ADVERTISEMENT

പള്ളിക്കാട്ടിലെ ഓന്ത് ( കഥ)

വേനൽ മഴ നനച്ചു പോയ ഇലപ്പടർപ്പുകളെ  ഉച്ചവെയിൽ വന്നു തോർത്തിക്കൊടുത്തു കൊണ്ടിരുന്നു. തോരാത്ത കണ്ണീരു പോലെ മൈലാഞ്ചിച്ചെടിയും ചെമ്പരത്തിയും മഴത്തുള്ളികളെ മീസാൻ കല്ലുകളിലേക്ക് ഇറ്റിച്ചു. നിങ്ങൾ മനുഷ്യരുടെ ഒരു സുരക്ഷയും സാമൂഹിക അകലം പാലിക്കലും ഞങ്ങൾക്ക് ബാധകമല്ല എന്നറിയിച്ച് മണ്ണിനെ പുതച്ചു കിടന്ന കരിയിലകൾക്ക് മുകളിലൂടെ ഉറുമ്പുകൾ വരിവരിയായി സഞ്ചരിച്ചു. അംഗ ശുദ്ധി വരുത്താൻ വരുന്നവർ കാലുകളുരച്ച് മിനുസപ്പെടുത്തിയ പള്ളിക്കുളത്തിലെ കൽപ്പടവുകളി ലേക്ക് എത്തി നോക്കി നീട്ടിത്തുപ്പലുകൾ കാത്തിരുന്ന മീൻ കുഞ്ഞുങ്ങൾ.

 

പൗരാണിക രീതിയിൽ ഏറെയും മരം കൊണ്ട് നിർമ്മിക്കപ്പെട്ട  ആ പള്ളിയുടെ മൂന്നു നിലകളിലും വിശ്വാസികൾ തിങ്ങി നിറയേണ്ട ദിവസമാണ് വെള്ളിയാഴ്ച. നൂറ്റാണ്ടുകൾ പഴക്കമുള്ള കോടഞ്ചേരി പള്ളിക്ക് ചുറ്റും മൂകത തളം കെട്ടി നിന്നു. വൈകിയെത്തുന്നവർ പ്രാർത്ഥിക്കാൻ പത്രമോ പായയോ  വിരിച്ചിരുന്ന പള്ളിമുറ്റത്ത് മാവിലകൾ നിറഞ്ഞിരിക്കുന്നു. തൊട്ടടുത്ത് പള്ളികൾ പലതുണ്ടെങ്കിലും കോടഞ്ചേരി പള്ളിയിലേക്ക് ആളുകൾ കൂടുതലായി വരുന്നത് തങ്ങളിൽ നിന്ന് വേർപിരിഞ്ഞു പോയവരുടെ ചാരത്ത് അൽപസമയം ചിലവഴിക്കാനാണ്, അവർക്ക് വേണ്ടി പ്രാർത്ഥിക്കാനാണ്. അതുപോലെ ഒട്ടനവധി പള്ളികളുണ്ട്, പ്രിയപ്പെട്ടവർ അന്ത്യവിശ്രമം കൊള്ളുന്നത് കൊണ്ട് മാത്രം പ്രിയപ്പെട്ടതായി മാറിയ ഇടങ്ങൾ.

 

പ്രിയപ്പെട്ടവരെ കാണാൻ വന്നവരുടെ കാൽപാടുകൾ സൃഷ്‌ടിച്ച  പള്ളിക്കാട്ടിലെ നടവഴി കണ്ടിട്ടും ഖബറുകൾക്ക് മുകളിലൂടെ ചാടിപ്പോയി ഒരു ഓന്ത്! നിങ്ങളുടെ മനസ്സ് മാറി മറിയുന്നത് പോലെ എന്റെ നിറം മാറിയിട്ടില്ല എന്ന അഹങ്കാരത്തോടെ പറങ്കിമാവിന്റെ കൊമ്പത്തിരുന്നു അതൊന്ന് തല തിരിച്ചു ആത്മാക്കളെ നോക്കി. സാധാരണ വെള്ളിയാഴ്ച്ചകളിൽ, മനുഷ്യർ ആത്മാക്കളോട് മിണ്ടാൻ വരുമ്പോൾ അവർ ഒളിച്ചിരിക്കും. പള്ളിയിൽ നിന്ന് അഞ്ചുനേരവും പ്രാർത്ഥനയുടെ സമയമറിയിച്ച് ബാങ്ക് വിളിക്കുന്നുണ്ടെങ്കിലും ഇപ്പോൾ ആരും ഈ വഴി വരാറില്ല; തത്കാലത്തേക്കെങ്കിലും ആരുടേയും ശല്യവുമില്ല. ഇരതേടാനും സ്വൈര്യ വിഹാരത്തിനും തടസ്സമില്ലെങ്കിലും ആത്മാക്കളുടെ വിലാപങ്ങൾ നൊമ്പരപ്പെടുത്തുന്നുണ്ട്. നാവ് നീട്ടി ഒരു പ്രാണിയെ അകത്താക്കി പറങ്കി മാവിൻ കൊമ്പിലിരുന്ന ഓന്ത് കാത് കൂർപ്പിച്ച് ആത്മാക്കളുടെ സംസാരം കേട്ടു.

