ADVERTISEMENT

വിഷു വരും പോകും പക്ഷേ ( കഥ)

ഏപ്രില്‍ മാസം എന്‍റെ മുന്നില്‍ വന്ന് ചാടിയ അന്ന് മുതല്‍ ഞാന്‍  ഇടയ്ക്കിടയ്ക്ക് കലണ്ടര്‍ നോക്കും ഇത്തവണ ഏപ്രില്‍ പതിനാലാണോ പതിനഞ്ചാണോ വിഷു. ഓഫിസില്‍ പോയാല്‍ കംപ്യൂട്ടറില്‍ വലതുഭാഗത്ത്‌ അവസാനം കാണുന്ന ഡേറ്റും ടൈമും ഉള്ള സ്ഥലത്തും നോക്കി ഓരോ ദിവസവും തള്ളി നീക്കും. എന്നായാലും വേണ്ടില്ല എനിക്ക് നാട്ടില്‍ പോണം വിഷൂന്.

 

 

 

ഇവടെ ഗുജറാത്തില്‍ വിഷൂവിന് ഇപ്പോളും വല്ല്യ മാര്‍ക്കറ്റ്‌ ആയിട്ടില്ല. ചിലരൊക്കെ ലീവ്  എടുക്കും. ബാക്കിയുള്ളവര്‍ നല്ല ചൂടായതോണ്ട് അന്നും കൂടി ഓഫിസിലെ എസിയില്‍ പോയിരിക്കും. ഫെയ്സ്ബുക്കില്‍ വിഷു ആശംസ അയക്കാം, സ്വീകരിക്കാം. ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇടയ്ക്കിടയ്ക്ക് പടക്കവും പൊട്ടിക്കാം, ലീവും പോകില്ല. 

 

 

ഗുജറാത്തിലെ മലയാളികള്‍ക്കിടയില്‍ ഓണമാണ് ആഘോഷം. ഓഗസ്റ്റില്‍ തുടങ്ങുന്ന ആഘോഷം ഡിസംബറില്‍ ആരെങ്കിലുമൊക്കെ ക്രിസ്മസിന്‍റെ സ്റ്റാര്‍ തൂക്കുന്നത് വരെ നീണ്ടുപോകും. നാട്ടില്‍ പോകാന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടുണ്ട്, ഇനി ഏതാണ്ട് ഒരാഴ്ചയേ ഉള്ളൂ.  ആദ്യം കരുതി നാട്ടിലാരോടും പറയാതെ പെട്ടെന്ന് ചെന്നിറങ്ങാം. കാണുമ്പോള്‍ അവര്‍ക്കും ഒരു സര്‍പ്രൈസ് ആവുല്ലോ. പക്ഷേ പലപ്പോളായി “വിഷൂന് കാണാം, മ്മക്ക് വിഷു പൊളിക്കണം, വിഷു തകര്‍ക്കണം ട്ടാ” എന്നിങ്ങനെ നാട്ടിലുള്ള നമ്മുടെ ടീമോള്‍ടടുത്ത് അവര്‍ക്കിണങ്ങുന്ന ഭാഷയില്‍ പറഞ്ഞിരുന്നു.

 

 

‘മൊതലാളി’ അകത്ത്നിന്ന് എന്നെ നോക്കുന്നു എന്ന്, ജന്മനാ ഉള്ള കള്ളനോട്ടം കൊണ്ട് മനസ്സിലാക്കിയ ഞാന്‍ വേറെ പണിയൊന്നുമില്ലാത്തതുകൊണ്ട് അതുവരെ ടൈപ്പ് ചെയ്ത മെയില്‍ ഒറ്റയടിക്ക് ഡിലീറ്റ് ആക്കി വീണ്ടും പഴയ ടൈപ്പ് റൈറ്ററിലെ പോലെ ശക്തമായി അടിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് എന്‍റെ ടേബിളിലെ ഫോണ്‍ രണ്ട് വിക്ക് വിക്കി. പിന്നെ നീട്ടിയടിച്ചു. ബോസ്സിന്‍റെ കാബിനിലേക്ക്‌ വരാനുള്ള വിളിയായിരുന്നു. വിശ്രമമില്ലാതെ ജോലി ചെയ്യുന്ന എംപ്ലോയിയുടെ ലുക്ക്‌ കൃത്യമായി ഫേസില്‍ വരുത്തി ഞാന്‍ കാബിനിലേക്ക്‌ ചെന്നു.

