sections
MORE

‘‘വേദനയുടെ നീറ്റൽ, എല്ലാവർക്കും മുൻപിലേറ്റ അപമാനം, തിരിച്ചു പോകുന്ന വഴിയിലത്രയും ഞാൻ കരഞ്ഞു’’

അമ്പാടിയും കാളിത്തള്ളയും (കഥ)
SHARE

അമ്പാടിയും കാളിത്തള്ളയും (കഥ)

‘‘നിനക്ക് അമ്പാടിയെ ഓർമ്മയുണ്ടോ...? മ്മടെ കാളിത്തള്ളയുടെ കൊച്ചോനില്ലേ... അവനെ... നിങ്ങളൊരുമിച്ചാരുന്നല്ലോ എപ്പോഴും’’ 

കുട്ടപ്പൻ മാഷിന്റെ ചോദ്യമാണ്. കുറേക്കാലം കൂടി കണ്ടപ്പോൾ മാഷ് ആദ്യം ചോദിച്ച കാര്യം.

ഞാൻ ഓണംകുളം സ്കൂളിൽ നാലാം തരത്തിൽ പഠിക്കുന്ന സമയത്താണ് കുട്ടപ്പൻ മാഷ് സ്കൂളിലേക്ക് സ്ഥലം മാറിയെത്തുന്നത്. സ്കൂളിനോട്‌ ചേർന്ന് വലിയൊരു കുളമുണ്ട്. അതിൽ നിറച്ച് താമരയും കുളത്തിനോട് ചേർന്ന് പഞ്ചായത്ത് ലൈബ്രറി. അതിന് അടുത്തായി കോസ്മോസ് ക്ലബ്‌, കട്ടി മുട്ടായിക്ക് പേരു കേട്ട അപ്പച്ചന്റെ പീടികക്കട, സ്റ്റെല്ലസാശാന്റെ സൈക്കിൾ വർക്‌ഷോപ്പ്, ടൈറ്റസു ചേട്ടന്റെ ഇലക്ട്രിക്കൽ കട ഇങ്ങനെയാണ് കവലയുടെ നിര..

ടൈറ്റസു ചേട്ടൻ നാട്ടിൽ ഒച്ചു ടൈറ്റസ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഒരു നിസ്സാര ബൾബ് പിടിപ്പിക്കാൻ പോലും കക്ഷിക്ക് മണിക്കൂർ ഒന്നു നിർബന്ധമാണ്...

‘‘എല്ലാം അതിന്റെ വെടിപ്പിൽ ചെയ്തു വരുമ്പോൾ സമയമൊക്കെ എടുക്കും’’ എന്നാണ് ഇക്കാര്യത്തിൽ മൂപ്പരുടെ ന്യായം...

പഞ്ചതന്ത്രത്തിൽ തുടങ്ങി ചെക്കോവിന്റെ കഥകളും ഒലിവർ ട്വിസ്റ്റും ക്രൂസോയും ഒളിപ്പിച്ചു കൊണ്ടു പോയി പമ്മനുമൊക്കെ വായിച്ചു തുടങ്ങിയത് ഇവിടുത്തെ പഞ്ചായത്ത് ലൈബ്രറിയിൽ നിന്നായിരുന്നു. വേൾഡ് കപ്പ്‌ സമയമായാൽ അച്ഛനൊപ്പം ഫുട്ബോൾ കാണുന്നതും അല്ലാത്ത ദിവസങ്ങളിൽ ക്രിക്കറ്റ്‌ മാച്ചുകൾക്ക് വന്നിരിക്കുന്നതും അടുത്തുള്ള കോസ്മോസ് ക്ലബിന്റെ ബെഞ്ചിലായിരുന്നു. 

