ADVERTISEMENT

വേരുകളുറപ്പിക്കുന്നവര്‍ (കുറിപ്പ്)

 

എണ്ണാന്‍ മറന്ന ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ലോക്ഡൗണ്‍ കാലത്താണ് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്നത്.  ഈ വര്‍ഷങ്ങളത്രയും , ഇങ്ങോട്ട് വരാന്‍ കാരണങ്ങള്‍ ഉണ്ടായിരിന്നിട്ടും, ഇല്ലാത്ത തിരക്കുകള്‍ സ്വയം പറഞ്ഞു പഠിപ്പിച്ച്, ഹോസ്റ്റല്‍ മുറികള്‍ക്കുള്ളില്‍ തീര്‍ത്ത മറ്റൊരു  ലോകത്ത് ജീവിക്കുകയായിരുന്നു. 

 

എന്താണ് ഇവിടേക്ക് വരാന്‍ ഇത്രയും വൈകിയത് എന്ന് ചോദിച്ചാല്‍ ഉത്തരമില്ല! ഞാന്‍ നടന്നു പഠിച്ച വഴികളുള്ള നാടാണ്, കൂട്ടുകാര്‍ക്കൊപ്പം നടന്ന ഇടവഴികളാണ്, എന്‍റെ ഉമ്മയും ഉപ്പയും ഞങ്ങളുടെ പ്രിയപ്പെട്ട ജാതിക്കാത്തോട്ടവും ഉള്ളത്  ഇവിടെയാണ്. എന്‍റെ വീടാണ്! 

 

ആദ്യമായി സ്റ്റേജില്‍ കയറിയതും, പ്രസംഗ മത്സരവേദികളില്‍ എന്നേക്കാള്‍ വലിയ ശബ്ദവുമായി നിന്നതും ഇവിടെ മാത്രമാണ്. ആദ്യ  പ്രണയവും പ്രണയലേഖനവും കൈമാറിയത് ഈ നാട്ടുവഴികളിലെവിടെയോ വെച്ചാണ്. ഒന്നാലോചിച്ചാല്‍ ഞാന്‍ ഞാനായിരുന്ന അവസാനത്തെയിടം. എന്‍റെ നിഷ്കളങ്കതകള്‍ മാത്രമറിയുന്നയിടം.

 

പത്താംതരവും, പ്ലസ്ടുവും കഴിഞ്ഞതോടെ ഹോസ്റ്റലുകളായിരുന്നു ജീവിതം. തുടക്കത്തില്‍ ആഴ്ച്ചയി ലൊരിക്കല്‍ വന്നുപോവുന്ന ഒരു അതിഥിയായിരുന്നു.  വരവ് പിന്നീട് തീര്‍ത്തുമില്ലാതെയായപ്പോള്‍, ഫോണിലൂടെ മാത്രം കേള്‍ക്കുന്ന ഒന്നായിമാറി എന്‍റെ നാടും അതിന്‍റെ ചലനങ്ങളും. അപ്പോഴേക്കും, വീടിനു മുന്‍വശത്ത്, അക്കരെയിക്കരെ നീണ്ടു കിടന്ന നെല്‍പ്പാടങ്ങളോരോന്നായി അതിന്‍റെ ഉടമസ്ഥര്‍ മണ്ണിട്ട്മൂടി തുടങ്ങിയിരുന്നു. കൊയ്ത്തിനു വരുന്ന ചേച്ചിമാരുടെ വെടിവട്ടം ഉയര്‍ന്നു കേട്ടിരുന്ന വയലുകളില്‍ വാഴയും, ഇടവിളകളും, ബാക്കിയുള്ളിടത്ത് വിക്ടോറിയന്‍ മാതൃകയിലുള വീടുകളും ഉയര്‍ന്നുവരികയായിരുന്നു. 

