ADVERTISEMENT

തിരിച്ചറിവിന്റെ യാത്രാപഥങ്ങൾ (കവിത)

 

ഓർമ്മിക്കാൻ ഓർമ്മകൾ ബാക്കിയാകവേ, 

ജീവിക്കാൻ ജീവിതം ബാക്കിയാണെന്നുള്ളതാം.

 

കരയുവാൻ കണ്ണീരുണ്ടാകുമ്പോൾ ,

ഉള്ളിലെ വറ്റാത്ത സ്നേഹത്തിന്നുറവ് കാണ്മൂ നാം  .

 

അറിയുവാൻ അറിവുകൾ ബാക്കിയാകവേ- 

അഹം ശിഥിലമാകുന്നത് നാമറിയുന്നു.

 

ഉറങ്ങുവാൻ ഉണർവ്വ് കാവലാകുമ്പോൾ, 

രാവിനും സംഗീതമുണ്ടെന്ന് കേൾപ്പൂ നാം.

 

മൂർദ്ധാവിലമരും മൃദുസ്പർശനത്തിൻ ഊഷ്മാവിൽ, 

ഉള്ളിലെ നെരിപ്പോടിൻ കാണാകനൽ നാമറിയുന്നു.

 

ഒടുങ്ങാത്ത മൗനം ബാക്കിയാകുമ്പോൾ ,

പറയുവാൻ ഏറെയുണ്ടെന്നോർപ്പൂ നാം. 

 

ഒരു യാത്രാമൊഴി തൻ അന്ത്യത്തിൽ, 

തിരിച്ചുവരവിന്റെ പിൻവിളി കേൾപ്പൂ നാം. 

 

സ്വപ്നങ്ങളുടെ ആഴങ്ങളിൽ ,

ഉണർവിന്റെ യാത്രാപഥം നാമറിയുന്നു.

 

തിരിച്ചറിവുകളുടെ ആകസ്മികതകളിൽ, 

തിരുത്തപ്പെടേണ്ടതിന്റെ അനിവാര്യത നാമറിയുന്നു .

 

പേർചൊല്ലിയാരും വിളിക്കാതാകുമ്പോൾ, 

ഒറ്റപ്പെടലിന്റെ മൃദുമർമ്മരം കാതിൽ കുറുകുന്നു.

 

വെറുതെ മൂളുമൊരീണത്തിലാണ്, 

ഉള്ളിലെ സംഗീത സ്പന്ദനം നാമറിയുന്നത് .

 

വാക്കുകൾ മൃതമാകുമ്പോൾ ജീവിതവിളക്കിന്റെ, 

കരിന്തിരി സ്പന്ദനംനാമറിയുന്നു .

 

വിശപ്പിന്റെ യാത്രാപഥങ്ങളിൽ, 

മരണത്തിന്റെ അനുധാവനം കേൾപ്പൂ നാം  .

 

പുതുമഴയിൽ മൺമണമുയരുമ്പോൾ, 

ധരയും ദാഹാർത്തയാണെന്നറിവൂ നാം.

 

ഒരു പൂ ശ്വസിക്കുമ്പോഴാണ്, 

ജീവശ്വാസത്തിന്റെ യാത്രാപഥങ്ങൾ നാമറിയുന്നത്.  

 

ഒരു ഉറുമ്പു കാൽകീഴിൽ നെരിഞ്ഞമരുമ്പോൾ, 

മൃതിയതെത്ര നിശ്ശബ്ദമാണെന്ന് നാമറിയുന്നുവോ?  

 

English Summary : Thiricharivinte Yathrapadangal Poem By Byju Devassy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com