2002ൽ ബ്രസീലിന്റെ റോറോ മൊട്ടക്കൂട്ടം കപ്പ്‌ അടിച്ചോണ്ടു പോകുന്നതു കണ്ടു രോമാഞ്ചം കൊണ്ടത് ഇന്നും മറന്നിട്ടില്ല. റോണിച്ചേട്ടനായിരുന്നു കോസ്മോസ് ക്ലബിന്റെ പ്രസിഡന്റ്‌. ആദ്യം ക്രിക്കറ്റ്‌ മാച്ച് കളിക്കാൻ കൊണ്ടു പോയതും സ്വിങ് പഠിപ്പിച്ചതും പുള്ളിയായിരുന്നു. എന്നും ആദ്യമിറങ്ങി ആദ്യ ഓവറിൽ തന്നെ കൃത്യമായി ഔട്ടായി വരുന്ന റോണി ചേട്ടൻ എന്ന ക്യാപ്റ്റൻ അന്നൊക്കെ സച്ചിനേക്കാൾ കൂടുതൽ എന്നെ അദ്ഭുതപ്പെടുത്തിയ ഇതിഹാസമായിരുന്നു.

ഇങ്ങനെ ലൈബ്രറിയും കോസ്മോസും അല്ലറചില്ലറക്കാരും എല്ലാം കൂടെ ഒന്നിക്കുന്ന നാട്ടിലെ ഏറ്റവും വലിയ ആഘോഷം ഓണമായിരുന്നു. കുളത്തിന്റെ കരയിലെ വലിയ പന്തലിട്ട സ്റ്റേജും റോഡ് മുഴുവൻ കെട്ടിയ തോരണങ്ങളും കോളാമ്പി വിളംബരവും തുടങ്ങി ആകെ മൊത്തത്തിലൊരു ഉത്സവ പ്രതീതിയാണ്.

സുന്ദരിക്ക് പൊട്ടു കുത്തൽ, ചാക്കിൽ ചാട്ടം, സ്പൂൺ റേസ്, ബലൂണിൽ വെള്ളം നിറയ്ക്കൽ, കസേരകളി തുടങ്ങിയ തീ പാറുന്ന മത്സരയിനങ്ങൾ നടക്കുന്ന കാലം. അവിടെയും എല്ലാ മത്സരങ്ങളിലും വമ്പിച്ച ജനാരവത്തോടെ വന്ന് ആദ്യം തന്നെ പരാജയം സമ്മതിക്കുന്ന റോണി സേവിയർ ഒരേ സമയം ആവേശവും ആഘോഷവുമായിരുന്നു.

ഇങ്ങനെ കാലാകാലങ്ങളായി കുളത്തിന്റെ കരയിൽ തുടർന്നു പോന്നിരുന്ന ഓണാഘോഷങ്ങളുടെ ബാക്കി പാത്രമായി കവലയ്ക്ക് കിട്ടിയ പേരാണ് ഓണംകുളം. അങ്ങനെ വിധിയുടെ വിളയാട്ടം പോലെ സ്കൂളിൽ കുട്ടപ്പൻ മാഷ് ഞങ്ങളെ കണക്കു പഠിപ്പിക്കാൻ തുടങ്ങി. നീളൻ കയ്യുള്ള ഷർട്ട്‌ ഒരു മടക്കു പോലും മടക്കാതെ അറ്റത്തെ കുടുക്കിട്ട് നിർത്തി, ഷർട്ടിന്റെ അതെ കരയുള്ള മുണ്ടും ഒത്ത കുംഭയുള്ള കുടവയറും വിടവുള്ള പല്ലുമുള്ള കുട്ടപ്പൻ മാഷ്...

ഉരല് ഉരുണ്ടു വരും വിധമായിരുന്നു മാഷിന്റെ നടപ്പ്. സദാസമയം കുംഭയോട് അടക്കി പിടിച്ച മട്ടിൽ എണ്ണയിട്ടു നീളത്തിലൊരു വള്ളിച്ചൂരലുണ്ടാകും മാഷിന്റെ കയ്യിൽ അതുകൊണ്ടൊന്നു കിട്ടിയാൽ മതി തൊലി പൊളിഞ്ഞു പോകുന്ന വേദനയാണ്.

