ADVERTISEMENT

മിത്രൻ (കഥ)

ഗാന എന്ന ചെറു പട്ടണത്തിൽനിന്നും അധികം ദൂരത്തല്ലാതെ മുരൾ എന്ന് പേരുള്ള ഒരു വലിയ പർവ്വതം സ്ഥിതിചെയ്യുന്നു. ഈ പർവ്വതത്തിന്റെ ഏറ്റവും മുകളിൽ കയറുവാൻ ആർക്കും സാധിച്ചിരുന്നില്ല. എന്നാൽ ഈ പർവ്വതത്തിന്റെ പാർശ്വങ്ങളിലായി ചെറിയ ചെറിയ ഗ്രാമങ്ങളുണ്ടായിരുന്നു. കാലി മേയ്ക്കലായിരുന്നു ഗ്രാമവാസികളുടെ പ്രധാന തൊഴിൽ. 

 

 

എല്ലാ ഗ്രാമവാസികളും വളരെ സന്തോഷത്തോടും സൗഹാർദത്തോടും കൂടിയായിരുന്നു അവിടെ ജീവിച്ചി രുന്നത്. എന്നാൽ അവിടെയുള്ള നന്ദിനി എന്ന ഗ്രാമത്തിൽ സഹസ്രായുധൻ എന്ന ദരിദ്ര കർഷകനും അദ്ദേഹത്തിന്റെ പശുമിത്രൻ എന്ന പതിനാലു വയസുള്ള മകനും ജീവിച്ചിരുന്നു. പശുമിത്രൻ കാലികളെ മേയ്ക്കുവാൻ ദിവസവും മുരൾ പർവ്വതത്തിൽ പോകാറുണ്ടായിരുന്നു. അവിടെ മണിക്കിണർ എന്ന ഒരു പൊട്ടക്കിണർ ഉണ്ടായിരുന്നു. 

 

 

പണ്ട് ആരോ വെള്ളത്തിന്റെ ആവശ്യത്തിന് വേണ്ടി കുഴിച്ചതാണ്. എന്നാൽ വെള്ളം കിട്ടാതെ വന്നതിനാൽ കിണർ ഉപേക്ഷിച്ചു. അതുകൊണ്ടു ആ കിണർ കാട് മൂടി കിടക്കുകയായിരുന്നു. എന്നാൽ പശുമിത്രൻ മിക്കപ്പോഴും ആ പൊട്ടകിണറ്റിൽനിന്നും ചിരിയും കരച്ചിലും അട്ടഹാസവും കേൾക്കാറുണ്ടായിരുന്നു. ഈ കിണറിന്റെ അടുത്ത് സാധാരണ ആരും വരാറുണ്ടായിരുന്നില്ല. പശുമിത്രന് ഭയവും ജിജ്ഞാസയും ഉളവായി എല്ലാ ദിവസവും ആ കിണറിന്റെ അടുത്ത് പോയി ഏറെ നേരം ഇരിക്കും. ഇരുളണയും മുൻപേ തിരികെ വീട്ടിലേക്കു പോകും.

 

 

ഒരു ദിവസം കാലികളുമായി തിരികെ പോകുമ്പോൾ തന്റെ മുൻപിൽ ഏതാണ്ട് പത്തു വയസു തോന്നിക്കുന്ന ഒരു പെൺകുട്ടി ചിത്രശലഭത്തെ പിടിക്കുവാനായി അതിന്റെ പിന്നാലെ ഓടുന്നു. പശുമിത്രനും പെൺകുട്ടി യും നേർക്ക് നേർ കണ്ടപ്പോൾ പെട്ടന്ന് രണ്ടുപേരും നിന്നു. ഒരു നിമിഷം പരസ്പരം കണ്ണുകളിൽ നോക്കിയിട്ട് പെൺകുട്ടി തന്റെ വീട്ടിലേക്ക് ഓടി മറഞ്ഞു.

 

 

പിറ്റേ ദിവസവും സാധാരണ പോലെ പശുമിത്രൻ കാലികളുമായി മേയ്ക്കുവാൻ മുരൾ പർവ്വതത്തിൽ പോയി. ഏറെ നേരം കിണറിന്റെ അടുത്തായുള്ള ചരിഞ്ഞ ഒരു മരത്തിൽ ചാരി ഇരുന്നു. എന്തുകൊണ്ടോ അന്ന് ആ കിണറ്റിൽനിന്നും ഒരു ശബ്ദവും കേട്ടില്ല. വൈകുന്നേരം തിരികെ തന്റെ വീട്ടിലേക്ക് പോകുമ്പോൾ ഇന്നലെ കണ്ട ആ പെൺകുട്ടി ആരെയോ പ്രതീക്ഷിച്ചു നിൽക്കുന്ന മാതിരി തന്റെ വേലിയുടെ അടുത്ത് ഉണ്ടായിരുന്നു.

 

 

പശുമിത്രനെ കണ്ട മാത്രയിൽ ആ പെൺകുട്ടി ഒന്ന് ചിരിച്ചു. തെല്ലൊരു നാണത്തോടു ചോദിച്ചു ‘‘ചേട്ടന്റെ പേരെന്താ’’ പെട്ടെന്നുള്ള ചോദ്യം കേട്ട് പശുമിത്രൻ ഒന്ന് ഞെട്ടിയെങ്കിലും ചെറു ചിരിയോടെ പറഞ്ഞു. ‘‘പശുമിത്രൻ’’ എന്നിട്ടു ആരാഞ്ഞു എന്താണ് കുട്ടിയുടെ പേര്. എന്നാൽ കുണുങ്ങി ചിരിച്ചുകൊണ്ട് അവൾ തന്റെ വീട്ടിലേക്ക് ഓടി. പക്ഷേ  പശുമിത്രൻ പുതിയ ഒരു ചങ്ങാതിയെ കിട്ടിയ സന്തോഷത്തോടു കൂടി വീട്ടിൽ പോയി.

