ADVERTISEMENT

തറവാട് (കഥ)

അമ്മയും അച്ഛനും താനും അടങ്ങുന്ന ഒരു കൊച്ചുകുടുംബം ആയിരുന്നു ദീപുവിന്റേത്. അവന്റെ വീട് കുടുംബതറവാട് ആയിരുന്നു കേട്ടോ. ആ വീട്ടിലെ ഏഴു മക്കളും അവരുടെ കുടുംബവും കുട്ടികളും ഒക്കെയായി മാറി താമസിച്ചിരുന്നുവെങ്കിലും ആ തറവാട്ടിലെ അംഗങ്ങൾ ആയിരുന്നു. പണ്ടത്തെ നാട്ടിൻപുറങ്ങളിൽ കാണുന്ന രീതിയിൽ ഓടിട്ടതും വലിയ കോലായിയും ഉമ്മറപ്പടിയും തുളസിത്തറയും ചുറ്റിനും ഫലവൃക്ഷങ്ങളും വിശാലമായ മുറ്റവും ഒക്കെയുള്ള ഒരു വീടായിരുന്നു. വലിയ പ്രൗഡിയൊന്നും ഇല്ലെങ്കിലും കാണാൻ ഐശ്വര്യപ്രദവും കണ്ണിനു കുളിർമയേകുന്നതും ആയിരുന്നു ആ തറവാട്.

 

സന്തോഷമായിരുന്നു ആ കുടുംബത്തിൽ എന്നും. ഓണവും വിഷുവും ക്രിസ്തുമസും ഒക്കെ വരുമ്പോൾ എല്ലാ കുടുംബാംഗങ്ങളും തറവാട്ടിൽ ഒത്തു കൂടും. പിന്നെയൊരു ഉത്സവം പോലെയാണ്. കുട്ടികളുടെ കളിയും ചിരിയും മുതിർന്നവരുടെ കൊച്ചുവർത്തമാനവും ശാസനകളും അമ്മുമ്മയുടെ പുരാണകഥയും യക്ഷികഥ പറച്ചിലും ഒക്കെയായി സ്വർഗ്ഗതുല്യമായിരുന്നു ആ വീട്. 

 

സമയം കടന്നു പോകെ, ദീപുവിന് അവന്റെ കഠിനപ്രയത്‌നത്തിന്റെ ഫലമായി സർക്കാർ ഉദ്യോഗം ലഭിച്ചു. കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ അവന്റെ ജീവിതത്തിലേക്ക് താര ഭാര്യയായി കടന്നു വന്നു. ഇപ്പോൾ അവർക്ക് ഒരു മകനുമുണ്ട്. ആ കുടുംബം സന്തോഷപ്രദമായി പണ്ടത്തെ പോലെതന്നെ മുന്നോട്ട് പോയി. 

 

പതിയെ പതിയെ ചില പ്രശ്നങ്ങൾ തലപൊക്കി തുടങ്ങി. അയൽപക്കത്തുള്ള വീടുകളെല്ലാം രണ്ടും മൂന്നും നിലയായി ഉയർന്നപ്പോൾ ദീപുവിന്റെ മകൻ പറഞ്ഞു ‘‘അച്ഛാ, നമുക്കും അത്രയും മേളിൽ വരെ വീട് വേണം, നമ്മുടെ വീടു മാത്രം എന്താ ഇങ്ങനെ?’’ ആദ്യമൊക്കെ അതു കേൾക്കുമ്പോൾ ദീപുവിന് തമാശയായിരുന്നു. താരയും കൂടി നിർബന്ധിക്കാൻ തുടങ്ങിയപ്പോൾ അവനിലെ അത്യാഗ്രഹം അത്‌ ശരിയാണെന്ന് അവനെ ബോധ്യപ്പെടുത്താൻ ആരംഭിച്ചു– ‘‘ഞാനൊരു സർക്കാർ ഉദ്യോഗസ്ഥൻ അല്ലേ, ഇതുപോലെ ഒരു മണിമാളിക പണിയാൻ എനിക്കിപ്പോൾ നിഷ്പ്രയാസം സാധിക്കും. പിന്നെ ഞാൻ എന്തിനു വേണ്ടന്നു വെയ്ക്കണം’’  