 

വയലുകള്‍ക്ക് നടുവിലായി ഒഴുകിയിരുന്ന ചെറുതോടില്‍ ,കഴുത്തില്‍ തോര്‍ത്ത് കെട്ടി പരല്‍മീനുകളെ  പാട്ടിലാക്കാന്‍ ഇറങ്ങുമായിരുന്നു പണ്ട്! അന്ന് പുതുമഴയ്ക്ക് ശേഷം ഒഴുകിവരുന്ന ആമകളെ കാത്തിരുന്നത്  അവിടെയാണ് ! വെള്ളത്തിലേക്ക് കാല്‍നീട്ടിയിട്ട് സ്വയം മറന്നിരുന്ന ഏതോ ഒരു സമയത്ത്, കാല്‍ വിരലുകളെ ലക്ഷ്യമാക്കി വന്ന ഞണ്ടത്താനെ കണ്ട് കാല്‍ വലിച്ചതും, തൊട്ടുതൊട്ടില്ല എന്ന അവസ്ഥയില്‍ ഞണ്ടത്താന്‍ തിരിഞ്ഞോടിയതും അതേ തോട്ടിറമ്പില്‍ വെച്ചാണ്.  

 

 

പേരറിയാത്ത ചെടികളായിരുന്നു അന്ന് പാടവരമ്പില്‍ നിറയെ. കൂട്ടത്തില്‍ കരിനീലനിറത്തില്‍ മണ്ണില്‍ പറ്റിനിന്ന ചെടിയെ ഞാന്‍ തുമ്പ എന്ന് വിളിച്ചു! അതിന്‍റെ യഥാര്‍ത്ഥ പേര് മറ്റെന്തോ ആയിരുന്നെങ്കിലും. അങ്ങനെയങ്ങനെ , ഒരു കടലോളം ഓര്‍മ്മകള്‍ ഒഴുകുന്നുണ്ട് ആ കൊച്ചുതോട്ടിലൂടെ. 

 

‘‘ ഇപ്പോള്‍ കയ്യിട്ടു പിടിച്ചാല്‍ തൊട്ടെടുക്കാം’’  എന്ന് ഞാന്‍ കരുതിയിരുന്ന പരല്‍മീനുകള്‍ നിറഞ്ഞു നീന്തിയിരുന്ന തോട്ടിലിന്ന്, പരലുകളെക്കാള്‍ കൂടുതല്‍ ചിറകളാണ്. നെല്‍കൃഷികള്‍ക്ക് പകരം വന്ന പുതുവിളകളെ നീരണിയിക്കുവാന്‍, ഈ കടുത്ത വേനലില്‍ എല്ലാവരും മത്സരിച്ച് ചിറകള്‍ കെട്ടിക്കൊണ്ടി രിക്കുന്നു. അണകെട്ടി നിര്‍ത്തിയ നീര്‍ച്ചാലുകളുമായി ഏതാണ്ട് നിശ്ചലമായിരിക്കുന്ന ആ കൊച്ചുതോട് എന്നോ ഒഴുകാന്‍ മറന്നു പോയിരിക്കുന്നു! 

 

തോടിനേക്കാള്‍ എന്നെ അന്ന് ആകര്‍ഷിച്ചിരുന്ന മറ്റൊന്നുണ്ടായിരുന്നു അവിടെ. മുളങ്കാടുകള്‍ പോലെ, കൂട്ടമായി തോട്ടിന്‍കരയില്‍, അവിടവിടെയായി നിന്നിരുന്ന തഴച്ചെടികള്‍. തെങ്ങിന്‍റെ ഓല പോലെ നീളവും എന്നാല്‍ ഓലയേക്കാള്‍ വീതിയും, ഇരുവശങ്ങളിലും മുള്ളുകളുമായി നിന്നിരുന്ന ആ ചെടിയുടെ പേരറിയില്ലായിരുന്നു അന്ന്. അതിനിടയില്‍ കുളക്കോഴി ഉണ്ടെന്നും, അതിനെ പിടിക്കാന്‍ ആര്‍ക്കും പറ്റില്ലെന്നും അന്ന് ആരൊക്കെയോ പറഞ്ഞതായിരുന്നു അത്രയേറെ കൗതുകത്തിന് കാരണം.

