ADVERTISEMENT

മാരിയപ്പൻ (കഥ)

ഉച്ചയൂണ് കഴിഞ്ഞ നേരമാണ് ഞാൻ ആദ്യമായി മരിയപ്പനെകാണുന്നത്. അത്  ഡിസംബർ മാസമായിരുന്നു. ദേഹത്ത് വീണ വെള്ളത്തുള്ളികൾ ഈർഷ്യയോടെ കുടഞ്ഞുകളഞ്ഞു കടത്തിണ്ണയിൽ കൂനിക്കൂടിയിരി ക്കുന്നു. നടക്കുമ്പോൾ  അയാൾക്കുള്ള കൂനു നന്നായി മനസിലാക്കാൻ കഴിയുമായിരുന്നു. ഹസ്സനിക്കയുടെ പീടികയിൽ ഇരിക്കുമ്പോഴാണ് ഞാൻ മാരിയപ്പനെ ആദ്യമായി  ശ്രദ്ധിക്കുന്നത്. മാരിയപ്പൻ അയാളുടെ സ്വന്തം ലോകത്തിലായിരുന്നു. മഴയുടെ ശക്തി കൂടിയപ്പോൾ അയാൾ കുറേക്കൂടി അകത്തേക്ക് ഉൾവലിഞ്ഞിരുന്നു.

 

 

ഒരു കവിൾ പുകയെടുത്തു അയാൾ ആസ്വദിച്ചു വലിച്ചു. പിന്നെ പുറത്തേക്കൂതി. ആ പുകച്ചുരുളുകളുടെ ചുഴികളിൽ   അയാൾ പലവിധ വർണങ്ങൾ കണ്ടു. പച്ച, മഞ്ഞ, ചുവപ്പ്, നീല ആ പുകച്ചുരുളുകൾ അയാൾക്ക് ചുറ്റും പ്രകാശ വലയം സൃഷ്ടിച്ചു. ഗതകാലത്തിനെ തിരുശേഷിപ്പുകളോ വർത്തമാന കാലത്തിന്റെ അലോരസങ്ങളോ ഭാവികാലത്തിന്റെ ശുഭ കാമനകളോ മാരിയപ്പന് അന്യമായിരുന്നു. മാരിയപ്പന്റെ ഉള്ളിൽ ദേവീക്ഷേത്രത്തിലേക്കുള്ള വിറകും ചുമടിന്റെയും കുറച്ചകലെ മലയുടെ ഉച്ചിയിൽ ഉയർന്നു നിൽക്കുന്ന പള്ളിയുടെ മേടയിൽ എത്തിക്കേണ്ട പലചരക്കു സാധനങ്ങളെ  കുറിച്ചുള്ള ചിന്തകൾ    മാത്രമായിരുന്നു നിറഞ്ഞു നിന്നിരുന്നത്. എപ്പോഴും അയാളുടെ കൂടെ ഒരു പാണ്ടൻ  നായയുമുണ്ടായിരുന്നു. മാരിയപ്പന് ആകെയുണ്ടയിരുന്ന ബന്ധവും സ്വന്തവുമെല്ലാം ആ നായയായിരുന്നു.

 

 

മാരിയപ്പൻ പതിയെ ചിരിക്കാൻ തുടങ്ങി. അയാളോടൊപ്പം എപ്പോഴുംകാണാറുള്ള പാണ്ടൻ നായ അയാളോടൊപ്പം മുട്ടിയുരുമ്മിയിരുന്നു. നായ ഉറക്കത്തിലേക്കു കൂപ്പു കുത്തി. ആ പുകച്ചുരുളുകളിൽ ഒരായിരം നക്ഷത്രങ്ങൾ മിന്നി തിളങ്ങി. അവ ബഹു വർണ കളറുകളിൽ നൃത്ത ചുവടുകൾ വെച്ചു. മരിയപ്പൻ കുന്നിൽ മുകളിലെ പാഞ്ചാലി മരത്തിന്റെ ഉയരത്തിലിരുന്നു. അയാൾക്കു ചിറകുകൾ പൊട്ടിവിരിഞ്ഞു. അയാൾ പറക്കാൻ തുടങ്ങി. അടിവാരത്തിലേക്ക്. അയാൾ പറന്നു നടക്കുമ്പോൾ മേഘ മിന്നാരങ്ങളിൽ കൂടു കൂട്ടിയ കുഞ്ഞരി പ്രാവിനെ അയാൾ കണ്ടു. കൈ വീശി അയാൾ ഒരു പഞ്ഞിക്കെട്ടുപോലെ ആകാശത്തി ലൂടെ ഒഴുകിനടന്നു. നൂല് പൊട്ടിയ ഒരു പട്ടം കണക്കെ.