 

 

അടുത്ത ദിവസം രാവിലെ തന്റെ കാലികളുമായ് വളരെ ഉത്സാഹത്തോടെ മേയ്ക്കുവാൻ പുറപ്പെട്ടു. പകൽ സമയത്തെ ഭക്ഷണം എല്ലാ ദിവസത്തെയും പോലെ കാട്ടിൽ നിന്നും എന്തെങ്കിലും പഴങ്ങൾ കഴിക്കുന്നതാണ് ശീലം. അന്ന് വൈകിട്ട് തിരികെ വരുമ്പോൾ കുറച്ചു പഴങ്ങൾ കൈയ്യിൽ കരുതിയിരുന്നു. അന്നും അവന്റെ വരവും കാത്തു ആ പെൺകുട്ടി വേലിയരികിൽ നിൽപ്പുണ്ടായിരുന്നു. 

 

 

അവനെ കണ്ട മാത്രയിൽ അവൾ ഒന്ന് ചിരിച്ചു.അപ്പോൾ അവൻ കൈയ്യിലിരുന്ന പഴങ്ങൾ അവൾക്കു കൊടുത്തു, എന്നിട്ടു അവൻ വീണ്ടും ചോദിച്ചു ‘‘എന്താണ് കുട്ടിയുടെ പേര്’’ അവൾ വളരെ സൗമ്യമായിട്ട് പറഞ്ഞു ‘‘എന്റെ പേര് ത്രിവേണി’’ അവൻ പറഞ്ഞു നല്ല പേര് പക്ഷേ ഞാൻ ‘‘വേണി’’ എന്ന് വിളിച്ചോട്ടെ. വേണിക്കു എന്നെ ‘‘മിത്രൻ’’ എന്നും വിളിക്കാം. ശരി എന്ന രീതിയിൽ തലയാട്ടി അവൾ തന്റെ വീട്ടിലേക്ക് ഓടി മറഞ്ഞു.

 

 

ഒരു ദിവസം മിത്രൻ തന്റെ പിതാവുമൊത്തു ഗാന പട്ടണത്തിൽ പോയി മടങ്ങി വരുമ്പോൾ തന്റെ പിതാവു കൊടുത്ത ചെറിയ കാശിനു അവൻ ഒരു പളുങ്ക് മാല വാങ്ങി കൈയ്യിൽ വച്ചിരുന്നു. അടുത്ത ദിവസം മിത്രൻ വേണിയെ കണ്ടപ്പോൾ അവൻ അവൾക്ക് ആ മാല സമ്മാനിച്ചു. അവൾ ആ മാല കഴുത്തിൽ അണിയാതെ ഭദ്രമായി ആരും കാണാതെ സൂക്ഷിച്ചു. പിറ്റേ ദിവസം അവളെ കണ്ടപ്പോൾ അവൻ ചോദിച്ചു മാല എന്തേ ഇഷ്ടമായില്ലേ, എന്തേ അണിയാത്തതു എന്ന്. അവൾ പറഞ്ഞു എന്റെ അച്ഛൻ  കണ്ടാൽ എന്നെ അടിക്കും, പക്ഷെ ഞാൻ സൂക്ഷിച്ചു വച്ചിച്ചുണ്ട്.

 

 

ഇങ്ങനെ എല്ലാ ദിവസവും മിത്രനും വേണിയും തമ്മിൽ കാണുകയും കാട്ടിലെ തന്റെ അനുഭവവും പൊട്ടക്കിണറ്റിലെ ശബ്ദങ്ങളെപ്പറ്റിയും പങ്കുവെയ്ക്കുമായിരുന്നു. ഒരു ദിവസം പശുമിത്രൻ തന്റെ കാലികളുമായി വേണിയുടെ വീടിന്റെ അടുത്തെത്തി പക്ഷേ വേണിയെ കാണാനില്ല. ഏറെ നേരം വേലിയുടെ അടുത്ത് നിന്നിട്ടു മിത്രൻ തന്റെ കാലികളുമായി തന്റെ വീട്ടിലേക്ക് പോയി.  ഇങ്ങനെ പല ദിവസങ്ങൾ കടന്നു പോയി. പക്ഷേ അവൾ മാത്രം വന്നില്ല. മിത്രന് സങ്കടവും ദേഷ്യവും എല്ലാം വന്നു അവൻ ഭക്ഷണം കഴിക്കാതെയായി. സഹസ്രായുധൻ തന്റെ മകനായ പശുമിത്രനോട് എന്താണ് ഭക്ഷണം കഴിക്കാത്തത് എന്നും ദുഃഖിച്ചിരുക്കുന്നതു എന്ന് ചോദിച്ചു. പലവട്ടം ചോദിച്ചപ്പോൾ അവൻ നടന്ന സംഭവം പറഞ്ഞു.

 

സഹസ്രായുധൻ തന്റെ മകനായ പശുമിത്രനോട് തനിക്കു സംഭവിച്ച കഴിഞ്ഞ കാല സംഭവങ്ങൾ ഒന്നൊന്നായി പറഞ്ഞു. ത്രിവേണിയുടെ അച്ഛന്റെ പേര് ഗിരിമുഖൻ എന്നാണ്. അവൻ വളരെ നീചനായ ഒരു മനുഷ്യനാണ് നിന്റെ അമ്മയെയും സഹോദരന്മാരെയും അവൻ കൊന്നു പൊട്ടകിണറ്റിൽ ഇട്ടു. കിണർ വളരെ ആഴമുള്ളതാകയാൽ ശവശരീരം പോലും എടുക്കുവാൻ സാധിച്ചില്ല. മിത്രന് ദേഷ്യം അടക്കാൻ സാധിച്ചില്ല. അവൻ ഗിരിമുഖനെ കൊല്ലുവാൻ പുറപ്പെട്ടു. പക്ഷേ സഹസ്രായുധൻ അവനെ വിലക്കിയിട്ടു പറഞ്ഞു. ഗിരിമുഖൻ ഇവിടുത്തെ ധനികനും അനേകം മല്ലന്മാരും ഉള്ളവനാണ്. ഒന്നിനെയും കൊല്ലുവാനും മടിയില്ലാത്തവനുമാണ് അതുകൊണ്ടു എന്റെ പശുമിത്രൻ അവനോടു വഴക്കിനു പോകേണ്ട, നീ മാത്രമേ എനിക്കുള്ളു. അത് കേട്ടപ്പോൾ മിത്രൻ ഒന്ന് ശമിച്ചെങ്കിലും പക മനസ്സിൽ വച്ചു.

