ADVERTISEMENT

ലക്ഷ്മിക്കുട്ടിയുടെ സ്വർണ്ണമാല ( കഥ)

 

‘‘ഇന്നെന്താ നാണുവേട്ടാ നേരത്തെ’’

 

അതിരാവിലെ പറമ്പിലൂടെ നടന്ന് അപ്പുറത്ത് കാണുന്ന കൊച്ചു പാറയുടെ അടുത്തേക്ക് നീങ്ങുന്ന നാണുനായരെ കണ്ട കുമാരൻ ചോദിച്ചു.

 

‘‘ഡാ  ഇന്നല്ലെ മ്മളെ ഗോവിന്ദമേനോന്റെ സഞ്ചയനം.  വേഗം കുളിയൊക്കെ കഴിഞ്ഞ് ഞാനങ്ങട് ചെന്നാലെ കാര്യങ്ങൾക്കൊരു ഇരുത്തം വരൂ’’

 

‘‘അല്ല ന്റെ നാണുവേട്ടാ... ങ്ങക്ക് ബീട്ടില് കക്കൂസില്ലേന്ന്. പിന്നെന്തിനാന്ന് ഈ പാറച്ചോട്ടിലേക്ക് പോണത്’’

 

‘‘ഒന്നു പോയെന്റെ കുമാരാ  കക്കൂസൊക്കെ ത്ര കാലായി വന്നിട്ട്. വല്യമ്മാൻ ണ്ടാകുമ്പോ രാവിലെ ആറേഴ് പേർ ഒരുമിച്ചൊരു പോക്കുണ്ട്. നാട്ടുകാര്യം പറഞ്ഞോണ്ട്. പാറടെ അപ്പുറത്തും ഇപ്പറത്തുമായി ഇരിക്കും. അപ്പഴും നാട്ടു വിശേഷത്തിന് ഒരു കുറവുമില്ല. വീട്ടിലെ പെണ്ണുങ്ങള് ഒരുമിച്ച് കല്ലുവെട്ടാം കുഴിയിലേക്കാണ് പുവ്വാ. ചിരിച്ചും കളി പറഞ്ഞും. അത് കഴിഞ്ഞ് ചന്തി കഴുകലും പല്ലുതേപ്പും കുളിം വടക്കേലെ കുളത്തില്. കുളി കഴിഞ്ഞ് കാളികാവിൽ ഒന്ന് തൊഴുത് ഭഗവതീടെ മഞ്ഞളും നെറ്റിയിൽ തൊട്ടാണ് തറവാട്ടിലെ പണികൾ തുടങ്ങുക. അതൊക്കെ ഒരു കാലം. പ്പൊ ല്ലാരും പോയി. ഞാൻ മാത്രം ആയി. യ്യ്  പ്പൊ എങ്ങട്ടാ’’

 

‘‘ഞാൻ ചന്തക്ക് പോണ്ന്ന് ചുവ്വാഴ്ചയല്ലേന്ന്’’

 

‘‘ ഒരു കാര്യം ഞാൻ പറയാ  അന്റെ കടേല് സാധനങ്ങൾക്ക് വിലക്കൂടതലാന്ന് പൊതുവെ ഒരു സംസാരം പരന്നിട്ടുണ്ട്’’ 

 

കുമാരൻ അതിന് മറുപടി പറയാതെ ചന്തയിലേക്ക് നീങ്ങി.....

 

‘‘നാണുവേട്ടാ.... ദൂരെ നിന്നുള്ള വിളി കേട്ടപ്പോൾ നാണു തിരിഞ്ഞു നോക്കി.

 

കായിക്കാതൊടിയിലെ വാസു  ആ ഗ്രാമത്തിലെ വെളിച്ചപ്പാടാണ്.

