ADVERTISEMENT

അകലം (കവിത)

‘അകല’മെന്തിന്നു നമ്മൾക്കിടയിലെ -

ന്നരുതു ചൊല്ലുവാ,നത്രമേലത്രമേൽ

ജ്വരഭരിതമീ കാല,മൊരേ ശ്വാസ-

വഴികൾ തമ്മിൽ പകരാം പനിത്താളം.

 

വറുതിയിൽ, വാക്കു പൂക്കാത്ത 

ജാലകച്ചെരുവിൽ വീണ്ടും കവിതകൾ പൂക്കുവാൻ

പ്രണയകാലമൊന്നുള്ളിൽ വരച്ചിടു -

മരുമസ്വപ്നങ്ങളാകാം നമുക്കിനി....

 

മിഴിവിദൂരത്തിലേതോ പ്രതീക്ഷ തൻ

ജലകണങ്ങൾ മഴക്കാറണിയുവാൻ

അകമെഴുത്തിന്റെയിത്തിരിപ്പാളികൾ

പകലിരവും തുറക്കാം നമുക്കിനി....

 

ഒരു കനൽക്കാറ്റെറിഞ്ഞ ജ്വരകണ-

മിവിടെയും കനൽക്കാലം പടർത്തവേ

‘അകല’മെന്നതേ സ്നേഹമന്ത്രം, നമു-

ക്കുരുവിടാനു,മുൾത്താളിൽ പകർത്താനും.....

 

ഇതു വരൾക്കാലമത്രേ, ജ്വരാർജ്ജിത

ഹൃദയഭീതികൾ പെയ്യും പനിക്കാലം.

‘അകല’മെന്നൊരേ വാക്കിന്നിരുപുറം

മാത്രമത്രേ സുരക്ഷിതരിന്നു നാം.

 

പലകുറി പെയ്ത മൗനങ്ങളൊക്കെയും

‘അകലെ’നിന്നേയകം ചേർത്തണച്ചിടാം

അകമഴ പെയ്യുമോരോ തണുപ്പിലും

‘അകല’മെന്നുള്ളൊരുൾച്ചൂടണച്ചിടാം...

 

(കേരള സെന്‍റര്‍ ഫോര്‍ പെസ്റ്റ് മാനേജ്മെന്‍റ് അസിസ്റ്റന്‍റ് ഡയറക്ടറാണ് സ്മിതാ ബാലൻ)

 

English Summary : Akalam Poem By Smitha Balan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com