 

 

പിന്നീടുള്ള എല്ലാ ദിവസവും കാലികളുമായിട്ടു പുറപ്പെടുമ്പോൾ തന്റെ അരയിൽ ഒരു കത്തി സൂക്ഷിക്കുവാൻ മിത്രൻ മറന്നില്ല. അവൻ പോയി കിണറിന്റെ അടുത്തെത്തുമ്പോൾ തന്റെ അമ്മയുടെയും സഹോദരങ്ങളു ടെയും ശബ്ദം കേൾക്കാൻ കാതോർക്കും. മിത്രൻ തന്റെ അമ്മയെയും സഹോദരങ്ങളെയും കണ്ടതായിട്ടു ഓർമയില്ല.

 

ഒരു ദിവസം മിത്രൻ കാലികളുമായി മടങ്ങി വരുമ്പോൾ, തന്റെ കൂട്ടുകാരി വേലിക്കടുത്തേക്കു ഓടി വന്നു ഒറ്റ ശ്വാസത്തിൽ പറഞ്ഞു മിത്രൻ ചേട്ടൻ തന്ന പളുങ്കു മാല അച്ഛൻ കണ്ടു. എന്നെ ഒരു പാട് അടിച്ചു. വീടിനു വെളിയിൽ പോകരുതെന്ന് പറഞ്ഞു. ഇപ്പോൾ അച്ഛൻ പട്ടണത്തിൽ പോയിരിക്കുകയാണ്, എപ്പോൾ വേണമെങ്കിലും മടങ്ങി വരാം. ചേട്ടൻ പൊയ്ക്കോളൂ. ചേട്ടനെ കണ്ടാൽ അച്ഛൻ കൊന്നുകളയും. അത് കേട്ടപ്പോൾ മിത്രന്റെ രക്തം തിളച്ചു. അവൻ അറിയാതെ തന്നെ അവന്റെ കൈയ് അരയിലെ കത്തിയിൽ പിടി മുറുക്കി. എന്നിട്ടു ആത്മസംയമനം പാലിച്ച് വേണിയോട് വീട്ടിൽ പൊയ്ക്കൊള്ളാൻ പറഞ്ഞു.

 

 

അടുത്ത ദിവസം പതിവ് പോലെ മിത്രൻ കാലികളുമായി പുറപ്പെട്ടു. തന്റെ കാലികളെ മേയ്ക്കാൻ വിട്ടിട്ടു മിത്രൻ വേണിയുടെ വീടിന്റെ പടിപ്പുരയ്ക്കടുത്തായി പതിയിരുന്നു. ഏറെ നേരം കഴിഞ്ഞപ്പോൾ ഗിരിമുഖൻ തന്റെ ശിങ്കിടികളുമായി പട്ടണത്തിൽ പോകുവാനായി പടിപ്പുര വാതിൽ കടന്നു. അപ്പോൾ പശുമിത്രൻ തന്റെ അരയിൽ സൂക്ഷിച്ച കത്തിയുമായി ചാടി വീണു. എന്നാൽ പശുമിത്രന് ഗിരിമുഖനെ ഒന്നും ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ ഗിരിമുഖന്റെ മല്ലന്മാർ പശുമിത്രനെ മൃതപ്രായനാക്കി മലമുകളുള്ള പൊട്ട കിണറ്റിൽ വലിച്ചെറിഞ്ഞു. മിത്രനെ തല്ലികൊല്ലാറാക്കുന്നത് വേണി ജനാല വഴി കാണുന്നുണ്ടായിരുന്നു.

 

പൊട്ടക്കിണറ്റിന്റെ ആഴത്തിലേക്ക് വീണ മിത്രൻ കിണറ്റിന്റെ ഉള്ളിൽ വളർന്നിരുന്ന ഏതോ ഒരു ചെടിയിൽ തൂങ്ങി നിന്നു. മിത്രന് ജീവൻ ഉണ്ടായിരുന്നു. പക്ഷേ കൈകാലുകൾ അനക്കുവാൻ ത്രാണി ഇല്ലായിരുന്നു. ആ രാത്രി മുഴുവൻ മിത്രൻ പൊട്ടക്കിണറ്റിൽ തൂങ്ങി പാതി ഉറക്കത്തിൽ കഴിച്ചുകൂട്ടി. അപ്പോഴും അവൻ തന്റെ അമ്മയുടെയും സഹോദരങ്ങളുടെയും കരച്ചിലും ചിരിയും കേൾക്കുന്നുണ്ടായിരുന്നു.

 

 

അടുത്ത പ്രഭാതമായി പക്ഷേ അവനു അപ്പോഴും രാത്രി. കാരണം കാട്ടിനുള്ളിലെ പൊട്ടക്കിണറ്റിൽ എപ്പോഴും ഇരുട്ടാണ്. എങ്കിലും അവിടെയുള്ള ഇരുണ്ട വെളിച്ചത്തിൽ മിത്രൻ മുകളിലേക്ക് കയറുവാൻ പരിശ്രമിച്ചു, കാട്ടു വള്ളികളിൽ പിടിച്ചു കയറുവാൻ ശ്രമിക്കവേ അവൻ കിണറിന്റെ ആഴത്തിലേക്ക് വീണു പോയി. ദാഹിച്ചു പരവശനായ മിത്രൻ അല്പം വെള്ളത്തിന് വേണ്ടി മോഹിച്ചു. എങ്ങും അന്ധകാരം, കിണറ്റിൽ ക്ഷുദ്രജീവികൾ കാണും എന്നുള്ള ഭയം. അവിടെ കിടന്നു കൊണ്ട് തന്റെ അച്ഛനെയും കാലികളെയും വേണിയെയും കുറിച്ചോർത്തു.

