ADVERTISEMENT

സ്ത്രീ ആരാണ്? പ്രശസ്ത ലോകസാഹിത്യകാരനായ വില്യം ഷേക്‌സ്പിയർ ഹാംലറ്റ് എന്ന പ്രസിദ്ധമായ നാടകത്തിൽ പ്രതിപാദിക്കുന്ന വരികളുണ്ട്, ‘‘ചാപല്യമേ നിൻ പേര് സ്ത്രീ’’ - ‘‘ Frailty, Thy Name is Woman’’ സ്ത്രീയുടെ  നിർവചനം തന്നെ വലിയൊരു സ്ത്രീവിരുദ്ധത ആയി മാറി ഈ വരികളിൽ. എന്തു കൊണ്ടു ‘‘Frailty, Thy Name is Human’’ ‘‘ചാപല്യമേ നിൻ പേരു മനുഷ്യൻ’’ എന്നു പറയാൻ എഴുത്തുകാരനു കഴിഞ്ഞില്ല? അങ്ങനെ തുടങ്ങുന്നു സ്ത്രീയുടെ നിർവചനങ്ങൾ. ‘‘നീ വെറും പെണ്ണ്’’ എന്നുള്ള ഒറ്റ വരിയിൽ ചവിട്ടി അരച്ചു കളയുന്ന മനുഷ്യത്വം. എന്നാൽ കൊറോണ പോലെയുള്ള സൂക്ഷ്മാണുവായ രോഗവിഷാണു നമ്മെ പഠിപ്പിച്ചു ‘‘നീ വെറും മനുഷ്യൻ’’ സ്ത്രീ പുരുഷ വിവേചനം തീരെയില്ലാത്ത ഹീറോ ആയി കോവിഡ് 19.

 

 

പെണ്ണെഴുത്ത്, ആണെഴുത്ത്, ദളിത്‌ എഴുത്ത്, സവർണ്ണ എഴുത്ത് എന്നൊക്കെ വേർതിരിക്കുന്നത് എന്തിനാണ്? ആണും പെണ്ണും സംസാരിക്കുന്നത് ഭാഷ ഉപയോഗിച്ച് അല്ലേ? അപ്പോൾ ലിംഗവിവേചനം കൊണ്ടെന്തു കാര്യം? ആണെഴുതിയാലും പെണ്ണെഴുതിയാലും ‘‘എഴുത്ത്’’ എന്നത് ഒരാളുടെ ചിന്തയുടെ, കാഴ്ചപ്പാടിന്റെ, വൈകാരികതയുടെ ഒരു വിസ്ഫോടനം ആണ്. ആ വിസ്ഫോടനം ബുദ്ധികൊണ്ട് എഴുതുന്നു. അവിടെ സ്ത്രീയുടെ അഥവാ പുരുഷന്റെ പേരു കണ്ടിട്ടാണോ അതു പെണ്ണെഴുത്ത്, ആണെഴുത്ത് എന്ന് നിശ്ചയിക്കുന്നത്? 

 

 

എഴുത്തിന്റെ പ്രസക്തി എന്താണ് എന്നു മനസ്സിലാക്കിയാൽ അക്ഷരങ്ങളുടെ ശക്തി എന്താണെന്നു മനസി ലാക്കിയാൽ പിന്നെ ഈ വേർതിരിവിന്റെ ആവശ്യമുണ്ടോ? എനിക്കു എന്റെ ചിന്തയെ അഥവാ കാഴ്ചപ്പാടിനെ സമൂഹത്തോട് തുറന്നു പറയാൻ ഭാഷ വേണം, അക്ഷരങ്ങൾ വേണം, എഴുത്ത് വേണം. അതിനു ഞാൻ ഒരെഴുത്തുക്കാരി/കാരൻ ആയി വർത്തിക്കുന്നു. എന്റെ വിസ്ഫോടനം സ്‌ഫോടനങ്ങൾ ആയി മാറുന്നു വെങ്കിൽ അതു ഭാഷയുടെ ശക്തി. 

