ADVERTISEMENT

ട്രാൻസിറ്റ് ലോഞ്ച് (കഥ)

ഇന്റൻസീവ് കെയർ യൂണിറ്റിന്റെ തൊട്ടടുത്ത  മുറിയിൽ അപ്പനും മകനുമല്ലാതെ വേറെ ആരും ഉണ്ടായി രുന്നില്ല. ആരും ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. ഡോക്ടറുമായുള്ള പതിവ് ഫോൺ സംസാരത്തി നിടയിൽ, ഇത് ആദ്യമായിട്ടാണ് മകനോട് ‘കഴിയുമെങ്കിൽ’ ഒരിക്കൽ കൂടി വരുവാൻ അപ്പൻ ആദ്യമായി ആവശ്യപ്പെട്ടത്. 

 

 

ചുരുങ്ങിയ കാലം കൊണ്ടാണെങ്കിലും വളരെ പ്രശസ്തനായ ആ ഡോക്ടറും അധികം ആരും അറിയാത്ത അപ്പനും  തമ്മിൽ വല്ലാത്ത ഒരു ആത്മബന്ധം വളർന്നിരുന്നു. ഇതിനു മുൻപ് പല തവണ പറയാതെ വന്നു പോയെങ്കിലും ഇത്രയും തിരക്കിനിടയിൽ മകൻ വരണം എന്ന് അപ്പൻ പറഞ്ഞപ്പോൾ ഇത്രയൊന്നും ചിന്തിച്ചിരുന്നില്ല.  

 

“നീ എന്റെ കൈകൾ ചേർത്ത് പിടിച്ചു, കുറച്ചു നേരം എന്നോട് ചേർന്നിരിക്കണം”

 

അപ്പന്റെ ദുർബലമായ പാതി മരവിച്ച കൈകൾ ചേർത്ത് പിടിച്ചു കൊണ്ട് മകൻ ചോദിച്ചു.

 

“അപ്പന് പേടിയുണ്ടോ?“. അപ്പോൾ അങ്ങനെ ചോദിക്കാനാണ് മകന് തോന്നിയത്. 

 

കടലിന്റെ ആഴങ്ങളിൽ വച്ച്  മകന്റെ കപ്പല്‍ച്ചേതങ്ങൾ കണ്ട, എന്നും  മകന്റെ കരുതലായിരുന്ന അപ്പന്റെ കൈകൾക്ക് പഴയ ആ നാവികന്റെ കരുത്തില്ലെന്നു തോന്നി. പക്ഷേ, അപ്പന്റെ മനസ്സിനും, വാക്കുകൾക്കും  പതിവിനേക്കാളും വല്ലാത്ത ഒരു കരുത്തായിരുന്നു.

 

 

“വീട്ടിലേക്കുള്ള വഴിയിൽ മുന്നോട്ടുള്ള ഒരു ചുവടു പോലും ചിന്തിക്കുവാൻ ആകാതെ കനത്ത ഇരുട്ടിൽ, താഴെ വെറും മണ്ണിൽ നിലത്തിലിരുന്നു അപ്പൻ കരഞ്ഞു പോയിട്ടുണ്ട്. അന്നും പേടിച്ചിട്ടില്ല. പിന്നെ ആണോ ഇപ്പോൾ...?

 

നീ കേട്ടിട്ടുണ്ടോ.? 

 

രണ്ടാം ലോക മഹായുദ്ധ കാലത്ത് കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് പാട്ടു പാടിക്കൊണ്ട് നടന്നു പോയ ജൂതന്മാരെക്കുറിച്ച്? മണ്ണ് നിറഞ്ഞ വായ്കൊണ്ടു യുദ്ധം എല്ലാം എങ്ങനെ നേരെയാക്കുന്നു എന്ന് പാടിയ നക്ഷത്രചിഹ്നം അടയാളമിട്ട ജൂതമാരെ കുറിച്ച്?”

 

അപ്പൻ ചിരിച്ചുകൊണ്ട് ഒരിക്കൽ കൂടി മകന്റെ കൈകളിൽ ചേർത്ത് പിടിച്ചു. മരുന്നിന്റെ തീവ്രതയിൽ  അപ്പൻ പതിയെ പതിയെ ഒരു വലിയ മയക്കത്തിലേക്ക് വീഴുകയായിരുന്നു.