എനിക്കും അമ്പാടിക്കും അന്നു മാഷ് പേടി സ്വപ്നമായിരുന്ന കാലമാണ്. ഞങ്ങളാകട്ടെ പുള്ളിയുടെ പ്രധാന നോട്ടപ്പുള്ളികളും കണക്കിലെ പിന്നോക്കാവസ്ഥ ഞങ്ങളെ നോട്ടപ്പുള്ളികളാക്കി മാറ്റി എന്നതാണ് സത്യം.

എങ്കിലും മാഷിന്റെ കവിളത്തുള്ള കറുത്ത വലിയ പാലുണ്ണിയും വിടവുള്ള പല്ലുമൊക്കെ തല്ലുമ്പോഴും ദേഷ്യപ്പെടുമ്പോഴും ഞങ്ങളെ ചിരിപ്പിച്ചിരുന്നു. ഞാൻ ചിരിച്ചില്ലെങ്കിൽ നുള്ളി ചിരിപ്പിക്കാൻ പോലും അമ്പാടി മടിക്കാറില്ലായിരുന്നു.

അൽപ്പം തടിച്ചുരുണ്ട് എണ്ണക്കറുപ്പുള്ള ദേഹവും നിറഞ്ഞ ചിരിയുമുള്ള അമ്പാടി. അവനെക്കുറിച്ചുള്ള എന്റെ ഓർമ്മയിലും ആദ്യം തെളിയുന്നത് അവന്റെ നിറഞ്ഞ ചിരി തന്നെയാണ്. അവന് അച്ഛനും അമ്മയും ഇല്ലായിരുന്നു. നന്നേ ചെറുപ്പത്തിൽ മരിച്ചതാണ്. വീട്ടിൽ മുത്തശ്ശി കാളിത്തള്ളയും അവനും

മാത്രമാണ് താമസം. കാളിത്തള്ള ശാസ്താവിന്റെ അമ്പലത്തിൽ സർപ്പത്തിന് പാടാൻ പോയി കിട്ടുന്ന ദക്ഷിണയാണ് ആകെയുള്ള വരുമാനം.

ചിരട്ടയിൽ കമ്പി കെട്ടിയുണ്ടാക്കിയ പുള്ളുവൻ വാദ്യത്തിൽ താളം പിടിച്ച് കാളിത്തള്ള പാടുന്ന പാട്ടുകൾ ക്കൊരു പ്രത്യേക ഈണവും താളവുമുണ്ടായിരുന്നു. ആയില്യത്തിനും ആഴിക്കും കാളിത്തള്ളയുടെ പാട്ട് കേൾക്കാൻ മാത്രം പോയിരിക്കാറുണ്ടായിരുന്നു. വെളുത്ത ഒറ്റമുണ്ട് മാറിന്റെ മുകളിലേക്ക് കയറ്റിയുടുത്ത് പറന്നു ചെമ്പിച്ച മുടിയും മുറുക്കാൻ ചുവപ്പിച്ച ചുണ്ടുകളും പുകയിലക്കറ പിടിച്ച പല്ലുമുള്ള കാളിത്തള്ള.

എന്നെ കാണുമ്പോഴൊക്കെ ‘‘തമ്പാൻ കുഞ്ഞു വാടാ വാ’’ എന്നൊരു വിളിയുണ്ടായിരുന്നു കാളിത്തള്ളയ്ക്ക്...

എനിക്കന്നത് മനസ്സിലായില്ല. പക്ഷ ഇന്ന് ഉള്ളിൽ കിടന്ന് ഏറ്റവും കൂടുതൽ പൊള്ളുന്നത് ആ തമ്പാൻ വിളിയാണ്. അവർക്കെന്നെ കനത്തിൽ രണ്ടു ചീത്ത വിളിച്ചാൽ പോരായിരുന്നോ....