 

അതിന്റെ പരിണിതഫലമായി തറവാട് ഭാഗിച്ചു. സിനിമകളിലെ പോലുള്ള കണ്ണീരണിയിക്കുന്ന രംഗങ്ങളോ, തറവാടിനോടുള്ള അഗാധബന്ധമോ ഒന്നും അവിടെ കാണാൻ സാധിച്ചില്ല. കാലം എല്ലാവരെയും മാറ്റിയെന്ന് വേണം അപ്പോൾ കരുതാൻ. 

 

അങ്ങനെ ഒരു വർഷമൊക്കെ കഴിഞ്ഞപ്പോൾ പഴയ ഓടിട്ട തറവാടിന്റെ സ്ഥാനത്ത് ഒരു പുതുപുത്തൻ രീതിയിലുള്ള വീട്, വീടെന്ന പദം അതിനു ചേരുമോ എന്നറിയില്ലാട്ടോ.., ഒരു ആഡംബര ഹോട്ടൽ എന്നു പറയുന്നതാകും ഉചിതം, അത്‌ ഉയർന്നു വന്നു. അതു കണ്ട് നാട്ടുകാർക്കും അയൽപക്കകാർക്കുമൊക്കെ അത്ഭുതവും അസൂയയും. അവരുടെയൊക്കെ കൊതിയോടെയുള്ള നോട്ടം കാണുമ്പോൾ ദീപുവിനും താരയ്ക്കുമൊക്കെ എന്തോ ഒരു ആത്മസംതൃപ്തി കിട്ടിയ പ്രതീതി. അതവരുടെ മുഖത്ത് പ്രതിഫലിച്ചു കാണാമായിരുന്നു. 

 

അങ്ങനെ മാസങ്ങൾ കഴിഞ്ഞു. ഇപ്പോൾ ദീപുവിന്റെ മുഖത്ത് പഴയ ചിരിയില്ല. അമ്മയുടെയും അച്ഛന്റെയും മുഖവും മങ്ങിയ മട്ടാണ്. വീട്ടിൽ പുതിയ ചില്ലു പാത്രങ്ങൾ അശ്രദ്ധ മൂലം പൊട്ടിയെന്നു പറഞ്ഞു താരയും അമ്മയുമായി വഴക്ക്. സഹിക്കാൻ പറ്റാതെ വരുമ്പോൾ ദീപുവും വഴക്കിൽ കൂടി. അച്ഛൻ ഇതിൽ ഒന്നും ഇടപെടാതെ വേറെ ഏതോ ലോകത്താണ്. ഭാഗം വെച്ചേ പിന്നെ മറ്റു മക്കളുടെ വരവും കുറവാണ്. ഇപ്പോൾ തറവാട് അല്ലല്ലോ അത്‌. 

 

ദീപു ഇപ്പോൾ വീടിനുള്ളിൽ തന്നെ കയറാൻ ഇഷ്ടപ്പെടുന്നില്ല. ടൈൽസ് പാകിയ ഉമ്മറത്തു വെറുതെ കാലും നീട്ടിയിരിക്കും. മുഖത്ത് ശോകഭാവം. എന്നാലും താരയും മകനും അതീവ സന്തോഷത്തിലാണ്. ചിലപ്പോൾ ഇപ്പോഴാകാം ദീപുവിന് ആ നീണ്ട കോലായിയും വെൺതരികൾ പോലുള്ള മണ്ണ് നിറഞ്ഞ മുറ്റവും ചുറ്റുമുള്ള ഫലവൃക്ഷങ്ങളും എല്ലാം തീരാനഷ്ടങ്ങളായി തോന്നിതുടങ്ങിയിട്ടുണ്ടാകുക, അല്ലേ?...

 

English Summary : Tharavadu Short Story By Athira K.R

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com