 

ബോസ്സ് കയ്യിലുള്ള പേപ്പര്‍ എനിക്ക് നേരെ നീട്ടി. പുതിയ ഏതോ കസ്റ്റമര്‍ടെ ഡീറ്റയില്‍സ് ആകും ഇനി ഇന്ന് വൈകിട്ട് വീട്ടില്‍ പോകുന്നത് വരെ ഇതില്‍ തപ്പിപിടിച്ച് ഇരിക്കാം എന്ന എന്‍റെ ആഗ്രഹത്തെ മുളയിലെ നുള്ളി താഴയുള്ള ഡസ്റ്റ്ബിനില്‍ ഇട്ട മൊതലാളി പറഞ്ഞു ‘രാത്രി പന്ത്രണ്ടുമണിക്കാണ് ട്രെയിന്‍. മറ്റന്നാള്‍ കാലത്ത് ജംഷഡ്പൂരിലെത്തും. പതിനൊന്ന് മണിക്ക് മീറ്റിങ്. അതുകഴിഞ്ഞാല്‍ അന്ന് രാത്രി പന്ത്രണ്ടിന് അവിടന്ന് പോരാനുള്ള ടിക്കറ്റ്‌’ എന്നും പറഞ്ഞ് മറ്റൊരു പേപ്പര്‍ കൂടി എനിക്ക് നേരെ നീട്ടി. പതിവ്പോലെ ഓള്‍ ദി ബെസ്റ്റ് എന്നോ മറ്റോ ആയിരിക്കണം ചങ്ങായി പിന്നെ പറഞ്ഞത്. എനിക്ക് രണ്ടു ചെവിയിലും  ഓരോന്ന് കിട്ടിയ ഫീല്‍ ആയിരുന്നതുകൊണ്ട് പറഞ്ഞതൊന്നും വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ല. 

 

വിഷു വരും പോകും പക്ഷേ ( കഥ)
പ്രതീകാത്മക ചിത്രം

 

മറ്റൊന്നും കൊണ്ടല്ല ഏപ്രില്‍ പന്ത്രണ്ടിന് കാലത്ത് ഒമ്പതു മണിക്ക് ഞാന്‍ അഹമ്മദാബാദില്‍ തിരിച്ചെത്തും. അന്നുതന്നെ ഉച്ചക്ക് പന്ത്രണ്ട്മണിക്ക് നാട്ടിലേക്കുള്ള ട്രെയിന്‍. സാലറിയാണെങ്കില്‍ പത്തിനേ വരുള്ളൂ. അത് വന്നിട്ടു വേണം  എന്തേലും വാങ്ങാന്‍. എല്ലാ ഏപ്രില്‍ മാസത്തിലുമാണ് ശമ്പളം കൂടുന്നത്. അതുകൊണ്ട് ബോസ്സ് പറഞ്ഞാല്‍ പിന്നെ മറ്റെന്ത് പറയാന്‍.