 

അപ്പോൾ ചിരിക്കുന്ന ശബ്ദവും മനസ്സിലാകാത്ത രീതിയിൽ എന്തൊക്കെയോ ആരൊക്കെയോ സംസാരിക്കുന്നതു കേൾക്കാം. മിത്രന്റെ ഉള്ളിൽ ഭയം അനുഭവപ്പെട്ടു, കൈ കാലുകൾ വിറയ്ക്കുന്ന മാതിരി. എന്നിരുന്നാലും ധൈര്യം സംഭരിച്ചുകൊണ്ടു ശബ്‌ദം വന്ന ദിക്കിലേക്ക് കാതോർത്തു. കിണറിന്റെ അടിത്തട്ടിൽ നിന്നും മുകളിൽ കൈ എത്തും ദൂരത്തു ഒരു തുരങ്കം ഉണ്ടെന്നു തോന്നി. മിത്രൻ അള്ളിപ്പിടിച്ചു തുരങ്കത്തിൽ കയറി അൽപ ദൂരം തപ്പി തടഞ്ഞു മുന്നോട്ടു പോയി. മുൻപിൽ വെളിച്ചം കാണായ്‌വന്നു. മിത്രന് അദ്ഭുതമായി, വെളിച്ചം വന്ന ദിക്കിലേക്ക് തപ്പിത്തടഞ്ഞു നടന്നു, തുരങ്കം അവസാനിക്കുന്നത് ഒരു മലഞ്ചരുവിൽ, ഒരു പുതിയ ലോകം. അപ്പോളാണ് മിത്രന് മനസ്സിലായത് എന്തുകൊണ്ടാണ് ആ കിണർ പൊട്ടക്കിണർ ആയതു എന്ന്.

 

മിത്രൻ ആ ചരിവിലൂടെ ഊഴ്ന്നിറങ്ങി അൽപ ദൂരം നടന്നു. അടികിട്ടിയ ക്ഷീണം കൊണ്ടും വിശപ്പും ദാഹവും ഒപ്പം ഉള്ളതുകൊണ്ടും അടുത്ത് കണ്ട ഒരു പാറയിൽ അല്പം കിടന്നു വിശ്രമിച്ചു, അവൻ അറിയാതെ തന്നെ കുറച്ചു നേരം ഉറങ്ങിപ്പോയി. പക്ഷെ വിശപ്പ് അവനെ തട്ടിയുണർത്തി. കായ്കനികൾ കിട്ടുമോ എന്ന് വിചാരിച്ചു മുന്നോട്ടു നടന്നു. താഴെ അഗാധമായ ഗർത്തം. വീണ്ടും അവനെ ഞെട്ടിച്ചത് അവൻ നിൽക്കുന്നതിന്റെ നാല് ഭാഗവും ആകാശം മുട്ടെ നിൽക്കുന്ന പർവ്വതങ്ങൾ വെളിലോകത്തേക്ക് പോകുവാൻ യാതൊരു മാർഗവുമില്ല കയറുവാൻ പറ്റാത്ത മലകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.

 

മിത്രന് മനസ്സിലായി താൻ ഒരു അത്ഭുത ലോകത്തു വന്നു പെട്ടിരിക്കുന്നു എന്ന്. അവൻ തന്റെ ശരീരത്തിൽ ശക്തിയായി നുള്ളി, ഹോ വേദന എടുക്കുന്നു സ്വപ്നം കാണുകയല്ലെന്നു അവൻ ഉറപ്പിച്ചു. സൂര്യ പ്രകാശം ശരിക്കും കടന്നു വരാത്ത ഒരു സുന്ദര ലോകം. എല്ലായിടവും പകൽ വെളിച്ചം നീല നിറത്തിലാണ് കാണുന്നത്. മഞ്ഞിറങ്ങുന്ന മാതിരി ഒരു പ്രതീതി. കുറച്ചകലെ കണ്ട മരത്തിൽനിന്നും പഴങ്ങൾ പറിച്ചു തിന്നു വിശപ്പടക്കി. പാറക്കൂട്ടങ്ങളുടെ ഇടയിലൂടെ ഒലിച്ചിറങ്ങി വന്ന വെള്ളം കുടിച്ചു ദാഹവുമടക്കി. ഈ സമയങ്ങളിലെല്ലാം. പൊട്ടിച്ചിരിയും കരച്ചിലും അട്ടഹാസവും അവിടെ മുഴങ്ങുന്നുണ്ടായിരുന്നു. അവൻ ഇന്നുവരെ കാണാത്ത ജീവജാലങ്ങളും ഫലവൃക്ഷങ്ങളും അവിടെ ഉണ്ടായിരുന്നു.

 

അതാ അങ്ങകലെ ഒരു ഗുഹയിൽ സൂര്യ തേജസ്സിനെ വെല്ലുന്ന പ്രകാശം. അപ്പോൾ അവൻ ചിന്തിച്ചു ഇത് ഇവിടെ ഉള്ള സൂര്യൻ ആണോ എന്ന്. അവൻ അതിന്റെ അടുത്തേക്ക് നടന്നടുത്തു, അപ്പോൾ പൊട്ടിച്ചിരിയും കരച്ചിലും അട്ടഹാസവും വളരെ ഉച്ചത്തിൽ കേൾക്കാം. മിത്രന് ഭയമായി. അവൻ ഒരു പാറയുടെ മറവിൽ ഒളിച്ചിരുന്ന് ഗുഹയിലേക്കെ നോക്കി. ഒരു കോഴിമുട്ടയുടെ വലിപ്പമുള്ള സ്ഫടികം പോലെ ഉള്ള എന്തോ ഒന്നാണ് പ്രകാശിക്കുന്നത് എന്ന് മനസ്സിലായി. 

 

 

അവൻ മെല്ലെ ഗുഹയ്ക്കുള്ളിലോട്ടു നടന്നു. അവിടെ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു. മനുഷ്യർ എന്ന് തോന്നുന്ന അഞ്ചു രൂപികൾ പ്രകാശിക്കുന്ന സ്ഫടികത്തിന്റെ ചുറ്റും ഇരുന്നു ശബ്ദം ഉണ്ടാക്കുന്നതാണ് കണ്ടത്. മിത്രനെ കണ്ട മാത്രയിൽ അവർ അഞ്ചും മെല്ലെ അൽപ്പം ദൂരെ മാറി നിന്നു. അവർ അവന്റെ നേരെ തല കുമ്പിട്ടു നിൽക്കുകയായിരുന്നു. മിത്രന് എന്തോ ഒരു അമാനുഷിക ശക്തിയുണ്ടായിരുന്നു, അത് അവനു അറിയില്ലെങ്കിലും ആ അഞ്ചു രൂപികൾക്കും അറിയാമായിരുന്നു.

