ADVERTISEMENT

ലോക്ഡൗൺ കാലത്തൊരു ഓൺലൈൻ തേപ്പ് (കഥ)

 

ലോക്ഡൗൺ കാലത്ത് ജോലിസ്ഥലത്തെ ഫ്ലാറ്റിൽ പെട്ടുപോയ രാഹുൽ മേനോന്റെ (യഥാർഥ പേരല്ല) അനുഭവമാണിത്. 

 

എത്രനേരമാണെന്നു വച്ചാ വീട്ടുകാരെയും കൂട്ടുകാരെയും ഫോൺ ചെയ്യുക? എത്രനേരം യുട്യൂബോ പ്രൈമോ ഒക്കെ കാണും? എത്രയാന്നു വച്ചാ പുസ്തകങ്ങൾ വായിക്കുക? പാചകപരീക്ഷണത്തിനുമൊക്കെ ഒരു പരിധിയില്ലേടേ? 

 

അങ്ങനെ, ബോറടിയുടെ പാരമ്യത്തിൽ നിൽക്കുന്ന ഒരു ദിവസം ഒന്നു റിലാക്സ് ചെയ്യാനായി റാംജി റാവ് സ്പീക്കിംഗ് കണ്ടുകൊണ്ടിരിക്കുമ്പോഴാണ് രാഹുലിന്റെ ഫോൺ ശബ്ദിച്ചത്. 

 

സിനിമയിൽനിന്ന് ശ്രദ്ധതിരിയുന്നതിൽ നീരസമുണ്ടെങ്കിലും രാഹുൽ ഫോൺ എടുത്തു: ‘ഹൽ ഒ...’

ഒരു യുവതിയുടെ ശബ്ദമായിരുന്നു അപ്പുറത്ത്. ‘ബാങ്കിൽ നിന്നാണു സർ’.

 

ശബ്ദം യുവതിയുടേതാണെന്നറിഞ്ഞപ്പോൾ രാഹുലിന് അൽപം താല്പര്യമായി. സിനിമ അങ്ങു  പോസ് ചെയ്തു.

 

‘പറയൂ’.

 

‘സർ ഫ്രീയാണോ ? രണ്ടു മിനിറ്റ് സംസാരിക്കാമോ ?’

 

‘ഫ്രീ ആണോന്നോ? പിന്നെന്താ ? ഈ ഇരിപ്പ് തുടങ്ങീട്ട് ആഴ്ച മൂന്നായില്ലേ? ആരെങ്കിലും ഒന്നു വിളിക്കാൻ കൊതിച്ചിരിക്കുവായിരുന്നു.’ 

 

യുവതി ചിരിക്കുന്ന ശബ്ദം. തുടർന്ന് : ‘കസ്റ്റമേർസെല്ലാം ബോറടിച്ചിരിക്കുവാണെന്ന് ഞങ്ങൾക്കറിയാം സർ. അതുകൊണ്ടാണ് ഈ കോൾ’.

 

‘അതുകൊള്ളാം. ബാങ്കുകാർക്കിപ്പൊ കസ്റ്റമേർസിന്റെ ബോറടി മാറ്റിക്കൊടുക്കുന്ന പരിപാടീം ഒണ്ടോ ?’

യുവതി പൊട്ടിച്ചിരിച്ചു.

 

രാഹുലിനും ആവേശമായി. ‘പേരു പറഞ്ഞില്ല...’

 

‘സോറി സർ, ഞാൻ ശ്രുതി. സാറിന്റെ കസ്റ്റമർ റിലേഷൻഷിപ് മാനേജരാണ്. ബാങ്കിങ് റിലേറ്റഡ് ആയ എന്ത് ആവശ്യത്തിനും സറിന് എന്നെ കോണ്ടാക്ട് ചെയ്യാട്ടോ.’

 

‘പുതിയ അപ്പോയ്ന്റ്മെന്റാണോ ?’

 

‘അതെ സർ.’

 

‘എവടാ ശ്രുതീടെ വീട്?’

 

‘ആം ഫ്രം ട്രിവാണ്ട്രം സർ’.

 

രാഹുലിന് ആവേശമായി, നാട്ടുകാരിയാണ്. ‘തന്നേ? അതുകൊള്ളാം. ഞാനും ട്രിവാണ്ടത്താ.’

 

‘സർ, അപ്പോൾ നമ്മൾ നാട്ടുകാരായി’– ചിരിക്കുന്നു.

 

‘ട്രിവാണ്ടത്തെവിടാ...?’

 

ചോദ്യം അവഗണിച്ചു കൊണ്ട് ശ്രുതി: ‘സർ, ഞാൻ വിളിച്ചതിന് ഒരു റീസൺ ഒണ്ട്. ഇപ്പൊ ഓൺലൈൻ ഫ്രോഡ്സൊക്കെ ഒത്തിരി നടക്കണൊണ്ടല്ലോ. അതിന്റെ പ്രിക്കോഷൻസ് എന്തൊക്കെ എടുക്കണം എന്നു പറയാൻ കൂടിയാണ് ഈ കോൾ.’