സ്കൂളിൽ പോകാനായി രാവിലെ അമ്പാടിയുടെ വീട്ടിലേക്ക് വരുമ്പോൾ തന്നെ കുഴഞ്ഞ ചോറിന്റെ ചൂടു മണം വരും. ചെറുചൂടുള്ള ചോറിലേക്ക് കുമ്പളങ്ങയിട്ടു വച്ച പുളിശ്ശേരി പകർത്തി, ഉണക്ക സ്രാവിന്റെ കഷ്ണം ഒന്ന് എണ്ണയിൽ മൂപ്പിച്ചത് കൂട്ടി കാളിത്തള്ള അമ്പാടിയെ ഊട്ടുന്നത് കാണണം... എത്ര ആവർത്തിച്ചാലും ശരി നാവ് നനഞ്ഞിരിക്കും...

പലവട്ടം ചോദിച്ചിട്ടും എനിക്ക് ചോറുരുട്ടാൻ കാളിത്തള്ള തയാറാവാതെ വന്നപ്പോൾ ഒരിക്കൽ കൈയിൽ മുറുക്കിപ്പിടിച്ചു കഴിക്കുക തന്നെ ചെയ്തു. അതിൽ പിന്നെ വയറ്റിൽ എത്ര ഇഡലിയും ദോശയും നിറഞ്ഞാലും ശരി കാളിത്തള്ള ഊട്ടുന്ന കുഴഞ്ഞ ചോറിനും സ്രാവ് വറുത്തതിനുമൊപ്പം വരില്ലായിരുന്നു ഒന്നും.

ഊണു കഴിഞ്ഞു കഞ്ഞിപ്പശയുടെ മണമുള്ള യൂണിഫോമുമിട്ടു ഇടവഴിത്തൊണ്ടു കയറി ഞങ്ങളുടെയൊരു പോക്കുണ്ട്. മഷിപ്പച്ച തണ്ടോടെയൊടിച്ചു പോക്കറ്റിൽ തിരുകിയും, ലൂണാർ ചെരുപ്പിന്റെ വാറു വലിച്ചിട്ട് വെള്ളം തെറിപ്പിച്ചും മത്സരയോട്ടം നടത്തിയുള്ള സ്കൂൾ യാത്ര...

മഴക്കാലമായാൽ പോകുന്ന വഴിയിൽ തവളത്തണ്ടു കൊണ്ടു കണ്ണെഴുതി തണുപ്പിക്കുന്നൊരു പരിപാടി യുണ്ട്... തവള മൂത്രച്ചെടി എന്നായിരുന്നു അതിന്റെ നാട്ടുപേര്. പക്ഷേ യഥാർത്ഥ സംഗതി തലേന്നത്തെ മഴവെള്ളം ഈർപ്പം കെട്ടി കടുപ്പത്തിൽ തണ്ടിൽ ഊറിക്കിടക്കുന്നതാണ്. അതുപൊട്ടിച്ചു കണ്ണിന്റെ കീഴെപ്പാടയിലൂടെ ചേർത്തു വലിച്ചെടുക്കണം...

‘ഹോ’ കുളിരു കയറുന്ന സുഖമാണ്. ഇങ്ങനെ സകല ചുറ്റലും കഴിഞ്ഞ് സ്കൂളിൽ ചെന്നു കേറുമ്പോഴുണ്ട് ആദ്യ ക്ലാസ്സിൽ തന്നെ ദേ നിൽക്കുന്നു കലി തുള്ളുന്ന കുട്ടപ്പൻ മാഷ് ചൂരലും വിറപ്പിച്ചു കൊണ്ട്. തലേന്ന ത്തെ കണക്ക് ചോദിച്ച മാത്രയിൽ ഞാനും അമ്പാടിയും പരസ്പരം നോക്കി കണ്ണേറുകളി തുടങ്ങി...