 

 

ട്രെയിന്‍ അതിന്‍റെ സമയത്ത് തന്നെ സ്റ്റാര്‍ട്ട്‌ ആയി.  രണ്ട് രാത്രിയും ഒരു പകലും കഴിഞ്ഞ് ടാറ്റാനഗര്‍ എന്ന ജംഷെഡ്‌പൂരില്‍ എത്തിയ ഞാന്‍ അന്നുതന്നെ പറഞ്ഞ സ്ഥലത്തെ മീറ്റിങ് അവസാനിപ്പിച്ച്‌ തിരിച്ച് ഹോട്ടലില്‍ പോയി വെറുതെ ടിവി നോക്കി കിടന്നു. ഇടയ്ക്കിടയ്ക്ക് കണിക്കൊന്നയുടെ ഫോട്ടോ കാണിച്ച് ‘വിഷു ദിനത്തില്‍ സൂപ്പര്‍ ഹിറ്റ്‌ ചലച്ചിത്രം’ എന്ന് പറഞ്ഞ് ഏതോ ഇടിഞ്ഞ്പൊളിഞ്ഞു വീണ സിനിമയുടെ സീനുകള്‍ കാണിച്ചുകൊണ്ടിരുന്നു. ചാനലുകളിലൊന്നിൽ ആദ്യം വല്ല്യേട്ടനും പിന്നെ കുറച്ച് കഴിഞ്ഞപ്പോള്‍ ഈ പറക്കും തളികയും വന്നു. 

 

രാത്രി വൈകിയാണ് ട്രെയിന്‍.  തിരിച്ച് അഹമ്മദാബാദില്‍ എത്തിയാല്‍ ഇനി വെറും നാല് മണിക്കൂറേ കിട്ടൂ. റൂമില്‍ പോയി കുളിച്ചു ഫ്രഷ്‌ ആയി വീണ്ടും നാട്ടിലേക്കുള്ള  ട്രെയിന്‍ പിടിക്കാന്‍ ഓടണം. രണ്ടു ഷര്‍ട്ട്‌ വാങ്ങണം ഞാന്‍ എണീറ്റ് ജനലില്‍കൂടി പുറത്തേക്കു താഴെ നോക്കി നിന്നു. ചീറി പാഞ്ഞുപോകുന്ന വാഹനങ്ങള്‍. എന്തൊരു ദുസ്സഹമാണ് ഇവിടത്തെയൊക്കെ ജീവിതം. പതുക്കെ താഴെ പോയി ആദ്യം കണ്ട കടയില്‍ പോയി ഷര്‍ട്ട്‌ വാങ്ങി ഭക്ഷണം കഴിച്ച് വീണ്ടും ഹോട്ടലില്‍ എത്തി വീണ്ടും ടിവി നോക്കി കിടന്നു ‘പറക്കും തളികയിലെ’ ക്ലൈമാക്സ്‌സീന്‍ ആണ്. 

 

പെട്ടെന്ന് എന്‍റെ മൊബൈലില്‍ ഒരു എസ്എംഎസ് വന്നു. നോക്കിയപ്പോള്‍ നാളെ കാലത്ത് ഇവിടെ നിന്നും ബര്‍ബില്‍ എന്ന സ്ഥലത്തേക്കുള്ള ടിക്കറ്റ്‌. ഞാന്‍ ഞെട്ടിത്തരിച്ചു നിന്നു. അതിന്‍റെ പിന്നാലെ മറ്റൊരു മെസ്സേജ്  ഇന്ന് രാത്രിയിലെ ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്തതിന്‍റെ, രണ്ടു മെസ്സേജും അയച്ചിരിക്കുന്നത് ഓഫിസിലെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നയാളാണ്‌. ഞാന്‍ അപ്പോള്‍ തന്നെ അയാളെ വിളിച്ച് എന്തെങ്കിലും പറയാന്‍ തുടങ്ങുന്നതിനു മുമ്പു തന്നെ അയാള്‍  ‘ടോക്ക് വിത്ത്‌ യുവര്‍ ബോസ്സ് ആന്‍ഡ്‌ ആസ്ക്‌’ എന്ന ഒറ്റവാചകത്തില്‍ മൊബൈല്‍ കട്ട്‌ ആക്കി.