 

‘‘ഇയ്യെന്താടൊ  രാവിലെ തന്നെ തുള്ളിക്കൊണ്ട് വരണെ  ഭഗവതികയറിയൊ’’

 

‘‘അതല്ല നാണുവേട്ട ..... ങ്ങളറിഞ്ഞില്ലെ .... മ്മടെ ലക്ഷ്മിക്കുട്ടിയുടെ മാല കാണാനില്ല. ആരോകട്ടോണ്ട് പോയി’’

 

‘‘ മ്മടെ മേലേടത്തെ ലക്ഷ്മിക്കുട്ടിയുടെയൊ’’

 

‘‘അതിപ്പൊ ആരാടോ അബടെ കയറികക്കാൻ: അത്രക്ക് ധൈര്യമോ’’

 

‘‘ന്തായാലും ങ്ങള് അങ്ങട് ചെല്ലി’’

 

നാണുവേട്ടൻ വലിഞ്ഞു നടന്നു. നാണു വേട്ടന് ഇന്നത്തേക്കുള്ള കാര്യങ്ങളൊക്കെയായി.ഗോവിന്ദമേനോന്റെ സഞ്ചയനം, ലക്ഷ്മിക്കുട്ടിയുടെ സ്വർണമാല മോഷണം. ആ ഗ്രാമത്തിൽ എവിടെ ഒരു വിശേഷം ണ്ടായാലും നാണുവേട്ടൻ ഒരു കാര്യക്കാരനായി അവിടെയൊക്കെ കാണും. അത് ആ നാട്ടിൽ എല്ലാവരും കൽപ്പിച്ചു കൊടുത്ത ഒരു സ്ഥാനമാണ്. പിന്നെ അവിടെയെല്ലാം ഓടി നടന്ന് ഒരു മേൽനോട്ടം നാണുവേട്ടനായിരിക്കും.

പടി കടന്ന് ദുരേന്ന് നോക്കിയപ്പോൾ തന്നെ നാണുനായർക്ക് കാര്യം മനസ്സിലായി. എല്ലാരുംണ്ട്  മേലെടത്തെ കാരണവർ പത്മനാഭപ്പണിക്കർ ചാരുകസേരയിൽ ഇരിക്കുന്നു. വരാന്തയിലും മിറ്റത്തുമായി നാലഞ്ച് ആൾക്കാരുണ്ട്. അപ്പൊ എല്ലാവർക്കും കാര്യം മനസ്സിലായിരിക്കുണു.

 

വെളിച്ചപ്പാട് വാസു,  മേസ്തിരി ദാമോദരൻ, തുന്നക്കാരൻ സക്കറിയ, തൊടിയില് പണിക്ക് വരണ അപ്പുട്ടൻ, റിട്ടയേർഡ് അദ്ധ്യാപകൻ ബാലൻ മാഷ്,  വിരമിച്ച ഹെഡ് കോൺസ്റ്റബിൾ സാദിക്ക .അങ്ങനെ എല്ലാരുംണ്ട്

 

‘‘അല്ല ദ് പ്പൊ ങ്ങന്യാ സംഭവിച്ചെ’’

 

കയറി വന്ന വഴി നാണുവേട്ടൻ എല്ലാവരോടുമായി ചോദിച്ചു

 

‘‘നാണ്വാര് വന്നോ ... കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കയായിരുന്നു’’

 

പത്മനാഭ പണിക്കർ കസേരയിൽ ഇരുന്നു കൊണ്ട് പറഞ്ഞു.

 

‘‘ലക്ഷ്മിക്കുട്ടിയുടെ സ്വർണ്ണമാല കാണാനില്ല. കുട്ടി പതിവുപോലെ മാല മേശപ്പുറത്ത് വച്ച് തറവാട് കുളത്തിൽ കുളിക്കാൻ പോയതാ  വന്നപ്പൊ മാല കാണാനില്ല’’

 

‘‘ഹാവു ന്തായീ കേക്കണെ നമ്മുടെ നാട്ടിൽ കള്ളനൊ  അതും മേലെടുത്തെ കൂട്ടിടെ മാല മോഷ്ടിക്ക്യാന്നൊക്കെ പറഞ്ഞാൽ’’

 

‘‘ നാണ്വാര് ഒരു പണി ചെയ്യാ  കാർത്യായനി അപ്പുറത്തുണ്ട് എല്ലാവർക്കും നല്ലൊരു ചായ .പിന്നെ വടക്കേലെ പ്ലാവിലെ ചക്ക വെട്ടിയിട്ടിട്ടുണ്ട് - അതിന്റെ ചുള പറിച്ച് ഒരു പ്ലേറ്റിലാക്കിങ്ങട് കൊണ്ട് പോര്വാ’’

 

നാണ്വാര് പിറക് വശത്തേക്ക് നടന്നു,- പോണ വഴിക്ക് ലക്ഷ്മിക്കുട്ടിയുടെ മുറിയിലേക്ക് ഒന്നു നോക്കി. തുറന്നിട്ട ജനവാതിലിന്റെ അഴികളിൽ മുഖമമർത്തിവെച്ച് പുറത്തേക്ക് നോക്കി നിൽക്കുന്നു ലക്ഷ്മിക്കുട്ടി....