‘‘നീയൊക്കെ എന്ന് കണക്ക് പഠിക്കാനാണ് ണ്ടാ’’ ന്ന് പറഞ്ഞു നിക്കറിൽ വലിച്ചൊരു ചേർക്കലും,തലങ്ങും വിലങ്ങും ചൂരൽ പ്രയോഗം നടത്തിയതും ഒരുമിച്ചായിരുന്നു. തുട പൊള്ളിപ്പോയ വേദനയുടെ നീറ്റൽ, എല്ലാവർക്കും മുൻപിലേറ്റ അപമാനം. തിരിച്ചു പോകുന്ന വഴിയിലത്രയും ഞാൻ കരഞ്ഞു. അമ്പാടി കരഞ്ഞില്ല...

വീട്ടിലേക്ക് കയറാൻ നേരം അവനെനിക്കൊരു കട്ടിമുട്ടായി തന്നു...അപ്പോൾ ഞാൻ ചിരിച്ചു അവനും ചിരിച്ചു.

കാളിയമ്മ മുകളിൽ നിന്ന് തമ്പാനെ എന്ന് വിളിച്ചു...

ഞാൻ അപ്പോഴും ചിരിച്ചു...

തല്ലിന്റെ വേദന കുറഞ്ഞതായി തോന്നി. പിറ്റേന്ന് നേരം വെളുത്തപ്പോൾ അമ്മയാണ് പറഞ്ഞത്...

‘‘ഡാ നിന്റെ അമ്പാടിയുടെ കാളിയമ്മ മരിച്ചുട്ടോ ആൾക്കാര് പോണൊണ്ട് രാത്രിക്ക് ആരുന്നൂന്നാ പറയണേ..’’

എനിക്ക് വീണ്ടും തല്ലിന്റെ നീറ്റൽ ഓർമ്മ വന്നു. ഞാൻ കരഞ്ഞു വെറുതെ കരഞ്ഞു...

അമ്മയ്‌ക്കൊപ്പമാണ് ഞാൻ കാളിത്തള്ളയെ കാണാൻ പോയത്. സാരിയുടെ മറവിൽ നിന്നു ഞാൻ ആ കിടപ്പു കണ്ടു... ചാരത്തു വച്ചിരുന്ന പുള്ളുവൻ വാദ്യം കരയാൻ വെമ്പുന്നതു പോലെ തോന്നിച്ചു...

പുതപ്പിച്ചു കിടത്തിയിരുന്ന അവരെ കട്ടിലോടെയെടുത്താണ് ദഹിപ്പിക്കാനായി കൊണ്ടു പോയത്. എനിക്ക് അമ്പാടിയോട് ഒന്നും പറയാനുണ്ടായിരുന്നില്ല. അവന്റെ കൈവെള്ളയിൽ ഒരു കട്ടി മിട്ടായി അമർത്തി പിടിപ്പിച്ച് തിരിച്ചു നടപ്പോഴും ഞാൻ കരഞ്ഞിരുന്നു. വെറുതെ കരഞ്ഞിരുന്നു...

‘‘ഡാ ചോദിച്ചത് കേട്ടില്ലേ ഓർമ്മയുണ്ടോന്ന്’’

കുട്ടപ്പൻ മാഷിന്റെ ശബ്ദം പെട്ടെന്ന് എന്നെ തിരിച്ചു വിളിച്ചു. ഞാൻ മറുപടി പറഞ്ഞു.. 

‘‘ഇല്ല മാഷെ എനിക്ക് അത്ര ഓർമ്മയില്ല’’

മറന്നു പോയി എവിടെയോ ഞാനൊക്കെയും മറന്നു പോയി... കൂടുതൽ ചോദ്യത്തിന് നിന്നു കൊടുക്കാതെ ഞാൻ നടന്നു. തൊണ്ട വരളുന്ന പോലെ തോന്നുന്നു. കണ്ണു നനയുന്ന പോലെ. എനിക്കൊരു കട്ടി മുട്ടായി വേണം. കൈവെള്ളയിൽ വെറുതെ ഒന്നു മുറുക്കി പിടിച്ചു നടക്കാനാണ്... വെറുതെ പിന്നോട്ടു നടക്കാൻ....

English Summary : Ambadiyum Kalithallayum Story By Hari Mohan

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;