sections
MORE

കോവിഡ് കാലത്തെ അതിജീവിക്കാം, ശുഭചിന്തകളുമായി...

paper-boat
പ്രതീകാത്മക ചിത്രം
SHARE

ഓരോ മഴക്കാലവും കടന്നുവരുമ്പോൾ ഞാൻ വളരെ ആനന്ദിക്കാറുണ്ട്. ഇന്നലെകളിലെ സൗഹൃദങ്ങൾക്കൊപ്പം എത്രയെത്ര കടലാസുതോണികളാണ് ഞാനുണ്ടാക്കിക്കളിച്ചത്! മഴവെള്ളം കെട്ടിനില്ക്കുന്ന വീട്ടുമുറ്റത്തെ ഓളപ്പരപ്പിൽ പലവർണ്ണത്തിലുള്ള ചിത്രകഥാപുസ്തകങ്ങളുടെ താളുകൾ കടലാസു തോണികളായി എത്ര വേഗമാണ് രൂപം മാറിയിരുന്നത്... ഓളപ്പരപ്പിലൂടെ മെല്ലെയിളകിയാടി മുന്നോട്ടു പോകുന്ന കൊച്ചു കൊച്ചു കളിയോടങ്ങൾ... ബാല്യത്തിന്റെ മനോഹരദൃശ്യങ്ങൾ എങ്ങനെ മാഞ്ഞുപോകാനാണ്. കൂട്ടുകാർക്കൊപ്പം ഓരോ മഴക്കാലവും ആഘോഷിച്ച് മതിമറന്നു നടന്നത് ഇന്നലെയെന്നതുപോലെ ഓർമയിലെത്തുന്നു. മതവും ജാതിയും സമ്പത്തും മതിൽക്കെട്ടുകൾ തീർക്കാത്ത ബാല്യകാലം എത്ര മനോഹരമായിരുന്നു...! ‘സ്മരണ’ എന്ന കവിതയിൽ, കവിയും അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമൊക്കെയായിരുന്ന ഐ. ഇസ്താക്ക് ഇങ്ങനെയെഴുതി.

"ഓമനപ്പൈതലേ നിന്നെയിന്നോർക്കവേ

കോൾമയിർ കൊൾകയാണെന്റെ ദേഹം

ഓർമ്മതന്നാകാശത്തോടിക്കളിക്കുന്ന

തേന്മഴക്കാർമുകിൽത്തുണ്ടു പോലെ

ഓരോ മധുരാനുഭൂതിയും പിച്ചവെ-

ച്ചോടിവന്നെന്നെയിന്നുമ്മവെയ്ക്കേ..."

ഈ ജീവിതത്തോണിയിൽ കയറി ഇന്നലെകളുടെ കടവുകളിലൂടെ നാം കടന്നുപോകുമ്പോൾ എന്തെല്ലാം ദൃശ്യവിസ്മയങ്ങളാണ് മറനീക്കി പുറത്തു വരുന്നത്.

പണം.. പണം.... എന്ന ആർത്തിയോടെ എന്തും വെട്ടിപ്പിടിച്ച് സ്വന്തമാക്കാൻ നടന്നവർ, ഈ കോവിഡ്-19 കാലത്തെങ്കിലും പണം കൊണ്ടു മാത്രം ഒന്നും നേടാനാവില്ല എന്നു തിരിച്ചറിഞ്ഞിരിക്കണം. നിസ്സഹായതയോടെ, ദൈന്യതയാർന്ന കണ്ണുകളോടെ മനുഷ്യൻ ഒറ്റപ്പെട്ട കൊതുമ്പുതോണി പോലെ ആടിയുലഞ്ഞങ്ങനെ നില്ക്കുന്ന കാഴ്ച..... നാം തള്ളിക്കളഞ്ഞവരും അകറ്റിനിറുത്തിയവരും നമ്മുടെ രക്ഷകരാകുന്ന കാഴ്ച നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതല്ലേ....!

ലോകത്തെ മനുഷ്യരാകെ അവരവരിലേക്ക് ചുരുങ്ങുമ്പോൾ, കരുണയുടെ കരങ്ങളുമായ് പ്രത്യാശയുടെ തോണിയേറി വരുന്ന രക്ഷകർ എന്നും നമുക്ക് അദ്ഭുതമാണ്..... ! എത്ര വേഗമാണ് ഇവരെത്തുന്നത്. ഇവർ എവിടെ നിന്നാണ് വരുന്നത്? നമ്മുടെ ജീവിതത്തിനു ചുറ്റും ഇവരൊക്കെയുണ്ടായിരുന്നോ? ഒരിക്കൽ പോലും നമ്മുടെ കൺവെട്ടത്തെത്താത്തവവർ!