 

 

ആ എഴുത്തിന്റെ മാന്ത്രികതയുടെ, സാമൂഹ്യ പ്രസക്തിയുടെയൊക്കെ പ്രാധാന്യമാണ്‌. എനിക്കു എന്റെ കാഴ്ചപ്പാടുകളെ എഴുതാൻ സ്വാതന്ത്ര്യം ഉണ്ടെങ്കിൽ നിങ്ങൾക്കെല്ലാവർക്കും ആ സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ, അതൊരിക്കലും മറ്റൊരെഴുത്തിനെ പെണ്ണെഴുത്ത്, ആണെഴുത്ത് എന്നു മുദ്രകുത്തി ആവരുത്. 

 

 

മലയാളത്തിലെ ആദ്യ നോവൽ ആയ ഒ. ചന്ദുമേനോന്റെ ‘‘ഇന്ദുലേഖ’’ ഒരു പെണ്ണെഴുത്ത് എന്നു ഞാൻ പറഞ്ഞാൽ, അതെന്റെ കാഴ്ചപ്പാടാണ്. ആ എഴുത്തിലൂടെ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച സ്ത്രീ തന്റെ ഇഷ്ടങ്ങൾക്കു പ്രാധാന്യം കൊടുത്ത് അന്നത്തെ കാലഘട്ടത്തിൽ മുൻപോട്ടു വരുന്നു. സ്ത്രീകൾക്കും അവരുടെ ഇഷ്ടങ്ങൾ ഉണ്ടെന്നു തുറന്നു പറഞ്ഞുകൊണ്ടുള്ള എഴുത്ത്. ഇനി ഒരു പക്ഷേ അതെഴുതിയതു സ്ത്രീ ആയിരുന്നുവെങ്കിൽ എങ്ങനെ ആവും സമൂഹത്തിലെ അസഹിഷ്ണുത നിറഞ്ഞു തുളുമ്പുന്ന വിവേചന ബുദ്ധിയുള്ള ആൺവർഗം (എല്ലാ ആണുങ്ങളും എന്നു അടച്ചു പറയുന്നില്ല ) ആ പുസ്തകത്തെ വ്യാഖ്യാനിക്കാൻ പോവുന്നതെന്നു ഒരു നിമിഷം ചിന്തിച്ചാൽ തന്നെ ഉത്തരം ലഭിക്കും. എന്തുകൊണ്ടാണ് ഒരു തെറ്റു ചൂണ്ടിക്കാട്ടി ‘‘അവൾ’’ പറയുമ്പോൾ അതു സമൂഹത്തിൽ നടക്കുന്ന ഒന്നിനെ കുറിച്ചാണ് അവൾ പറയുന്നതെന്ന് മനസ്സിലാക്കാനുള്ള ആൺബുദ്ധിക്കു ക്ഷയം സംഭവിച്ചുവോ?.

 

 

 

ഷേർലി ജാക്ക്സൺ എന്ന അമേരിക്കൻ എഴുത്തുകാരി അവരുടെ ‘‘Life Among The Savages’’ എന്ന പുസ്തകത്തിൽ, തന്റെ മൂന്നാമത്തെ കുട്ടിയെ പ്രസവിക്കാൻ ആശുപത്രിയിലേക്ക് പോവുന്ന സന്ദർഭം വിശദീകരിക്കുന്നുണ്ട്. ആശുപത്രിയിലെത്തിയവൾ  റിസപ്ഷനിസ്റ്റുമായിട്ടുള്ള സംഭാഷണം ഇങ്ങനെ–

 

‘‘ജോലി’’

‘‘എഴുത്തുകാരി’’ ഞാൻ പറഞ്ഞു

‘‘വീട്ടമ്മ’’ അവൾ പറഞ്ഞു

‘‘എഴുത്തുകാരി’’ ഞാൻ പറഞ്ഞു

‘‘എന്നാൽ ഞാൻ എഴുതി വയ്ക്കുന്നു, വീട്ടമ്മ’’

