sections
MORE

അമ്മയ്ക്ക് ഒറ്റയ്ക്ക് ഹിമാലയത്തിൽ പോകാൻ പേടിയുണ്ടോ; എടാ, നിന്റെ അമ്മ കോറോണയെ അതിജീവിച്ചവളാ...

കുലസ്ത്രീയെ കൊന്ന കൊറോണ (കഥ)
പ്രതീകാത്മക ചിത്രം
SHARE

കുലസ്ത്രീയെ കൊന്ന കൊറോണ (കഥ)

വാതിലിൽ രണ്ട് മുട്ട്. നാരായണ പിള്ള വാതിൽ തുറന്നു. ചൂട്‌ കഞ്ഞിയും തോരനും. ആഹാരം കഴിച്ച ഉടൻ പാത്രം വാതിലിനു പുറത്ത് വച്ച് പിള്ള കതക് അടച്ചു. പിള്ളയുടെ മുറിയിൽ നിന്ന് എപ്പോഴും വാർത്തയുടെ ശബ്ദം കേട്ടു കൊണ്ടേയിരിക്കും. ആ ശബ്ദമാണ് ഭാര്യ സുമിത്രയുടെ ആകെ ഉള്ള ആശ്വാസവും. പിള്ള ജീവനോടെ ഉണ്ടല്ലോ എന്ന സിഗ്നലാണ് 24 മണിക്കൂറും കേൾക്കുന്ന വാർത്തയുടെ നിലവിളി. ആരുമായും മിണ്ടാത്ത ഒരു മനുഷ്യൻ. കുടുംബക്കാരോടാരോടും സംസാരിക്കില്ല. ഒരു ചടങ്ങിനും പോവുകയും ഇല്ല. 24 മണിക്കൂറും വാർത്തയും കണ്ടങ്ങനെ ഇരിപ്പാണ്. 

‘ഹോ! എന്റെ കാലം കഴിഞ്ഞാൽ ഈ മനുഷ്യന് ആരുണ്ടാകും. മക്കളൊക്കെ പുറത്തല്ലേ. പിന്നെ ആരെയും അടുപ്പിക്കുകയില്ലല്ലോ’. നാരായണപിള്ളയെ പ്രാകി കൊണ്ടായിരിക്കും സുമിത്ര അടുക്കള ജോലി ചെയ്യുക. പിള്ളയെ വിവാഹം ചെയ്ത അന്ന് മുതൽ തുടങ്ങിയ ശീലമാണിത്. ഒരിക്കൽ ആശ്വാസത്തിനായി അയലത്തുള്ള ആൾദൈവത്തിന്റെ അടുത്ത് ചെന്ന് അനുഗ്രഹം തേടി. ഇതറിഞ്ഞതും രണ്ട് മീൻചട്ടി തറയിൽ ഇട്ട് പൊട്ടിച്ച് പിള്ള തന്റെ പ്രതിഷേധം അറിയിച്ചു. 

പിന്നെ സുമിത്ര കണ്ണീർ സീരിയലിൽ അഭയം തേടി. അപ്പോൾ പിള്ള ടിവി തല്ലിപ്പൊട്ടിച്ചു. അങ്ങനെ വട്ട് മൂത്ത സുമിത്ര വീടിന് ചുറ്റും ഓടാൻ തുടങ്ങി. നാട്ടുകാർ പിടിച്ചു കെട്ടി സുമിത്രയെ ആശ്വസിപ്പിച്ചു. ആൺതുണ യില്ലാതെ എങ്ങനെ ജീവിക്കുമെന്ന ആശങ്ക ബന്ധുക്കൾ സുമിത്രയിൽ കുത്തി നിറച്ചു. അമ്മയുടെ ഒറ്റപ്പെടൽ മനസ്സിലാക്കിയ മക്കൾ വിദേശത്തുനിന്ന് ഇടയ്ക്ക് നാട്ടിൽ എത്തിയപ്പോൾ സുമിത്രക്കൊരു മൊബൈൽ ഫോൺ സെറ്റ് ആക്കി കൊടുത്തു. അങ്ങനെ മനസ്സ് മരവിച്ച് അരവട്ടായി തുടങ്ങിയ സുമിത്രയുടെ ലോകത്തേക്ക് ഫെയ്സ്ബുക്കും വാട്സാപ്പും കടന്നു വന്നു. നാരായണപിള്ള 24 മണിക്കൂറൂം വാർത്തകളുടെ ലോകത്തിരിക്കുമ്പോൾ സുമിത്ര സോഷ്യൽ മീഡിയയിൽ തന്റേതായ ലോകം പണിതൊരുക്കി. അങ്ങനെ പിള്ളയും സുമിത്രയും ഒരു കൂരയിൽ പണിതൊരുക്കിയ രണ്ട് ലോകങ്ങളിൽ ജീവിതം തള്ളി നീക്കി.

