ADVERTISEMENT

പകൽവീട് (കഥ)

അടുത്ത വർഷം മുതൽ ഡേകെയർ ഫീസ് കൂടുമെന്ന് സാമുവൽ സാർ പറഞ്ഞത് മമ്മ കേൾക്കാതെയാണ് ആൻസിയോട് പറഞ്ഞത്. ചെലവുകളുടെ കണക്കുകൾ പറഞ്ഞ് ആൻസി പൊട്ടിത്തെറിക്കും എന്ന് വിചാരിച്ച് രഹസ്യമായാണത് അവളോട് പറഞ്ഞത്.അവൾക്കു പക്ഷേ വിഷമം ഒന്നും ഇല്ലായിരുന്നു. 

 

‘‘ 70 വയസ്സ് കഴിഞ്ഞതല്ലേ, എത്ര ആയാലും  കൊടുത്തല്ലേ പറ്റൂ’’ എന്നതായിരുന്നു അവളുടെ പ്രതികരണം.

മകളുടെ എൻട്രൻസ് കോച്ചിങ് അടുത്തമാസം മുതൽ സ്റ്റാർട്ട് ചെയ്യും. പിന്നെ നമ്മൾ ആറുമണിയോടെ മത്രമല്ലേ ഓഫീസിൽ നിന്നും വരികയുള്ളൂ.  ഇത്രനേരം വീട്ടിൽ ആരും ഇല്ലാതെ മമ്മയെ ഒറ്റക്കിരിത്തുന്നത് എങ്ങനെയാണ്. അവർ നന്നായി നോക്കുന്നുണ്ടല്ലോ. മാന്യമായി വണ്ടിയിൽ കൊണ്ടുപോകുകയും കൊണ്ടുവരുകയും ചെയ്യുന്നു. മുൻപുണ്ടായിരുന്ന ഡേകെയർ പോലെ ഇവിടെ രാത്രിയിൽ മക്കളെയും മരുമക്കളെയും ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള ഹോംവർകക്കോ  ആക്ടിവിറ്റികളോ  ഒന്നുമില്ല.

 

 

കൂടെയുള്ള ഫ്രണ്ട്സും നല്ല കുടുംബത്തിൽ നിന്നുള്ളവർ. മോശം ശീലങ്ങൾ ഒന്നും അവിടെ നിന്ന് പഠിച്ചിട്ട് വീട്ടിൽ കാണിക്കുന്നില്ല. ആഹാരം കഴിച്ചിട്ട് പാത്രം പോലും  കഴുകിവയ്ക്കാറില്ലായിരുന്ന  മമ്മ ഇപ്പോൾ ആഹാരത്തിനു ശേഷം പാത്രം കഴുകി വയ്ക്കുന്നതും ടേബിൾ ടോപ്പ് ക്ലീൻ ചെയ്യുന്നതും കണ്ടിട്ടില്ലേ ? അതാ നല്ല അച്ചടക്കമുള്ള സ്ഥാപനത്തിൽ കൊണ്ട് ചേർത്താൽ ഉള്ള ഗുണം.

 

ആറുമണി വരെ അവർ നോക്കുന്നുണ്ടല്ലോ. അത് കഴിഞ്ഞു വന്ന് ടീവിയുടെ മുന്നിലിരുന്നു കൊള്ളും. നമ്മൾക്ക് ശല്യം ഒന്നുമില്ല. പിന്നെ ഫീസ്, അത് മറ്റു മക്കളോട് എല്ലാം അമ്മയ്ക്ക് വേണ്ടിയുള്ള കോൺട്രി ബ്യൂഷൻ കൂട്ടാൻ പറയണം’’

 

          