 

ഞാന്‍ നിറഞ്ഞ കണ്ണുകളോട് കൂടി ബോസ്സിനെ വിളിച്ചു. ‘മറ്റന്നാള്‍ ബര്‍ബില്‍ എന്ന സ്ഥലത്ത് ഗവൺ‌മെന്റ് ടെന്‍ഡര്‍ ഓപ്പണ്‍ ആകുന്നു. നമ്മളും അയച്ചിട്ടുണ്ട്. അതില്‍ പങ്കെടുത്ത് വന്നാല്‍ മതി’ ഞാന്‍ നാലു മാസം മുമ്പ് ലീവ് വാങ്ങി നാട്ടിലേക്കുള്ള ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരിക്കുകയാണ്. നാട്ടിലെ ഉത്സവമാണ്. എല്ലാം അറിയുന്ന അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. ‘ഉത്സവങ്ങള്‍ വരും പോകും, പക്ഷേ അതുപോലെയല്ല നമ്മുടെ ഓഫിസിലെ ജോലി’. ഫോണ്‍ കട്ട്‌ ആയി.

 

എന്‍റെ വിഷു എന്തായാലും ‘ഈ പുഴയും കടന്ന്’ സിനിമയിലെ ദിലീപിന്‍റെ പേര് പോലെയായി.  ബോസ്സിനെ മനസ്സില്‍ മുട്ടന്‍ തെറി പറഞ്ഞ് ഉറങ്ങിയതെപ്പോളാണെന്ന് അറിയില്ല. അന്ന് രാത്രി അയാള്‍ വെള്ളം കുടിക്കുമ്പോള്‍ ചങ്കില്‍ ഇരുന്നു കാണും അത്രയ്ക്ക് പ്രാകിയിടുണ്ട്.

 

നേരം വെളുത്തു; ഞാന്‍ ബര്‍ബിലേക്ക് യാത്രയായി. ട്രെയിനില്‍ ഇരിക്കുമ്പോളും മനസ്സില്‍ നാട്ടിലെ വിഷുവാഘോഷങ്ങള്‍ തന്നെയായിരുന്നു. കാലത്തേ വിഷു കണിയും ചക്ക വറുത്തതും ഉച്ചയ്ക്കുള്ള ചീട്ടുകളിയും.  ഇനി രക്ഷയില്ല ഞാന്‍ വീട്ടില്‍ വിളിച്ചു പറഞ്ഞു വരുന്നില്ല എന്ന്. വീട്ടുകാര്‍ക്കെന്തായാലും വിഷമമായി. അതുപോലെ ആദ്യം വരുന്നുണ്ടെന്നു പറഞ്ഞ കൂട്ടുകാരെയും വിളിച്ചു പറഞ്ഞു. അവര്‍ക്കത്‌ വലിയൊരു വിഷയമല്ല. കാരണം നാട്ടിലുള്ള പലരും പ്രവാസികളായ കൂട്ടുകാരെ  കുറിച്ച് വല്ലപ്പോളും മാത്രം ചിന്തിക്കുമ്പോള്‍ ഞങ്ങള്‍ പ്രവാസികള്‍ കൂട്ടുകാരെ കുറിച്ച് സ്വന്തം വീട്ടുകാര്‍ക്കൊപ്പം എന്നും ഓര്‍ത്തുകൊണ്ടേയിരിക്കും.

  