 

‘‘ഇപ്പോൾ ഇങ്ങളെ കാണാൻ  ആരും വരാറില്ലല്ലോ വാപ്പിനുക്കാ.. എല്ലാ വെള്ളിയാഴ്ച്ചയും മോനും പേരക്കുട്ടികളും വന്ന് ഇങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് കാണുമ്പോൾ സത്യത്തിൽ എനിക്ക് അസൂയയായിരുന്നു.. പക്ഷേ ഇപ്പൊ ഇങ്ങളെ അവസ്ഥ കാണുമ്പോൾ  ഇക്കും സങ്കടണ്ട്ട്ടാ’’

 

‘‘എന്തെങ്കിലും അസൗകര്യം ണ്ടാവും.. എവിടെ പോയാലും ഒടുവിൽ ഇവിടേക്ക് തന്നെ വരേണ്ടവർ അല്ലെ അവരും..’’

 

‘‘അതന്നെ, ന്നെ ഇവിടെ കൊടുന്ന് കിടത്തിയിട്ട് പോയതാ.. ആദ്യമൊക്കെ എല്ലാ വെള്ളിയാഴ്ച്ചയും ആരെങ്കിലുമൊക്കെ വരും.. ഇപ്പൊ ആണ്ടിലൊരിക്കൽ വരും.. എന്തെങ്കിലുമൊക്കെ ചൊല്ലിയൊപ്പിച്ച് മടങ്ങിപ്പോകും.. അവരുടെ  മനസ്സിൽ എന്നേക്കാൾ കൂടുതൽ വിളമ്പാൻ പോകുന്ന നെയ്‌ച്ചോറും കോഴിക്കറിയുമാവും..!’’

 

ആത്മാക്കളുടെ  സംഭാഷണം കേട്ടുകൊണ്ടിരിക്കുമ്പോഴും ഓന്തിന്റെ കണ്ണുകൾ ജാഗ്രതയോടെ ചലിച്ചു കൊണ്ടിരുന്നു. വയറു നിറയ്ക്കാനുള്ള  ഇരയേക്കാൾ ജീവനെടുക്കാൻ വരുന്ന വേട്ടക്കാരെയായിരുന്നു ശ്രദ്ധ.

പുളിമരത്തിന്റെ അരികിലൂടെ ഒരു ചേര ഇഴഞ്ഞു വരുന്നത്  കണ്ടു. പള്ളിക്കുളത്തിന്റെ അടുത്ത് നിന്ന് തവളകളെ വിഴുങ്ങിയുള്ള വരവാണ്; ഇപ്പോൾ  മനുഷ്യന്മാരുടെ ശല്യമൊന്നും ഇല്ലല്ലോ. ബാങ്ക് വിളിക്കുന്ന ആളുമാത്രേ പള്ളിയിലുള്ളൂ; പിന്നെ ദർസിലെ രണ്ടു കുട്ട്യോളും. ചേര ഇഴഞ്ഞ് പള്ളിക്കാടും റോഡും വേർതിരിക്കുന്ന ചെങ്കൽ മതിലിനരികിലെ താവളത്തിലേക്ക് നീങ്ങി.

 

ചേരയുടെ വയറു നിറഞ്ഞതാണെങ്കിലും അധികം മെനക്കെടാതെ കിട്ടിയാൽ തന്നേയും അകത്താക്കും എന്ന ഭയമുള്ളത് കൊണ്ട്  ഓന്ത് ഞാവൽ മരത്തിലേക്ക് താവളം മാറ്റി. അതിനു താഴെയുള്ള ഖബറിലെ സംസാരത്തിനു കാതോർത്തു.

 

‘‘നല്ല സങ്കടം ഉണ്ട് അല്ലെ.. ഇന്നലെ രാത്രി ഞാൻ നിലവിളി ശബ്ദം കേട്ടിരുന്നു..’’