ത്രേസ്യാമ്മ ഡേ കെയറിൽ  ഹാപ്പി ആയിരുന്നു. പണ്ടൊക്കെ നാട്ടു വർത്തമാനം പറയാനും കേൾക്കാനും ആയി പല വീടുകളിൽ കയറി ഇറങ്ങി നടക്കണമായിരുന്നു. പൊങ്ങച്ചക്കാരികളായ മക്കളും മരുമക്കളും പല വീടുകളുടെയും ഭരണമേറ്റെടുത്തത് മൂലം  അങ്ങോട്ടൊന്നും കയറാൻ പറ്റാത്ത സ്ഥിതിയായി . ഞായറാഴ്ച പള്ളിയിൽ ആണെങ്കിൽ കൊണ്ടു പോകുന്നവരുടെ സൗകര്യത്തിനനുസരിച്ച് പോയി വരണം.ഇവിടെ ഇപ്പോൾ എല്ലാവരും ഒത്തുകൂടി എന്തൊരു രസമാണ്. രാവിലെ എട്ട് മണിക്ക് വന്നാൽ ആറുമണിവരെ സംസാരം തന്നെ സംസാരം. ലോക കര്യങ്ങൾ എല്ലാം അറിയാം. സ്നാക്സ് കൊണ്ടു വന്നാലും ഇല്ലെങ്കിലും കുഴപ്പമില്ല. ആര് കൊണ്ടുവന്നാലും ഷെയർ ചെയ്തു കഴിക്കാം . ഉച്ചയ്ക്ക് ആഹാരം ഇവിടെനിന്നും തന്നെ. 

 

 

ആഴ്ചയിലൊരിക്കൽ വരുന്ന ഡോക്ടർ ഉണ്ടല്ലോ. അയാൾ കണിശക്കാരനാണ് പലർക്കും പല നിബന്ധ നകളും വെക്കും. ഉപ്പ് കുറയ്ക്കണം, മധുരം കൂട്ടരുത് എന്നൊക്കെ. അത് അനുസരിച്ച് മാത്രമേ ഓരോരുത്ത ർക്കും ഭക്ഷണം കിട്ടുകയുള്ളൂ. എങ്കിലും ഒരുമിച്ചിരുന്ന് പല പാത്രത്തിൽനിന്ന് കഴിച്ചിട്ട്  ഉപദേശം എല്ലാം  അങ്ങ് മറക്കും. ഫ്രണ്ട്സ് ആരുടെയെങ്കിലും വീട്ടിൽ വിശേഷങ്ങൾ നടന്നാൽ സ്പെഷ്യലായി എന്തെങ്കിലും അവർ കൊണ്ടുവരും. ഏലിയാമ്മയുടെ മകൾ ബെൻസ് കാർ വാങ്ങിയപ്പോൾ  എല്ലാവർക്കും ബ്ലാക്ക് ഫോറസ്റ്റ് കേക്ക് ആയിരുന്നു കൊടുത്തു വിട്ടത് .അക്കാര്യം മരുമകളോട് പറഞ്ഞപ്പോൾ അവൾക്ക് എന്തൊരു ദേഷ്യം ആയിരുന്നു.  നാട്ടുകാരുടെ കാര്യം ഇവിടെ വന്നു വിളമ്പരുത് എന്നു പറഞ്ഞു ദേഷ്യപ്പെട്ടു. അസൂയ... അല്ലാതെന്ത്. ഏലിയമ്മയുടെ മകൾ പുതിയ കാറിൽ വീട്ടിൽ കൊണ്ടുവന്നു വിട്ടകാര്യം അതുകൊണ്ട് മരുമകളോട് പറഞ്ഞില്ല 

 

 

സാമുവൽ സാറിന് ആ മാസത്തെ കണക്കുകൾ പരിശോധിച്ചപ്പോൾ വളരെ സന്തോഷം തോന്നി. ‘‘പകൽ വീട് ’’  എന്ന പ്രായമാവരെ സംരക്ഷിക്കുന്ന തന്റെ സ്ഥാപനം വളരെ നല്ല രീതിയിൽ പോകുന്നു. സമൂഹത്തിൽ പണക്കാരുടെ ഇടയിൽ നല്ല സ്റ്റാറ്റസ് ഉണ്ട്.  ബാങ്ക് ബാലൻസ് വിചാരിച്ചതിലധികം കൂടുന്നുണ്ട്. മാർക്കറ്റിങ് എക്സിക്യൂട്ടീവുകൾ തന്റെ അപ്പോയ്മെന്റ്ന് വേണ്ടി കാത്തുനിൽക്കുകയാണ്.