 

ഇവിടെ എഴുത്തുകാരനായ പുരുഷനെ എഴുത്തുകാരനായും എഴുത്തുകാരിയായ സ്ത്രീയെ വീട്ടമ്മയായും കണക്കാക്കുന്ന അസഹിഷ്ണുത കാണാം. അപ്പോൾ തൂലികയെ പ്രണയിച്ചു പടവാളാക്കി എഴുതി പൊരുതിയ പെണ്ണെഴുത്തുകാർ ‘‘വീട്ടമ്മമാർ’’ എന്നു പറയുന്ന കാലമൊക്കെ മരിച്ചു മണ്ണടിഞ്ഞുവെന്ന് മാത്രമല്ല ആ മണ്ണുപോലും ഒലിച്ചു പോയിരിക്കുന്നു. കാലം മാറി അതനുസരിച്ചു ചിന്തകൾ മാറണം. എഴുത്തുകളെ എഴുത്തുകളായി സ്വീകരിക്കണം. പുരുഷനും സ്ത്രീക്കും പറയാനുള്ളത് സഭ്യമായ ഭാഷയിൽ എഴുതണം. അങ്ങനെയുണ്ടാവുന്ന എഴുത്തുകൾ സാമൂഹ്യ പ്രസക്തിക്ക് ഉതകും വിധമാണെങ്കിൽ ആൺ പെൺ വ്യത്യാസം കൂടാതെ സ്വീകരിക്കപ്പെടണം. അങ്ങനെ ആവണം എഴുത്തുകൾ അങ്ങനെ ആവട്ടെ എഴുത്തുകൾ. 

 

 

പെണ്ണെഴുത്ത്, ആണെഴുത്ത് ഏതെന്നു നിർണയിക്കാനുള്ള അളവുകോൽ ഇതുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ആ യന്ത്രം കണ്ടു പിടിച്ചാൽ പിന്നെ ഞാൻ ഈ പറഞ്ഞത് മുഴുവൻ പെണ്ണെഴുത്തായി കണ്ടുകൊണ്ടു എന്റെ സാരി തുമ്പു വച്ചു മുഖം മറയ്ക്കാൻ തയാറാണ് ഞാൻ. അക്ഷരങ്ങളെ ബുദ്ധികൊണ്ട് അളക്കുക. അക്ഷരങ്ങളെ സ്ത്രീ പുരുഷ ലിംഗ വിവേചനം കൊണ്ടളക്കരുത്. നല്ലൊരു എഴുത്തുകാരൻ (വിവേചനം ഇല്ല) ചിന്തകളെ ബുദ്ധികൊണ്ടെഴുതുന്നു. 

 

 

ലോകത്തിലെ ഏറ്റവും വിറ്റഴിക്കപ്പെടുന്ന പുസ്തകമായി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ പുസ്തകം, ഒരു പെണ്ണ് എഴുതിയ പുസ്തകം തന്നെ ആണ് എന്നത് നിസംശയം പറയാം. അഗാത ക്രിസ്റ്റി എന്ന യൂറോപ്യൻ എഴുത്തുകാരിയാണ് അവർ. പിന്നെ പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ എഴുത്തുകളെ വരെ നിസ്സാരവൽക്കരിച്ചു പറഞ്ഞവരോടുള്ള മറുപടി മാധവിക്കുട്ടിയുടെ വാക്കുകളിൽ കൂടി തന്നെ പറയേണ്ടതാണ്.