‘സുമിത്രേച്ചി’

‘ഇതാരാ അച്യുതനോ, കയറി വായോ, അങ്ങേര് അകത്തുണ്ട്.’

കൃഷിവകുപ്പിൽ പിള്ളയുടെ ഒപ്പം ജോലി ചെയ്തിരുന്ന ആളാണ് അച്യുതൻ. പിള്ളയുടെ കീഴ് ഉദ്യോഗ സ്ഥനായിരുന്നു. അച്യുതനോട് മാത്രമേ പിള്ള മിണ്ടുകയുള്ളൂ. അച്യുതൻ വരുമ്പോഴൊക്കെ പിള്ള കതക് തുറന്ന് അകത്തേക്ക് ആനയിക്കും. പിന്നെ മണിക്കൂറുകൾ നീണ്ട ചർച്ചകൾക്ക് ശേഷം അച്യുതൻ പുറത്തിറങ്ങും. അപ്പോഴും പിള്ളയുടെ മുറിയിൽ നിന്ന് വാർത്തയുടെ ശബ്ദം നിലയ്ക്കാതെ പ്രവഹിച്ച് കൊണ്ടേയിരിക്കും.

‘മോന്റെ കല്യാണമാണ്, സാറിനോട് പറഞ്ഞിട്ടുണ്ട്, ചേച്ചി വരണം’

സുമിത്ര നിർവികാരതയോടെ തലയാട്ടി.

കല്യാണ ദിവസമായി. ഇതുവരെ ഒരുങ്ങിയില്ലേ എന്ന പിള്ളയുടെ ചോദ്യം കേട്ട് സുമിത്ര സന്തോഷിച്ചു. കാലങ്ങൾക്ക് ശേഷം ഭർത്താവുമൊത്ത് ഒരു ചടങ്ങിന് പോവുകയാണ്. സുമിത്ര അണിഞ്ഞൊരുങ്ങി. പിള്ള പതിവ് പോലെ സുമിത്രയെ പുച്ഛത്തോടെ നോക്കി. ഇരുവരും കല്യാണ സ്ഥലത്തെത്തി. മുഖം ബലൂൺ പോലെ വീർപ്പിച്ച് പിള്ള ഒരു മൂലയിൽ ഒതുങ്ങി. 

ആവുന്നത്രയും അന്യന്റെ വിശേഷങ്ങൾ കല്യാണ വേദിയിലെ പെണ്ണുങ്ങളുമായി സുമിത്ര പങ്കുവച്ചു. ആരോടും മിണ്ടാത്ത പിള്ള സാറ് കല്യാണത്തിൽ പങ്കെടുത്തതുതന്നെ നാട്ടിൽ വല്യ സംസാരമായി. അച്യുതനും ഹാപ്പി ആയി. ബഹുമാനപ്പെട്ട പിള്ള സാറിന്‌ കൈ കൊടുത്ത് അച്യുതൻ തന്റെ സന്തോഷവും നന്ദിയും പങ്കുവെച്ചു.

ആഴ്ചകൾക്ക് ശേഷമാണ് സുമിത്ര ആ വാർത്ത കേൾക്കുന്നത്. പിള്ളയുടെ വാതിലിൽ സുമിത്ര ആഞ്ഞു മുട്ടി. വാതിൽ തുറന്ന ഉടൻ തന്നെ സുമിത്ര കാര്യം പറഞ്ഞു.