 

‘‘മാല പോയ വിഷമത്തില് നിൽക്കാണല്ലെ. മ്മക്ക് അത് കണ്ടു പിടിക്കാം .കുട്ടി വിഷമിക്കണ്ട’’

 

‘‘ഏയ് അതൊന്നും അല്ല... ആ കുറുവാലൻ കിളി എന്നോട് പറയാതെ പോയി’’

 

‘‘കുറുവാലൻ കിളിയൊ ..... അതെന്താ ’’

 

‘‘ദേ മിറ്റത്തെ മാവിലോട്ട് നോക്കിയെ  അതിലൊരു കൂട് കണ്ടാ  അതൊരു കുറുവാലൻ കിളിയുടെയാ’’

 

‘‘ന്നിട്ട് പ്പൊ ന്നെന്താ പറ്റിയെ’’

 

 

‘‘എന്നും ഞാൻ രാവിലെ എഴുന്നേൽക്കുമ്പോൾ ഈ ജനവാതിൽപ്പടിയിൽ വന്നിരിക്കും  .ന്നോട് കുറെ ഒച്ചയുണ്ടാക്കും  ന്നിട്ടെ എന്നും പുറത്തേക്ക് പോകും  ഇന്ന് വന്നില്ല നിക്ക്

വിഷമായി ’’

 

 

‘‘ അല്ലാതെ മാല പോയതില് വിഷമല്ലാല്ലെ’’

 

‘‘അത് പോയാ  വേറെ മേടിച്ചാ പോരെ’’

 

‘‘അച്ഛൻ കേൾക്കണ്ട’’

 

 

നാണ്വാര് അടുക്കളയിലേക്ക് ചെന്നു കാർത്യായനിയുണ്ടവിടെ..... രണ്ടു പേർക്കുമിടയിൽ ചില ഇഷ്ടങ്ങളു ണ്ടെന്നും അസാരം ചില വിഷയങ്ങുളുണ്ടെന്നും ഗ്രാമവാസികൾക്കറിയാം. അത് അവര് നിശബ്ദമായി അനുവദിച്ചു കൊടുത്തിട്ടുള്ളതാണ്.

 

‘‘കാർത്യായനിയെ ഒരു പത്ത് പന്ത്രണ്ട് ചായ ണ്ടാക്ക് - 

 

അതും പറഞ്ഞ് നാണുവാര് കാർത്ത്യയനിയുടെ അടുത്തേക്ക് ചെന്നു

 

‘‘ ദേ അങ്ങട് മാറി നിന്നെ സുഭദ്രാമ്മ അപ്പുറത്തുണ്ട്’’

 

 

‘‘ടീ നീ സത്യം പറ ആ മാല നീയെങ്ങാനും എടുത്തൊ ’’

 

‘‘ആ ചാരിവെച്ചേക്കണ ഒലക്ക കണ്ടൊ അതെടുത്ത് ഞാൻ അടിവയറ്റിനിട്ട് താങ്ങും വേണ്ടാതീനം പറഞ്ഞാൽ ’’

 

നാണുവാര് കൂടുതലൊന്നും പറഞ്ഞില്ല. കൽപ്പടിയിൽ വച്ച ചക്കയെടുത്ത് വെട്ടി ചുള പറിക്കാൻ തുടങ്ങി....

 

എല്ലാവർക്കും ചൂടു ചായയുമായി സുഭദ്രാമ്മ ഉമ്മറത്തേക്ക് വന്നു. വലിയൊരു വാഴയിലയിൽ ചക്ക ചുളകളുമായി മുൻ വശത്തൂടെ നാണ്വാരൂം

 

‘‘ പോലീസിൽ പരാതിപ്പെടണോ’’

 

റിട്ടയേർഡ് ഹെഡ് കോൺസ്റ്റബിൾ സാദിഖ് പത്മനാഭ പണിക്കരോടായി ചോദിച്ചു.