 

 

‘‘അഡൾട്ട് ഡയപ്പർ’’ കമ്പനിക്കാർ എപ്പോഴും ശല്യമാണ്. 70 വയസ് കഴിഞ്ഞ എല്ലാവരെക്കൊണ്ടും ഡയപ്പർ വാങ്ങിപ്പിക്കണം എന്നാണ് അവർ പറയുന്നത്. രണ്ട് വീൽ ചെയർ ഉൾപ്പെടെ നല്ല നല്ല ഓഫറുകൾ അവർ സമ്മാനമായി തന്നിട്ടുണ്ട്. 70 വയസ്സ് കഴിഞ്ഞവർക്ക് ഇപ്പോൾതന്നെ സ്പെഷ്യൽ കെയർ ഫീ വാങ്ങുന്നുണ്ട്.75 വയസ്സിന് മുകളിലുള്ളവർക്ക് വീക്കിലി ഹെൽത്ത് ചെക്കപ്പ് , ഹെൽത്ത് കാർഡ്  എന്നിവ ഏർപ്പെടുത്തിയിട്ടു ണ്ട്. അതിനു വേറെ ആണ് ഫീസ്. കൺസൾട്ടേഷനും മറ്റും ഡോക്ടർമാർക്ക് വലിയ ഇഷ്ടമാണ്. വലിയ വലിയ ഹോസ്പിറ്റൽ കാർ ഫ്രീ ആയിട്ടാണ് ഡോക്ടർമാരെ വിട്ടുനൽകുന്നത്. ഇക്കാര്യത്തിൽ ആയുർവേദ ക്കാരും ഒട്ടും പിന്നിലല്ല.

 

 

മാതാപിതാക്കളെ ഇവിടേക്ക് പറഞ്ഞു വിടുന്ന പല കുടുംബങ്ങളുടെയും ആവശ്യം ഇവിടെ നിന്നും നൈറ്റ് കെയർ കൂടി വേണം  എന്നാണ്. വൃദ്ധസദനം എന്ന ആശയം അവർക്ക് ഒട്ടും ഇഷ്ടമല്ലത്രെ. നാട്ടുകാർ എന്ത് വിചാരിക്കും എന്ന തോന്നൽ. അവരുടെ വീട്ടിൽ തന്നെ ആളെ  വിട്ട് നൈറ്റ് കെയർ കൂടി ഏർപ്പെടുത്ത ണമെന്നാണ് പറയുന്നത്. അതാകുമ്പോൾ ഒറ്റയ്ക്ക് പാരന്റ്സിനെ വീട്ടിൽ നിർത്തിയിട്ട് വിദേശത്തു പോകാമല്ലോ.

 

 

ഈ കാര്യത്തിൽ അൽപം പുരോഗതിയുണ്ടായി. പുതിയ സ്റ്റാഫിനെ റിക്രൂട്ട് ചെയ്തപ്പോൾ താമസ സൗകര്യം  ആവശ്യമുള്ളവരെ ആണ് എടുത്തത്. പലരെയും പല വീട്ടിലും മുറി നൽകി താമസിപ്പിച്ച്  ‘‘പകൽ വീട്ടിലെ’’ അംഗങ്ങൾക്ക് രാത്രി സംരക്ഷണം  കൂടി നൽകി. അങ്ങനെ സ്റ്റാഫ് സാലറിയുടെ തുക നൈറ്റ് കെയറിൽ നിന്ന് കിട്ടുകയും ചെയ്തു. കുറച്ച് മുറികളിൽ ഏ സി ഫിറ്റ് ചെയ്യണം. ഡസ്റ്റ് അലർജി ഉള്ള ഇൻ-മേറ്റ്സിന്റെ വീട്ടുകാർ തന്നെ അത് ചെയ്തോളും. എല്ലാം അവരുടെ തന്നെ ആവശ്യമല്ലേ. ഞാൻ സമ്മതം മാത്രം മൂളിയാൽ മതി. പോയിട്ട് വന്ന ആൻസി വളരെ സന്തോഷവതിയായിരുന്നു.  ‘‘വെൽ അറേഞ്ച്ഡ് ഫങ്ഷൻ’’ എന്നാണ് അവൾ പറഞ്ഞത് . 