 

 

 അക്കാരണത്താൽ അവർക്കു മിത്രനെ ഒന്നും ചെയ്യാൻ സാധില്ല. മിത്രൻ ധൈര്യം സംഭരിച്ചു മുന്നോട്ടു ചെന്ന് ആ സ്ഫടികം കൈയിലെടുത്തു. അപ്പോൾ ആ അഞ്ചു രൂപികളിൽ ഒരാളായ സ്ത്രീ രൂപി ചിലമ്പിയ ശബ്ദത്തോടെ മിത്രനോട് പറഞ്ഞു. ഇനി മുതൽ അടിയങ്ങൾ അവിടുത്തെ ദാസർ. അങ്ങയുടെ ഏതു ആജ്ഞയും അനുവർത്തിക്കാൻ അടിയങ്ങൾ ബാധ്യസ്ഥരാണ് എന്ന്. 

 

 

അപ്പോൾ മിത്രന് വലിയ സന്തോഷമായി, അത് തന്റെ അമ്മയും സഹോദരങ്ങളുമാണെന്നു അവൻ വിശ്വസിച്ചു. ആ രൂപികൾ മിത്രനോട് ആ മലയിടുക്കിനെപ്പറ്റിയും അവിടെയുള്ള ജീവജാലങ്ങളെപ്പറ്റിയും അവർ എങ്ങനെ അവിടെ എത്തി എന്നുള്ളതും വിവരിച്ചു. അപ്പോൾ അവൻ ഉറപ്പിച്ചു അത് തന്റെ അമ്മയും സഹോദരങ്ങളുമാണെന്ന്.

 

ഈ മലയിടുക്കിൽ നിന്നും ആർക്കും പുറംലോകത്തേക്കു പോകുവാനും പുറത്തുനിന്നു ഇവിടേയ്ക്ക് വരുവാനും സാധിക്കില്ല. പക്ഷേ പുറംലോകത്തുള്ളവർ വെള്ളത്തിനായി കിണർ കുഴിച്ചപ്പോൾ പൊട്ടക്കി ണറായി മാറുകയും ഞങ്ങളെ കൊന്നു ആ പൊട്ടക്കിണറ്റിലിടുകയും അങ്ങനെ ഇവിടെ വരുവാൻ ഇടയാ ക്കുകയും ചെയ്തു. ഈ മലയിടുക്ക് അന്യഗ്രഹ ജീവികൾ വന്നു പോകുവാനുള്ള ഇടമാണ്. എല്ലാ മാസവും അമാവാസി രാത്രിയിൽ അന്യ ഗ്രഹ ജീവികൾ അവിടെ കാണുന്ന ആ നിരപ്പായ പാറയിൽ വന്നിറങ്ങും. 

 

 

ഒരു അമാവാസിയിൽ അവർ ഞങ്ങളെ കാണുവാനിടയായി. ഞങ്ങൾ മനുഷ്യർ അല്ലെന്നും ഇവിടെ ഉള്ളവർ അല്ലെന്നും അവർക്കു മനസ്സിലായി. അൽപം ദൂരത്തു നിന്ന് അവർ ഞങ്ങളെപ്പറ്റി അന്വേഷിച്ചു. ഞങ്ങൾ നിർദോഷികളാണെന്നു മനസ്സിലാക്കിയ അവർ ഞങ്ങളുടെ കൈയിൽ ആ സ്ഫടികം തന്നിട്ട് പറഞ്ഞു, ഇതൊരു മാന്ത്രിക സ്ഫടികമാണ്. ഇത് ആദ്യം കൈവശമാക്കുന്ന ഒരാൾക്ക് മാത്രം ഇത് ഉപകരിക്കും എന്ന്. 

 

 

പക്ഷെ ജീവനുള്ള മനുഷ്യന് മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ. അക്കാരണത്താൽ ഞങ്ങൾ ഇതുവരെയും ഇത് സൂക്ഷിച്ചു വച്ചതു. ഇനിയും ഇത് അങ്ങയുടെ സ്വന്തവും അടിയങ്ങൾ അവിടുത്തെ ആജ്ഞാനുവർ ത്തികളുമാകുന്നു. അവിടുന്ന് എന്ത് വിചാരിച്ചാലും അതേപോലെ നടക്കും. പക്ഷേ ഇതുകൊണ്ടു നന്മയ്ക്കല്ലാതെ തിന്മയ്ക്കായി ചിന്തിച്ചാൽ അത് അങ്ങയുടെ ആപത്തിലേ കലാശിക്കൂ.

 

 

ഇത് കേട്ട മിത്രന് വളരെ സന്തോഷമായി. മിത്രൻ താൻ മായയാകട്ടെ എന്ന് ചിന്തിച്ചു. അപ്പോൾ മിത്രൻ മായയായി. ഇപ്പോൾ ആ അഞ്ചു രൂപികൾക്കു മാത്രമേ മിത്രനെ കാണുവാൻ സാധിക്കുകയുള്ളു. തിരികെ സ്വരൂപത്തിൽ വരട്ടെ എന്ന് പറഞ്ഞപ്പോൾ പഴയ രൂപത്തിൽ വന്നു. അന്യ ഗ്രഹ ജീവികളെ കാണണം എന്നുള്ള മിത്രന്റെ ആഗ്രഹം മിത്രൻ ആ രൂപികളെ അറിയിച്ചു, അവർ മിത്രനോട് പറഞ്ഞു അമാവാസി വരെ കാത്തിരിക്കണം, പക്ഷെ അവരെ നേരെ കാണുവാൻ ഇടവരരുത്.