നമ്മുടെ ജീവിതത്തിൽ നാമൊട്ടും സ്ഥാനം കൊടുക്കാത്തവരായിരിക്കും ചിലപ്പോഴെങ്കിലും നമ്മുടെ ജീവിതം പ്രതിസന്ധിയിലകപ്പെടുമ്പോൾ രക്ഷകരായെത്തുന്നത്. വേദനയിലും നിരാശയിലും മുങ്ങി ജീവിതമേ വേണ്ട എന്ന തീരുമാനമെടുത്ത് ഇരുളാർന്ന ജീവിതവഴികളിലേക്ക് നാം തിരിയുമ്പോൾ ദൈവദൂതരെപ്പോലെ അവർ നമ്മുടെയരികിലേക്ക് തോണി തുഴഞ്ഞ് മെല്ലെയെത്തും.... അവർ കൈ പിടിച്ച് നമ്മളെ, തോണിയിലേക്ക് കയറ്റുമ്പോൾ കുറ്റബോധം കൊണ്ട് നമ്മുടെ ശിരസ്സ് അല്പം കുനിയാതിരിക്കില്ല. ഒരിക്കൽ പോലും ഇവരെയൊന്നു കാണാനോ കേൾക്കാനോ അറിയാനോ ശ്രമിച്ചില്ലല്ലോ എന്ന് ആ നിമിഷത്തിൽ മാത്രമാണ് നാം ഓർക്കുക. നമ്മുടെ തിരക്കാർന്ന ജീവിതത്തിലെ ഓട്ടപ്പാച്ചിലിനിടയിൽ ഒരു നിമിഷംപോലും അവരെയൊന്നു ശ്രദ്ധിക്കാനോ ഒരു പുഞ്ചിരിയെങ്കിലും അവർക്കു നൽകുവാനോ നമുക്ക് സാധിച്ചില്ലല്ലോ എന്നോർത്തു നാം വിതുമ്പും 

നമ്മളുമായി അടുത്തിടപഴകുന്നവരുടെ ജീവിതത്തിൽ നമുക്കെന്തു മാറ്റമാണ് വരുത്തുവാൻ കഴിയുക?

കോട്ടയം ജില്ലയിലെ ഒരു പ്രമുഖ കോളേജിലെ തൂപ്പുകാരിയായിരുന്നു മറിയാമ്മച്ചേടത്തി. നാടൻപാട്ടുകൾ ഓർമയിലെ നിധിശേഖരമായി സൂക്ഷിച്ച നാട്ടിൻപുറത്തുകാരി. ഇക്കാര്യം യാദൃച്ഛികമായി അറിഞ്ഞ ആ കോളജിലെ അധ്യാപകൻ പ്രഫ. സെബാസ്റ്റ്യൻ വട്ടമറ്റത്തിന്റെ നേതൃത്വത്തിൽ മറിയാമ്മച്ചേടത്തിയുമായി നിരന്തരമായി സംസാരിച്ച് ആ പാട്ടുകൾ ശേഖരിച്ച് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. മറിയാമ്മച്ചേടത്തിയുടെ കഴിവുകളെക്കുറിച്ചറിഞ്ഞ മലയാളവിഭാഗത്തിലെ അധ്യാപകൻ പ്രഫ. ഐ. ഇസ്താക്ക് എംഎ ക്ലാസ്സിൽ ‘ചെങ്ങന്നൂരാതി’ എന്ന നാടൻപാട്ട് പഠിപ്പിക്കാൻ മറിയാമ്മച്ചേടത്തിയെ ചുമതലപ്പെടുത്തി. നിരവധി ബാച്ചുകൾക്ക് അവർ ക്ലാസ്സുകളെടുക്കുകയും ചെയ്തു. ഇന്ന് മറിയാമ്മച്ചേടത്തിയുടെ നാടൻ പാട്ടുകൾ ഫോക്‌ലോർ പഠന രംഗത്തും കീഴാളചരിത്ര പഠനത്തിലും പ്രമുഖ സ്ഥാനം വഹിക്കുന്നുണ്ട്.

ആരാലുമറിയാതെ ഓളപ്പരപ്പിലുടെ ഒഴുകിയൊഴുകി എവിടെയോ ചെന്നെത്തേണ്ടുമായിരുന്ന ഒരു കൊച്ചുതോണി... കൃത്യമായ ഇടപെടലുകൾ കൊണ്ട് സാംസ്ക്കാരിക പഠനത്തിന്റെയും അറിവുകളുടെ കൈമാറ്റത്തിന്റെയും വ്യത്യസ്തമായ, തെളിമയാർന്ന ഒരു ലോകത്താണ് എത്തിച്ചേർന്നത്!

ഈ ബന്ധങ്ങൾകൊണ്ടും സൗഹൃദങ്ങൾകൊണ്ടും എനിക്കെന്തു കിട്ടും എന്ന് ചിന്തിക്കുന്നതിനു പകരം, ഞാനുമായി ഇടപഴകുന്നവരുടെ ജീവിതത്തിൽ എന്തു പോസിറ്റീവായ മാറ്റമാണ് എനിക്ക് നൽകാനാകുക എന്നാണ് നാം ചിന്തിക്കേണ്ടത്? ഒരുവേള മനസ്സുമടുത്തിരിക്കുന്നവർക്ക് ഇത്തിരി ആശ്വാസവും ഒത്തിരി സന്തോഷവും കൗതുകവും പകരുവാൻ നമുക്ക് കഴിഞ്ഞാൽ അതിൽപരം എന്ത് ആനന്ദവും സംതൃപ്തിയുമാണ് നമുക്ക് നേടുവാനാകുക. നിരന്തരമായി ജീവിതത്തിൽ തകർച്ചകളും പരാജയങ്ങളും മാത്രം നേരിട്ടുകൊണ്ടിരിക്കുന്ന ജീവിതത്തെ ചേർത്തുപിടിച്ച്, നിങ്ങളോടൊപ്പം ഞാനുണ്ട് എന്നു പറയാനെങ്കിലും നമുക്കു കഴിയാറുണ്ടോ?