 

രാഹുൽ (തനിക്കെല്ലാമറിയാമെന്ന ഭാവത്തിൽ) : ‘അതീ ഓട്ടീപ്പിയൊക്കെ ചൂണ്ടണ കേസല്ലേ. എന്നോടാ കളിയൊന്നും നടക്കൂല്ല മോളേ...’

 

‘അതറിയാം സർ. യു ആർ വെരി ഇന്റലിജന്റ്.’

 

രാഹുലിന് വല്ലാത്ത അഭിമാനം തോന്നി.

 

യുവതി തുടർന്നു: ‘നോർമലി ഹിന്ദിക്കാരാണ് സർ ഇങ്ങനെ വിളിക്കാറ്. സറിന്റെ കാർഡ് ബ്ലോക്കായി, അൺബ്ലോക്ക് ചെയ്യാൻ കാർഡ് നമ്പർ വേണം എന്നൊക്കെ പറഞ്ഞാ അവർ വിളിക്ക്യാ’.

 

‘എനിക്കറിയാം. ഓഫീസിലെ പ്യൂണിനെ ഒരുത്തൻ ഇതുപോലെ വിളിച്ചു. എന്നിട്ട് ഞാൻ ഫോൺ വാങ്ങി പണ്ട് പൂനേൽ എഞ്ചിനീയറിംഗ് പഠിക്കാൻ പോയപ്പോ പഠിച്ച ഹിന്ദിത്തെറിയൊക്കെ അങ്ങ് പറഞ്ഞു. 

എന്നോടങ്ങനെ ഒരുത്തനും കളിക്കാൻ വരൂല്ല.’

 

‘അറിയാം സർ. യു ആർ സോ ബ്രേവ് റ്റൂ’.

 

രാഹുൽ ഒന്നുകൂടി അഭിമാനപുളകിതനാകുന്നു.

 

‘സർ, ഇനി അങ്ങനെ ആരും വിളീച്ചാൽ ആ കോൾ റെക്കോഡ് ചെയ്ത് എനിക്ക് വോട്സപ്പ് ചെയ്യാമോ സർ ? ഞാനിതുവരെ അത്തരം ഫ്രോഡ് കോൾസ് കേട്ടിട്ടില്ല.’

 

‘ഈ നമ്പരിൽ വോട്സപ്പ് ഉണ്ടോ ?’

ലോക്ഡൗൺ കാലത്തൊരു ഓൺലൈൻ തേപ്പ് (കഥ)

 

‘ഹാ സർ‘.

 

‘ഓക്കെ. ഡൺ’. രാഹുലിന് ആവേശമായി. ‘എനിക്ക് കോൾ വന്നില്ലെങ്കിലും എവിടെ നിന്നെങ്കിലും ഒരു കോൾ റെക്കോർഡ് ഞാൻ ശ്രുതിയ്ക്ക് സംഘടിപ്പിച്ചു തരും’. 

 

‘താങ്ക് യു സോ മച്ച് സർ’.

 

‘വെൽക്കം വെൽക്കം’.

 

‘സർ, ഞാൻ ഒരു റിക്വസ്റ്റ് ചെയ്യട്ടേ? നോ ന്ന് പറഞ്ഞാൽ എനിക്ക് സങ്കടം വരും’. ഒരു അപേക്ഷയായിരുന്നു അത്.

 

‘നമ്മൾ ഒരേ നാട്ടുകാരായ സ്ഥിതിയ്ക്ക് ഞാൻ ശ്രുതിയെ സങ്കടപ്പെടുത്തുമെന്നു തോന്നുന്നുണ്ടോ ? കാര്യം പറയൂ’. രാഹുൽ  എന്തും ചെയ്യാൻ സന്നദ്ധനായി.

 

‘താങ്ക് യു സർ... സർ, വേറൊന്നുമല്ല, സോൾ മൂവീസ് എന്ന കമ്പനീടെ മൂവീ പാക്കേജാണ്. ബാങ്കിന്റെ കസ്റ്റമേർസിന് ലോക്ഡൗൺ പ്രമാണിച്ച് ഓഫറുണ്ട്’.

 

‘എന്താണ് ഓഫർ?’ 

 

‘ഫൈവ് തൗസന്റ് മൂവീസ്ണ്ട്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിൽ എല്ലാം’. 

 

‘ഫൈവ് തൗസന്റോ !! ഇതു മുഴുവൻ കണ്ടുതീരാൻ ഒരു അഞ്ചെട്ടു ലോക്ഡൗൺ കിട്ടിയാലും പോരല്ലോ’. രാഹുൽ കളിയാക്കി.