 

ഇതും, ഇതുപോലെ ഓര്‍ത്തെടുക്കാന്‍ ആദ്യത്തെ ഒരുപാട് ഓര്‍മ്മകള്‍ ഉണ്ടായിരുന്നിട്ടും,  എങ്ങോട്ടെന്നില്ലാതെ ഓടിത്തളര്‍ന്ന് ക്ഷീണിച്ചു മയങ്ങിയ വൈകുന്നേരങ്ങളിലൊന്നും പിന്നിലുപേക്ഷിച്ച സ്വന്തം നാട്ടിലേക്ക് , സ്വന്തം അസ്ഥിത്വത്തിലേക്ക് തിരിച്ച് വരാന്‍ തോന്നിയില്ല.! പകരം, വേരുകള്‍ നഷ്ടപ്പെട്ട ഒരു മരമായി വാടിത്തളരുകയായിരുന്നു പരിചയമില്ലാത്ത പുതുമണ്ണുകളില്‍!വേരുകളുറപ്പിക്കുവാന്‍ ശ്രമിച്ചു, ഒരുപാടിടങ്ങളില്‍, ഒരുപാട് മണ്ണുകളില്‍. പക്ഷെ, അപ്പോഴൊക്കെയും ഓരോ പുതുമഴക്കുമൊപ്പം വീശിയടിച്ച കാറ്റില്‍ ആ വേരുകള്‍ ഇളകിക്കൊണ്ടേയിരുന്നു. എന്നിട്ടും, ഒരിക്കല്‍ പോലും ഇങ്ങോട്ട് തിരിച്ചു വരാന്‍ മാത്രം തോന്നിയതേയില്ല! 

 

ഈ ശാന്തതയെ എരിച്ചു കളയാന്‍ പ്രാപ്തിയുള്ള ഒരുകൂട്ടം ഓര്‍മ്മകള്‍ എവിടെയോ കുടുങ്ങിക്കിടന്നിരുന്നു.  ഇപ്പോഴും അണയാതെ കിടക്കുന്ന ആ കനലുകള്‍ മുറിച്ചുകടക്കുവാന്‍ കഴിയാത്തതാവാം കാരണമെന്ന് ഇപ്പോള്‍ തോന്നുന്നു! എനിക്ക് വേണ്ടാത്ത ആ ഓര്‍മകളുടെ പാഴ്ത്തടിയില്‍ നിന്നൊരു കൂടുമാറ്റമായിരുന്നിരിക്കാം ഒരുപക്ഷെ എന്‍റെ പാലായനങ്ങള്‍. 

 

എന്നിട്ടും തിരിച്ചു വരേണ്ടി വന്നു. വല്ലപ്പോഴുമൊരിക്കല്‍, രാത്രിവണ്ടിക്ക് വന്ന്, ഒരു പകല്‍ ഉറങ്ങിത്തീര്‍ത്ത്, മറ്റൊരു പകല്‍ വീടിനുള്ളില്‍ മാത്രമിരുന്നിട്ട്, അന്ന് വൈകുന്നേരം വീണ്ടും ഹോസ്റ്റല്‍ മുറികളിലേക്ക് ഒളിച്ചോടാന്‍ വെമ്പിയിരുന്ന  ആ സമയങ്ങളിലൊന്നും, ഈ നാടിന്‍റെ ഹൃദയത്തിലേക്ക് ഞാനൊരിക്കല്‍ പോലും നോക്കിയില്ല. പാതിയും മണ്ണ് വിഴുങ്ങി കഴിഞ്ഞിരുന്ന പാടങ്ങളിലേക്ക് വെറുതെ പോലും  നോക്കിയില്ല. വറ്റിക്കഴിഞ്ഞിരുന്ന ആ നീര്‍ച്ചാലുകളെ കുറിച്ചോര്‍ത്ത് ഒരിക്കല്‍പോലും ഒന്ന് സങ്കടപ്പെട്ടില്ല.  പരലുകളുടെ നിറങ്ങള്‍ പോലും മറന്നിരുന്നു, മഴയില്‍ ഒഴുകി വന്ന ആമകളെയും! 