‘നമ്മുടെ അച്യുതന് കൊറോണ ആണെന്ന്’

പിള്ള കുറച്ചു നേരം സ്തബ്ധനായി നിന്നു. പിന്നെ മുറിയിൽ കയറി വാതിലടച്ചു. സുമിത്ര വിരണ്ട്‌ വിയർക്കുവാൻ തുടങ്ങി. അര മണിക്കൂറിന് ശേഷം വീടിന് മുന്നിൽ പോലീസ് വണ്ടിയും ആംബുലൻസും എത്തിച്ചേർന്നു. പിള്ള സുമിത്രയോട് വണ്ടിയിൽ കയറാൻ പറഞ്ഞു. അങ്ങനെ ഇരുവരും ഐസലേഷൻ വാർഡിലേക്ക്. പരിശോധനയിൽ പിള്ളയും സുമിത്രയും പോസിറ്റീവ്. സുമിത്ര വാവിട്ട് കരഞ്ഞു. ‘ആദ്യമായിട്ട് ഒരു ചടങ്ങിന് പോയതാ, മനുഷ്യരെ കണ്ടതേ അബദ്ധമായല്ലോ’.

രണ്ട് ദിവസത്തിന് ശേഷം ഐസലേഷൻ വാർഡിൽ കിടന്ന് കൊണ്ട് പിള്ള ആ വാർത്ത അറിഞ്ഞു: അച്യുതൻ മരിച്ചു. ഇനി താനും സുമിത്രയും മരിക്കും. ‘എന്റെ സുമിത്രയെ എനിക്കൊന്നു കാണാൻ കൂടി പറ്റുന്നില്ലല്ലോ’. അങ്ങനെ പിള്ള കരഞ്ഞു. പിള്ളയിലെ സ്നേഹത്തെ കൊറോണ തൊട്ടുണർത്തി. ദിവസങ്ങൾ പിന്നിട്ടു. പിള്ള മരിച്ചു. എന്നാൽ സുമിത്ര കോറോണയെ അതിജീവിച്ചു. പിള്ളയുടെ മരണ വിവരം അറിഞ്ഞ സുമിത്ര തലതല്ലി കരഞ്ഞു. ‘എന്റെ പൊന്ന് തമ്പുരാൻ പോയേ, എനിക്കിനി ആണ് ഇല്ലാണ്ടായേ’. മക്കളും ബന്ധുക്കളും സുമിത്രയെ ആശ്വസിപ്പിച്ചു. ഭാര്യയുടെ ധർമം നിറവേറ്റിയതായി ബന്ധുക്കളുടെ വർത്തമാനത്തിൽനിന്ന് സുമിത്രക്ക് ബോധ്യമായി.

കാലങ്ങൾ കടന്നു പോയി. ലോകം കോറോണയെ അതിജീവിച്ചു. പുതിയ ആകാശം പുതിയ ഭൂമി. സുമിത്രയുടെ മക്കൾ വിദേശത്തുനിന്നു നാട്ടിലെത്തി. ഇപ്പോൾ നാട്ടിലെ റോഡുകളിൽ കുണ്ടും കുഴികളും ഇല്ല. മാലിന്യ കൂമ്പാരങ്ങളായിരുന്ന തോടുകളും പുഴകളും വെട്ടിത്തിളങ്ങുന്നു. വിഷം ചേർക്കാത്ത ഭക്ഷണം വിളമ്പുന്ന ഭക്ഷണശാലകൾ സജീവമായി. നാട്ടിലുണ്ടായ മാറ്റങ്ങളിൽ മക്കൾ സന്തുഷ്ടരായി. ‘ഇനി എന്തിന് വിദേശത്ത് പോകണം. ഇപ്പോൾ ലോകം ഒന്നായിരിക്കുകയല്ലേ. 

എവിടെ വേണമെങ്കിലും ഇരുന്ന് ജോലി ചെയ്യാം’. അങ്ങനെ മക്കൾ പരസ്പരം ഭാവിയെ കുറിച്ചുള്ള അഭിപ്രായങ്ങൾ കൈമാറി. വീട്ടിൽ എത്തിയപ്പോൾ, ദാ സുമിത്ര കവാടത്തിന് മുന്നിൽ നിൽക്കുന്നു. മുഷിഞ്ഞു നാറിയ സാരിക്ക് പകരം അല്പം ലൂസായ ടീഷർട്ടും പാന്റ്സും. ആ മുഖത്ത് ഇപ്പോൾ എന്തൊരു പ്രസന്നതയാണ്. ആത്മവിശ്വാസത്തിന്റെയും അറിവിന്റെയും പ്രസന്നത. ‘എന്റെ പൊന്നു മക്കളെ നീ വന്നോടാ‘ എന്ന പഴഞ്ചൻ വൈകാരിക ഗോഷ്ടികൾ ഒന്നും സുമിത്ര പ്രകടിപ്പിച്ചില്ല. 