 

‘‘ഉം...’’

 

‘‘ആരും ഉണ്ടായില്ല, ആരും വന്നില്ല.. എന്നൊക്കെ പിച്ചും പേയും പറയുന്നത് കേട്ടല്ലോ..?’’

 

‘‘അതെ, ഖബറടക്കാൻ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളൂ’’

 

‘‘ഇത്രയധികം സമ്പത്തും സ്വാധീനവും ഉണ്ടായിട്ടും നിന്നെ ഖബറടക്കാൻ എന്തേ വിരലിലെണ്ണാവുന്ന ആളുകൾ മാത്രേ വന്നുള്ളൂ? വിശ്വസിക്കാൻ കഴിയുന്നില്ല!’’

 

‘‘ തൊട്ടാൽ പകരുന്ന ഒരു അസുഖം നാട്ടിൽ പടർന്നിട്ടുണ്ട്, അതിനു മരുന്നും കണ്ടുപിടിച്ചിട്ടില്ല. രോഗം വ്യാപിക്കുമെന്ന ഭീതിയിൽ കൂട്ടം കൂടുന്നതും അനാവശ്യമായി പുറത്തിറങ്ങുന്നതുമൊക്കെ നിയമ വിരുദ്ധമാണ്. ട്രെയിൻ, ബസ്സ്, വിമാന സർവീസ് ഒന്നുമില്ല. മൂന്നു മക്കളും വിദേശത്താണ്.. എന്നെ അവസാനമായി ഒരുനോക്കു കാണാൻ പോലും അവർക്കായില്ല’’

 

‘‘അയ്യോ.. വെറുതെയല്ല കുറച്ചു ആഴ്ച്ചകളായി എന്റെ മക്കളെ ഒന്നും ഇതുവഴി കാണാത്തത്.. വേണ്ട അവർ ഇതുവഴി വരേണ്ട.. ഇങ്ങോട്ടെ വരേണ്ട’’

 

‘‘അനുശോചന യോഗം വരെ കിട്ടേണ്ടതാണ് , അങ്ങാടിയിൽ ഫ്ളക്സ് വെക്കേണ്ടതാണ്, നൂറുകണക്കിന് പേരുടെ കൂട്ട പ്രാർത്ഥന ഉണ്ടാകേണ്ടിയിരുന്നതാണ്.. പക്ഷേ എനിക്കാ ഭാഗ്യം ഇല്ലാതെ പോയി’’

 

‘‘സാരമില്ല, എന്തൊക്കെയായാലും നമ്മൾ ചെയ്തത് മാത്രേ ഈ മണ്ണറയ്ക്കുള്ളിൽ നമുക്ക് തുണയാകൂ’’

 

ആ വിലാപങ്ങൾ  കേട്ടുകൊണ്ടിരുന്ന ഓന്ത് ഖബറിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കി.

 

പുത്തൻ മീസാൻ കല്ലുകൾ കൊണ്ട് അടയാളപ്പെടുത്തിയ പുതിയൊരു കുഴിമാടമാണ്. പച്ചമണ്ണിന്റെ അടയാളങ്ങൾ മാഞ്ഞിട്ടില്ല. അത് മൂടിയ  പുതുമണ്ണിന്‌ മുകളിൽ മഴത്തുള്ളികൾ ചിത്രം വരച്ചിട്ടുണ്ട്. കല്ലുകൾക്കൊപ്പം കുത്തിയ ചെമ്പരത്തി ചെടിയുടെ കൊമ്പുകളിലെ ഇലകൾ വാടി കൊഴിഞ്ഞിരിക്കുന്നു. അതിനേക്കാൾ വേഗത്തിൽ മണ്ണിനടിയിൽ കിടക്കുന്നവരുടെ മുടിയും നഖവും പല്ലുമൊക്കെ കൊഴിഞ്ഞിരിക്കും. വീണു കഴിഞ്ഞാൽ പിന്നെയുള്ളത് മണ്ണോട് ചേരുകയെന്നതാണ്. 

 

‘‘ഇല്ല, ചീഞ്ഞളിഞ്ഞു കിടക്കില്ല; അതിലും നല്ലത് ആർക്കെങ്കിലും ആഹാരമാവുക തന്നെ’’

 ഓന്ത് പിറുപിറുത്ത് കൊണ്ട് ചേരയെ തേടി ചെങ്കൽ മതിലിനരികിലെ താവളത്തിലേക്ക് പാഞ്ഞു!

 

English Summary : Pallikkattile Onthu Story By Rafees Maranchery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com