ADVERTISEMENT

കാളിയും അമ്മയും കരിഞ്ഞ ദോശയും (കഥ)

എന്തൊരു വേഗത്തിലാണ് അമ്മ ദോശ ഉണ്ടാക്കുന്നത്. എനിക്ക് അദ്ഭുതം തോന്നാറുണ്ട്. ദോശപ്പണി കഴിഞ്ഞിട്ട് അമ്മയ്ക്ക് വേറെയും പണികളുണ്ടേ. സുഖിയൻ ഉണ്ടാക്കണം. പരിപ്പുവടയ്ക്കുള്ള പരിപ്പ് അരയ്ക്കണം. അരി വെള്ളത്തിൽ ഇടണം. ചോറ് വെയ്ക്കണം, കൂട്ടാൻ ശരിയാക്കണം. അതിനിടയിൽ ചായക്ക് ആള് വന്നാൽ ചായ കൊടുക്കണം. അച്ഛൻ പറമ്പിൽ പോയിരിക്കുന്നു. ഒരു ചായക്കട ഒറ്റക്ക് അമ്മയുടെ മുതുകിലാണ്. 

 

 

അതിനിടേല് എത്ര ദോശകളാ പൊട്ടിപ്പൊടിഞ്ഞു  കരിയണത്. അതിലൊന്നും അമ്മയ്ക്ക് കുലുക്കംല്യാ. അമ്മക്ക് ശിങ്കിടിയായി കാളിയുണ്ട്.  കോളനിയിലാണ് കാളിയുടെ വീട് . ദിവസക്കൂലിക്ക് പുറമെ പൊട്ടിയതും പൊടിഞ്ഞതും കരിഞ്ഞതും ആയ പലഹാരങ്ങൾ കാളിക്കുളളതാണ്‌. കാളി വയറു നിറച്ചു കഴിച്ച് ബാക്കിയുള്ളത് മുഴുവൻ കെട്ടിപ്പൊതിഞ്ഞു കൊണ്ടു പോകും. കാളീടെ അച്ഛൻ ചാത്തുട്ടിക്കുള്ളതാണത്രെ. വയസ്സായി പണിക്കൊന്നും പോകാൻ  വയ്യാതെ വീട്ടിൽ ഇരിപ്പാണ് ചാത്തുട്ടി. ചെലപ്പോ തോന്നാറുണ്ട് അമ്മ മനഃപൂർവം ദോശ കേടുവരുത്തുകയാണെന്ന്. നല്ല ദോശ കൊടുക്കണ കണ്ടാൽ അച്ഛൻ ചീത്ത പറഞ്ഞാലോ. 

 

 

പൊട്ടിയ ദോശ വിൽക്കാൻ പറ്റില്ലല്ലോ. എത്ര എണ്ണം എന്നുവെച്ചാ ഞങ്ങളും കഴിക്കുക. അമ്മടെ സൂത്രം എനിക്ക് പിടികിട്ടി. അങ്ങനെ ഏറെ നാൾ കാളിയും ചാത്തുട്ടിയും അമ്മയുടെ കൈയബദ്ധദോശ കൊണ്ടു സുഖമായി കഴിഞ്ഞു പോന്നു.

 

 

ദിനങ്ങൾ പോകേ ഒരു കാര്യം ഞാൻ കണ്ടെത്തി. പൊട്ടിയതും പൊടിഞ്ഞതും ഉണ്ടെങ്കിലും അമ്മയുടെ കരിഞ്ഞ ദോശയുടെ എണ്ണം കുറയുന്നു. പണി കഴിഞ്ഞ് പോകും നേരം കാളിക്കു കൊടുക്കുന്ന പൊതിയുടെ വലിപ്പം കുറഞ്ഞു. കാളിയുടെ മുഖവും മനസ്സും കൂടുതൽ കറുത്തു. ഞാൻ അമ്മയെ ശ്രദ്ധിച്ചു. കരിയുന്ന ദോശ തന്നെ അമ്മ ഉടനടി വെള്ളത്തിൽ ഇടുകയോ അടുപ്പിൽ ഇടുകയോ ആണ് ചെയ്യുന്നത്. ഞാൻ അമ്മയോട് ചോദിച്ചു. 