 

 

‘‘ഞാൻ എന്താണെന്നു തുറന്നെഴുതാനുള്ള ധൈര്യം എനിക്കുണ്ട്. എന്റെ തെറ്റുകൾ എന്നു നിങ്ങൾ പറയുന്ന തെറ്റുകൾ എനിക്കു തെറ്റുകൾ അല്ല മറിച്ച് അതെന്റെ സ്വഭാവ സവിശേഷതയും ശക്തിയുമാണ്‌. പിന്നെ ഞാൻ സ്ത്രീ എന്നതിലുമുപരി ഒരു മനുഷ്യൻ ആണ്’’ സ്ത്രീയെ വ്യത്യസ്തമായ ഒന്നായി ഒരു കോണിൽ തളച്ചിടുകയാണ് ചുരുക്കം ചിലയാളുകൾ. സ്ത്രീ ശരീരം പുരുഷാധിപത്യത്തിനു കീഴ്പെട്ടു ജീവിക്കുന്ന മാംസം മാത്രമാണെന്നുള്ള തരംതാഴ്ന്ന ചിന്തയിൽ മുങ്ങി താഴരുതെ. എനിക്കും നിനക്കുമുള്ള സ്വപ്നത്തിന് ഒരേ നിറങ്ങളാണ്. 

 

അതേ സ്ത്രീയും പുരുഷനും മനുഷ്യൻ ആണ്. മനുഷ്യരുടെ വികാരങ്ങളെയും ചിന്തയെയും അനുഭവങ്ങ ളുടെയും സാഹചര്യത്തിന്റെയും വെളിച്ചത്തിൽ അക്ഷരങ്ങൾ കൊണ്ടു മനോഹരമായി വരച്ചിടുന്നവൻ ആണ് എഴുത്തുകാരൻ. അവിടെ എഴുത്തുകളെ  ഇനങ്ങളായോ വർഗങ്ങളായോ വേർതിരിച്ചിടേണ്ട എന്നുള്ളത് എഴുത്തുകാരന്റെ കടമയാണ്. ഇനിയൊരു കാര്യം കൂടി, ഭാഷ ആരുടെ നിർമിതിയാണ്.  ഭാഷയ്ക്ക് അതിന്റേതായ ഒരു ലിംഗസമത്വമുണ്ടോ? ഭാഷ പുരുഷ നിർമിതമാണെന്ന് സിമോൺ ദെ ബുവെ അഭിപ്രായപ്പെടുന്നുണ്ട്.

 

 

ഡെയ്ൽ സ്‌പെൻഡർ ‘‘Man Made Language’’ എന്ന പുസ്തകത്തിലും പറയുന്നുണ്ട് പുരുഷമേധാവിത്വം സമൂഹത്തിന്റെ ഭാഷയെ അവരുടെ ഇഷ്ടപ്രകാരം ഭരിക്കുന്നു. പുരുഷനു കീഴ്പെട്ട് അനുസരണയില്ലാത്ത  ചപലയായ ഒരു സ്ത്രീയെ മാനസിക വിഭ്രാന്തി ഉള്ളവൾ എന്നു മുദ്രകുത്തുന്നു. ഭാഷയുടെ ലിംഗനിർണയം വച്ച് എഴുത്തിനെ താരതമ്യം ചെയ്യുന്നതിലൂടെ പുരുഷമേധാവിത്വം കാട്ടി സ്ത്രീകളുടെ വ്യക്തിസത്വം ചോദ്യം ചെയ്യുകയും അവളെ അടിച്ചമർത്തുകയും ചെയ്യുന്നു.

 

 

അസഹിഷ്ണുത ഉള്ള ആൺ വർഗങ്ങൾ സ്വയം ബഹുമാനിക്കുന്ന അതോടൊപ്പം എതിർ ലിംഗത്തെയും ബഹുമാനിക്കുന്ന ആൺവർഗത്തിനു തന്നെ അപമാനമാണ്‌. നേരെ മറിച്ചൊന്നാഴത്തിൽ ചിന്തിച്ചാൽ അമ്മ തന്റെ കുഞ്ഞിനോട് പറയുന്ന വാക്ക് ആവില്ലേ ആദ്യത്തെ ഭാഷ. അപ്പോൾ ഭാഷ സ്ത്രീ നിർമ്മിതമല്ലേ? വാദങ്ങൾ അവസാനിക്കില്ല അങ്ങനെ നോക്കിയാൽ. 

