ADVERTISEMENT

നീളൻ  കൈകളുള്ള കൊറോണ (കഥ)

വിരസമായ പകൽ അതിന്റെ ഉച്ചച്ചൂടിൽ എത്തിയിരിക്കുന്നു. നഗരമധ്യത്തിലെ അംബരചുംബിയായ അപ്പാർട്ട്മെന്റിലെ 208–ാം നമ്പർ ഫ്ലാറ്റിൽ ഇരുന്നുകൊണ്ട് അമ്മു തന്റെ ചിത്ര പുസ്തകത്തിൽ പുതിയ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി.

 

നീല ആകാശം, താഴെ നിറയെ മരങ്ങൾ. പെട്ടെന്നാണ് വാവ വന്നു വരച്ചു കൊണ്ടിരുന്ന പുസ്തകം വലിച്ചത്.

 

 ‘‘ അമ്മേ,   ഈ വാവ.... എന്റെ ഈ ചിത്രവും..’’

 

സങ്കടം കൊണ്ട് വാക്കുകൾ പൂർത്തിയാക്കുവാൻ പോലും അമ്മുവിന് കഴിഞ്ഞില്ല. അടുക്കളയിൽ നിന്ന് വന്ന മിനി ഒരു അടിയും കൊടുത്തു പുസ്തകം അമ്മുവിനു തന്നെ നൽകി. വാവ ഉറക്കെ കരയുന്നുണ്ട്. 

 

അമ്മുവിന്  സഹതാപം ഒന്നും തോന്നിയില്ല.

 

‘‘ നിനക്ക് നിന്റെ കുഞ്ഞിനോടേ ഇഷ്ടമുള്ളൂ എന്റെ കുഞ്ഞിനോട് ഇല്ല’’

അച്ഛൻ അമ്മയോട് കയർക്കുന്നുണ്ട്.

 

‘‘ എന്താ വിനു ഇത്?  അമ്മു എന്റെ കുഞ്ഞു മാത്രമാണ്. പക്ഷേ വാവ, അത് നമ്മുടെ കുഞ്ഞല്ലേ. ഞാൻ വെറുതെ അവളെ അടിക്കുമോ? ’’

 

ഇന്ന് ഇത് മൂന്നാമത്തെ പ്രാവശ്യമാണ് ഇതുപോലെ അമ്മയും അച്ഛനും വഴക്ക് കൂടുന്നത്. ഓരോ വഴക്കിലും അമ്മയുടെ കുഞ്ഞു മാത്രമാണ് ഞാൻ എന്നും വാവ അച്ഛന്റെയും അമ്മയുടെയും കുഞ്ഞാണ് എന്നും  ഒക്കെ പറഞ്ഞു കേൾക്കുന്നുണ്ട്. ഇതിപ്പോൾ രണ്ടുമൂന്നു ദിവസമായിട്ട് തുടങ്ങിയതാ. കൊറോണ  കാരണം ഈ ഫ്ലാറ്റിലെ മുറിക്കുള്ളിൽ ഞങ്ങൾ നാല് പേരും ഇരിക്കാൻ തുടങ്ങിയതുമുതൽ. അല്ലെങ്കിൽ അച്ഛനെയും അമ്മയെയും ഇതുപോലെ കാണാൻ കിട്ടാറില്ല. ഈ കൊറോണ തന്നെയാണ് ആവോ എന്നെ അമ്മയുടെ മാത്രം കുഞ്ഞ് ആക്കിയത്. അറിയില്ല,  അമ്മ അങ്ങനെ ഒന്നും പറഞ്ഞു കേട്ടിട്ടില്ല.  പക്ഷേ, കൊറോണക്കെ   അതൊക്കെ സാധിക്കും. ആളു ഭയങ്കരനാ! കണ്ടില്ലേ   പരീക്ഷ ഒന്നും നടത്താതെ എന്നെ ഒന്നാം ക്ലാസിലേക്ക് ജയിപ്പിച്ചത് ! 

 

 

 

അച്ഛനും അമ്മയും വാവയും കൂടി മുറിയിലേക്ക് കടന്നു വാതിലടച്ചിരിക്കുന്നു. ഞാൻ എന്റെ ചെറിയ  സ്റ്റൂൾ എടുത്ത് ബാൽക്കണിയുടെ ചുമരിലേക്ക് ചേർത്തിട്ടു. ഗ്രിൽ പിടിച്ചു  താഴേക്ക് നോക്കി. ഒരു രസവുമില്ല റോഡ് കാണാൻ. വണ്ടികളൊന്നും പോകുന്നില്ല. 2 ദിവസം മുമ്പ് വരെ വാഹനങ്ങൾ വരിവരിയായി പോകുന്നത് കാണാൻ എന്ത് രസമായിരുന്നു. ഈ കൊറോണ വന്ന്  അതെല്ലാം കൊണ്ടുപോയി. ഈ കൊറോണയ്ക്ക് മറ്റൊരു പേര് കൂടിയുണ്ട് ത്രേ. Covid 19. ജികെ പരീക്ഷയ്ക്ക് ചോദിക്കും എന്ന് പറഞ്ഞ് അമ്മ എത്ര കഷ്ടപ്പെട്ടാണ് എന്നെ അത് പഠിപ്പിച്ചത്. ഇപ്പൊ എന്തായി? പരീക്ഷ തന്നെ കൊറോണ കൊണ്ടുപോയി.