 

മാരിയപ്പൻ (കഥ)

 

മാരിയപ്പൻ തമിഴ് നാട്ടിൽ നിന്നും എപ്പോഴോ വന്ന ഒരു തമിഴനാണ്. അയാൾ ചുമട് ചുമന്നും കന്നുകാലി കൾക്ക് പുല്ലു ചെത്തിയും ഒക്കെ ദിനം കഴിച്ചുകൂട്ടുന്നു. ആരോടും അയാൾ കൂലി ചോദിക്കാറില്ല. എത്ര ചെറിയ തുക കൊടുത്താലും അയാൾക്കു പരാതിയില്ല. ആരെങ്കിലും എന്തെങ്കിലും കൊടുക്കും.  ആരെയും ഉപദ്രവിക്കാറില്ല. ഏതെങ്കിലും കടത്തിണ്ണയിൽ കയറി ചുരുണ്ടു കൂടി കിടക്കും. വീടോ ബന്ധുക്കളോ ആരുമില്ല.

 

 

ആരും വെറുതെ കൊടുക്കുന്നത് മാരിയപ്പൻ കൈനീട്ടി വാങ്ങാറില്ല. എന്തെങ്കിലും ജോലി ചെയ്‌താൽ അതിനുള്ള പ്രതിഫലം മാത്രം. മാരിയപ്പൻ ഒരുതരത്തിൽ പറഞ്ഞാൽ ഒരു പരോപകാരിയായിരുന്നു. ആര് എന്ത് പറഞ്ഞാലും ചെയ്തു കൊടുക്കും . ചുമട്, നായയെ കുളിപ്പിക്കൽ, ആടിനെ കുത്തിവെപ്പ്,പച്ചക്കറി വാങ്ങിക്കൽ, കന്നിനെ മേയ്ക്കൽ ,കുളിപ്പിക്കൽ, കൃഷിക്ക് ഇടുന്ന വളം ചുമക്കൽ അങ്ങനെ. അയാൾ ഒരിക്കലും കുളിച്ചിരുന്നില്ല.

 

 

മാരിയപ്പന്റെ ഭാഷയിൽ പറഞ്ഞാൽ ‘‘ഏക്കം വന്നിടും അയ്യാ’’എന്നാണ്. അസുഖത്തിനെ ഏക്കം എന്നാണു അയാൾ പറയുന്നത്. കൂടെ എപ്പോഴും സന്തത സഹചാരിയായ പാണ്ടൻ നായും. മാരിയപ്പനോട്  എത്ര വയസ്സായി എന്ന് ചോദിച്ചാൽ അയാൾ കൈ മലർത്തും. എന്നിട്ടു കറുത്ത, പുഴുക്കുത്തു വീണ തേഞ്ഞ പല്ലുകൾ കാട്ടി ചിരിക്കും. ഹസനിക്കയുടെ പീടിക തിണ്ണയായിരുന്നു മാരിയപ്പന്റെറയും പാണ്ടൻ നായയുടെയും ആശ്രയം. ഒരുമിച്ചുണ്ട്, ഒരുമിച്ചുറങ്ങി പുകച്ചുരുളുകളിൽ വിലയം പ്രാപിച്ചു.  അങ്ങനെ മുടിയും താടിയും നീട്ടിവളർത്തി. മുഷിഞ്ഞ വേഷത്തിലുള്ള മാരിയപ്പൻ.

 

 

അയാൾ കഴിക്കുന്ന ആഹാരത്തിന്റെ വീതം കൃത്യമായും അയാൾ പാണ്ടൻ നായയ്ക്ക് കൊടുത്തിരുന്നു. മാരിയപ്പൻ ചുമട് അയാളുടെ മുതുകിലായിരുന്നു വെച്ചിരുന്നത്. തലയിൽ ഭാരം ചുമക്കുന്ന മാരിയപ്പനെ ഞങ്ങൾ ആരും കണ്ടിരുന്നില്ല. അയാൾ ഒരു ദൈവത്തിലും വിശ്വസിച്ചിരുന്നില്ല എന്ന് വേണം കരുതാൻ.

 

പാപം ചെയ്യുന്ന ഗ്രാമത്തിലെ ആളുകളെ ഓർത്തു അയാൾ ഏകനായി കരഞ്ഞു. അവർക്കു നല്ലതു വരാൻ വേണ്ടി മാത്രം അയാൾ ആഗ്രഹിച്ചു. ഗ്രാമത്തിൽ മോഷ്ടിക്കാൻ വരുന്നവരെ  അയാളുടെ പാണ്ടൻ നായ  കുരച്ചു ഭീഷണിപ്പെടുത്തി തിരികെയോടിച്ചു. സ്കൂളിൽ പോകുന്ന കുഞ്ഞുങ്ങൾക്ക് പുസ്‌തക ഭാണ്ഡങ്ങൾ അയാളുടെ കൂനുപിടിച്ച മുതുകു ആശ്രയമായി. കുളിക്കാതെ , പല്ലു തേക്കാത്ത, മുടിമുറിക്കാത്ത, ആരോടും പിണക്കമില്ലാത്ത മാരിയപ്പൻ. എല്ലാവരെയും മാനിക്കുന്ന ആർക്കും ഒരു ഉപദ്രവവുമില്ലാത്ത ആരും വെറുക്കാത്ത സായന്തനങ്ങളിൽ മറ്റുള്ളവരുടെ കുറ്റവും കുറവിന്റെയും ബാക്കി പത്രം നോക്കാത്ത ഒരേ  ഒരാൾ ഒരു പക്ഷെ മാരിയപ്പൻനായിരിക്കുമെന്നെനിക്കു തോന്നി.