 

"അത് വേണോ. പിന്നെ പോലീസുകാര് ഇവിടെ കയറിയിറങ്ങും ലക്ഷ്മിക്കുട്ടിയെ ചോദ്യം ചെയ്യല് സ്റ്റേഷനിലേക്ക് വിളിപ്പിക്കല് ... അതൊന്നും വേണ്ട’’ പത്മനാഭ പണിക്കരുടെ മറുപടി.

 

‘‘ എനിക്കതല്ല  അമ്മായീടെ മകൻ അരുണുമായുള്ള അവളുടെ കല്യാണം തീരുമാനിച്ചസമയത്ത് ഇങ്ങനെയൊരു അപശകുനം ... അടുത്താഴ്ച നിശ്ചയാ.... പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.

 

‘‘ മിനിഞ്ഞാന്ന് നിക്കൊരു സ്വപ്നണ്ടായി’’

വെളിച്ചപ്പാട് വാസു തുടങ്ങി.

 

‘‘ വച്ചാരാധനയുള്ള തറവാടാ..... തറവാട്ടു വക കുടുബ ക്ഷേത്രത്തിൽ കുങ്കുമചാർത്തും ഒരു ദിവസത്തെ ഉത്സവും മുടങ്ങിയിരിക്കുണു..... അതിന്റെയൊരു നീരസം സ്വപ്നത്തിൽ കാണുകയുണ്ടായി...... പ്പൊ ഈ മാല മോഷണവും: ഒരു  കുങ്കുമചാർത്തും ഒരു ദിവസത്തെ ഉത്സവവും ....  എന്റെയൊരു വെളിച്ചപ്പാട് തുള്ളലും കൂടിയാകുമ്പോൾ ആ ഒരു വാലായ്മ അങ്ങട് മാറും’’

 

‘‘അല്ല അതിപ്പൊ ഇത്രയും കാര്യങ്ങൾ നടത്താൻ എന്താവും’’

 

റിട്ട അദ്ധ്യാപകൻ ബാലൻ മാഷ് ചോദിച്ചു.

 

‘‘അതിപ്പൊ എല്ലാം കൂടി നോക്കിയാൽ ഒരു അമ്പതിനായിരം രൂപയോളം വരും’’

 

 

‘‘ ന്നാ പിന്നെ അതിന് രണ്ട് പവന്റെ ഒരു സ്വർണ്ണമാല മേടിച്ച് ലക്ഷമിക്കുട്ടി ടെ കഴുത്തിലീടീച്ചാ പോരെ’’

 

 

പൊതുവെ നിരീശ്വരവാദിയായ ബാലൻ മാഷ്ടെവാക്കു കേട്ട എല്ലാവരും പൊട്ടിച്ചിരിച്ചു.

 

‘‘ഭഗവതിയെ പരീക്ഷിക്കരുത്’’ ബാലൻ മാഷ് ടെ വാക്കുകൾ വെളിച്ചപ്പാട് വാസുവിന് അങ്ങട് ദഹിച്ചില്ല.

‘‘ഇയാളെ ഞാൻ ഒരു ദിവസം തല്ലിക്കൊല്ലും’’ വാസു മനസ്സിൽ പറഞ്ഞു.

 

ചായ കുടിയും ചക്ക ചുള തീറ്റിയും കഴിഞ്ഞ് എല്ലാവരും കൂടി മിറ്റത്ത് കൂടെ നടന്ന് ലക്ഷമിക്കുട്ടിയുടെ മുറിക്ക് മുന്നിലെത്തി. ജനവാതിൽ തുറന്നിട്ടിരുന്നു ജനവാതിലിന് സമീപത്തായി ഒരു മേശ.

 

‘‘പ്പൊ ഈ മേശമേൽ മാല ഊരിവെച്ചാണ് ലക്ഷ്മിക്കുട്ടി കുളിക്കാൻ പോയെ’’

 

 

‘‘അപ്പൊ ജനാലഴി വഴി കൈയ്യിട്ട് മാല എടുത്തു അതാ കാര്യം’’

 

 

‘‘ ആ സമയത്ത് ഇവിടെ ആരോ വന്നിട്ടുണ്ട് ’’

 

‘‘അപ്പുട്ടനും കാർത്യായനിംല്ലാതെ പുറത്ത് നിന്നും ആരും ഇല്ലേനും  പിന്നെ ആരാ ഇവിടെ വന്നെ’’

