ADVERTISEMENT

വിഷുക്കണി (കഥ)

 

കേശവൻ വീണ്ടും വാച്ചിലേക്കു നോക്കി. സമയം  അഞ്ചു കഴിഞ്ഞു, അഞ്ചു മിനിറ്റും..

 

‘ഇയാൾ ഇത്  എങ്ങോട്ടാ പോയത് ?  നാലരയ്ക്ക്  എത്താൻ  പറഞ്ഞതാണല്ലോ’

 

‘ശരിയാണല്ലോ...  ഇനി  വഴി തെറ്റിപ്പോയോ’ റഹിം  സംശയത്തോടെ പറഞ്ഞു

 

‘വരുന്ന  വഴിക്കു  ആരേലും വിളിച്ചിട്ടുണ്ടാവും . എന്നാലും  നമ്മളോട്  അത്  ഒന്ന്  പറയായിരുന്നു.  സമയം  എത്രയായിന്നു..  നമ്മുക്കും  വരുന്നു  വിളികൾ’

 

 ‘വിഷു  ആയിട്ടു നിങ്ങളെയൊക്കെ  ഒന്ന്  കണ്ടിട്ട്  പോകാമെന്നു വെച്ചതാ..  നോയമ്പ്  ആയാ എന്നെ  പിന്നെ നോക്കണ്ട ‘റഹിം  പരാതി പറഞ്ഞു .

 

‘നമസ്കാരം’

 

പെട്ടെന്നു  വിളി  കേട്ട് ഇരുവരും തിരിഞ്ഞു നോക്കി .

 

‘ഒരു സമയം പറഞ്ഞാൽ  കറക്റ്റ്  വന്നു  കൂടെ ?  എത്ര നേരായി  നിന്നെ  നോക്കി  ഇരിക്കുവാ’

 

‘നേരത്തെ  ഇറങ്ങിയതാ ... വഴിക്കു വച്ച്   ഒന്ന്  ഹോസ്പിറ്റലിൽ പോകേണ്ടി വന്നു.’ ഇമ്മാനുവേൽ  കാര്യം പറഞ്ഞു .

 

‘വല്ല ഓപ്പറേഷൻ ആണോ?’ കേശവൻ  ആകാംഷയോടെ  ചോദിച്ചു

 

‘പ്രസവം  ആയിരുന്നു.  നമ്മടെ  പള്ളിയിലെ  കുര്യാക്കോസിന്റെ  ഭാര്യ  ഷീല..  ഇരട്ടക്കുട്ടികൾ ആണ്.. വിവാഹം കഴിഞ്ഞു  പതിനഞ്ചു  വർഷം.. ഇപ്പോഴാ   കൊച്ചു  വരുന്നത്.  അതും  രണ്ടു മാലാഖമാർ .  അപ്പൊ പിന്നെ ഓടി ഇങ്ങു വരാൻ പറ്റുമോ ?’

 

‘ഈ  ലോക്ഡൗൺ  സമയത്തും  നമുക്ക്  ജോലിക്കു  ഒരു കുറവും ഇല്ല,  അല്ലേ  കേശവാ ?’ റഹിം സംശയത്തോടെ ചോദിച്ചു .

 

‘നല്ല  ചോദ്യം .  നമ്മൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ?’ ഇമ്മാനുവേൽ  ഉത്തരം നൽകി .

 

‘അതൊക്കെ  പോട്ടെ  നിങ്ങളുടെ വിശേഷം പറ കേൾക്കട്ടെ.  ഈസ്റ്റർ  എങ്ങനെ ?  നോയമ്പ്  ഈ മാസം അല്ലെ ?’

 

‘ ഈസ്റ്റർ  ഒന്നും പറയണ്ട..  പള്ളിയിൽ  ഒന്നും ആരും  വന്നില്ല..  മാർപാപ്പ  വരെ  ഒറ്റയ്ക്ക്  അല്ലേ കുർബാന നടത്തിയത്. പലരും കുർബാന  വീട്ടിൽ  ഇരുന്നു  കണ്ടു.    എന്നാലും  പള്ളിയിൽ  വരുന്ന പോലെ ആവില്ലല്ലോ..  പക്ഷേ  എല്ലാർക്കും ഇപ്പോ  കുറച്ച് ആത്മാർഥത  കൂടിയ പോലെ.   സാലറി തരണേ ..  കച്ചവടം തരണേ..  ലോക്ഡൗൺ  തീരണേ..  എല്ലാരും നല്ല പേടിയിൽ ആണ്’