 

ഡേ കെയറിയിൽ വച്ചായിരുന്നു വർഗീസ് ചേട്ടന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഹോസ്പിറ്റലിലെ ഐ സി യുവിൽ അഡ്മിറ്റ് ചെയ്തതിനുശേഷമാണ് സാമുവൽ സാർ വീട്ടുകാരെ പോലും വിവരം അറിയിച്ചത്. എല്ലാവിധ പരിചരണവും അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽത്തന്നെയായിരുന്നു. മക്കളെ എല്ലാം കണ്ടുകൊണ്ട് മരിക്കാനുള്ള ഭാഗ്യം അതുകൊണ്ട് അദ്ദേഹത്തിന് ലഭിച്ചു.

 

പകൽ വീട്ടിലെ  അംഗങ്ങളുടെ എല്ലാം വീട്ടുകാരെ വിളിച്ച് അറിയിച്ചിട്ട് മരണവിവരം ഡേ കെയറിയിൽ വരുന്ന അവരുടെ മാതാപിതാക്കളെ അറിയിക്കരുത് എന്ന് പറയുകയും ചെയ്തു. ചിലർക്ക് അത് മെന്റൽ ഷോക് ആയാലോ. പള്ളിയിലെ ഒരുക്കങ്ങളും ചടങ്ങിനു ശേഷം ഉള്ള ഭക്ഷണവും എല്ലാം നന്നായി. ഒരു ഇവന്റ് മാനേജ്മെന്റ് ടീമിനേക്കൾ കൃത്യതയോടു കൂടി സാമുവൽ സാറ് എല്ലാം അറേഞ്ച് ചെയ്തു.

 

മരിച്ചടക്കിന് സാധാരണ ചായയുടെ കൂടെ ബിസ്ക്കറ്റ്, ഉഴുന്നുവട എന്നിവയാണ് കൊടുക്കാറുണ്ടായിരുന്നത് . ഇന്ന് പപ്സ്  ആയിരുന്നു. വെജിറ്റേറിയനും നോൺവെജിറ്റേറിയനും ആവശ്യത്തിന്. ഇത്രയും രുചിയുള്ള പഫ്സ് ഇതുവരെ കഴിച്ചിട്ടേ ഇല്ല. അതുകൊണ്ട് ഒന്നിന് പകരം രണ്ടെണ്ണം തന്നെ കഴിച്ചു. കുറ്റം പറയരുതല്ലോ ഒന്നിനും ഒരു കുറവും ഇല്ലായിരുന്നു .

 

പിന്നെ വർഗീസ് ചേട്ടന്റെ  മരുമകൾ ഇട്ടിരുന്ന കറുത്ത ബ്ലൗസ് പുതിയതായിരുന്നു. കഴുത്ത് എല്ലാം നന്നായി ഒതുക്കി വൃത്തിയായി തയ്ച്ചിരിക്കുന്നു. ഇതിനിടയിൽ അവൾ എവിടെ കൊടുത്തത്  തുന്നിച്ചത് ആയിരിക്കും അത്? അതോ അതും എമർജൻസി ആയിട്ട് സാമുവൽ സർ തന്നെ ചെയ്യിപ്പിച്ചതികുമോ? ആയിരിക്കും.

 

അടുത്ത തവണ ഡേകെയറിൽ പോകുമ്പോൾ അതെല്ലാം ഒന്ന് തിരക്കി വയ്ക്കണം. ആപത്ത് ആരുടെ കുടുംബത്തിലും എപ്പോൾ വേണമെങ്കിലും ഉണ്ടാക്കാമല്ലോ എല്ലാ കാര്യത്തിലും പരിചയമുള്ള ഒരു വിശ്വസ്തൻ ആ സമയത്ത് നോക്കിനടത്താൻ ഉണ്ടായാൽ ഒരു വലിയ കാര്യമല്ലേ? അപ്പോൾ  പണമെത്ര എന്ന് നോക്കിയിട്ട് എന്ത് കാര്യം?  സമൂഹത്തിൽ അന്തസ്സോടെ ജീവിക്കണമെങ്കിൽ ഇങ്ങനെയുള്ള ആളുകളെ എപ്പോഴും കൂട്ടുപിടിക്കണം.