 

‘‘ന്നാലും ലക്ഷ്മിക്കുട്ടി കുളിക്കണ ആസമയം നോക്കി വരാൻ ആരാ ധൈര്യം കാണിച്ചെ’’

 

‘‘ ഈ ജനവാതിലിൽ നിന്ന് നേരെ നോക്കിയാ കാണണത് ഭഗവതിയുടെ നട വാതില. ഇത് ഞാൻ പറഞ്ഞത് തന്നെ ദൃഷ്ടിദോഷം  ഭഗവതിക്ക് പൂജ നടത്തിയെ പറ്റൂ’’

 

എല്ലാവരും അഭിപ്രായം പറയുന്നതിന്നിടക്ക് വാസു തന്റെ അഭിപ്രായം വീണ്ടും പുറത്തെടുത്തു’

 

‘‘അല്ല ഞാനതല്ല ആലോചിക്കണെ ...ലക്ഷ്മിയെ കെട്ടാൻ പോണ ചെക്കൻ അരുൺ അമേരിക്കയിലാണല്ലൊ.... അരുണിനോട് ചോദിച്ചാൽ ഓന്റെ അമേരിക്കൻ ബുദ്ധിയിലെന്തെങ്കിലും തോന്ന്യാലൊ’’

 

‘‘വിഡ്ഢിത്തരം പറയാതെ നാണുവാരെ.... ഇവിടുത്തെ കുട്ടിയുടെ മാല പോയതിന് അമേരിക്കയിൽ കിടക്കണ അരുണിനോട് ചോദിച്ചിട്ട് ന്താ കാര്യം’’

 

അഭിപ്രായങ്ങളും മറു അഭിപ്രായങ്ങളും മുറതെറ്റാതെ നടക്കുമ്പോൾ ലക്ഷ്മിക്കുട്ടി അതിലൊന്നും ശ്രദ്ധിച്ചില്ല. പകരം അവൾ ആ ജനവാതിലിൽ പിടിച്ച് മാവിലേക്ക് നോക്കിയിരുന്നു

 

‘‘ ഞാൻ പണക്കാന്റെ കുറുവാലൻ കിളി  എന്നെ കണ്ട് യാത്ര പറഞ്ഞിട്ടല്ലെ നീ എന്നും ആ മരച്ചില്ലയിൽ നിന്നും പറക്കാറുള്ളത്’’

 

തവിട്ട് നിറമുള്ള ചിറകോട് കൂടി തല വെട്ടിച്ച് ഒറ്റക്കണ്ണു കൊണ്ട് തന്നെ നോക്കുന്ന കുറുവാലൻ കിളിയെ അവൾ ഓർത്തു .... താൻ എഴുന്നേറ്റ് രാവിലെ ജനവാതിൽ തുറന്നാൽ പറന്ന് വന്ന് അഴിയിൽ വന്നിരിക്കും - ... പിന്നെ ഒന്നു നോക്കും അത് കഴിഞ്ഞാൽ സമീപത്തുള്ള മേശമേലേക്ക് ഒരൊറ്റ ചാട്ടമാണ് - പതിവുപോലെ കരുതി വെച്ച വെള്ളവും പഴവും കൊടുക്കും.... പിന്നെ മെല്ലെ മെല്ലെ ചിറകടിച്ച് പന്നകലും- കുറുവാലൻ കിളിയുടെ കൂട് കാണാൻ നല്ല ചേലാണ് ..... താനത് കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.

 

പക്ഷേ അരുണേട്ടനുമായുള്ള വിവാഹം നടക്കാൻ പോണു എന്ന് പറഞ്ഞതിന് ശേഷം എന്തോ കിളിക്ക് തന്നോട് ഒരിഷ്ടക്കുറവ് പോലെ. ഒരു ദിവസം ജനൽ പടിക്കൽ വന്നിരുന്നപ്പോൾ മെല്ലെ പറഞ്ഞു

 

‘‘ അമേരിക്കക്ക് പോകുമ്പോ നിന്നെ കൂടി കൊണ്ടു പുവ്വാട്ടൊ’’ അത് കേട്ടിട്ടും എന്തൊ അവന് തൃപ്തിയാകാത്ത പോലെ. പതിവ് പോലെ അന്നും വൈകുന്നേരം കുമാരന്റെ കടയുടെ മുമ്പിലുള്ള ബഞ്ചിൽ പലരും സ്ഥലം പിടിച്ചു - വെളിച്ചപ്പാട് വാസു വീണ്ടും എല്ലാരേയും ഓർമ്മിപ്പിച്ചു