 

‘എനിക്കും  ഏതാണ്ട്  ഇതൊക്കെ തന്നെയാ അനുഭവം.   വെള്ളിയാഴ്ച  പോലും  പള്ളി ഇല്ല..  പിന്നെ എല്ലാരും മുടങ്ങാതെ നിസ്കരിക്കുന്നുണ്ട് ..  പിള്ളേർക്ക് ഒകെ സ്കൂൾ തുറക്കല്ലേന്ന  പ്രാർത്ഥന.  പരീക്ഷ മുടങ്ങിയില്ലേ?  ഇതിന്റെ ഇടക്ക്  നിക്കാഹ്  മാറ്റി വച്ചവർ വേറെ..  ഈ  കുന്തം മൊബൈൽ കണ്ടുപിടിച്ചിരുന്നില്ലേൽ  എന്താവുമായിരുന്നു  അവസ്ഥ ..   ഡാറ്റാ  തീരല്ലേന്നു  പ്രാർത്ഥിച്ച  പഹയന്മാർ ഉണ്ട്.’

 

‘ഹാ  ഹാ .. അങ്ങനെയും   പ്രാർത്ഥനയോ ?   എനിക്കും  വിഷു  ഇത് പോലെയൊക്കെ ആയിരുന്നു.   ആളും ബലവും ഒന്നും ഇല്ലാതെ കണി കാണാൻ  ഞാനും ശാന്തിക്കാരനും.  പക്ഷേ  ഈ  ശാന്തതക്കും  ഒരു ഭംഗി ഉണ്ടേയ്.  ആത്മാർത്ഥത  ഉള്ളവരെ ഞാൻ അങ്ങോട്ട് പോയി കണ്ടാൽ മതിയല്ലോ ?’ കേശവൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു .

 

‘അത് പറഞ്ഞപ്പോ  ആണ്,  നമ്മടെ ചങ്ങായിയും നിങ്ങളുടെ ചങ്ങായിയും കൂടി  ഇന്നലെ  വൈകിട്ട് കൂടി.’ റഹിം കൂട്ടി പറഞ്ഞു

 

‘എന്തായിരുന്നു കഴിഞ്ഞ വർഷം അവിടെ അല്ലേ?  മൂപ്പരുടെ പേരും പറഞ്ഞു എന്തായിരുന്നു  വഴക്ക്.. ജാഥയും പോലീസും ..  സ്വസ്ഥമായിട്ടു  ഇപ്പോഴായിരിക്കും അവിടെ ഇരിക്കുന്നത് അല്ലേ?’’

 

‘താൻ  പറഞ്ഞത് ശെരിയാ ഇമ്മാനുവേൽ. മൂപ്പരുടെ പേരും പറഞ്ഞു  ഒരു വഴക്കു ഉണ്ടാവുന്നത് പോലും ഇഷ്ടമല്ല.  ഈ കൊല്ലം തിരക്ക് ഇല്ലാത്ത കൊണ്ട്  കൂട്ടുകാരോട് കഥ പറഞ്ഞു ഇരിക്കുവാ.’ കേശവൻ  മറുപടി പറഞ്ഞു

 

‘അല്ല..  ഈ കൊറോണ  വരുന്ന കാര്യം  നമ്മളോട് നേരത്തെ പറഞ്ഞു പോലും ഇല്ലാലോ..’ റഹിം ആകാഷയോടെ ചോദിച്ചു

 

‘അത് എപ്പോ നമ്മളോട് എല്ലാം ചോദിച്ചിട്ടു അല്ലാല്ലോ ചെയുന്നത്. രക്ഷിക്കാനും കാക്കാനും  പ്രാർത്ഥന നടത്തി കൊടുക്കാനും അല്ലേ  നമ്മൾ ? ബാക്കി നടക്കുന്നത്  നമ്മുടെ കൈയിൽ ഇല്ലാലോ ?‘കേശവൻ പറഞ്ഞു

 