 

ശ്രുതിയും ചിരിച്ചുപോയി. ‘അതല്ല സർ, ഇത് സറിന് ഫ്രണ്ട്സ്മായി ഷെയർ ചെയ്യാം. എവരിബഡി കാൻ വോച്ച് മൂവീസ്. നോ റെസ്ട്രിക്‌ഷൻ‘.

 

‘അപ്പോൾ ഞാനെന്തു ചെയ്യണം?’

 

‘സർ, ത്രീ തൗസൻഡാണ് പാക്കേജിന്റെ റേറ്റ്-‘

 

‘ശ്രുതി പറഞ്ഞതു കൊണ്ടു മാത്രം ഞാനെടുക്കാം’. രാഹുൽ ഇടയ്ക്കു കയറി പറഞ്ഞു.

 

‘അയ്യോ സർ. ഞാൻ മുഴുവനും പറഞ്ഞില്ല, സർ ത്രീ തൗസൻഡ് സ്പെൻഡ് ചെയ്യണ്ട, സറിന് സ്പെഷൽ പാക്കേജ് ആയി ഹൺഡ്രഡ് റുപീസ് മാത്രള്ളൂ.’

 

‘അത്രേ ഉള്ളോ ! ഡൺ. എന്നെ ചേർത്തോളൂ നോ പ്രോബ്ലം’.

 

‘അതല്ല സർ, ആക്ച്വലി, കസ്റ്റമർ ബാങ്കിൽ വന്ന് ഒരു ചെറിയ ഗിഫ്റ്റ് കൂടി വാങ്ങി വേണം പാക്കേജ് ആക്റ്റിവേറ്റ് ചെയ്യാൻ. ലോക്ഡൗൺ ആയതോണ്ട് കസ്റ്റമർസിന് വെരാൻ പറ്റൂല്ലാല്ലോ. സോ എന്റെ ടാർജറ്റ് ഒന്നുമായിട്ടില്ല...’ ശ്രുതിയുടെ ശബ്ദത്തിൽ സങ്കടം.

 

‘ഓൺലൈനിൽ ചെയ്യാൻ പറ്റൂല്ലേ ?’

 

‘നോ സർ. സ്റ്റാഫ് ലോഗിൻലേ ആക്ടിവേഷൻ പറ്റൂ’.

 

‘നോ പ്രോബ്ലം. ഞാൻ റെഡിയാണ്. എന്നെ ആക്ടിവേറ്റ് ചെയ്തോ. എല്ലാം എന്റെ ശ്രുതിയ്ക്കു വേണ്ടിയല്ലേ’.

‘യു ആർ നോട്ടീ റ്റൂ സർ’. സങ്കടം മാറി ശ്രുതിയ്ക്കു ചിരിയായി.

 

രാഹുൽ ആകെ ഉല്ലാസത്തിലായി. ചുണ്ടൊക്കെ കടിച്ച് ഉന്മത്തനായി.

 

‘വെരിഫിക്കേഷന്റെ ബാഗമായി, സറിന്റെ അമ്മേന്റെ നെയിം പറയാമോ സർ?’

 

‘ലളിതാംബിക’.

 

‘ഡേറ്റ് ഒഫ് ബർത് സർ ?’

 

‘ആരടെ? അമ്മേടെയോ?’

 

‘അല്ല, സറിന്റെ’.

 

‘ഫസ്റ്റ് ഏപ്രിൽ നയന്റീൻ എയ്റ്റി നയൻ‘.

 

കീ ബോർഡിൽ ടൈപ് ചെയ്യുന്ന ശബ്ദമൊക്കെ കേട്ടുവെന്നതല്ലാതെ ശ്രുതി മറുപടിയൊന്നും പറഞ്ഞില്ല.

രാഹുൽ: ‘ഹൽ ഒ, ശ്രുതീ...’

 

‘ഹാ സർ, രജിസ്ട്രേഷൻ കംപ്ലീറ്റഡ്. ഇനി ഹൺഡ്രഡ് പേ ചെയ്യണം സർ. ഡെബിറ്റ് കാർഡ് നംപർ തരാമോ ? 

‘പിന്നെന്താ?’ ലാപ്ടോപ്പിനു സമീപമൊക്കെ പരിശോധിച്ചപ്പോൾ രാഹുലിന് പഴ്സ് കിട്ടി. എടുത്തു തുറന്ന് കാർഡെടുത്ത് നമ്പർ പറഞ്ഞുകൊടുത്തു. 

 

‘താങ്ക് യു സർ’.

 

‘സിവിവി വേണോ?’ രാഹുൽ കാർഡ് തിരിച്ചുപിടിച്ചിട്ട് ചോദിച്ചു.