 

 

എന്താ അമ്മേ കരിഞ്ഞ ദോശ കാളിക്ക് കൊടുക്കാതെ കളയാണത്. കാളിക്കും അച്ഛനും മതിയാവുന്നുണ്ടാവില്ല അമ്മേ.

 

ഞാൻ അവൾക്ക് നല്ല ദോശ കൊടുക്കാം..

 

അച്ഛൻ കാണാതെ അമ്മ നല്ല ദോശവെച്ച് പൊതിയുടെ വലിപ്പം കൂട്ടി. പക്ഷേ എന്നിട്ടും കാളിയുടെ മനം തെളിഞ്ഞില്ല.

 

‘‘എംബ്രാളെ, കരിഞ്ഞ ദോശ്യോന്നും  ഇല്ല്യെ. അച്ഛന് കരിഞ്ഞതാ ഇഷ്ടം’’..

 

‘‘നീ നല്ല ദോശ കൊടുത്തോ.. ഇപ്പൊ കരിയല് കൊറവാ’’..

 

എന്നിട്ടും ദോശകൾ കരിഞ്ഞു. കാളിക്ക് കൊണ്ടുപോകാൻ കിട്ടിയില്ലെന്നു മാത്രം.

 

ഞാൻ അമ്മയോട് കുത്തി കുത്തി ചോദിച്ചപ്പോൾ അമ്മ ആ രഹസ്യം പറഞ്ഞു. 

 

‘‘കരിഞ്ഞത് കഴിച്ചാലേ കാൻസർ വരുംന്ന്...കരിഞ്ഞത് കഴിക്കാൻ പാടില്ല ന്ന്’’

 

‘‘അപ്പോൾ അതാണ് കാര്യം. ഒരു പണിക്കും പോകാൻ പറ്റാതെ കുഴീല്ക്ക് കാലും നീട്ടിയിരിക്കണ ചാത്തുട്ടിക്ക് കാൻസർ വന്നാൽ എന്താ?’’

 

‘‘അങ്ങനെ പറയല്ലേ മോനെ. ആർക്കും വരാൻ പാടില്ലാത്ത അസുഖാണ് കാൻസറ്... എന്റെ അഭിപ്രായം ആയിരിക്കും കാളിക്കും എന്നെനിക്കു തോന്നിയിരുന്നു. വിശക്കുന്ന വയറിന് എന്ത് അസുഖം...പക്ഷേ അമ്മ കൂട്ടാക്കിയില്ല. ഫലമോ കരിഞ്ഞ ദോശകൾ വെള്ളത്തിലും അടുപ്പിലുമായി തീർന്നു’’.

 

എന്തായാലും സമയം ആയപ്പോൾ ചാത്തുട്ടി മരിച്ചു. കാൻസർ മൂലം അല്ലെന്നുറപ്പാണ്.  ഇപ്പോഴും കരിഞ്ഞ മണം അറിയുമ്പോഴോ കരിഞ്ഞ ഭക്ഷണം കാണുമ്പോഴോ അമ്മയെ ഓർമ്മ വരും. ചാത്തുട്ടിയും എത്തും. കൂടെ ദൈന്യത വിങ്ങിയ മുഖവുമായി കാളിയും. പാവം അമ്മ. അമ്മ അറിയുന്നുണ്ടോ കാൻസർ എത്രത്തോളം വളർന്നെന്ന്...എത്രത്തോളം വളർത്തിയെന്ന്... 

 

English Summary : Kaliyum Ammayum Karinja Doshayum Story By P. Regunath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com