 

 

അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അമാവാസി ആയി. മിത്രൻ അന്യഗ്രഹ ജീവികൾ വന്നിറങ്ങാറുള്ള പാറയുടെ സമീപത്തു ഒളിച്ചിരുന്നു. മുകളിൽ നിന്നും സൂര്യൻ താഴേക്കു ഇറങ്ങിവരുന്നതായി തോന്നി, പ്രകാശം കാരണം ഒന്നും വ്യക്തമായി കാണുന്നില്ല. അടുത്ത് അടുത്ത് വരുമ്പോൾ വ്യക്തമായി കണ്ടു തുടങ്ങി. വലിയൊരു ആകാശക്കപ്പൽ ആ നിരപ്പായ കൂറ്റൻ പാറയുടെ മുകളിൽ താഴ്ത്തി ഇറക്കി. അൽപ്പ സമയ ശേഷം അതിന്റെ ഒരു വാതിൽ തുറന്നു. ഒരു സുന്ദര രൂപി വെളിയിൽ ഇറങ്ങി അൽപനേരം കാതോർത്തതിന് ശേഷം എന്തോ ഒരു ശബ്ദം പുറപ്പെടുവിച്ചു, ആ ആകാശ കപ്പലിന്റെ ഉള്ളിൽ നിന്നും കുറച്ചു പേർ വെളിയിൽ ഇറങ്ങി. ഓരോരുത്തർ പലവഴിക്കായി ആ കാട്ടിനുള്ളിലൂടെ പോയി.

 

എന്നാൽ ആദ്യം ഇറങ്ങിയ ആ സുന്ദര രൂപി അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു. അവൻ ഒളിച്ചിരുന്ന മിത്രനെ മണത്തു കണ്ടു പിടിച്ചു. ഉടനെ അവൻ എന്തോ ഒരു ശബ്ദം പുറപ്പെടുവിച്ചു. ഉടനെ എന്റെ അമ്മയും സഹോദരങ്ങളുമായ ആ അഞ്ചു രൂപികളും സുന്ദര രൂപിയുടെ അടുത്ത് വന്നു നിന്നു. അവർ എന്തൊക്കെയോ സംസാരിക്കുന്നു മനുഷ്യന് മനസ്സിലാക്കാൻ പറ്റാത്ത ഭാഷയിൽ. അവർ എന്നെ അടുക്കൽ വിളിച്ചു. മിത്രൻ  അടുത്ത് ചെന്നു, സുന്ദര രൂപി അവനെ അടിമുടി ഒന്ന് നോക്കി. കൈയിലിരുന്ന വടി അവന്റെ നേരെ നീട്ടി അതിൽ തൊടാൻ ആംഗ്യം കാട്ടി, മിത്രൻ ഒന്ന് മടിച്ചപ്പോൾ, അഞ്ചു രൂപികളിൽ ഒരാൾ പറഞ്ഞു വടിയിൽ തൊടുക എന്ന്, അവൻ തൊട്ടു, മനുഷ്യരിൽ മിത്രന് മാത്രം അന്യഗ്രഹജീവികളുമായിട്ടു സമ്പർക്കം പുലർത്താൻ ഉള്ള അധികാരമാണ് നൽകിയത്.

 

മിത്രനോടും കൂടെയുള്ള ആ അഞ്ചു രൂപികളോടും മാറിനിൽക്കാൻ ആംഗ്യം കാട്ടി. അവർ അൽപം ദൂരം മാറി നിന്നു. കാടിനുള്ളിൽ പോയവർ ഓരോരുത്തരായി തിരികെ വന്നു, എല്ലാവരുടെയും കൈയിൽ എന്തൊക്കെ യോ ഉണ്ട്. അന്യഗ്രഹ ജീവികൾ ഇവിടെനിന്നുമാണ് ഭക്ഷണം ശേഖരിക്കുന്നത്. അടുത്ത അമാവാസി വരെ ആവശ്യമുള്ള ഭക്ഷണം അവർ ആ ആകാശക്കപ്പലിൽ ശേഖരിച്ചു. എല്ലാ സുന്ദരന്മാരും അവരുടെ വാഹനത്തി ൽ കയറി വാതിൽ അടച്ചു. അൽപ സമയത്തിനുള്ളിൽ ഒരു ഇരമ്പലോടുകൂടി അത് മുകളിലേക്ക് പൊങ്ങി.

 

 

അന്യഗ്രഹ ജീവികൾ പോയതിനു ശേഷം മിത്രൻ ആ പാറയിൽ അൽപ നേരം ഇരുന്നു. അപ്പോൾ അവനു തന്റെ അച്ഛനെയും വേണിയെയും ഓർമ്മ വന്നു, അതുവരെ അവൻ ഒരു മായാലോകത്തായിരുന്നു. എങ്ങനെ അവിടെ എത്തും എന്ന് ചിന്തിച്ചിരിക്കുമ്പോൾ, ഒപ്പമുള്ള സ്ത്രീ രൂപം പറഞ്ഞു. അങ്ങയുടെ കൈയിലുള്ള മാന്ത്രിക സ്ഫടികം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും. മിത്രൻ അപ്പോൾ പറഞ്ഞു ഈ മലയിടുക്കിൽനിന്നും താനും അഞ്ചു രൂപങ്ങളും മായയായി പുറംലോകത്തേക്കു പറന്നു പോകട്ടെ എന്ന്. 

 

അങ്ങനെ പറഞ്ഞ മാത്രയിൽ അവർ ആറുപേരും അവിടെ നിന്നും പറന്നു മിത്രന്റെ ഗ്രാമമായ നന്ദിനിയിൽ എത്തി. മിത്രൻ തന്റെ പിതാവായ സഹസ്രായുധന്റെ അടുക്കൽ ഓടി എത്തി കെട്ടിപ്പിടിച്ചു ചുംബിച്ചു. തനിക്കു സംഭവിച്ചത് മിത്രൻ തന്റെ പിതാവിനോട് എല്ലാം വിവരിച്ചു പറഞ്ഞു. തന്റെ മകന്റെ ഒപ്പം വന്നിരിക്കുന്ന തന്റെ ഭാര്യയെയും മക്കളെയും കാണുവാൻ സഹസ്രായുധന്‌ സാധിച്ചില്ല. അവർ മായാ രൂപികളാണല്ലോ. എന്നാൽ ആ അഞ്ചു രൂപികൾക്കും തങ്ങളുടെ ഭർത്താവിനെ‌യും പിതാവിനെയും കാണുവാനും മിത്രൻ തങ്ങളുടെ മകനും സഹോദരനും എന്നും മനസ്സിലായി.