എനിക്കറിയാവുന്ന ഒരു യുവാവിന്റെ ജീവിതം എന്നെ ഇപ്പോഴും നൊമ്പരപ്പെടുത്താറുണ്ട്. അമ്മയ്ക്കും അച്ഛനും ഒറ്റമകൻ. ഇടത്തരം കുടുംബം. ഇടത്തോട്ടു തിരിഞ്ഞാലും വലത്തോട്ടു തിരിഞ്ഞാലും അമ്മയുടെ കണ്ണുകളും കാതുകളും മകനു വേണ്ടി. മദ്യത്തിന്റെ പിടിയിൽ ആഴ്ന്നിറങ്ങിയ അച്ഛൻ. ഒരു നാൾ അച്ഛൻ ഈ ലോകത്തോട് വിട പറഞ്ഞു. അമ്മയും മകനും തനിച്ചായി. അച്ഛന്റെ സമ്പാദ്യമായി ലഭിച്ചത് അഞ്ചു സെന്റ് സ്ഥലവും ഒരു കൊച്ചുവീടും മാത്രം. വരുമാനമൊന്നുമില്ലാത്ത അവസ്ഥ. ആദ്യഘട്ടത്തിൽ പണമുള്ള ബന്ധുക്കൾ സഹായിച്ചു. പിന്നീട് അവരും കയ്യൊഴിഞ്ഞു. അവൻ പ്രീഡിഗ്രി തോറ്റു. ഒരു ഫിനാൻസ് സ്ഥാപനത്തിൽ കണക്കെഴുതി കിട്ടുന്ന തുച്ഛമായ തുക മാത്രമായി വരുമാനം. വർഷങ്ങൾ കടന്നുപോയി. അരിഷ്ടിച്ചു ജീവിക്കുന്നതിനിടയിൽ അമ്മയും അവനെ തനിച്ചാക്കി കടന്നുപോയി.

ആയിടയ്ക്കാണ് അവൻ മദ്യപാനം തുടങ്ങിയത്. സുഹൃത്തുക്കൾ പലരുണ്ടായിരുന്നെങ്കിലും ആരും അവന്റെ വേദനകൾ അറിഞ്ഞില്ല. അവർക്ക് മദ്യപാന സദസ്സിലെ ഒരംഗം മാത്രമായിരുന്നു അവൻ. മെല്ലെ മെല്ലെ അവൻ വിഷാദത്തിന്റെ നീരാളിപ്പിടുത്തത്തിലേക്ക് വഴുതി വീഴുകയായി.....! ആരോടും ഒന്നും മിണ്ടാതായി.... ബന്ധുക്കളും സുഹൃത്തുക്കളും അവന്റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാതായി. ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ കെല്പില്ലാതെയായ അവന്റെ ആത്മഹത്യാ വാർത്തയുമായിട്ടായിരുന്നു, ഒരു ദിനം നേരം പുലർന്നത്...!

ഒരുപക്ഷേ ഒരാളെങ്കിലും അവനെ കേൾക്കാൻ തയാറായിരുന്നെങ്കിൽ, വഴികാട്ടാനുണ്ടായിരുന്നെങ്കിൽ ഇന്നും അവൻ ജീവിച്ചിരിക്കുമായിരുന്നു. കാറ്റും കോളും നിറഞ്ഞ സാഗരത്തിലെ കൊച്ചു കൊച്ചു കടലാസു തോണികളാണ് നമ്മുടെയോരോരുത്തരുടെയും ജീവിതം. അനന്തമായ ചക്രവാളത്തിലെ പ്രത്യാശയുടെ കിരണങ്ങൾ കാണുന്ന തീരത്തേക്ക് നാമെല്ലാം തുഴയുകയാണ്. നമുക്ക് മുന്നേ തീരമണഞ്ഞവർ നൽകുന്ന വെളിച്ചമാണ് നമ്മുടെ പാതയെ നിർണ്ണയിക്കുന്നത്. അകലെയല്ല, വളരെയടുത്താണ് നമ്മുടെ തീരം. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും തീരം. ആ തീരത്തേക്ക് നമുക്ക് തുഴയാം.... ഓളങ്ങളിലിളകിയാടി ഈ കടലാസുതോണിയും ഈ ലോകത്തിലെ ഇത്തിരി കാലയളവ് പൂർത്തിയാക്കാൻ മുന്നോട്ട്, മുന്നോട്ട് നീങ്ങുകയാണ്! 

English Summary : Essay written by Suresh KR

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;