 

‘‘നാട്ടില് അനിഷ്ടങ്ങള് കൂടി വരികയാ’’ ഇന്ന് ലക്ഷ്മിക്കുട്ടിയുടെ മാല നാളെ ആരുടേതാണാവൊ .... അത് കൊണ്ട് എത്രയും പെട്ടെന്ന് കാവിലെ ഉത്സവം നടത്താൻ ശ്രമിക്കണം’’

 

‘‘അല്ല വാസുവേ സത്യം പറ. ഒരുത്സവം നടത്തിയാൽ അനക്കെന്ത് തടയും’’

 

 

ബാലൻ മാഷുടെ പരിഹാസം കേട്ട വാസുവിന് ചൊറിഞ്ഞു കയറി.

 

‘‘ തടയുമ്പോൾ മാഷെ വിളിക്കാം അപ്പൊ വന്ന് തടവി തന്നാ മതി’’

 

എല്ലാരും ഉറക്കെ ചിരിച്ചു.

 

‘‘നി കാർത്യായനിയെ സംശയിക്കണൊ" റിട്ട ഹെഡ് കോൺസ്റ്റബിൾ സാദിക്കക്ക് സംശയം

 

‘‘ദേ കാർത്യായനിയെക്കുറിച്ചൊരക്ഷരം മിണ്ടിപോകരുത്’’

 

 

സാദിക്ക അത് പറഞ്ഞപ്പോൾ കുമാരൻ തിരിച്ചു പറഞ്ഞു.

 

‘‘അതെന്താ കാർത്യായനി അന്റെ കുടുംബസ്വത്താ’’

 

‘‘എന്റെയല്ല വേറെ ചിലരുടെ’’. നാണു നായരെ കണ്ണടച്ചു കാണിച്ചു കൊണ്ട് കുമാരൻ അത് പറഞ്ഞപ്പൊ എല്ലാവരും അടക്കി ചിരിച്ചു.

 

‘‘അതേടാ അവളെന്റെ സ്വത്താ ന്തെയ് വേണൊ’’

 

ചുമലിൽ കിടന്ന തോർത്തെടുത്ത് കുടഞ്ഞ് എല്ലാവരോടുമായി ചോദിച്ചു കൊണ്ട് നാണു നായര് എഴുന്നേറ്റു.

 

‘‘ഞാൻ മേലേടത്തേക്ക് പോണു. അടുത്ത വ്യാഴാഴ്ച നിശ്ചയമാണ്. അരുൺ മറ്റന്നാൾ അമേരിക്കേന്ന് ഇങ്ങെത്തും ’’

 

നാണു നായര് അതും പറഞ്ഞ് അവിടുന്ന് മേലേടത്തേക്ക് നീങ്ങി.

 

ഇന്ന് അരുണിന്റെയും ലക്ഷ്മിക്കുട്ടിയുടെയും കല്യാണ നിശ്ചയം. അമേരിക്കയിൽ ഡോക്ടറാണെങ്കിലും അരുൺ ഈ കൊച്ചുഗ്രാമത്തിൽ ജനിച്ചു വളർന്നവനാണ്.അതിനാൽ തന്നെ ആ നാട്ടുകാർക്ക് അരുൺ പ്രിയപ്പെട്ടവനാണ്.... പോരാത്തതിന് ലക്ഷ്മിക്കുട്ടിയുടെ മുറച്ചെറുക്കനും. നിശ്ചയം കഴിഞ്ഞ് സദ്യക്ക് ശേഷം  അരുൺ മിറ്റത്തേക്കിറങ്ങി  മാവിൽ നല്ല പച്ചമാങ്ങ തൂങ്ങിക്കിടക്കുന്നു...