‘ആൾക്കാരുടെ വിഷമം കാണുമ്പോ... എന്താ പറയുക.. രണ്ടാം ലോക മഹായുദ്ധ സമയത്തെ ഇത്ര  വിഷമം തോന്നിയുള്ളൂ. പ്രളയ കാലത്തു പോലും  ഒരാളെ സഹായിക്കാൻ വേറെ ഒരാള് ഉണ്ടായിരുന്നു... ഇത് എപ്പോ അസുഖമാണെന്ന് പറഞ്ഞാൽ ആരും വണ്ടിയിൽ  കൂടി കേറ്റില്ല .. മുഖവും മറച്ചു.. അപരിചിതരെ  പോലെ  മാറി നടന്നു’’

 

‘അതിലും വിഷമം  എന്താന്ന്  അറിയാമോ റഹിം?  ഇതിന്റെ പേരും പറഞ്ഞു  ഇപ്പോഴും കൊള്ള  നടക്കുന്നു.. അകമാനം നടക്കുന്നു.. രാഷ്ട്രീയ പാർട്ടികൾ അടി കൂടുന്നു.  വർഗീയത  വളർത്താൻ നോക്കുന്നു’. ഇമ്മാനുവേൽ അത്രയും പറഞ്ഞു   ഇരുവരുടെയും മുഖത്തേക്ക് നോക്കി .

 

‘താൻ  പറഞ്ഞത് ശരിയാ..  പക്ഷേ  അവരെയൊന്നും വെറുതെ വിടരുത്..  എല്ലാത്തിനും സ്പെഷ്യൽ ആയിട്ടു വേറെ കൊടുക്കാം’ റഹിം മറുപടി നൽകി

 

‘ഇത്രൊക്കെ ആയിട്ടും നല്ലതും ചീത്തയും ഇവർ തിരിച്ചു അറിയുന്നില്ലല്ലോ..  വീട്ടിൽ ഇരിക്കാൻ പറഞ്ഞാൽ കേൾക്കില്ല.. എന്തിനു  മാസ്ക് വെക്കാൻ പറഞ്ഞാൽ കേൾക്കില്ല’

 

‘ഇന്നലെ  എനിക്ക്  കിട്ടി ഒരു പ്രാർഥന..’ കർത്താവേ  എത്രയും പെട്ടെന്നു  ലോക്ഡൗൺ തീരണേ .. അങ്ങനെ ആണേൽ മാത്രമേ എനിക്ക് നാൻസിയെ  കാണാൻ  പറ്റൂ  പോലും’ പ്രേമം ആണ്..  പയ്യന് അവളെ നേരിട്ട് കാണണം – ഇമ്മാനുവേൽ ചിരിച്ചു കൊണ്ട് പറഞ്ഞു

 

‘എനിക്ക്  ഇവിടെ ജോലിക്കാരി വേഗം തിരിച്ചു വരണേ. തൊട്ടു  അവിഹിതബന്ധം വരെ കിടപ്പുണ്ട് ‘റഹിം കൂട്ടി ചേർത്തു .

 

‘എനിക്കും ഉണ്ട് വെറൈറ്റി ..  ചില വീട്ടിൽ ഒക്കെ ഡിവോഴ്സ്  വരെ എത്താറായി... ചില ആണുങ്ങൾ  ഓഫിസ് വേഗം തുറക്കണേന്നു പ്രത്യേകം നേർച്ച. കാര്യം എന്താ... വീട് പണി..’ കേശവനും അവരുടെ കൂടെ ചിരിച്ചു കൊണ്ട് പറഞ്ഞു

 

‘പക്ഷേ  നമ്മളെ വിശ്വസിക്കുന്നവർ വിഷമിക്കുമ്പോ സങ്കടം ഉണ്ട്’

 

‘ഈ ദുരിത കാലം അവർക്കു ഒരു പാഠം  ആണ്.  പണം മാത്രം അല്ല  ജീവിതം.. സ്നേഹബന്ധങ്ങൾക്കും സ്ഥാനം കൊടുക്കണം.. ആരോഗ്യം സൂക്ഷിക്കണം .. ഇതൊക്കെ നമ്മൾ പറഞ്ഞു കൊടുത്താൽ കേൾക്കുമോ?  മത്സരിച്ചു പണം ഉണ്ടാക്കിയില്ല എല്ലാരും?’ കേശവൻ പറഞ്ഞു നിർത്തി.