അമ്മയ്ക്കുണ്ടായ മാറ്റത്തിൽ മകൾ അന്തം വിട്ടു. പിന്നീട് കുളിച്ച് വസ്ത്രങ്ങൾ മാറ്റി ഭക്ഷണം കഴിക്കുവാനായി റെഡി ആയി. തീൻ മേശ നിറച്ചും പാത്രങ്ങൾ നിരത്തി വെച്ചിട്ടില്ല. ചോറും കറിയും തോരനും മാത്രം. മക്കൾ കൂടുതലൊന്നും ആവശ്യപ്പെട്ടില്ല. സുമിത്ര കൂടുതലായി ഒന്നും ചോദിച്ചതും ഇല്ല. ഭക്ഷണം കഴിച്ച പാത്രം മക്കൾ തന്നെ കഴുകി വച്ചു.

വീടിനാകെ ഒരു മാറ്റം. ചുമര് മുഴുവൻ സുമിത്രയുടെ യാത്രാ ചിത്രങ്ങൾ. ഫെയ്സ്ബുക്കിലൂടെയാണ് സുമിത്ര യാത്രാ കൂട്ടായ്മകളെക്കുറിച്ച് അറിഞ്ഞത്. പിന്നീട് അവരോടൊപ്പം ഇന്ത്യ മുഴുവൻ യാത്ര ചെയ്തു. നല്ല സൗഹൃദങ്ങൾ ലഭിച്ചു . അങ്ങനെ അന്യന്റെ പരദൂഷണം കേൾക്കുവാനുള്ള താത്പര്യം സുമിത്രയിൽ കുറഞ്ഞു. ഇനി കന്യാകുമാരി മുതൽ ഹിമാലയം വരെ ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് . അമ്മയുടെ യാത്രാ കമ്പത്തിൽ അഭിമാനം മൂത്ത ഇളയ മകൻ സുമിത്രക്കായി വാങ്ങിയ ക്യാമറയും ലാപ്ടോപ്പും അവളെ ഏൽപ്പിച്ചു.

‘നീ ഇതൊക്കെ വാങ്ങിയോ, സുമിത്രയുടെ സഞ്ചാരം എന്ന പേരിൽ ഞാൻ ഒരു വ്ലോഗ് തുടങ്ങാനുള്ള പരിപാടിയിലാണ്’

‘ അതിന് അമ്മയ്ക്ക് എഡിറ്റിംഗും ക്യാമെറയുമൊക്കെ അറിയാമോ’

‘ അറിയാത്തത് പഠിക്കാലോ, ഇനിയും സമയം ഉണ്ടല്ലോ’

‘ അമ്മക്ക് ഒറ്റയ്ക്ക് ഹിമാലയത്തിൽ പോകാൻ പേടിയുണ്ടോ’

‘ എടാ, നിന്റെ അമ്മ കോറോണയെ അതിജീവിച്ചവളാ’

‘ അല്ലേലും അമ്മ സൂപ്പർ അല്ലേ, ഇപ്പോൾ പുസ്തകമൊക്കെ എഴുതാൻ തുടങ്ങിയെന്നു കേട്ടൂ, ശരിയാണോ’

‘ അതെ, ആത്മകഥയാണ്’

‘ കൊള്ളാലോ, എന്താണ് ആത്മകഥയുടെ പേര്’

ചുമരിൽ പറ്റിച്ചേർന്നിരിക്കുന്ന നാരായണപിള്ളയുടെ ഫോട്ടോയിലേക്ക് നോക്കി സുമിത്ര പറഞ്ഞു.

‘കുലസ്ത്രീയെ കൊന്ന കൊറോണ’

English Summary : Kulasthreeye Konna Corona Story By Anupriya Raj

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;