 

 

അമ്മു വീണ്ടും അകത്തു സോഫയിൽ ഇരുന്നു പുതിയ ചിത്രം വരയ്ക്കാൻ തുടങ്ങി.

 

‘‘ അമ്മു  നീ  എന്താണ് വരച്ചിരിക്കുന്നത്?’’  അമ്മ  അത്ഭുതത്തോടെ ചോദിച്ചു. 

 

‘‘ഇതാണ്  അമ്മേ  കൊറോണ’’

 

നോക്കിക്കേ, വലിയ നീണ്ട കൈകൾ.  ഒരു കൈകൊണ്ട് റോഡിലെ എല്ലാ വണ്ടികളും വാരി എടുത്തിരിക്കുന്നു. മറ്റേ കൈകൊണ്ടു സ്കൂൾ എല്ലാം പൂട്ടി ഞങ്ങളെ കളിക്കാൻ വിട്ടിരിക്കുന്നു.

 

ചിത്രത്തിലെ  വലിയ രൂപത്തിലേക്ക് നോക്കി അമ്മ ചോദിച്ചു.

 

‘‘ ഇനിയും കാണുന്നുണ്ടല്ലോ  കുറേ കൈകൾ?’’

 

‘‘അമ്മയ്ക്ക്  മനസ്സിലായില്ലേ?  ആ  കൈകൾ കൊണ്ടല്ലേ കുറെ  പേരെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നത്’’

 

 

മിനി ചിരിച്ചു പോയി. അമ്മ ചിരിക്കുന്നത് കണ്ട് അമ്മു ചോദിച്ചു. 

 

‘‘ അമ്മ  എന്താ ചിരിക്കുന്നേ.  ഇങ്ങനെയല്ലേ കൊറോണയെ   വരക്കേണ്ടത്?’’

 

‘‘നോക്കൂ അമ്മൂ... നീ ടീവിയിൽ കണ്ടിട്ടില്ലേ?  വട്ടത്തിൽ മുള്ളുകളുള്ള രൂപം അതാണ് കൊറോണ’’

 

‘‘ അയ്യേ അത് ആരാണ്ട് തെറ്റി വരച്ചതാ അമ്മേ.   അതിനു   മുഖവും കൈകളും ഇല്ലല്ലോ. ഇത്രയൊക്കെ ചെയ്യാൻ കൊറോണക്ക് കൈകൾ വേണ്ടേ?’’  മിനി ഒന്നും  മിണ്ടാതെ അടുക്കളയിലേക്ക് നീങ്ങി.  കുറച്ചുനേരം കഴിഞ്ഞപ്പോഴാണ് അമ്മു പുസ്തകമായി വന്ന്  തന്നെ തന്നെ നോക്കുന്നതായി അവൾ കണ്ടത്. 

 

‘‘എന്തേ?’’

 

‘‘ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ? പണ്ട് ഞാൻ അച്ഛാ എന്നു വിളിച്ചിരുന്ന എന്നെ കെട്ടിപിടിച്ചു ഉമ്മ തന്നിരുന്ന ആ ആളില്ലേ. ആ അച്ഛനെ  കൊണ്ടു വരാൻ കൊറോണയോട്  പറഞ്ഞാലോ? കൊറോണക്ക്  സാധിക്കാതിരിക്കില്ല’’

 

മിനി   ഒന്നും മിണ്ടാതെ മകളെ  കെട്ടിപ്പിടിച്ചു. അമ്മു  പതിയെ ബാൽക്കണിയിലേക്ക് നീങ്ങി. അമ്മ പുറകെ വന്നത് അവളറിഞ്ഞതേയില്ല. 

 

‘‘ അമ്മൂ, കൊറോണ  എന്നാൽ തീരെ ചെറിയ കീടാണുവാണ്.  അത് മനുഷ്യരിൽ രോഗം ഉണ്ടാക്കുന്ന വയാണ്’’ മിനി  അമ്മുവിനെ നോക്കിക്കൊണ്ട് പറഞ്ഞു തുടങ്ങി. എന്നാൽ അമ്മു  അതൊന്നും കേൾക്കുന്നു ണ്ടായിരുന്നില്ല. അവളുടെ മനസ്സിൽ ആ കുഞ്ഞു വൈറസ് നീളൻ കൈകളുള്ള അതികായനായ അമാനുഷികമായ  രൂപമായി മാറിക്കഴിഞ്ഞിരുന്നു.

 

 

ഒരു കയ്യിൽ തന്റെ അച്ഛനെയും വാരി എടുത്തു കൊണ്ട്‌ തനിക്കരികിലേക്ക്  പറന്നു വരുന്ന കൊറോണയെ കാത്തു കൊണ്ടു അമ്മു ബാൽക്കണിയിലെ ഗ്രില്ലിൽ   പിടിച്ച്   ആകാശത്തേക്ക് നോക്കി നിന്നു.

 

English Summary : Neelan Kaikalulla Corona Story By Dolly Mathews

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com