 

അതിരാവിലെ , പറമ്പിന്‍റെയറ്റത്തെ തേക്കിന്‍ചുവട്ടില്‍  വന്നു വീണിരുന്ന പത്രത്താളുകളെ മറന്നിരുന്നു. അവസാനമായി കൈ തൊട്ട് പത്രം വായിച്ചത് എന്നായിരുന്നു? അഞ്ജു ബോബി ജോര്‍ജ് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ പോയതും, മൊട്ടത്തലയും  വലിയ മുഖവുമുള്ള ആന്ദ്രെ അഗസി, ചെമ്പന്‍  മുടിയുള്ള സ്റ്റെഫി ഗ്രാഫിനെ കല്യാണം കഴിച്ചതുമെല്ലാം ആവേശത്തോടെ വായിച്ചിരുന്ന ആ പ്രഭാതങ്ങളെല്ലാം എന്നേ നഷ്ടപ്പെട്ടിരിക്കുന്നു! 

 

ഞാന്‍ എനിക്ക് മാത്രമായി ഉണ്ടാക്കിയിരുന്ന ഒരു ലോകത്തായിരുന്നു ഞാന്‍. അവിടെ  ഞാന്‍ കണ്ടു തീര്‍ത്ത സിനിമകളും , സീരീസുകളും, ഗാഡ്ജെറ്റ്സുകളും മാത്രമായിരുന്നു എന്‍റെ കൂട്ടുകാര്‍. എന്‍റെ   നിര്‍മലമായ ഗ്രാമീണ സന്ധ്യകളെക്കാള്‍ ഞാന്‍ സ്നേഹിച്ചത് നഗരങ്ങളിലെ ഒരിക്കലും ഉറങ്ങാത്ത  രാത്രികളെയാണ്. 

 

എന്നിട്ടും, കൊറോണയെന്ന മഹാവ്യാധി പിടിമുറുക്കി തുടങ്ങിയപ്പോള്‍, പാലായനങ്ങള്‍  തുടര്‍ക്കഥകളായപ്പോള്‍, എനിക്ക് വന്നിറങ്ങാന്‍ എന്‍റെ മണ്ണേയുണ്ടായിരുന്നുള്ളൂ. തിരിച്ചു വിളിക്കാന്‍ ഞാന്‍ മറന്നുപോയ എന്‍റെ  ഈ കൂട് മാത്രമേ ഉണ്ടായിരുന്നുള്ളു. 

 

ഈ ലോക്ഡൗണ്‍ കാലത്ത് എരിപൊരി കൊള്ളുന്ന ഒരു പകലിനവസാനം ഇവിടെയൊരു മഴ പെയ്തു. കാറ്റടിച്ച്,  തിമിര്‍ത്ത്, വെള്ളം ചാലുകളായി ഒഴുകിക്കൊണ്ടിരുന്നു. കര്‍ട്ടന്‍ ഇട്ടു മറച്ച്, ആ പകലിലും ട്യൂബ് ലൈറ്റ് വെട്ടത്തില്‍ പുറത്തേക്ക് നോക്കാന്‍ കൂട്ടാക്കാതെ  എന്നോട് തന്നെ പിണങ്ങിയിരുന്ന ഞാന്‍ , ആ മഴയത്ത് എന്‍റെ മുറിയുടെ കര്‍ട്ടനുകള്‍ മാറ്റി. പുറത്ത്, കാറ്റിനൊപ്പം ശൂന്യതയില്‍ ഒരേ താളത്തില്‍ നീങ്ങിപ്പോവുന്ന മഴത്തുള്ളികളെ ഒരുപാടു നാളുകള്‍ക്ക് ശേഷം ഒരു പ്രിയ കൂട്ടുകാരിയെ കാണുന്ന  കൗതുകത്തോടെ നോക്കിനിന്നു. 