 

 

ഭർത്താവ് രാത്രിയിൽ പുറത്തിറങ്ങി രഹസ്യമായി ആരോടോ സംസാരിക്കുന്നത് കണ്ടപ്പോൾ ആൻസിക്ക് സംശയം തോന്നി. ചോദിച്ചപ്പോൾ ഓഫീസിലെ ഹരിയുടെ കാൾ ആണ് എന്ന് കാണിച്ചു തന്നു. രാത്രിയിൽ ബെഡ് റൂമിൽ വച്ചാണ് ഹരിയുടെ ഫോൺ കാളിന്റെ കാര്യം പറഞ്ഞത്.മമ്മ കേൾക്കാതിരിക്കാൻ ആണത്രേ പുറത്തുപോയി സംസാരിച്ചത്. 

 

ഹരിയും ഭാര്യയും ജോലിക്കു പോയാൽ അവന്റെ  അമ്മ ഒറ്റയ്ക്കാണ്. പ്രായം അധികം ഇല്ലാത്തതിനാലും മറ്റു രോഗങ്ങൾ ഇല്ലാത്തതിനാലും ഇതുവരെ കുഴപ്പങ്ങൾ ഒന്നും ഇല്ലായിരുന്നു. പക്ഷേ പകൽസമയങ്ങളിൽ പലപ്പോഴും അവർ ഗേറ്റിനടുത്ത് വന്ന്നിന്ന് നാട്ടുകാരോട് എല്ലാം സംസാരിക്കുന്നു.  വാട്ട്സ്ആപും ഫേസ്ബുക്കും ഒക്കെ ഉള്ള ഈ കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റുകയില്ലല്ലോ . ദിവസവും ഏതെല്ലാം തരത്തിലുള്ള വാർത്തകളാണ് നാം കേൾക്കുന്നത് . പകൽ ഒറ്റക്കല്ലേ എന്ന് വിചാരിച്ച് ഒരു വേലക്കാരിയെ വെച്ചാലും അവർക്ക് പതിനായിരം രൂപ മാസം കൊടുക്കണം. വീട് എല്ലാം തുറന്നിട്ട് പോകേണ്ടിവരും. അവരുമായി പൊരുത്തപ്പെട്ട് പോകാൻ പറ്റാത്തതിനാൽ വേലക്കാരിയെ വേണ്ടെന്നുവെച്ചു. കാര്യങ്ങളെല്ലാം പുറത്തുള്ളവർ അറിയുന്നത് മോശമല്ലേ?  

 

അങ്ങനെയാണ് ഹരി ‘‘പകൽ വീടി’’നെക്കുറിച്ച് കേൾക്കുന്നത് . 60 വയസ്സിൽ താഴെ ഉള്ളത് കൊണ്ട് അവിടെ അഡ്മിഷൻ കിട്ടുമോ എന്ന് ഒരു സംശയം. അവിടെ ഒരു അഡ്മിഷനു വേണ്ടി റെക്കമെൻഡ് ചെയ്യാനാണ് എന്നെ വിളിച്ചത്. ഞാനത് സമ്മതിച്ചു. ആൻസി ഒന്നും മിണ്ടിയില്ല . ഒന്നു നെടുവീർപ്പിടുക മാത്രം ചെയ്തു. തങ്ങളുടെയും വാർദ്ധക്യകാലം ഇതുപോലെ ആകുമോ എന്നു ചിന്തിച്ചുകൊണ്ട് ഇരുവരും കട്ടിലിന്റെ രണ്ടു വശങ്ങളിലേക്ക് ചരിഞ്ഞു കിടന്നു....

 

English Summary : Pakalveedu Story By Unnikrishnan  Kavanadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com