 

മിത്രനെ തല്ലുന്നതും പൊട്ടക്കിണറ്റിൽ കളയുവാൻ കൊണ്ടുപോകുന്നതും ജനാലയിലൂടെ കണ്ടിരുന്ന വേണി. ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും ഒരു ഭ്രാന്തിയെപ്പോലെയായി. അതുകണ്ടു മടുത്ത ഗിരിമുഖൻ തന്റെ വീടും സ്ഥലവും എല്ലാം വിറ്റു ഗാന പട്ടണത്തിലേക്കു താമസം മാറിയിരുന്നു എന്ന് സഹസ്രായുധൻ മിത്രനെ അറിയിച്ചു.

 

എങ്ങനെ എങ്കിലും വേണിയെ ആ രാക്ഷസന്റെ കൈയിൽനിന്നും രക്ഷിച്ചേ മതിയാകൂ എന്ന് മിത്രൻ തന്റെ മനസ്സിൽ ഉറച്ചു. തന്റെ അമ്മയായ അരൂപിയെ പിതാവിന് കാവൽ നിർത്തിയിട്ടു തന്റെ അരൂപികളായ സഹോദരങ്ങളുമൊത്തു ഗാന പട്ടണത്തിലേക്കു യാത്രയായി. പട്ടണത്തിൽ ഗിരിമുഖന്റെ കൊട്ടാരസദൃശ്യമായ വീടും വലിയ മതിലും പടിപ്പുരയും പടിപ്പുരയിൽ കാവൽക്കാർ നിൽക്കുന്നതും ദൂരെനിന്നേ കണ്ടു. എന്നാൽ വേണിയെ എവിടെയും കണ്ടില്ല. 

 

 

മിത്രൻ തന്റെ സ്ഫടിക ശക്തികൊണ്ട് മായയായി മാറി. വീടിനുള്ളിൽ കയറിയ മിത്രൻ എല്ലാ മുറികളിലും വേണിയെ അന്വേഷിച്ചു എന്നാൽ കണ്ടെത്താൻ സാധില്ല. അവസാനം അടഞ്ഞു കിടന്ന ഒരു ഇരുട്ട് മുറിയിൽ ചങ്ങലയാൽ ബന്ധിക്കപ്പട്ടു കിടന്നിരുന്ന, തളർന്നു ഉറങ്ങിയിരുന്ന തന്റെ ചങ്ങാതിയെ കണ്ടു. അവൻ അവളെ തോളിൽ തട്ടി ഉണർത്താൻ ശ്രമിച്ചു, പക്ഷെ അവൾ ഉണർന്നില്ല, അപ്പോൾ അവനു മനസ്സിലായി അവൻ മായാരൂപിയാണെന്ന്. ഉടനെ അവൻ തന്റെ സ്വരൂപം സ്വീകരിച്ചു വീണ്ടും തട്ടി വിളിച്ചു, അവൾ ഞെട്ടി ഉണർന്നു. തന്റെ ചങ്ങാതിയെ കണ്ടപ്പോൾ അവൾ അദ്ഭുതംപൂണ്ടു ചോദിച്ചു എങ്ങനെ അകത്തു വന്നു എന്ന്. അവൻ പറഞ്ഞു അത് പിന്നെ പറയാം. അവൾക്കു രാവിലെ കൊടുത്തിരുന്ന ഭക്ഷണം അവൾ കഴിച്ചിരുന്നില്ല, അവൻ ഭക്ഷണം അവൾക്കു കൊടുത്തു അവൾ സന്തോഷത്തോടുകൂടി അത് കഴിച്ചു. 

 

 

അവളുടെ കാലിൽനിന്നും ചങ്ങലകൾ അഴിച്ചുമാറ്റി. ചങ്ങല കെട്ടിയിടത്തു മുറിവുകൾ ഉണ്ടായിരുന്നു. മിത്രൻ തന്റെ സ്ഫടിക ശക്തിയാൽ മുറിവുള്ള ഉണങ്ങട്ടെ എന്നു പറഞ്ഞ് മുറിവിന്മേൽ കൈയ്‌വച്ചു മുറിവുകൾ എല്ലാം ഉണങ്ങി. വേണിക്കു എല്ലാം ഒരു സ്വപ്നം പോലെ തോന്നി.  ഇതെല്ലാം അരൂപികളായ തങ്ങളുടെ സഹോദരങ്ങൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.

 

മിത്രൻ വേണിയോട് പറഞ്ഞു ശാന്തമായിരിക്ക, അച്ഛൻ വരുമ്പോൾ നല്ലകുട്ടിയായിരിക്കണം. അപ്പോൾ വേണിയെ അച്ഛൻ ഈ മുറിയിൽ നിന്നും തുറന്നു വിടും എന്നും ഞാൻ വന്നു കാണാം എന്ന് പറഞ്ഞു കാലിലെ ചങ്ങല തിരികെ ബന്ധിച്ചു. വേണിയെ കാണാൻ ഞാൻ എന്നും വരും. ഒരു നിമിഷം കണ്ണട ച്ചിരിക്കാൻ പറഞ്ഞു അവൾ കണ്ണടച്ചു ആ നേരം കൊണ്ട് അവൻ അപ്രത്യക്ഷനായി. 

 

 

വേണി ഭക്ഷണം സമയാസമയം കഴിക്കുവാനും നല്ല സ്വഭാവത്തോടിരിക്കുവാനും തുടങ്ങി. അവളിലെ ഈ മാറ്റങ്ങൾ കണ്ട ഗിരിമുഖൻ അവളുടെ കാലിലെ ചങ്ങലകൾ എല്ലാം അഴിച്ചു മാറ്റി, ഇരുട്ടുമുറിയിൽനിന്നും പുറത്തു കൊണ്ടുവന്നു. പക്ഷെ എല്ലാ ദിവസവും മിത്രൻ അവളെ കാണാൻ അവിടെ വന്നിരുന്നു. എങ്ങനെ മിത്രൻ തന്റെ വീട്ടു വളപ്പിലും വീട്ടിലും പ്രേവേശിക്കുന്നു എന്ന് അവൾക്കു മനസ്സിലായില്ല. വീട്ടിന്റെ എല്ലാ പ്രധാന കവാടത്തിലും കാവൽക്കാറുണ്ടായിരുന്നിട്ടും മിത്രൻ എന്നും തന്നെ കണ്ടു മടങ്ങി പോകുന്നു. 

