ്സ് വല്ലാതെ നൊന്തു. 

‘അപ്പോൾ എന്റെ പൊന്ന് അനുജത്തിയുടെ കല്യാണത്തിന് ഞാൻ പങ്കെടുക്കേണ്ട അച്ഛാ?’

ശാന്തതയോടെ അച്ഛന്റെ മറുപടി :

‘മോനെ, നിനക്ക് വല്ലാത്ത വിഷമം ഉണ്ടെന്ന് അച്ഛനറിയാം. പക്ഷേ ഞാൻ നിസ്സഹായൻ ആണ് കുട്ടി. നീ കല്യാണം കൂടാൻ വരണ്ട. കൊറോണയെ എല്ലാവർക്കും ഭയമാണ്. നിന്റെ രോഗം മാറിയെങ്കിലും ആളുകൾ അംഗീകരിക്കുന്നില്ല. ഈ പകർച്ച വ്യാധി കാരണം ആർഭാടം ഇല്ലാതെ അമ്പലത്തിൽ വച്ചു ലളിതമായാണ്, കല്യാണം നടത്തുന്നത്. കല്യാണ ദിവസം സഹോദരി ഉടുത്തൊരുങ്ങി അമ്പലത്തിൽ പോകുമ്പോൾ, നീ ദൂരെ നിന്ന് നോക്കി അവളെ അനുഗ്രഹിക്കുക...’

കല്യാണ ദിവസം വന്നെത്തി. 

അച്ഛനും അമ്മയും കല്യാണപെണ്ണും മറ്റു അടുത്ത ബന്ധുക്കളും അമ്പലത്തിലേക്ക് പോകുന്നത്, വിനോദ്  തൊഴുത്തിലെ മുറിക്കുള്ളിൽ നിന്ന് കണ്ടു. 

അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... 

കല്യാണ പെണ്ണ് കണ്ണീരോടെ ഏട്ടനെ നോക്കിയപ്പോൾ അയാൾ കൈ വീശി കാണിച്ച് അനുജത്തിയെ അനുഗ്രഹിച്ചു. 

അയാളുടെ മനസ്സ് മന്ത്രിച്ചു... 

‘പ്രിയമുള്ള പെങ്ങളേ... ഏട്ടന്റെ  ഒരായിരം അനുഗ്രഹങ്ങൾ...’

English Summary : Dhoore Ninnu Nokkunna Oru Corona Story By Prakash Olla

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;