 

അപ്പൻ എന്നും അങ്ങനെ ആയിരുന്നു. വൈദ്യ ശാലയുടെ ഒരു പഴയ ബെഞ്ചിൽ ഇരുന്നുകൊണ്ട് അപ്പൻ മകന് പഴയ നിയമവും, അതിനോടൊപ്പം ചേർത്ത് വായിക്കേണ്ട എഴുതപെട്ട കാലങ്ങളിലെ യഹൂദ പശ്ചാത്തലങ്ങളെ കുറിച്ചും, ജൂതന്മാരുടെ പാരമ്പര്യങ്ങളെ കുറിച്ചും പറഞ്ഞുകൊടുമായിരുന്നു. വളരെ അധികം തിരക്കൊന്നും ഇല്ലാത്ത വൈദ്യശാലയിൽ ആൽക്കമിസ്റ്റിനെപോലെ അപ്പൻ കഷായക്കൂട്ടുകൾ ഉണ്ടാക്കുമ്പോളാണ് കടന്നുപോയ വഴികളിലെ വിജയങ്ങളെ കുറിച്ചും പരാജയങ്ങളെക്കുറിച്ചും  മകനോട് ഒരേ ഭാവത്തിൽ പറഞ്ഞുകൊടുത്തിരുന്നത്. പലപ്പോഴും മകന്റെ പുതിയ നിയമങ്ങളുടെ വഴികളിൽ അപ്പൻ നിശ്ശബ്ദനായിരുന്നു. പക്ഷെ അപ്പന്റെ ചിലപ്പോൾ ഉള്ള മറുപടികൾ സിനഗോഗിലെ പ്രകാശം പരത്തുന്ന പഴയ   ചില്ലുവിളക്കുകൾ പോലെ ആയിരുന്നു.

 

ഏപ്രിൽ മാസത്തിലെ ഇരുൾ പടർന്നു തുടങ്ങിയ ഒരു രാത്രിയിലാണ് അപ്പൻ ആദ്യമായി ഹോസ്റ്റലിൽ വരുന്നത്. അങ്ങനെ ഒരു വരവ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരു ഒന്നാം വർഷ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയുടെ ഹോസ്റ്റൽ മുറിഎന്ന് പറയത്തക്ക രീതിയിൽ അവിടെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കുറെ ബാനറുകളും, തോരണങ്ങളും പിന്നെ ചുവരിലും, തറയിലും തെറിച്ചു വീണു കിടന്നിരുന്ന വില കുറഞ്ഞ ഏതോ ചുവന്ന മഷിത്തുള്ളികളും മാത്രം. കണിക്കൊന്ന മരത്തിന്റെ നിറയെ പൂക്കൾ ഉള്ള ഒരു ചെറിയ കൊമ്പു വെച്ചിട്ടുണ്ടായിരുന്ന പൂപ്പാത്രത്തിൽ ചുവന്ന മഷികൊണ്ട് ഹൃദയത്തിന്റെ ഒരു അടയാളം വരച്ചിട്ടുണ്ടായിരുന്നു.

 

“ഞാൻ അറിഞ്ഞിരുന്നു.  പ്രസ്ഥാനത്തിലുള്ള നിന്റെ വളർച്ചയും,  പിന്നെ നഗരം ചുറ്റിയുള്ള നിന്റെയും പ്രവർത്തകരുടെയും പ്രകടനങ്ങളും.  ഇതൊന്നും പറയുവാൻ അല്ല ഞാൻ ഇപ്പോൾ വന്നത്.  നീയില്ലാതെ കടന്നു പോകുന്ന വീട്ടിലെ ആദ്യത്തെ പെസഹയാണെന്നു അമ്മ പറഞ്ഞത് കൊണ്ടാണ്. നിനക്ക് ഇപ്പോൾ അതിലൊന്നും വലിയ വിശാസം ഇല്ലെന്നറിയാം”. അപ്പനും മകനും തമ്മിലുള്ള അടുക്കാനാകാത്ത വലിയ അകലങ്ങളെ കുറിച്ച് വല്ലാതെ ഭയപ്പെട്ടിരുന്ന അമ്മ, അതേസമയം അവർ തമ്മിലുള്ള തീവ്രമായ അടുപ്പങ്ങളെ ഏറെ ഇഷ്ടപ്പെട്ടിരുന്നു.

 

 

പിന്നീട്  എല്ലാ കണക്കുകളും പിഴച്ചു ആത്മനിന്ദയോടെ  പടിയിറങ്ങിയ മകന്റെ ഒപ്പം, അല്ല അവനു മുൻപേ തന്നെ മരണത്തെ ഭയമില്ലാതെ നടക്കുമ്പോൾ എന്തായിരുന്നു അപ്പന്റെ മനസിലെന്നു ചോദിക്കുവാൻ പലപ്പോഴും തോന്നിയതാണ്. 

