ഇലപ്പൊതിയുമായി എൽപി സ്കൂളിൽ ചെന്നപ്പോഴോ; കലപില കൂട്ടി കളിക്കണ നല്ല ഭംഗീള്ള കുട്ട്യോള്, ദൈവങ്ങൾടെ പടത്തിലു കാണണപോലെ...

പൊതിച്ചോറ് (കഥ)
SHARE

പൊതിച്ചോറ് (കഥ)

ഇവളിതെന്താണിത്ര വൈകുന്നത്. അരമണിക്കൂർ അങ്ങോട്ട്‌. അര മണിക്കൂർ തിരിച്ചും. ഒന്നൊന്നര മണിക്കൂർ വരി നിന്നാലും എത്തേണ്ട സമയം കഴിഞ്ഞല്ലോ. നടക്കാണ്, കത്തണ വെയിലാണ്. ഒക്കെ ശരി. ആദ്യായിട്ടൊ ന്നുമല്ലല്ലോ. ഇനിയിതൊക്കെ വേവിച്ചു പൊതിഞ്ഞു കെട്ടി, എപ്പോഴാ. ഉച്ചക്കുള്ളത് രാത്രി മതിയോ. 

കവടി കിണ്ണത്തിനേക്കാൾ വലിപ്പമുണ്ട് പൊതിയുന്ന ഇലകൾക്ക്. ഇന്ന് രണ്ടുമൂന്നെണ്ണം കൂടുതലെടുത്തു. 

ഇന്നലെ സങ്കടായി. തികഞ്ഞില്ല. എന്നാലും ഒച്ചേം ബഹളോം ഒന്നുമുണ്ടാക്കാതെ പാവങ്ങൾ ഉള്ളത് പങ്കുവെച്ചു. 

ഇവളെ കാണാനും ല്ല്യല്ലോ. ചെരുപ്പിട്ടുണ്ടോ ആവോ.കുടയൊക്കെയുണ്ട്. എടുത്തിട്ടുണ്ടാവില്ല. ഈ പത്രാസൊക്കെ എന്തിനാണെന്നുള്ള മട്ട്.പാവം അവൾക്കെന്തറിയാം.തുന്നിക്കൂട്ടിയ വള്ളി നിക്കറും കുടുക്കില്ലാത്ത ഷർട്ടും മാത്രായി പത്തു നൂറു കിലോമീറ്റർ അലഞ്ഞു തിരിഞ്ഞെത്തിയവൻ... 

അവനിപ്പോ പെണ്ണുകെട്ടി, വീടായി, സ്വന്തം വണ്ടിയായി. 

നൂറുറുപ്പ്യയ്ക്കായിരുന്നു മംഗല പുടവ വാങ്ങീത്. കാണണായിരുന്നു പെണ്ണിന്റെ കണ്ണിലെ തിളക്കം. 

പഴയ രണ്ടു വാതിലു ചേർത്തു വെച്ചാ വേണെങ്കിൽ അടുക്കളയും ആവാരുന്നു. ആവാം. ഒരു ചായ പീട്യ പൊളിക്കാൻ ണ്ടെന്നു പറഞ്ഞിട്ടുണ്ട് മേസ്‌രി. വണ്ടീടെ ഇരുമ്പ് ചക്രം മാറ്റി ടയറാക്കണം. പത്തു വീട് കൂടുതൽ കേറാം. ഒക്കെ ഒത്തു വന്നതാണ്. അപ്പോളാണീപ്പുകില്. ലോകം മുഴുവൻ ആളോള് ചാകാണത്രെ. 

ഭൂമിക്കും ഒരു റസ്റ്റ്‌ വേണ്ടേ ന്നാ അവള് പറയണേ. മൂന്നാല് ക്ലാസ് പഠിച്ചതിന്റെ കേമത്തം. ‘‘നിങ്ങളൊരു ബീഡീം കത്തിച്ചിരിക്കണ നേരം മതി’’

ഓ വന്നോ. 

‘‘റേഷൻ കടേല് ചെക്കിങ് കാര്. വാർത്താനോം ബഹളോം. നേരം പോയി’’

‘‘അടുപ്പത്തു വെള്ളം വെച്ചിട്ടുണ്ട്. അരി കഴുകിയിട്ടാ മതി. മീഞ്ചാറ് ചൂടാക്കി വെച്ചിട്ടുണ്ട്’’

ഒരൂസം പേപ്പറും സ്ക്രേപ്പും തരം തിരിച്ചു യൂസപ്പ് മുതലാളീടെ ഗോഡാവില് എണ്ണം കൊടുത്തു, ചായ്പ്പില് വണ്ടി സൈടാക്കീപ്പോ ലോട്ടറി നാണുവേട്ടനാ പറഞ്ഞേ എല്ലാരും എല്ലാ കച്ചോടോം നിർത്തി കൊറച്ചൂസം വീട്ടീ തന്നെ ഇരിക്കണം ന്നു ടീവീല് ന്യൂസ്‌ പറഞ്ഞൂത്രേ. 