എന്തായാലും പോയ കാര്യം കഴിഞ്ഞു. നിരാശനായി ബര്‍ബില്‍ എന്ന സ്ഥലത്ത് വെള്ളം കുറച്ച് അടിക്കാത്ത ചായ കുടിച്ചോണ്ടിരുന്ന എന്‍റെ മൊബൈലില്‍ വീണ്ടും മെസ്സേജ് വന്നു. ബര്‍ബില്‍ ടു ഹൌറ. എനിക്ക് പോകേണ്ട ട്രെയിന്‍ ജംഷെഡ്‌പൂർ വഴി കല്‍ക്കട്ടയ്ക്കാണ് പോകുന്നത്. എന്തിനാണാവോ ഇനി കല്‍ക്കട്ടക്ക്. അടുത്ത പണിയാണ് വരുന്നത് എന്ന് മനസ്സിലാക്കിയ ഞാന്‍ വീണ്ടും ബോസ്സിനെ വിളിച്ചു. മറുവശത്ത് എന്തെങ്കിലും പറയുന്നതിന് മുമ്പുതന്നെ ‘പോയ കാര്യമൊക്കെ ഭംഗിയായി കഴിഞ്ഞില്ലേ, ഗുഡ്. ഉത്സവങ്ങള്‍ വരും പോകും പക്ഷേ ഈ വര്‍ഷത്തെ ഉത്സവം ഇനി വരില്ലല്ലോ ല്ലേ’ എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് ഫോണ്‍ കട്ട്‌ ആക്കി. ഇയാളെന്തു ഊളയാണ്. ബാക്കിയുള്ളവന്‍ ചങ്ക് കലങ്ങി നില്‍ക്കുമ്പോള്‍ സിനിമ ഡയലോഗ് പറഞ്ഞ് കളിക്കുന്നു. മനഃസാക്ഷിയില്ലാത്തവന്‍.

 

വീണ്ടും എസ്എംഎസ് വന്നു ഇത്തവണ ബോസ്സിന്‍റെ ഫോണില്‍ നിന്നാണ്. കൊല്‍കട്ടയില്‍ നിന്നു കൊച്ചിയിലേക്ക് എന്‍റെ പേരിലുള്ള ഫ്ലൈറ്റ് ടിക്കറ്റ്‌ ആയിരുന്നു അത്.  ‘ഉത്സവങ്ങള്‍ വരും പോകും പക്ഷേ ഈ വര്‍ഷത്തെ ഉത്സവം ഇനി വരില്ലല്ലോ ല്ലേ” എന്ന ഇംഗ്ലിഷ്ഭാഷയില്‍ എഴുതിയ മെസ്സേജും. സന്തോഷമറിയിക്കാന്‍ ഞാന്‍ വിളിച്ച ഫോണ്‍ ബോസ്സ് കട്ട്‌ ചെയ്തു.

 

കൊച്ചിയിലെത്തി പോകുന്ന വഴിക്ക് മുള്ളൂര്‍ക്കരയില്‍ നിന്ന് പടക്കങ്ങളും കമ്പിത്തിരിയും മത്താപ്പും എന്ന് വേണ്ട പാമ്പ് ഗുളിക വരെ വാങ്ങി. കാഞ്ഞിരശ്ശേരിയില്‍ വിഷുതലേന്ന് എത്തിയ എന്നെ കണ്ട എന്‍റെ ടീമുകള്‍ ആനന്ദത്തില്‍ ആറാടി. 

 

അന്ന് രാത്രി ഇടവിട്ടിടവിട്ട് ഓലപടക്കം പൊട്ടിച്ച് അയല്‍ക്കാരനായ കിഴക്കേലെ കുട്ടനുമായി മല്‍സരിച്ചും കാലത്ത് കണി കണ്ടും ഉച്ചക്ക് മഠത്തില്‍ പടിക്കല്‍ ഇരുന്നു ചീട്ടു കളിച്ചും രാത്രി എല്ലാരും കൂടി മേളത്തില്‍ ലാലേട്ടന്‍റെ സിനിമക്ക് പോയും രാത്രി വൈകി വീട്ടിലെത്തിയ ഞാന്‍ എനിക്ക് ബോസ്സ് അയച്ച മെസ്സേജിലെ അവസാനം കുറച്ച് മാറ്റം വരുത്തി ആ മഹാനുഭാവന് തിരിച്ചയച്ചു.

 

‘ഉത്സവങ്ങള്‍ വരും പോകും പക്ഷെ ഈ വര്‍ഷത്തെ ഉത്സവം ഇനി വരില്ല താങ്ക്സ്’

 

English Summary : Vishu Varum Pokum Pakshe Story By Vinod Neetiyath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com