 

 

ഒരിക്കൽ ചോദിച്ചപ്പോൾ അപ്പൻ ഒന്നും പറയാതെ വെറുതെ ചിരിച്ചു. എയർപോർട്ടിൽ മെഡിക്കൽ കോൺഫറൻസിൽ പങ്കെടുക്കാനായി ബെൽജിയയ്ത്തിലേക്കുള്ള യാത്രയിലാണ് അവിടെ എത്തുമ്പോൾ കാണുവാൻ പോകേണ്ട ടൂറിസ്റ്റ് ആകർഷണങ്ങളെക്കുറിച്ച് സുഹൃത്ത് ഓർമിപ്പിച്ചത്.  അയാൾക്ക്‌ അതിലൊന്നും വലിയ താൽപര്യം തോന്നിയില്ല. അവിടെ അങ്ങനെ ആ ട്രാൻസിറ്റ് ലൗഞ്ചിൽ ഇരിക്കുമ്പോൾ അയാളുടെ മനസ്സിൽ എന്തുകൊണ്ടോ അപ്പോൾ അന്ന് ആശുപത്രിയിൽ വച്ച് നടന്ന ആ രംഗങ്ങൾ ഒരു ഫ്ലാഷ്ബാക്ക് പോലെ തെളിയുകയായിരുന്നു. 

 

 

കോൺഫറൻസ് ഹാളിൽ ഇരിക്കുമ്പോൾ അയാളുടെ മനസ്സ് വല്ലാത്ത അസ്വസ്ഥമായിരുന്നു. യാദൃശ്ചികമാ യി കയ്യിലിരുന്ന ടൂറിസ്റ്റ് മാപ്പിൽ നോക്കിയപ്പോളാണ് അവിടെയുള്ള  ഒരു ട്രാൻസിറ്റ് ക്യാമ്പിനെ കുറിച്ച് അയാൾ കണ്ടത്. ഗൂഗിൾ മാപ്പിൽ ആ സ്ഥലം അടയാളപ്പെടുത്തി അങ്ങോട്ട് നടക്കുമ്പോൾ വല്ലാത്ത ഒരു വേഗതയായിരുന്നു.  

 

 

ഇരുപത്തിനായിരത്തിൽപരം ജൂതന്മാരെ മരണത്തിന്റെ പേരുള്ള കിഴക്കൻ യൂറോപ്പിലെ കോൺസെൻട്രേഷൻ ക്യാമ്പിലേക്ക്  കൊണ്ടുപോകുന്നതിന് മുൻപ് അടച്ചിട്ട രക്തം മരവിക്കുന്ന കൊടും ഭീകരതയുടെ മേക്കിലേൻ  ട്രാൻസിറ്റ് ക്യാമ്പ്. അതിനകത്തു രക്തത്തിന്റെയും മരണത്തിന്റെയും ഇട കലർന്ന വല്ലാത്തൊരു മണം അവിടെ ഉണ്ടെന്നു തോന്നി. കാലുകളിൽ ഒരു തണുപ്പ് അരിച്ചു കയറുന്നതും ചുവടുകൾ പിന്നോട്ട് വലിയുന്നതും പോലെയുണ്ടായിരുന്നു.

 

 

അധികം സമയം അവിടെ നിൽക്കുവാൻ കഴിഞ്ഞില്ല. പെട്ടെന്ന് അവിടെ  നിന്ന് പുറത്തിറങ്ങുമ്പോൾ മുൻപിലെ പുൽമേടുകള്ക്കിടയിലുള്ള വളരെ ചെറിയ മതിലുകൾ എന്ന് തോന്നിപ്പിക്കുന്ന ചുവടുകളിൽ എഴുതിയിരുന്നത് അയാൾ വായിച്ചു.