ആ.. പിന്നേ തിന്നാനും കുടിക്കാനും കിട്ടാത്തോരെ സഹായിക്കണം ന്നും. അന്യനാട്ടീന്നു വന്നു ഓട്ടം മുടങ്ങി കുടുങ്ങി കിടക്കണ രണ്ടു വണ്ടി ആൾക്കാരെ എൽപ്പീ സ്കൂളിൽ പാർപ്പിച്ചിട്ടുണ്ടെന്നു തങ്കചേച്ചി പറഞ്ഞപ്പോ... 

മോഹത്തിന് വാങ്ങി വെച്ച കുത്തരി വേവിച്ച ചോറും വാലും മൂടും പോയൊണ്ട് ലാഭത്തിനു കിട്ടിയ പച്ചക്കറി കൊണ്ട് പുളിങ്കറീം മൂവാണ്ടന്റെ അച്ചാറും ഇലയിൽ വാട്ടി പൊതിഞ്ഞു എൽപ്പീ സ്കൂളിൽ ചെന്നപ്പോളൊ.. 

കലപില പാടി ഓടിച്ചാടി കളിക്കണ നല്ല ഭംഗീള്ള കുട്ട്യോള്. ദൈവങ്ങൾടെ പടത്തിലു കാണണപോലെ വെളുത്തു തുടുത്ത ആണുങ്ങളും പെണ്ണുങ്ങളും.. 

ഹിന്ദിക്കാരാ. 

എന്നാലും.. 

ഈ മുഷിഞ്ഞ സ്കൂൾ തിണ്ണ. 

മാറാല കെട്ടിയ ക്‌ളാസ്സുമുറി. 

ഇവർക്കൊക്കെ ഇത് പറ്റ്വോ. 

നമ്മളെ പോലെയാണോ.

കൊടി വെച്ച കാറില് വന്നത് കളട്രാന്നു ആരോ മെല്ലെ പറഞ്ഞു. വല്ല്യേ വല്ല്യേ  ആൾക്കാരും ഒപ്പം ണ്ട്. നല്ല കളർ പൊതികളിൽ പലഹാരങ്ങളും കളിപ്പാട്ടങ്ങളും. നന്നായി. എല്ലാവരും ആദ്യം കെട്ടിപ്പിടിച്ചു പൊട്ടിച്ചിരിച്ചു. പിന്നേ മൊഖത്ത്‌ വെള്ളത്തുണി കെട്ടി ചിരി മായ്ച്ചു കൈകെട്ടി അകന്നു നിന്നു. 

പെയ്ന്ററ് ഗിരി ചേട്ടനാ പറഞ്ഞെ. 

‘‘പെരിയോനെ, ഇവിടിപ്പോ ആവശ്യത്തിനും അധികോം തിന്നാനായിട്ടുണ്ട്. പോലീറ്റേഷന്റെ പിന്നിലെ വണ്ടിക്കാട്ടിൽ നായ്ക്കുട്ട്യോള് ഓലീട്ണ്ട്ന്ന് കുമാരൻ സാറ് പറഞ്ഞു. നീയവറ്റെ തീറ്റിക്കൊ.ഒക്കെ ജീവനല്ലെ’’

ഇന്നിതിപ്പൊ പന്ത്രണ്ടൂസായി. 

ഞങ്ങള് രണ്ടാളും ഓരോ നേരം വേണ്ടാന്നുവെച്ചു. ശരിക്കും പറഞ്ഞാ ഒരു നേരം അധികാണിപ്പൊ. 

‘‘പെരിയോനെ’’

‘‘എന്താ സാറെ’’

‘‘നിന്റെ ഇന്നത്തെ പൊതിച്ചോറ് എൽപ്പീ സ്കൂളീ കൊണ്ടക്കോ. രണ്ടൂസായിട്ട് ഉത്സാഹ കമ്മിറ്റിക്കാരൊന്നും വര്ണില്ല’’

വൈകണ്ട. ഉച്ചയായി. പത്തുപതിനഞ്ചു പൊതിയുണ്ട്. വീട്ടിലെ ഒരണ്ണം കൂടിയെടുക്കാം. അഞ്ചാറ് മാന്തളിരിക്കുന്നത്‌ വർക്കായിരുന്നു. 

English Summary : Pothichoru Story By K.S Manoj

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;