 

‘വേണം സർ. പിന്നെ, ട്രാൻസാക്‌ഷൻ കംപ്ലീറ്റ് ആവാൻ യു ഹാവ് റ്റു ഗിവ് മി ദ ഒടിപി ഓൾസൊ സർ’.

 

‘ന്നാ പിടിച്ചോ സിവിവി, സിക്സ് സിക്സ് റ്റു.’ രാഹുൽ സിവിവിയും  കൊടുത്തു.

 

‘താങ്ക് യു സോ മച്ച് സർ. ഇപ്പോ സറിനു കിട്ടിയ ഒടിപി കൂടി പറയാമോ’.

 

ശ്രുതി പറഞ്ഞുത്തീർന്നതും മൊബൈലിൽ ഒടിപി എത്തി. രാഹുൽ അതും പറഞ്ഞുകൊടുത്തു. 

 

‘താങ്ക് യു സർ. വിതിൻ ഫൈവ് മിനിട്സ് ട്രാൻസാക്‌ഷൻ വെരിഫൈ ആവും. പിന്നെ, ലോക്ഡൗൺ മാറീട്ട് സറിന്റെ ഗിഫ്റ്റ് ഞാൻ കുറിയർ അയക്കുന്നുണ്ട്, സർ.’ 

 

‘അയ്യേ, നെവർ മൈൻഡ്. ആ ഗിഫ്റ്റ് ശ്രുതിയ്ക്കുള്ളതാണ്. ലോക്ഡൗൺ ബോറിങ്ങെല്ലാം മാറ്റി എന്നെ ഇന്നത്തേക്കു ഫുൾ ചാർജ് ആക്കിയതിന്...’

 

‘താങ്ക് യു സോ മച്ച് സർ. യു ആർ റിയലി ആൻ എക്സലന്റ് പേർസൺ’.

 

‘പിന്നെ, ഒന്നു ചാർജാകാൻ ഇടയ്ക്കൊക്കെ വല്ലപ്പോഴും ഞാൻ വാട്സാപ്പ് ചാറ്റൊക്കെ ചെയ്തോട്ടെ?’ ഒരു ധൈര്യത്തിൽ രാഹുലങ്ങ് ചോദിച്ചു.

 

‘യു ആർ ഓൾവേയ്സ് വെൽകം സർ. ബൈ സർ.’

 

രാഹുൽ എന്തോ പറയാൻ തുടങ്ങിയതും ഫോൺ കട്ടായി. ഒരു നിരാശ തോന്നിയെങ്കിലും രാഹുലിന് പെട്ടെന്നു തന്നെ മനസ്സിൽ ഒരു ശൃംഗാരമൊക്കെ വന്നു. ‘ശ്രുതി രാഗമോ’ എന്നൊരു ഉണ്ടാക്കിപ്പാട്ടുമൂളി മൊബൈലിൽ നമ്പർ സേവു ചെയ്യാൻ തുടങ്ങുമ്പോഴാണ് മൊബൈലിൽ മെസേജ് വരുന്നത്.

 

A/c Debited with Rs.65,000/- 

 

ഞെട്ടിപ്പോയി രാഹുൽ. എടി  കള്ളീ, തേപ്പായിരുന്നല്ലേ !. ധൃതിയിൽ മൊബൈൽ എടുത്ത് ശ്രുതിയുടെ നമ്പറിൽ വിളിച്ചുനോക്കി.  സ്വിച്ച് ഓഫ് !!!!

 

ആകെ തളർന്ന് സോഫയിലേക്കു വീണു പോയി രാഹുൽ. ആ വീഴ്ചയിൽ ലാപ്പിൽ കൈ തട്ടുകയും പോസാക്കി വച്ച സിനിമ പ്ലേ ആവുകയും ചെയ്തു. അപ്പോൾ കേട്ടു തുടങ്ങിയ പാട്ടാണു രസകരം: അവനവൻ കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പോൾ ഗുലുമാൽ....

 

സീക്രട്ട് പിൻ: തട്ടിപ്പുകാർക്ക് ഹിന്ദിയിൽ മാത്രമല്ല, സ്ത്രീശബ്ദത്തിലും സംസാരിക്കാൻ അറിയാം. ബാങ്ക് ജീവനക്കാരെപ്പോലെ, ബാങ്ക് തട്ടിപ്പുകാർക്കും ലോക്ഡൗൺ സമയത്ത് വിശ്രമമില്ലെന്നു മനസ്സിലാക്കുക. കോവിഡ് കാലത്തു മാത്രമല്ല, എല്ലാക്കാലത്തും തട്ടിപ്പുകാരുമായി അകലം പാലിക്കാൻ കാർഡ് വിവരങ്ങൾ, ഒ ടി പി തുടങ്ങിയവ ആരുമായും പങ്കുവയ്ക്കരുത്.

 

English Summary : Lock Down Kalathoru Online Theppu Story By Amith Kumar. P

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com