 

"വായിൽ നിറയെ മണ്ണുമായി അവർ പാടി (They were singing with soils in their mouth)". കുറച്ചു ദൂരെ മാറി  വൃദ്ധനായ ഒരു മനുഷ്യൻ അയാളെ തന്നെ നോക്കി ചിരിച്ചു കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു. ആ വൃദ്ധൻ അടുത്ത് വന്നു അയാളെ അത്ഭുതപ്പെടുത്തികൊണ്ട് പറഞ്ഞു: ‘‘ഞാൻ എന്നും ഇവിടെ കാണുന്ന പതിവ് കാഴ്ചയാണിത്. തിരക്ക് കാണിച്ചു അകത്തോട്ടു പോകുന്ന പലരും അവർക്കു അനുവദിച്ച സമയം കഴിയുമ്പോൾ പുറത്തേക്കു വരുമ്പോൾ ഭയം നിറഞ്ഞ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പതുക്കെ പരസ്പരം മിണ്ടാതെ വരുന്നത് കാണാം’’

 

“അങ്ങനെ എങ്കിൽ പിന്നെ അന്ന് നടന്നു പോയവർ എങ്ങനെ വായ് നിറയെ മണ്ണുമായി പാടി ? അയാൾ അറിയാതെ പെട്ടെന്ന് ചോദിച്ചുപോയതാണ്.

 

‘‘അതിൽ കുറച്ചു പേരെങ്കിലും സ്വന്തം കുടുംബത്തെ ആർക്കും എത്തി പിടിക്കാനാകാത്ത സുരക്ഷിത സ്ഥാനത്തു മാറ്റിയിട്ടുണ്ടാകും. ഒരു  വിത്ത് അതിന്റെ ജീവനെ ഒളിപ്പിച്ചു വക്കുന്നത് പോലെ ഏറ്റവും കുറഞ്ഞത് ഒന്നിനെയെങ്കിലും അവർ അവശേഷിപ്പിച്ചിട്ടുണ്ടാകും. ഒരു പുൽക്കൊടിയായിട്ടെങ്കിലും മണ്ണിൽ നിന്ന് ഉയിർത്തെഴുത്തിനേൽക്കുവാൻ. പിന്നെ പിതാക്കന്മാരുടെ ബലിയർപ്പണം പോലെ ചിരിച്ചുകൊണ്ട് അവർ  ശാന്തമായി നടന്നു കയറും’’   ഉറച്ച ശബ്ദത്തിൽ വൃദ്ധൻ അങ്ങനെ പറയുമ്പോൾ ആ വൃദ്ധന്റെ കണ്ണുകൾ വന്യമായി തിളങ്ങുന്നുണ്ടായിരുന്നു.

 

 

പല നിറത്തിലും വലുപ്പത്തിലുമുള്ള പേരറിയാത്ത തുമ്പികൾ പാറി നടന്ന ആ പുൽമേട്ടിൽ ഇരുന്നുകൊണ്ട് ഒരു പഴയ കിന്നരം പോലെ തോന്നുന്ന ഒരു ഉപകരണത്തിൽ തൊട്ടു കൊണ്ട് ആ വൃദ്ധൻ മരിയ വിസ്ലവായുടെ ഒരു പഴയ പാട്ട്  പാടുന്നുണ്ടായിരുന്നു.

 

‘‘മാംസമായി മാറിയ പുൽമേട്ടിൽ ഞങ്ങൾ നിൽക്കുന്നു,

പുൽമേട് വ്യാജസാക്ഷിയായി നിശബ്ദമാണ്.

ശൂന്യമായ പാനപാത്രങ്ങൾ.

മുള്ളുകമ്പിയുടെ തുപ്പലിൽ,

ഒരു മനുഷ്യൻ തിരിയുകയായിരുന്നു.

മണ്ണ് നിറഞ്ഞ വായകൊണ്ട് അവർ പാടി.

‘‘യുദ്ധം എങ്ങനെ നേരെയാക്കുന്നു എന്നതിന്റെ മനോഹരമായ ഗാനം എഴുതുക’’: എത്ര നിശബ്ദത.

‘‘ അതെ’’

അയാൾ പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ ആ വൃദ്ധനെ അവിടെ കാണുവാൻ ഉണ്ടായിരുന്നില്ല. ആരുടെ മുഖമായിരുന്നു ആ വൃദ്ധനെന്നു അയാൾ ഓർത്തെടുക്കുവാൻ ശ്രമിക്കുകയായിരുന്നു, മരിച്ചുപോയവർ തുമ്പികളായി വെള്ളിയാങ്കല്ലിൽ പറന്നുനടക്കുമെന്ന് ആശുപത്രിൽ വച്ച് അപ്പൻ തന്ന പുസ്തകത്തിൽ മുകുന്ദൻ എഴുതിയത് അയാൾ അപ്പോൾ ഓർത്തു.

 

English Summary : Transit Launch Story By Dr. Babu Varghese

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com