 

 

ഒരു അസുഖവും ഇതുവരെ പിടിച്ചിട്ടില്ലത്ത മാരിയപ്പൻ ഞങ്ങളുടെ ഗ്രാമ വാസികളുടെ ഒരു സമസ്യയായി രുന്നു. ചായക്കടയുടെ പുറത്തു നിന്ന് ഒരു ചായയും രണ്ടു ബോണ്ടയും വാങ്ങി. ഒരെണ്ണം മാരിയപ്പൻ പാണ്ടൻ നായയ്ക്കും കൊടുത്തു. അത് വാലാട്ടി. പിന്നീട് വലിയചുമട്‌ ഒറ്റയ്ക്ക് മുതുകിലേറ്റി  അയാൾ നടന്നു. വഴികാട്ടിയായി പാണ്ടൻ നായയും. മഞ്ഞു മൂടിയ ഒരുനാൾ  തണുത്ത തറയിൽ വിരിച്ച ചണം ചാക്കിൽ പാണ്ടൻ നായ കിടന്നുറങ്ങുന്നു. അരികത്തു മാരിയപ്പനും. അയാൾ ചുരുട്ടിന്‌ തീ കൊളുത്തി. പുകച്ചുരുളുകൾ മുകളിലേക്കുയർന്നു. അയാൾ ചിരിച്ചു. ഓരോ കവിൾ പുക അകത്തേക്കെടുത്തപ്പോഴും ചിറകുകൾ വലുതായി കൊണ്ടിരുന്നു.

 

 

അതേ അയാൾ പറക്കാൻ തുടങ്ങി. അകലെകാണുന്ന പള്ളിയുടെ എതിർവശത്തേക്കുള്ള കുന്നിന്റെ നിറയുകയായിരുന്നു അയാളുടെ ലക്‌ഷ്യം. ചിറകുകൾ അതിശക്തിയായി വീശി അയാൾ പറന്നു. അപ്പോൾ കുന്നിന്റെ ചെരുവുകളിൽ അശാന്തിയുടെ കൽപടവുകളിൽ മേഞ്ഞു നടക്കുന്ന എന്റെ ഗ്രാമത്തിലെ ആളുകളെ അയാൾ കണ്ടു. വായുവിലൂടെ മേഞ്ഞു നടക്കുന്ന അയാൾ വീണ്ടും ഉയർന്നു. മേഘങ്ങൾക്കിടയിലേക്കു മുഖം പൂഴ്ത്തി. അയാൾ കൈ നീട്ടി മേഘകീറുകൾ കോരിയെടുത്തു താഴെ തന്റെ ഗ്രാമത്തിലെ കുട്ടികൾക്ക് നേരെയെറിഞ്ഞു.

 

 

കുട്ടികൾ കൂട്ടത്തോടെ മഞ്ഞു ശകലങ്ങൾ വാരിക്കൂട്ടാൻ ഓടുന്നത് മേഘങ്ങൾക്കിടയിലിരുന്ന് അയാൾ കണ്ടു. പെട്ടെന്ന് മേഘം കനത്തു. വെള്ളിമേഘങ്ങളിൽ കറുത്ത നിറം കലരാൻ തുടങ്ങി. തെക്കൻ കാറ്റു വന്നു കരിമേഘങ്ങളെ പറത്തി അകലേക്ക് കൊണ്ടുപോകാൻ തുടങ്ങി. മാരിയപ്പൻ മേഘക്കൂടാരത്തിൽ പെട്ടുപോയിരുന്നു. ചിറകുകൾ മേഘ പടലങ്ങളിൽ കുരുങ്ങിപ്പോയിരുന്നു. ചിറകുകൾക്ക് ശക്തി കുറയുന്നത് പോലെ അയാൾക്ക്‌ തോന്നി. മേഘക്കൂടുകളിൽ അകപ്പെട്ട മാരിയപ്പൻ മഴത്തുള്ളികളായി താഴേക്ക് പതിച്ചു. മേഘങ്ങൾക്കു മീതെ പുറത്തേക്കു കിടന്ന അയാളുടെ കൈകളിലേക്ക് തണുത്ത മഴവെള്ളം സ്പർശിച്ചു. അയാളെ തണുക്കാൻ തുടങ്ങി .പാടുപെട്ട് മാരിയപ്പൻ കണ്ണുകൾ തുറന്നു. വന്ന മഴക്കൊപ്പം വന്ന പിശറൻ കാറ്റ് ഹസാനിക്കയുടെ പീടികയുടെ തടിപ്പാളികളിൽ പ്രഹരിച്ചു. അപ്പോഴും പാണ്ടൻ നായ സുഖസുഷുപ്തി യിലായിരുന്നു.

 

English Summary : Mariyappan Story By Poonthottathu Vinayakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com