 

‘ശരിയാ.. ഞാൻ ആണ്  വലിയവൻ എന്ന ചിന്തയും. താണ നിലത്തേ നീരോടൂ. അവിടെ ദൈവം തുണയേകൂ’

 

‘ഇമ്മാനുവൽ പറഞ്ഞത് ശരിയാണ്. ഞാനും സമ്മതിക്കുന്നു. പക്ഷേ നമ്മളെങ്ങനെ ഈ മഹാമാരിയിൽ നിന്നു രക്ഷപ്പെടുത്തും’

 

‘റഹീമേ.. നമ്മളാൽ  കഴിയുന്ന പോലെ എല്ലാരേയും കാക്കും.  വിതക്കുന്നതേ  കൊയ്യൂ  എന്ന് കേട്ടിട്ടില്ലേ..  കർമഫലം കാരണം ചിലരെ രക്ഷിക്കാൻ പറ്റിലായിരിക്കാം’

 

‘ശരിയാണ്. കേശവാ,നമുക്ക് എത്താൻ  പറ്റാത്ത സ്ഥലത്തു  നമ്മൾ മനുഷ്യനായി അവതരിക്കും’

 

‘അത് തന്നെ അല്ലേ ഇപ്പൊ  ഡോക്ടർസും  നഴ്സുമാരും ചെയുന്നത്.  നമ്മൾ  തന്നെ അല്ലെ കാവൽ കാക്കുന്ന  പോലീസുകാർ’ ഇമ്മാനുവേൽ  പുഞ്ചിരിയോടെ പറഞ്ഞു.

 

‘‘ജനിച്ചാലും എടുക്കണം മരിച്ചാലും എടുക്കണം.. ഇടക്ക് എപ്പോഴോ നടക്കുന്നതിനു അഹങ്കരിക്കുന്നത് എന്തിനാ?  സന്തോഷം ഉണ്ടാവാൻ ആഗ്രഹങ്ങൾ കുറയ്ക്കണം.. ഇവിടെ അത്യാഗ്രഹങ്ങൾ ആണ് കൂടുതലും’

 

‘കേശവാ, നിസ്സഹായരായ  മനുഷ്യരുടെ മുമ്പിൽ  വിളിച്ചില്ല എങ്കിലും  നമ്മൾ എത്താൻ  നോക്കും. ഇതുവരെ അങ്ങനെ ആണ്.. ഇനിയും അങ്ങനെ തന്നെ’ റഹിം  മറുപടി കൊടുത്തു

 

‘ദൈവം  തൂണിലും തുരുമ്പിലും ഉണ്ടെന്നു അല്ലേ മനുഷ്യര് പറയുന്നത്. അപ്പൊ നമുക്ക് അത് ഇടക്ക് ഇടക്ക് കാണിച്ചു കൊടുക്കണ്ടേ’

 

ഇമ്മാനുവേലിന്റെ മറുപടി കേട്ട് മൂന്ന് പേരും ചിരിച്ചു.

 

സൂര്യൻ പടിഞ്ഞാറസ്തമിക്കാറായി.

 

‘നമുക്ക് എന്നാ  പിരിയാം..  മഗ്‌രിബ്  സമയം ആകാറായി..’ റഹിം മെല്ലെ  എഴുന്നേറ്റു  കൊണ്ട് പറഞ്ഞു

 

‘ശരിയാ.. ദീപാരാധനയ്ക്കു സമയം ആയി’

 

‘തനിക്കു എപ്പോ പണ്ടത്തെ പോലെ സുന്ദരികൾ  ഇല്ലാലോ  ദീപാരാധനയ്ക്ക്.എന്തിനാ  ഓടുന്നത്’ ഇമ്മാനുവേൽ കളിയാക്കി.

 

‘നല്ല ചോദ്യമായി... ഒന്ന് പറഞ്ഞാൽ രണ്ടിന്  ‘എന്റെ  കൃഷ്ണ’ ന്നു വിളിക്കുന്നത്. കേൾക്കാണ്ട ഇരിക്കാൻ പറ്റുമോ?’

 

ആ മറുപടിയിൽ വീണ്ടും കൂട്ട ചിരി ഉയരുന്നു.

 

‘ഇനി നമ്മുടെ കൂടിക്കാഴ്ച  ഈ  യുദ്ധം വിജയിച്ച ദിവസം ആയിരിക്കും.  അത് ഇനി അധികം താമസം ഉണ്ടാവില്ല’

 

ലോകാ സമസ്താ സുഖിനോ ഭവന്തു...

 

English Summary : Vishukkani Story By Savitha Padmanabhan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com