 

ഒടുവില്‍ മഴ പെയ്തു തോര്‍ന്നപ്പോള്‍, അത്രയും ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ എന്‍റെ മണ്ണിലേക്കിറങ്ങി. ആ പുതുമണ്ണിന്‍റെ നഗ്നതയിലേക്ക് എന്‍റെ നഗ്നമായ കാലുകളെ ചേര്‍ത്തു വെച്ചു. എന്നിട്ട്, ആ ജാതിക്കാ തോട്ടങ്ങള്‍ക്ക് താഴെയുള്ള, മഴനനഞ്ഞ തൊടിയിലേക്ക് നടന്നിറങ്ങി. അവിടെ കുറച്ചപ്പുറത്തായി തോട്ടിറമ്പ് കാണാമായിരുന്നു. മഴവെള്ളം ചിറ കവിഞ്ഞോഴുകുന്നുണ്ട്. കുറച്ചപ്പുറത്തായി ദ്രവിച്ചു തീരാറായ ഒരു തഴച്ചെടി നില്‍ക്കുന്നുണ്ട്. ഒരു കുളക്കോഴിക്ക് കൂടുവെക്കാന്‍ മാത്രം ശിഖരങ്ങളോ ഇലകളോ കാണാനില്ല . 

 

ഒരു നീണ്ട വേനലിനിടക്ക് പെയ്തത് കൊണ്ടാവാം തെളിനീര് കാണാനേ ഉണ്ടായിരുന്നില്ല. കലങ്ങിയ വെള്ളം മാത്രം. എന്നിട്ടും ഞാനാ വെള്ളത്തിലേക്കിറങ്ങി. എന്തിനായിരുന്നു ഞാനീ ഭാഗ്യങ്ങളെ കാണാതെ ഓടിയൊളിച്ചത്? എങ്ങോട്ടായിരുന്നു ഓടിക്കൊണ്ടിരുന്നത്? തോടിനിരുവശവും പുതിയ ചെടികള്‍ മുളച്ചിരിക്കുന്നു. എങ്കിലും ,അന്ന്  ഞാന്‍ കണ്ട , പേരറിയാത്ത ആ ചെടികള്‍ അവിടവിടെയായി ഉണ്ട് . ആ കാഴ്ച മുന്‍പൊരിക്കലും ഞാന്‍ അനുഭവിച്ചിട്ടില്ലാത്ത ഒരു ശാന്തതയെ എന്‍റെ മനസ്സിലേക്ക് കൊണ്ടു വരികയായിരുന്നു. ആ തോന്നലില്‍ തോട്ടിറമ്പിലെ നനഞ്ഞ മണ്ണിലേക്ക് ഉള്ളംകൈകള്‍ മെല്ലെ അമര്‍ത്തിയപ്പോള്‍ ഞാന്‍ അറിയുകയായിരുന്നു, എന്‍റെ വേരുകള്‍ പടരാന്‍ ആഗ്രഹിച്ച അതേ മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നത്. ഇപ്പോള്‍ എനിക്കറിയാം , ഈ മണ്ണിലേക്കുള്ള എന്‍റെ മടങ്ങി വരവ് എന്നിലേക്കുള്ള എന്‍റെ മടങ്ങിവരവാണ്. എന്‍റെ ലക്ഷ്യമില്ലാതിരുന്ന പാലായനങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ്! 

 

വീണ്ടും അവിടെയാകെ തിരഞ്ഞെങ്കിലും അന്ന് ഞാന്‍ കണ്ട ആ പേരറിയാത്ത ചെടിയും അതിലെ  നീല പൂവുകളും മാത്രം കണ്ടില്ല. ഒരുപക്ഷെ ഈ വേനല്‍ ചൂടില്‍ ഉണങ്ങി പോയതാവാം. ഈ മണ്ണിലെവിടെയെങ്കിലും അതിന്‍റെ വിത്ത് കാണാതിരിക്കില്ല. ഈ വേനലിനപ്പുറം ഇനിയൊരു വര്‍ഷം വരാനുണ്ടല്ലോ. അന്ന് ആ കരിനീലമൊട്ട് വിരിയാതിരിക്കില്ല! 

 

English Summary : Verukalurappikkunnavar Story By Shemsi Nihara M. A 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com