ADVERTISEMENT

കോവിഡ് പോസറ്റീവ് (കഥ) 

അന്നും സൂം മീറ്റിങ് കഴിഞ്ഞു വന്ന ഭർത്താവ് വിഷാദവാനായിരുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ട് ലോക്ഡൗ ൺ തുടങ്ങി വീട്ടിൽ ഇരിപ്പായതിന്റെ പിറ്റേ ആഴ്ചമുതൽ തുടങ്ങിയതാണ് ഈ സൂം മീറ്റിങ്. ഒന്നരാടം പടിയു ണ്ടാകും രണ്ടുമണിക്കൂറോളം. സെയിൽസ് ഫീൽഡിൽ വർക്ക്‌ ചെയ്തിരുന്ന ഭർത്താവിന് വരുമാനത്തി ലൊന്നും ഒരു കുറവുമുണ്ടായിരുന്നില്ല. എന്നും കാലത്തു ജോലിക്കുപോയാൽ രാത്രിയാകുമ്പോഴേക്കും വീടുപിടിക്കാം. ഏറെ യാത്ര ചെയ്യേണ്ടതുണ്ടെങ്കിലും യാത്ര ഇഷ്ടമുള്ളതുകൊണ്ട് അതൊരു പ്രശ്നമേ ആയിരുന്നില്ല.

 

 

 

അങ്ങനെ കാര്യങ്ങൾ തെറ്റില്ലാതെ പൊയ്ക്കൊണ്ടിരിക്കുന്നതി നിടയിലാണ് ചൈനയിൽ നിന്നുള്ള കുഞ്ഞൻ കൊടുംഭീകരന്റെ വരവ്. അതോടെ പുറത്തിറങ്ങാൻ പറ്റാതെ വീട്ടിൽ ഇരിപ്പായി. അങ്ങനെ ഇരിക്കുന്നവർക്ക് സ്വൈര്യം കൊടുക്കാൻ പാടില്ലെന്ന തിരിച്ചറിവിലാണ് വലുതായിക്കാണുന്നത് എന്നർത്ഥമുള്ള സൂമിന്റെ വരവ്. അതോടെ കാര്യങ്ങൾക്കൊക്കെ തീരുമാനമായി. മാനേജർമാർക്ക് മുഖം നോക്കി ചീത്ത പറയാനുള്ള ഒരു വേദി കിട്ടി. പലപ്പോഴും മീറ്റിങ് കഴിഞ്ഞു വരുമ്പോൾ ചുവന്നു തുടുത്ത ഭർത്താവിന്റെ മുഖം നോക്കി ഭാര്യ നിൽക്കും. അപ്പോൾ ഭർത്താവ് പിറുപിറുക്കുന്നത് കേൾക്കാം, ‘ഇതിലും ഭേദം കൊറോണ പിടിച്ചു ചാവുന്നതായിരുന്നു’. 

 

ദിനങ്ങൾ കഴിഞ്ഞിട്ടും ലോക്ഡൗൺ അവസാനിക്കുന്ന മട്ടില്ല. സൂം മീറ്റിങ്ങും കമ്പനിക്ക് മടുത്തു. അന്ന് അവസാനത്തെ മീറ്റിങ്ങുകഴിഞ്ഞു വരുന്ന ഭർത്താവിനോട് ഭാര്യ: 

 

‘‘എങ്ങനെയുണ്ടായിരുന്നു ഇന്നത്തെ മീറ്റിങ്?’’

 

‘‘ ഒന്നെങ്കിൽ കൊറോണ വന്നു മരിക്കാം. അല്ലെങ്കിൽ പട്ടിണി കിടന്ന് മരിക്കാം. ഏതാ വേണ്ടതെന്നു വെച്ചാ തീരുമാനിച്ചോളാൻ.. എത്ര കാലോന്നുവെച്ചിട്ടാ ഇങ്ങിനെ സൂമിൽ നോക്കി ഇരിക്ക്യാ’’

 

‘‘എന്തായാലും കൊറോണ വന്നു മരിക്കണ്ട, അതിലും ഭേദം പട്ടിണി കിടക്കുന്നതാ’’ ഭാര്യയ്ക്ക് സംശയിക്കാ നൊന്നുമില്ല. അവൾക്കെന്തു സൂം മീറ്റിങ്...

 

ഭർത്താവിന് രാത്രി തീരെ ഉറക്കമില്ലെന്നു ഭാര്യ കണ്ടു. ഇടയ്ക്കിടെ ഉറങ്ങുന്ന കുട്ടികളെ നോക്കി വരുന്നത് കണ്ടു. ആ പെൺകുഞ്ഞുങ്ങളിൽ ഭർത്താവ് കാണുന്നത് പട്ടിണികിടന്നു വയറുപൊത്തിപ്പിടിച്ചു കരയുന്ന തന്റെ മക്കളെയാണെന്നാണ് ഭാര്യ കരുതിയത്. 

 

നല്ല സുഖമായിട്ടുള്ള ഉറക്കം. ആറിലും എട്ടിലും പഠിക്കുന്ന പെൺകുട്ടികൾ. കൊറോണ വന്നപ്പോൾ സുഖിച്ച ഒരേ ഒരു വിഭാഗം ഈ കുട്ടികൾ ആയിരിക്കണം. ഭർത്താവിന് മക്കളെ നോക്കി നിന്നപ്പോൾ അസൂയ തോന്നി. 

ഭർത്താവു ടെൻഷൻ മൂത്ത്‌ വല്ല കടും കയ്യും ചെയ്തേക്കുമോ എന്നു കരുതി കാവലിരുന്ന ഭാര്യ ഉറങ്ങിയത് നേരം വെളുത്തപ്പോഴാണ്. നേരം വൈകി ഉണർന്നു വരുമ്പോഴുണ്ട്, മുഖാവരണവും കയ്യുറയും സാനിറ്റൈസറുമൊക്കെയായി ഭർത്താവ് തയാറായി നിൽക്കുന്നു.

 

‘‘കോവിഡ് വന്നും പട്ടിണി കിടന്നും മരിക്കാൻ തീരുമാനിച്ചിട്ടില്ല. പോരാടി ജീവിക്കാനാ തീരുമാനം’’

 

അതും പറഞ്ഞ് ഒന്നര മാസം മുൻപുവരെ പോയിരുന്നതുപോലെതന്നെ ഭർത്താവ് ഇരുചക്രവാഹനത്തി ലിരുന്ന് ഓടിച്ചുപോയി. അഴിഞ്ഞുകിടന്ന മുടി വലിച്ചു വാരിക്കെട്ടി പതിവിൻപടി ഭാര്യ അകത്തേക്കും.

 

English Summary : Covid Positive Short Story By P. Raghunath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com