 

 

സ്ത്രീയെ സെക്കന്റ്‌ സെക്സ് എന്ന ഗണത്തിൽപ്പെടുത്തി, അവൾ ഒരു വസ്തു മാത്രമെന്നുള്ള പുരുഷ മേൽക്കോയ്മയുടെ വികാര വിവേചനമാണ്‌ പെണ്ണെഴുത്ത് എന്നു പറഞ്ഞു നിസ്സാരവൽക്കരിക്കുന്നത്. പിന്നീടതു സ്ത്രീവിമോചകരുടെ അർത്ഥമില്ലാത്ത വിലാപങ്ങളായി മാത്രം കണക്കാക്കപ്പെടുന്നത്. ഇങ്ങനെയൊക്കെ തരംതാഴ്ത്തുന്നതിലൂടെ പുരുഷമേധാവിത്വം വികാര വിസ്ഫോടനത്താൽ സടകുടഞ്ഞ് ഉഗ്രരൂപമെടുക്കുന്നതിനും ഉത്തരം വളരെ ലളിതമാണ്‌. 

 

 

സഹനശീലമില്ലാത്ത അധികാര ഭാവമുള്ള പുരുഷാത്മാവിന്റെ ബുദ്ധിയുടെ ഉള്ളറകളിൽ അവൻ അറിയാതെ കിടക്കുന്ന ഭയമാവില്ലേ സ്ത്രീയെ അടിച്ചമർത്താൻ പ്രേരിപ്പിക്കുന്ന ആ ഘടകം. വിശുദ്ധിയും അവിശുദ്ധിയും സ്ത്രീക്കുള്ളതുപോലെ തന്നെ പുരുഷനുമുണ്ട്. 

 

‘‘ചാരിത്ര്യം’’ സ്ത്രീലിംഗമായി മാത്രം എഴുതേണ്ട ഒന്നല്ല. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും തളച്ചിടേണ്ട ഒന്നല്ല സ്ത്രീയുടെ സ്വാതന്ത്ര്യം. ഈ ഭൂമിയിൽ മനുഷ്യവർഗ്ഗത്തിൽ പെടുന്ന മനുഷ്യനാണ് സ്ത്രീ. അങ്ങനെയാണെന്നിരിക്കെ എഴുത്തിനെ ഒരു മനുഷ്യൻ എഴുതിയ എഴുത്തായി കാണുവാൻ കഴിയാത്ത കണ്ണുകളെ ചൂഴ്ന്നെടുക്കുക. ഒരു മനുഷ്യന്റെ ( സ്ത്രീയോ/പുരുഷനോ )ജീർണിച്ച ചിന്തകളെ ചോദ്യം ചെയ്യുന്ന സ്ത്രീക്ക് അപമാനായി കുലസ്ത്രീകളും കുലപുരുഷന്മാരും പിറവിയെടുക്കാതിരിക്കട്ടെ എന്നാശിച്ചു പോവുന്നു. 

 

ലോകാ സമസ്താ സുഖിനോ ഭവന്തു

ഓം ശാന്തി ശാന്തി ശാന്തി

 

ആരോഗ്യപരമായ ചർച്ചകളും ചിന്തകളും എഴുത്തുകളും പ്രവർത്തിയും ഈ ലോകം മുഴുവനും ഉണ്ടാവട്ടെ. സ്ത്രീയും പുരുഷനുമല്ലിവിടം മനുഷ്യനാണിവിടം എന്നുള്ള വിശാലമായ ചിന്തയിലേക്കുള്ള കണ്ണു തുറപ്പിക്കുന്ന മനുഷ്യന്റെ എഴുത്തായി ഇതിനെ കാണണം. 

 

English Summary : Why Gender Discrimination In Writings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com