 

‘‘അപ്പൂട്ടാ  ഒരു നല്ല കല്ലിങ്ങെടുത്തേ... ത്ര കാലായി മാവിലേക്ക് കല്ലെറിഞ്ഞിട്ട്’’

 

‘‘അയ്യോ അരുണേട്ടാ കല്ലെറിയുമ്പോൾ സൂക്ഷിക്കണേ.ന്റെ കുറുവാലൻ കിളിയുടെ കൂടിനൊന്നും പറ്റരുതേ’’

 

‘‘നിന്റെ കിളിയുടെ കിളിക്കൂടിനൊന്നും പറ്റാതെ ഞാൻ നോക്കിക്കോളാം. നീ ദേ ആ കാണുന്ന കാന്താരി ഒരെണ്ണം ഇങ്ങട് പൊട്ടിക്ക്: കുറച്ച് ഉപ്പും എടുത്തൊ’’

 

 

‘‘ അരുണേട്ടാ സുക്ഷിക്കണേ പ്ലീസ്’’

 

എല്ലാവരും നോക്കിനിൽക്കെ തൂങ്ങി നിൽക്കുന്ന പച്ച മാങ്ങ നോക്കി അരുൺ ഉന്നം വെച്ചെറിഞ്ഞു.

 

ഉന്നം പിഴച്ചില്ല: അസ്ത്രം കണക്കെ തുളഞ്ഞു കയറിയ ആകല്ല് മാങ്ങയെയും കിളിക്കൂടിനെയും പിഴുതെറിഞ്ഞ്  അപ്പുറത്തെ പറമ്പിൽ ചെന്ന് വീണു. താലേക്ക് വീഴുന്ന ആ പുളി മാങ്ങയും കിളിക്കൂടും അരുൺ ചാടിപിടിച്ചു. കൂടെ അരുണിന്റെ കയ്യിലേക്ക് വീണത് ഒരു സ്വർണ്ണമാലയും

 

‘‘അയ്യോ ന്റെ മാല’’

 

ലക്ഷ്മിക്കുട്ടി അത് കണ്ടതും ഉറക്കെ വിളിച്ചു പറഞ്ഞു.

 

‘‘ ങ്ങേ ലക്ഷ്മിക്കുട്ടിയുടെ സ്വർണ്ണമാല’’ എല്ലാവരുടേയും  ചുണ്ടുകൾ മന്ത്രിച്ചു

 

‘‘ അരുണേട്ടാ  ഞാൻ പറഞ്ഞ സ്വർണ്ണമാല. അയ്യോ! ന്റെ കുറുവാലൻ കിളിയാണോ അത് കൊത്തിക്കൊണ്ട് പോയെ’’

 

ചുറ്റും കൂടി നിന്നവർ മുഖത്തോട് മുഖം നോക്കി. ഒന്നും മനസ്സിലാക്കാത്തത് പോലെ.

 

‘‘ അപ്പോൾ ഈ കിളിയാണ് ഇത് പറ്റിച്ചത് അല്ലേ?’’

 

നാണു നായർ എല്ലാവരും കേൾക്കെ പറഞ്ഞു.

 

‘‘ ഹോ എല്ലാം ഭഗവതിടെ ഓരോ കളികളാണേയ്’’ വാസു വീണ്ടും ഉത്സവത്തെക്കുറിച്ച് പറയാതെ പറഞ്ഞു.

 

യാത്ര പറഞ്ഞ് പോകുന്നതിന് മുൻപായി അരുൺ ലക്ഷ്മിക്കുട്ടിയുടെ അടുത്തേക്ക് ചെന്നു

 

‘‘ ഒരു കാര്യം ഉറപ്പാണ്. ആ കിളിക്ക് നിന്നെ ഒരു പാടിഷ്ടമാണ്. നീ ഇവിടുന്ന് പോകുന്നതിൽ അതിന് എന്തോ നീരസമുണ്ട് അതാ നിന്റെ സ്വർണ്ണമാല കൊത്തിക്കൊണ്ടുപോയെ. സിനിമയിലൊക്കെ കാണുന്ന പോലെ ഇനി നിന്നെ മോഹിച്ചു വന്ന വല്ല ഗന്ധർവ്വനോ മറ്റോ ആണോടി അത്’’

 

ആരും കാണാതെ ലക്ഷ്മിക്കുട്ടിയുടെ കവിളിൽ ഉമ്മ നൽകി അരുൺ യാത്ര പറഞ്ഞിറങ്ങി. സന്ധ്യയായിട്ടും കുറുവാലൻ കിളി വന്നില്ല. മാല മോഷണം പോയ അന്ന് രാവിലെ ചിറകടിച്ചു പോയതാണ്.  ഇനി കൂടു കൂടി പോയതിനാൽ  ഒരു പക്ഷേ ഇനി ഇങ്ങോട്ട് വരികയെയില്ലെ. ലക്ഷ്മിക്കുട്ടി ജനൽ അഴികൾ പിടിച്ച് മാവിലേക്ക് നോക്കി നിന്നു