 

 

പല പ്രാവശ്യം വേണി ചോദിച്ചിട്ടും മിത്രൻ ആ രഹസ്യം പറഞ്ഞു കൊടുത്തില്ല. വേണിക്കു വീടിന്റെ ചുറ്റുമതിലിനു പുറത്തു പോകുവാൻ അനുമതി ഇല്ലായിരുന്നു. വേണി ബുദ്ധിമതിയായിരുന്നു. അവൾ മിത്രനോട് പറഞ്ഞു തനിക്കു പട്ടണം കാണണം അതുകൊണ്ടു അവളെ കൊണ്ട് പോകണം എന്ന്. എന്നാൽ ഈ ഉപായം മനസ്സിലാക്കിയ മിത്രൻ പറഞ്ഞു. തനിക്കു വിവാഹ പ്രായമായാൽ ഞാൻ വന്നു നിന്നെ കൂട്ടിക്കൊണ്ടു പോകും, അതുവരെ ക്ഷമിച്ചു ഇവിടെ ഇരിക്കുക. ഞാൻ ദിവസവും വന്നു കണ്ടുകൊള്ളാം. ചെറിയ ഒരു സങ്കടത്തോടുകൂടിയാണെങ്കിലും അവൾ സമ്മതിച്ചു. അവൾക്കു മിത്രനെ പൂർണ വിശ്വാസമായിരുന്നു. തന്നെയുമല്ല മിത്രൻ ദിനവും വന്നു കാണുകയും ചെയ്യുന്നുണ്ട് എന്ന ആശ്വാസവും.

 

 

അങ്ങനെ വേണിക്കു പതിനെട്ടു വയസ്സു തികയുന്ന ദിവസം മിത്രൻ പതിവുപോലെ വന്നു അവളുമായി മായയായി പറന്നു പോയി. മിത്രൻ തന്റെ രഹസ്യങ്ങൾ എല്ലാം വേണിയോട് തുറന്നു പറഞ്ഞു. തന്റെ പിതാവായ സഹസ്രായുധനോട് വേണിയെ തനിക്കു വിവാഹം കഴിപ്പിച്ചു തരണം എന്ന് അഭ്യർത്ഥിച്ചു. ആ പിതാവ് തന്റെ മകന്റെ ആഗ്രഹം നടത്തിക്കൊടുത്തു. കുറച്ചു ദിവസം കഴിഞ്ഞു സഹസ്രായുധൻ മരണമടഞ്ഞു. അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം  അച്ഛനും ചേർന്നു. 

 

 

ഒരു ദിവസം മിത്രൻ തന്റെ അത്ഭുത രാജ്യത്തിലേക്ക് വേണിയെയും അരൂപികളെയും കൂട്ടി പോയി. ആ അത്ഭുത രാജ്യം കണ്ട വേണി മിത്രനുമൊത്തു അവിടെ രാജാവും രാജ്ഞിയുമായി ജീവിക്കുമ്പോൾ ഒരു അമാവാസി ദിവസം മിത്രൻ വേണിയെയും കൂട്ടി ആകാശക്കപ്പൽ വന്നിറങ്ങുന്നിടത്തു പോയി. പതിവുപോലെ ആകാശക്കപ്പൽ വന്നു നിന്നു കുറച്ചു നേരത്തിനു ശേഷം അതിന്റെ വാതിൽ തുറക്കപ്പെട്ടു, ഒരു സുന്ദര രൂപി വെളിയിൽ ഇറങ്ങി അൽപനേരം കാതോർത്തതിന് ശേഷം എന്തോ ഒരു ശബ്ദം പുറപ്പെടുവിച്ചു, ആ ആകാശ കപ്പലിന്റെ ഉള്ളിൽ നിന്നും കുറച്ചു പേർ വെളിയിൽ ഇറങ്ങി. ഓരോരുത്തർ പലവഴിക്കായി ആ കാട്ടിനുള്ളിലൂടെ പോയി.

 

മിത്രനും വേണിയും ആ പേടകത്തിന്റെ അടുത്തു ചെന്നപ്പോൾ ആ സുന്ദരരൂപി വേണിയെ നോക്കി ആംഗ്യം കാട്ടി ചോദിച്ചു ഇതാരാണെന്നു. മിത്രൻ പറഞ്ഞു ഇത് തന്റെ ഭാര്യ ആണെന്ന്, അപ്പോൾ അയാൾ കയ്യിലിരുന്ന വടി വേണിയുടെ നേരെ നീട്ടി. മിത്രൻ വേണിയോട് പറഞ്ഞു വടിയിൽ സ്പർശിക്കുവാൻ, അവൾ തൊട്ട മാത്രയിൽ അവൾക്കു അന്യഗ്രഹ ജീവികളുമായി സമ്പർക്കം പുലർത്താനുള്ള അധികാരം കിട്ടി. കാടിനുള്ളിൽ പോയവർ ഓരോരുത്തരായി തിരികെ വന്നു.

 

 

പതിവുപോലെ അവരുടെ കൈയിൽ ഭഷ്യ വസ്തുക്കൾ ഉണ്ടായിരുന്നു. എല്ലാ സുന്ദരന്മാരും അവരുടെ വാഹനത്തിൽ കയറി, കാവൽ നിന്ന സുന്ദര രൂപി മിത്രനോടും വേണിയോടും ഉള്ളിൽ പ്രവേശിക്കുവാൻ പറഞ്ഞു, മിത്രനും വേണിയും ഉള്ളിൽ കയറി അപ്പോൾ വാതിൽ അടഞ്ഞു. അൽപ സമയത്തിനുള്ളിൽ ഒരു ഇരമ്പലോടുകൂടി അത് മുകളിലേക്ക് പൊങ്ങി. താഴെ നിന്നിരുന്ന അരൂപികളായ തന്റെ പിതാവും അമ്മയും സഹോദരങ്ങളും അടുത്ത അമാവാസി വരെ അവരെ കാത്തിരുന്നു, ഇപ്പോൾ ഈ ആറു അരൂപികളാണ് അത്ഭുത ലോകത്തിന്റെ കാവൽക്കാർ.

 

English Summary : Mithran Short Story By George Thomas Eettinilkunnathil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com