 

‘‘ ഞാൻ അരുണേട്ടന്റെ കൂടെ പോകുന്നത് നിനക്കിഷ്ടമല്ലേ. നിനക്ക് എന്നോട് അത്രക്കിഷ്ടാ. പിന്നെ എന്തിനാ നീ എന്റെ മാല കൊണ്ടുപോയെ?

 

‘‘ലക്ഷ്മിക്കുട്ടി പിറുപിറുത്തു’’

 

എല്ലാ മറിഞ്ഞിട്ടും ഒന്നും അറിയാത്ത പോലെ നീ എന്തേ പറന്നകന്നു.

 

ആദ്യമായി വിമാനത്തിൽ കയറുന്ന പരിഭ്രമം ലക്ഷ്മിക്കുട്ടിക്കുണ്ടായിരുന്നു.  അവൾ അരുണിനെ മുറുകെ പിടിച്ചിരുന്നു. ആ തോളിലേക്ക് തല ചായ്ച്ച് കിടന്നു  കണ്ണുകൾ പതുക്കെ അടച്ചു.

 

‘‘ന്താ ആലോചിക്കണെ ആ കിളിയെക്കുറിച്ചാണൊ’’

 

‘‘അതിന് ശേഷം അവൻ വന്നേയില്ല’’

 

‘‘ ഊം ഹും  വന്നേയില്ല’’

 

‘‘ ഞാനൊരൂട്ടം പറഞ്ഞാൽ അരുണേട്ടൻ ന്നെ കളിയാക്കുമോ’’

 

‘‘ഇല്ല പറ’’

 

‘‘സത്യം’’

 

സത്യം.

 

‘‘ അവൻ എന്നെങ്കിലും ഒരു ദിവസം ആ ജനവാതിൽപടിയിൽ വന്നിരിക്കും തീർച്ച. അവൻ വന്നാൽ അവന് കാണാനായി ആ ചുമരിൽ ഞാൻ കുറച്ചു വരികൾ എഴുതി വച്ചിട്ടുണ്ട് ചൊല്ലട്ടെ’’ 

 

‘‘ഊം ചൊല്ല്’’

 

" മേശവലിപ്പിനുള്ളിൽ പണ്ടെങ്ങൊ എഴുതി വെച്ചൊരെൻ നിശബ്ദ, ദുഖംനീയല്ലാതെ പിന്നാരറിയും’’

 

അത് കേട്ട അരുൺ അവളുടെ ചെവിയിൽ മന്ത്രിച്ചു.

 

‘‘ വരും നിന്റെ പ്രിയപ്പെട്ട കുറുവാലൻ കിളി. ആ മേഘക്കീറുകൾക്കിടയിലേക്ക് സൂക്ഷിച്ചു നോക്കിയിരുന്നോ. അതിലൂടെ ചിറകടിച്ച് അവൻ നിന്റെ പിറകെ വരും തീർച്ച’’

 

ലക്ഷ്മിക്കുട്ടി പതിയെ കണ്ണുകളടച്ചു. ഉറക്കത്തിന്റെ ഏതോ ഉള്ളറകളിലേക്ക് കയറിയപ്പോൾ അവൾ കണ്ടു വെളുത്ത പഞ്ഞിക്കെട്ടുകൾക്കിടയിൽ ഒരു തവിട്ട് പൊട്ടു പോലെ: ലക്ഷ്മിക്കുട്ടി സൂക്ഷിച്ചു നോക്കി: ചിറകുകൾ വിടർത്തി ഒരു വശത്തേക്ക് തല ചെരിച്ച് പറന്ന് പറന്ന് വരുന്നു: തന്റെ കുറവാലൻ കിളി അവൾ പെട്ടെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു

 

‘‘ദേ അരുണേട്ടാ  എന്റെ കുറുവാലൻ കിളി പറന്ന് വരുണു’’

 

English Summary : Lakshmikuttiyude Swarnna Mala Story By Suresh Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com